“വിളവെടുത്ത ഉടനെ നീ അതിരൊക്കെ കെട്ടി മണ്ണിന്റെ ഉടയോൻ കളിക്കല്ലേ. മനുഷ്യന്റെ സ്വന്തമല്ല ഈ മണ്ണും വിണ്ണും ഒന്നും. നേരെ തിരിച്ച് ഈ മണ്ണിനും വിണ്ണിനും സ്വന്തമായ സ്ഥാവരജംഗമവസ്തുക്കളിൽ ഒന്ന് മാത്രമാണ് മനുഷ്യൻ.”
– ശങ്കരൻകുട്ടി ചേട്ടൻ, നമ്പർ 84 (കൊല്ലം : 2011)
അപ്പുറത്തും ഇപ്പുറത്തുമായി താമസിക്കുന്നവരിൽ പലരും, കൃത്യമായിട്ട് പറഞ്ഞാൽ 426 പേരും, സന്തോഷിക്കുന്നുണ്ടാവും. കാലങ്ങൾക്ക് ശേഷമാണ് ഞങ്ങളെല്ലാം സ്വാതന്ത്ര്യമെന്തെന്ന് മനസ്സിലാക്കാൻ പോവുന്നത്. പക്ഷെ ഞാനെന്തിന് സന്തോഷിക്കണം?
സ്വാതന്ത്ര്യത്തിൽ മതിമറക്കുന്ന പൗരന്മാരുടെ സ്വാതന്ത്ര്യം റദ്ദ് ചെയ്ത്, അവരോടെല്ലാം വീട്ടിൽ അടച്ചിരിക്കാൻ സർക്കാർ ഉത്തരവിറങ്ങിയതിനാലാണ് പത്ത് കൊല്ലത്തോളം സ്വാതന്ത്ര്യമെന്തെന്ന് അറിയാത്ത ഞങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടുന്നത്. അതും കണ്ണിനാൽ കാണാനാവാത്ത എന്തൊ ഒരു മഹാമാരിയെ പേടിച്ച്. വിധിയുടെ പരിഹാസമാവണം. ജയിൽ ജീവനക്കാർക്ക് ഇടയ്ക്കിടെ അവധി കൊടുക്കാൻ, പുറത്ത് ഇറങ്ങിയാലും ആർക്കും ദോഷം വരാത്തവർക്ക് സ്വാതന്ത്ര്യം കൊടുക്കുന്നതിൽ തെറ്റില്ലല്ലൊ എന്ന ന്യായം തരക്കേടില്ല. പക്ഷെ ഞാൻ ഈ മതിൽക്കെട്ടിന് വെളിയിൽ വരുന്നത് അറിഞ്ഞാലും സന്തോഷിക്കാനാരും ബാക്കിയില്ല. ആ വലിയ നീല ഗേറ്റ് കടന്നാൽ എന്ത് ചെയ്യണമെന്നും അറിയില്ല. അവസാനത്തെ ആറ് കൊല്ലവും ജയിലിനകത്തെ വർക്ക്ഷോപ്പിലായിരുന്നു മനംമടുപ്പിക്കുന്ന പണി. അഴിക്കുള്ളിലാവുന്നതിന് മുൻപുണ്ടായിരുന്ന പണിയിലേക്ക് ഇനിയൊരു മടക്കവും അസാധ്യം. ഞാൻ നേരത്തെ ചോദിച്ചതിനെക്കാളുപരി, ഈ മാറിയ ലോകത്തെ ഒരുപാട് കാലങ്ങൾക്ക് ശേഷം പരിചയപ്പെടാനിറങ്ങുന്ന ഞാൻ, എങ്ങനെയാണ് സന്തോഷിക്കേണ്ടത്?
“ചുറ്റുമുള്ള ലോകം മാറുന്നത് കണ്ട് മനസ്സ് നൊന്താണ് നിന്റെ ഉമ്മയ്ക്ക് എന്നെക്കാൾ വയസ്സായത്. അതുകൊണ്ടാണ് അവൾ നേരത്തെ പോയത്.”
– ഖാദറൂട്ടി, വലിയങ്ങാടി ശുഹദാ മസ്ജിദിന്റെ പഴയ മുക്രി (കൊല്ലം : 2014)
പണ്ട് പണ്ട്, ഒരുപാട് പണ്ട്, ഈ അഴികൾക്കും അതിനപ്പുറമുള്ള മലയോളം പൊക്കമുള്ള മതിലുകൾക്കുമപ്പുറത്ത്, കാക്കിയണിഞ്ഞിരുന്നവൻ ആയിരുന്നു ഞാനും. ഇന്ന് അതൊക്കെ എനിക്ക് തന്നെ ഓർമ്മയില്ലാതായിരിക്കുന്നു. അങ്ങനെയിരിക്കെ എന്നെ പരിഹസിച്ചിട്ട് പോവുന്നതിന് അങ്ങേരെന്തിന് മടിക്കണം.
അസിസ്റ്റൻഡ് സുപ്രണ്ട് സാർ എന്നെ മാത്രം ഒന്ന് കാണണം എന്ന് പറഞ്ഞ് വിളിപ്പിച്ചപ്പോൾ, എന്നെ മാത്രം വിടുന്നില്ല എന്ന ഉത്തരവ് കാണിക്കാനാവണമെന്നാണ് ഞാൻ പ്രാർത്ഥിച്ചിരുന്നത്. പക്ഷെ ഞാൻ പോയി കഴിഞ്ഞാൽ പച്ചക്കറിത്തോട്ടത്തിലേക്ക് പുതിയതായി വന്നവർക്ക് ഉപദേശം കൊടുക്കാൻ ആളുണ്ടാവില്ല എന്നെ അയാൾ ചിന്തിച്ചിരുന്നുള്ളു. ശങ്കരൻകുട്ടി ചേട്ടന്റെ പിന്മുറക്കാരൻ ഞാനാണെങ്കിൽ എനിക്ക് കിട്ടിയ പാഠങ്ങൾ മുഴുവൻ ഒരാളിലേക്ക് പകർന്ന് കൊടുക്കാൻ സാധിച്ചുമില്ല. അതിനുമുൻപ് വലിയ ഏമാന്മാർ എന്നെ കിളച്ച് മറിച്ച മണ്ണിൽ നിന്ന് ജയിലിനകത്തെ ജയിലിലേക്ക് പറഞ്ഞയച്ചു. ചേറിന്റെ പൊൻ മണത്തിൽ നിന്ന്, ഓക്കാനം സമ്മാനിക്കുന്ന ഗ്രീസിന്റെയും ഓയിലിന്റെയും മണത്തിലേക്ക്.
ഒരു രാഷ്ട്രിയ തടവുകാരന്റെ ജീവിതത്തെ അവിടെ സൈക്കോ തെറാപ്പിക്ക് വന്നിരുന്ന ഒരു കന്യാസ്ത്രി ഗതി തിരിച്ച് വിടുന്നെന്ന ശ്രുതി ഡി ബ്ലോക്കിൽ പരന്ന ദിവസം, അവരുടെ മേൽ അയാളുടെ സഹതടവുകാർ തിളച്ച സാമ്പാർ കോരിയൊഴിച്ചു. (ടിയാന്റെ പേര് ഞാൻ പറയുന്നില്ല, ഇന്ന് അയാൾ വലിയ നേതൃസ്ഥാനത്താണ്.) ടിയാനെങ്ങാനും മാനസാന്തരം വന്ന് കൂറുമാറിയാൽ, 3 കൊല്ലത്തേക്ക് കിട്ടിയ ശിക്ഷ ജീവപര്യന്തമായേക്കുമെന്ന ഭയത്തിലാണ് അവരത് ചെയ്തത്. പക്ഷെ സാമ്പാറിന്റെ മണത്തോട് ആ സ്ത്രീയുടെ തൊലി വെന്ത മണം ചേരുന്ന നേരം, അവന്മാർ അലറിയത് മതപരിവർത്തനം അവർ വെച്ചുപൊറുപ്പിക്കില്ല എന്നാണ്.
“ഏതെങ്കിലും വന്യമൃഗം സൈര്യമായി വിഹരിക്കുന്നിടത്തേക്ക് മറ്റ് മൃഗങ്ങൾ വരുമ്പോൾ പല്ലും നഖവും ഉപയോഗിച്ച് എതിർക്കില്ലേ? അവർക്കും അതിരുകളുണ്ടായിരുന്നു. അതിരുകൾ അടയാളപ്പെടുത്താൻ അവർക്ക് അവരുടേതായ രീതികളുമുണ്ട്. നമ്മള് മനുഷ്യന്മാരും മൃഗങ്ങൾ തന്നെയല്ലേ. അതാണ് അതിരുകളിൽ കമ്പം. ഒന്നെങ്കിൽ രാജ്യാതിർത്തി. അല്ലെങ്കിൽ മതാതിർത്തി”
– നൂർജഹാൻ, ഖാദറുകുട്ടിയുടെ ഭാര്യ (കൊല്ലം : 1993)
വീട്ടിൽ വളർത്തിയിരുന്ന പൂച്ച എന്തിനാണ് വീടിന്റെ ഉമ്മറത്ത് മൂത്രമൊഴിച്ചതെന്നും, അപ്പുറത്തെ വീട്ടിലെ പൂച്ചയുമായി എന്തിനാണ് വഴക്കിടുന്നതെന്നും ചോദിച്ചതിനാണ് ഉമ്മി എന്നെ ചിന്താക്കുഴപ്പത്തിലാക്കിയത്. മതങ്ങൾ അതിരുകൾ തീർത്ത് പോരാടാൻ പാടില്ലയെന്നാണൊ അതൊ അതാണ് വിധി എന്നാണൊ? എന്തായിരുന്നു ഉമ്മിയുടെ മനസ്സിലൂടെ പോയിരുന്നതെന്ന് ഇന്നും എനിക്ക് ഉറപ്പിക്കാനായിട്ടില്ല.
വലിയങ്ങാടിയിൽ എന്റെ എളിയ വീടിനടുത്ത് പഴയൊരു പ്രഭുകുടുംബത്തിന്റെ ക്ഷേത്രമുണ്ടായിരുന്നു. ആ നാട്ടിൽ ജാതിയൊ മതമൊ മതിലുകൾ തീർക്കാതിരുന്ന കാലത്ത് ഞങ്ങളെല്ലാം അവിടെ വേലയ്ക്ക് ആനയെ എഴുന്നെള്ളിക്കുമ്പോൾ കുളിച്ചൊരുങ്ങി പോവാറുണ്ടായിരുന്നു. സുഭിക്ഷമായി നെയ്യ് കൂട്ടി ചോറുണ്ടിട്ടുമുണ്ട്. അടിമാലിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഉമ്മിക്ക് വയ്യ എന്ന നുണയും പറഞ്ഞ് യൂണിഫോം ഊരി വെച്ച് ഞാൻ നാട്ടിലേക്ക് വന്നു. വേലയ്ക്ക് പോവാണെന്ന് പറഞ്ഞപ്പൊ കാലം മാറിത്തുടങ്ങിയെന്ന് ഉമ്മി വിലക്കിയത് ഞാൻ വക വെച്ചിരുന്നെങ്കിൽ എന്റെ ജീവിതം മറ്റൊന്നായാനെ.
അന്ന് ഭാര്യ മറ്റാരുടെയൊ ഒപ്പം പൊറുതി തുടങ്ങിയതറിഞ്ഞ ഒരു തെങ്കാശിക്കാരൻ ചെക്കൻ ആത്മഹത്യ ചെയ്തു. അവനെ ആയിരുന്നു മധുരയിൽ നിന്ന് പടക്കപ്പുരയ്ക്ക് മേൽനോട്ടത്തിനായി കൊണ്ടുവന്നിരുന്നത്. അവൻ പോയപ്പോൾ കൂടെ രണ്ടുപേരേയും കൂടെ കൊണ്ടുപോയി. ചൈനീസ് ചക്രങ്ങൾ എന്നറിയപ്പെട്ടിരുന്ന വെടിക്കോപ്പുകൾ കാണാൻ വാശിപിടിച്ച വസീമും പേരക്കുട്ടിയോടൊപ്പം അത് കാണാൻ പോയ ഉസ്താദ് അലവിക്കുട്ടി സാഹിബും ആയിരുന്നു ആ ഹതഭാഗ്യർ.
“ഭാഗ്യം, നിർഭാഗ്യം ഒക്കെ ഓരോരുത്തരുടെ ഭാവനയിലെ അതിരുകളല്ലേ. വിധിയെ പഴിക്കാനുള്ള നമ്പരുകള്. നമ്മള് ലോകത്തെ ഏറ്റവും ഭാഗ്യവാനെന്ന് കരുതുന്ന ആളുപോലും, പലപ്പോഴും അവന്റെ നിർഭാഗ്യത്തെ പഴിക്കുന്നുണ്ടാവും.“
– ഉസ്താദ് അലവിക്കുട്ടി സാഹിബ് (കൊല്ലം : 1988)
അന്ന് ആ കേസ് ലൈസൻസ് ഇല്ലാത്ത പടക്ക കമ്പനിക്കാർക്കെതിരെയും, ഉത്സവക്കമ്മിറ്റിക്കാർക്കെതിരെയും തിരിയുമെന്നായപ്പോൾ, അവർ പ്ലേറ്റ് തിരിച്ചു. ആ പടക്കപ്പുരയെ അവർ വേൾഡ് ട്രേഡ് സെന്ററിനോട് ഉപമിച്ചു. എന്റെ അതെ റാങ്കിലുള്ള അന്വേഷണോദ്യോഗസ്ഥനെ സത്യം പറഞ്ഞ് മനസ്സിലാക്കാൻ ചെന്ന നാളാണ് ഞാൻ അറിഞ്ഞത് അവരുടെ പ്രധാന സാക്ഷി എന്റെ പഴയ സഹപാഠി സുധീറാണെന്ന്. അവൻ കേട്ടത്രെ അലവിക്കുട്ടി സാഹിബ് അള്ളാഹുവിനെ ഉറക്കെ സ്തുതിച്ചുകൊണ്ട് പടക്കപ്പുരയിലേക്ക് വസീമിനേയും വിളിച്ച് ഓടി കയറിയത്. അവനത് അത്ര പന്തിയല്ലെന്ന് തോന്നി ഓടി മാറിയതിനാലാണ് വീഴ്ചയിൽ ഒടിഞ്ഞ ഇടതുകൈയ്യിൽ പരിക്ക് ഒതുങ്ങിയതെന്ന്.
ഒരു മനുഷ്യന് താഴാവുന്ന അത്രയും താഴ്ന്ന് ഞാൻ അവനെക്കൊണ്ട് സത്യം പറയിക്കാൻ നോക്കി. ഉളുപ്പില്ലാതെ ഞാനും അവനും ഒന്നിച്ച് വേലയ്ക്ക് പോയിരുന്നതും, വലിയപള്ളി നേർച്ചയ്ക്ക് പോയിരുന്നതും ഞാൻ എടുത്ത് പറഞ്ഞു. എന്തിന് ഓണത്തിന് ഞാൻ അവന്റെ വീട്ടിലിരുന്ന് ഉണ്ടിരുന്നതും, പെരുന്നാളിന് അവൻ എന്റെ ഉമ്മിയുണ്ടാക്കിയിരുന്ന ഒറോട്ടീം പത്തിരിയും കഴിച്ചിരുന്നത് വരെ. അവൻ കുലുങ്ങിയില്ലെന്ന് മാത്രമല്ല, എന്നെ അവരെല്ലാം കൂടി അവിടുന്ന് പിടിച്ച് തള്ളി പുറത്താക്കുകയും ചെയ്തു. നുണ പറഞ്ഞ് ലീവെടുത്ത് വന്ന നാൾ തന്നെ പഴയ ഗുരു ശഹീദായി നാടിനെ തകർക്കാൻ നോക്കിയെങ്കിൽ ആ ഗൂഢാലോചനയിൽ എനിക്കും പങ്കുണ്ടാവണമെന്നായി പതിയെ പതഞ്ഞ് പൊങ്ങിയ കിംവദന്തി.
സുധീറിനെ വീണ്ടും കാണാൻ വീട്ടിൽ പോയത് കാലുപിടിക്കാനാണ്. എന്തിനെന്നറിയില്ലെങ്കിലും നിലത്ത് കിടന്ന് മാപ്പപേക്ഷിക്കാനാണ്. അവരെന്നെ കൊല്ലുമെന്നായപ്പോഴാണ് ഞാൻ തിരിച്ച് പ്രതികരിച്ച് തുടങ്ങിയത്. പക്ഷെ അന്ന്, താഴെ വീണ അവനെ ഞാൻ വീണ്ടും വീണ്ടും തൊഴിച്ചു. മുഖം പൊട്ടി ചോരയൊലിച്ചപ്പോഴും ഞാൻ തൊഴിച്ചുകൊണ്ടേയിരുന്നു. അങ്ങനെ കാക്കിയണിഞ്ഞിരുന്നവൻ പിന്നീട് കാക്കിയണിഞ്ഞവർ കാവൽ നിൽക്കുന്നയിടത്തായി.
കൃത്യം രണ്ടു വർഷം കർഷകനായിരുന്ന ഞാൻ പിന്നീട് മെക്കാനിക്കാവാൻ കാരണമാക്കിയപ്പോഴും ഞാൻ യന്ത്രമായിരുന്നു. ബിൻസി സിസ്റ്ററുടെ തൊലി പൊള്ളിച്ചിട്ടും മൃഗവാസന വറ്റാതെ അവരെ ചട്ടുകം വെച്ച് പൊതിരെ തല്ലിയിരുന്നവനെ ഞാൻ തല്ലി താഴെയിട്ടു. ഒരിക്കൽ കീ കൊടുത്ത് കഴിഞ്ഞാൽ പിന്നെ ഒരിക്കലും പ്രവർത്തനരഹിതമാവാനറിയാത്ത യന്ത്രത്തെ പോലെ ഞാൻ അവന്റെ മൂക്കിന്റെ പാലം തൊഴിച്ച് തകർത്തു.
ഒരുത്തൻ ചെയ്ത തെറ്റിന് മറ്റൊരു മനുഷ്യൻ പ്രതികാരം ചെയ്താൽ, പിന്നെ അവർ തമ്മിലെന്താണ് വ്യത്യാസം. മനുഷ്യനും മൃഗവും തമ്മിലുള്ള അതിരാണ് ഇല്ലാതാവുന്നത്.
– ഡോ. സിസ്റ്റർ ബിൻസി (കൊല്ലം : 2012)
യന്ത്രമായവൻ യന്ത്രങ്ങളോട് മല്ലിടണം എന്നായിരിക്കും എന്നെ തല്ലി പതം വരുത്തിയതിന് ശേഷം ഗാരേജിലേക്ക് പറഞ്ഞ് വിട്ടവർ ചിന്തിച്ചത്. പതിയെ എന്റെ വിയർപ്പിനും ഗ്രീസിന്റെ മണമായി. പിന്നെ പിന്നെ പരോസ്മിയ ബാധിച്ച് ഞാൻ മണമെന്തെന്ന് മറന്ന് പോയെന്ന് തോന്നുന്നു. ആറ് വലിയപെരുന്നാളിനും ഞാനും യന്ത്രങ്ങളും നോമ്പ് നോറ്റു പ്രാർത്ഥിച്ചു. കൊല്ലത്തിൽ ഒരിക്കലൊ രണ്ടുവട്ടമൊ, പുതിയതായി കൃഷിപ്പണിക്ക് വന്നിരുന്നവരെ പണി പഠിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഒരു കാര്യസ്ഥനെ പോലെ കിട്ടിപ്പോന്നതല്ലാതെ, മറ്റ് ഓർമ്മകളൊന്നുമില്ല. ആറ് വർഷങ്ങൾ ആറ് ദിവസത്തോളം ചുരുങ്ങി.
പിന്നീടുള്ള ദിവസങ്ങളുടെ ദൈർഘ്യം അതിലും ചുരുങ്ങിയതായിരുന്നു.
ഉമ്മി ഇല്ലാത്ത വീട്ടിലേക്ക് ഞാൻ പോയില്ല. പകരം ഉമ്മിയുടെ ഇളയ അനിയൻ നദീം മാമാന്റെ വീട്ടിലേക്കാണ് ചെന്ന് കയറിയത്. പാപി ചെല്ലുന്നിടം പാതാളമാണെന്ന കാര്യം വിധി വീണ്ടും തെളിയിച്ചു. ഡൽഹിയിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ സ്വമേധയാ ആശുപത്രിയിൽ ചെന്ന് അഡ്മിറ്റ് ആയ അഭിമാനിയായ ആതിഫിന്റെ വീട്, ഞാൻ കയറി ചെന്നത് മുതൽ വിധിയുടെ കണ്ണിൽ കരടായിട്ടുണ്ടാവാം. അവന് കോവിഡില്ലെന്ന റിസൽറ്റ് വരുന്നതിന് മുൻപ് തന്നെ അരി വാങ്ങാൻ ചന്തയിൽ പോയ നദീം മാമാനെ അവിടെ ഇട്ട് ചിലര് തല്ലി. പൊന്ന്യാട്ട് അഹമ്മദിന്റെ മകൻ നദീമിന്, നാട്ടുകാർക്ക് മാറാരോഗം കൊടുക്കാൻ ഗൂഢാലോചന നടത്തി ദില്ലിയിൽ നിന്ന് വന്ന ചാവേറിന്റെ വാപ്പ നദീമായി സ്ഥാനക്കയറ്റം കിട്ടി. അതിന്റെ ബാക്കി നാടകം വീട്ടിലേക്ക് തള്ളിക്കയറിയവരുടെ വകയായിരുന്നു. മികച്ച ഒരു തിരക്കഥയുടെ പിൻബലത്തോടെ, നല്ലപോലെ സമയമെടുത്ത് പദ്ധതിയിട്ടതിന്റെ ദൃഢനിശ്ചയത്തോടെ അവർ വീറോടെ പോരാടി. പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കാതെ വന്നപ്പോൾ പ്രതിരോധത്തിലൂന്നി. അതിനും സാധിക്കാതെ വന്നപ്പോൾ മാമാന്റെ മക്കളെ പൂട്ടിയിട്ടിട്ട് കൈയ്യിൽ കിട്ടിയതൊക്കെ വെച്ച് ഞാൻ പ്രതികരിച്ചു. എന്നെ പൊതിരെ തല്ലുന്നത് വക വയ്ക്കാതെ, ആദ്യം താഴെ വീണവന്റെ മൂക്കിന്റെ പാലം ഞാൻ ഇല്ലാതാക്കി. പക്ഷെ ഇത്തവണ ഞാൻ യന്ത്രമായിരുന്നില്ല. അറിഞ്ഞുകൊണ്ട് തന്നെ വീണ്ടും വീണ്ടും അവനെ ഞാൻ ചവിട്ടി. എന്റെ നെറ്റി പൊട്ടിയ ചോരവാർന്ന് കണ്ണിൽ പാടകെട്ടി കാഴ്ച മങ്ങുന്നവരെ ഞാൻ അത് തുടർന്നു. കൂട്ടത്തെ നയിച്ച, മുന്നിൽ നിന്നവൻ ഇല്ലാതാവുമ്പോൾ ചെന്നായ്ക്കൾ ചിതറിയോടുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഇത്തവണ ബസിൽ ജയിലിലേക്ക് കൊണ്ടുപോവുമ്പോൾ ഞാൻ പണ്ടത്തെ ആറാം ക്ലാസ്സുകാരൻ സലീമായിരുന്നു. മലമ്പുഴയിലേക്ക് വിനോദയാത്ര പോയിട്ട് തിരിച്ച് സ്കൂളിലേക്ക് കൂട്ടുകാരുമായി ബസിൽ മടങ്ങുന്ന സലീം. സന്തോഷത്തിന്റെ പാരമ്യതയിൽ ഉല്ലസിച്ചിരുന്നിടത്ത് നിന്ന് അതൊക്കെ കുറച്ച് നേരത്തേക്കേയുള്ളെന്ന ബോധ്യത്തിലേക്കും യാഥാർത്ഥ്യത്തിലേക്കുമുള്ള മടക്ക യാത്ര. ഇടയ്ക്ക് എപ്പോഴോ കൊതി മൂത്ത് ആറ് ബീയുടെ സൗന്ദര്യ റാണി ആര്യ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട് അവളുടെ അടുത്തിരിക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ പുറകിലെങ്ങാനും പോയി ഇരിക്കാൻ പറഞ്ഞ് എന്നെ ആട്ടി. അവളുടെ അപ്പുറത്തെ വീട്ടിലെ ദീപ മുന്നിൽ ഇരിപ്പുണ്ട്, അവൾ വീട്ടിൽ പറഞ്ഞ് കൊടുക്കുമെന്ന്. ഒരു കറുത്ത മുസ്ലീം ചെക്കന്റെയൊപ്പം ഇരുന്നെന്ന് വീട്ടുകാരറിഞ്ഞാൽ കൊന്ന് കളയുമെന്ന്.
ഞാനൊന്നും മിണ്ടാതെ വിലങ്ങും കുലുക്കിക്കൊണ്ട് നീല ജയിൽ ബസിന്റെ പുറകിലേക്ക് നടന്നു. വണ്ടി പലവട്ടം സ്പീഡ് കൂട്ടിയും, പിന്നെ എപ്പോഴൊക്കെയൊ കുറച്ചും ജയിലിലേക്കുള്ള ദൂരം കുറച്ച് കൊണ്ടുവന്നു. സ്കൂൾ ബസിലെ മടക്കയാത്രയിലേത് പോലെ തന്നെ ഞാൻ എവിടെയൊ ദൃഷ്ടി ഉറപ്പിച്ച് ഇരുന്നു. നീല ഗേറ്റിന്റെ ചെറിയ വാതിലിലൂടെ വരിവരിയായി ഞങ്ങളെ ഇറക്കി. സൂപ്രണ്ടിന്റെ മുറിയിൽ പേര് റജിസ്റ്ററിൽ ചേർക്കാൻ ചെന്നപ്പോൾ എന്നെ കണ്ട് അയാൾക്ക് ഹാലിളകി. ശിക്ഷ ഒഴിവാക്കി കിട്ടിയവരുടെ കൂട്ടത്തിൽ നിന്ന് എന്റെ പേര് വെട്ടാൻ ശ്രമിച്ചതാണെന്നും, അന്ന് ബാക്കിയുള്ളവർ തടഞ്ഞിട്ടാണെന്നും ആക്രോശിച്ചു. എന്നിട്ട് ഇപ്പൊ എന്തായി? മല പോലെ പോയവൻ ദേ വാലും പൊക്കി എലി പോലെ തിരിച്ച് വരുന്നു എന്ന്. എന്നെ പോലെ ഉള്ളവരൊന്നും ഒന്നും ഈ പവിത്രമായ രാജ്യത്തിന് ചേർന്നതല്ലെന്ന് എന്നെങ്കിലും വിധി വന്ന് ഞങ്ങളെയൊക്കെ പുറത്താക്കുന്ന കാലത്ത് എന്നെ ചൂലെടുത്ത് തല്ലിയോടിക്കുമെന്ന് ഏതോ നീണ്ട പേരുള്ള ദൈവത്തിന്റെ പേരിൽ അയാൾ ആണയിട്ടു.
സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയപ്പോൾ ആര്യയോട് പറഞ്ഞതാണ് ഞാൻ സൂപ്രണ്ടിനോടും പറഞ്ഞത്.
“രാജശേഖരൻ മാഷ് പഠിപ്പിച്ചത് നിനക്ക് ഓർമ്മയില്ലേ? സൂര്യ വെളിച്ചം ബ്ലാക്ക് ബോർഡിൽ തട്ടുമ്പൊ വെളുത്ത സൂര്യ പ്രകാശത്തിലുള്ള ഏഴ് നിറങ്ങളേയും വലിച്ചെടുക്കുന്നകൊണ്ടാണ് അതിനെയും എന്നെയുമൊക്കെ കറുത്തതായിട്ട് കാണാൻ പറ്റുന്നത്. എന്നുവെച്ചാ ശരിക്ക് ഞങ്ങളുടെ ഒക്കെ നിറം കറുപ്പാണോ അതോ വെളുപ്പാണോ? നിനക്ക് ഉറപ്പാണോ നീ വെളുത്തിട്ടാണെന്ന്?”
– സലീം, ആറ് – ബി, വലിയങ്ങാടി ഗവ. യൂപി സ്കൂൾ (കൊല്ലം : 1993)
വർഷാരംഭത്തിൽ കിട്ടിയ പുതിയ യൂണിഫോം മടക്കി നെഞ്ചോട് ചേർത്ത് പിടിച്ച്, ഇടുങ്ങിയ മതിൽക്കെട്ടുകൾക്ക് ഇടയിലൂടെ, ഞാനും എന്റെ സഹപാഠികളും പുതിയ ക്ലാസ്സിലേക്ക് നടന്നു. ഉറുമ്പുകളുടെ അച്ചടക്കത്തോടെ.
———— xx———— xx ————
Picture Courtesy : Karsten Winegeart
He was institutionalised for 6yrs in a Film Institute, to forget about the 4yrs which an Engg college stole. Inveterate dreamer who dreams to utter Spielberg’s words, “I dream for a living.”