സാദത് ഹസൻ മാന്റോയുടെ ആ ക്വോട്ട് വായിച്ചപ്പോഴുണ്ടായ ചിന്തയാണ് ഈ കഥയിലവസാനിച്ചത്. ഒരുപക്ഷെ തെറാപിസ്റ്റുമാരെ കോർപ്പറേറ്റ് കമ്പനികളുപയോഗിക്കുന്നത് അടിമകളെ വാർത്തെടുക്കാനാണെന്ന ചിന്ത അതിന് മുൻപ് തന്നെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നിരിക്കണം.
റിലാക്സ്
ആ മുറിയിൽ തന്നെ വടക്കെ നമീബിയയിൽ നിന്ന് കിട്ടിയ ഹിമ്പാ ഗോത്രവർഗ്ഗക്കാരുടെ കഴുത്തിൽ അണിയുന്ന തടിച്ചുരുണ്ട വലയം തൊട്ട്, കൽക്കി കൃഷ്ണമൂർത്തി ഒപ്പിട്ട ‘പൊന്നിയിൻ സെൽവൻ’ നോവലിന്റെ വാല്യങ്ങളുടെ ശേഖരം വരെ കാഴ്ചവസ്തുക്കളായുണ്ട്. ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് ശേഖരിച്ച് കൊണ്ടുവന്നിട്ടുള്ള പലതരം പുരാവസ്തുക്കളും, കലാസൃഷ്ടികളും അടുക്കി വെച്ചിരിക്കുന്ന ചെറിയ പ്രദർശനാലയമാണ് ആ വിശാലമായ ഓഫീസ് മുറി. പക്ഷെ ഹേമ മദൻമോഹന്റെ ശ്രദ്ധ മുഴുവൻ സാദത് ഹസൻ മാന്റോയുടെ വലിയ പോർട്ട്റെയിറ്റിലായിരുന്നു. അതിന്റെ ഫ്രെയിമിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന മരപ്പലകയിൽ മാന്റോയുടെ ഒരു ക്വോട്ട് സുവർണ്ണനിറത്തിൽ പെയിന്റ് ചെയ്ത് വെച്ചിട്ടുണ്ട്.
“IF YOU FIND MY STORIES DIRTY,
THE SOCIETY YOU ARE LIVING IN IS DIRTY.
WITH MY STORIES, I ONLY EXPOSE THE TRUTH.”
വാതിൽ തുറന്ന് ശ്രീലക്ഷ്മി മേനോൻ അകത്തേക്ക് കയറി വന്നതും, ബഹുമാനത്തോടെ ഹേമ എഴുന്നേറ്റ് കൈ കുമ്പിട്ട് നിന്നു. ശ്രീലക്ഷ്മി ഒരു നിമിഷത്തേക്ക് അവളെ നോക്കി നിന്നു. പിന്നെ നടന്ന് അവളുടെ അടുത്ത് ചെന്ന്, ആ കൂപ്പിയ കൈകളെ ചേർത്ത് പിടിച്ചു.
“റിലാക്സ് ഹേമ. ഇവിടെ ഇരുന്ന് എന്നോട് പറഞ്ഞതൊന്നും ഈ ഭിത്തിക്ക് വെളിയിൽ പോയിട്ടില്ല. ചില ഇന്റേൺസിനെ സ്ഥിരപ്പെടുത്തണൊ വേണ്ടയൊ എന്ന് തീരുമാനിക്കാൻ ആണ് വരാൻ പോവുന്ന ടീം റിവ്യു. അല്ലാതെ നിന്റെ കാര്യമൊന്നുമില്ല. ഞാൻ അന്വേഷിച്ചു.”
പക്ഷെ ഹേമയുടെ കണ്ണിൽ സംതൃപ്തിയുടെ ഒരു കണിക പോലുമില്ല.
“അപ്പോൾ മറ്റെന്തൊ ഉണ്ടെന്ന് ഊഹിച്ചത് ശരിയാണ്. വാ ഇരിക്ക്, നമ്മൾക്ക് സംസാരിക്കാം.”
“ഇപ്പോൾ വേണ്ട മേഡം. ഞാൻ തിരിച്ച് പോയെ പറ്റു. എന്നെ അവിടെ കണ്ടില്ലെങ്കിൽ അയാൾ സംശയിക്കും.”
“ആര് പ്രഭാകറൊ? അവൻ എന്ത് ചെയ്തു?”
ഹേമ തരിച്ച് ഇരുന്നു പോവുന്നു. എളുപ്പം തന്നെ വായിച്ചെടുക്കാൻ ആവുമെന്ന് എല്ലാരും പറയും. അങ്ങനെയിരിക്കെ പ്രൊഫെഷണൽ കൗൺസിലിംഗിൽ ഒരു വിദേശ മാസ്റ്റേർസ് ഉള്ള ശ്രീലക്ഷ്മി മേനോനെ പോലെ ഒരാൾക്ക് മുന്നിൽ മനസ്സിലെ ആധിക്ക് പിടിച്ച് നിൽക്കാനാവാത്തതിൽ അത്ഭുതമില്ലെന്ന് മനസ്സിൽ കണക്കുകൂട്ടി.
എതിർവശത്ത് തന്റെ പ്രിയപ്പെട്ട റിക്ലൈനറിൽ ഇരുന്നുകൊണ്ട് ശ്രീലക്ഷ്മി ഹേമയുടെ വിഷമങ്ങൾക്കായി കാത്തിരുന്നു.
“റോണി സർ, പോയപ്പോൾ എല്ലാം തീർന്നെന്ന് വെച്ചതാണ്. തെറ്റി. പകൽ ഷിഫ്റ്റുകളിൽ പോലും വെറുതെ വിടുന്നില്ല. അയാളുടെ മകൾക്ക് എന്റെ പകുതിയിലധികം വയസ്സായി. എന്നിട്ടും സ്ത്രീകളോട് പെരുമാറുന്നതിൽ പ്രഭാകർ ഒരു മൃഗമാണ്.”
“താൻ മനസ്സിൽ കൊണ്ടുനടക്കുന്നത് മുഴുവൻ പറയു. എത്രത്തോളം തനിക്ക് വിശദീകരിക്കാനാവുന്നൊ, അത്രയും ഭാരം തന്നിൽ നിന്ന് ഞാൻ ഒഴിവാക്കി തരാം. റിലാക്സ്.”
“മേഡത്തിനെ എനിക്ക് വിശ്വാസമാണ്. കഴിഞ്ഞ തവണ ഞാൻ ആശ്വാസം അനുഭവിച്ചറിഞ്ഞതാണ്. പക്ഷെ, അതിന്റെയല്ല. എനിക്ക് എന്നോട് എന്തൊ…വെറുപ്പാണ്. ഒന്ന് ഇല്ലാതെയാവുമ്പോൾ അടുത്തയാൾ എന്നെ ഇരയാക്കി എന്ന് പറയുമ്പോൾ എനിക്കും എന്തൊ ഒരു തകരാറില്ലെ. വീട്ടിൽ അറിഞ്ഞാൽ ഞാൻ വളം വെച്ച് കൊടുക്കുന്നതുകൊണ്ടാണെന്നെ പറയു.”
“ഹേയ്.. റിലാക്സ്… ഞാൻ അങ്ങനെ കരുതുന്നില്ല. ഞാൻ പഠിച്ച ടെക്സ്റ്റുകളൊന്നും അങ്ങനെയല്ല എന്നെ പഠിപ്പിച്ചതും.”
“അതാണ് പ്രശ്നം. മേഡത്തിന്റെയത്ര വിവരം ഈ കാര്യത്തിൽ ഇവിടെയാർക്കും ഇല്ല, പക്ഷെ ഇരകളോട് സംസാരിച്ചിട്ടുള്ളതല്ലാതെ ജീവിതാനുഭവമില്ലല്ലൊ. എനിക്ക് മനസ്സിലാക്കാം, ഒരുപാട് ജീവിതാനുഭവങ്ങൾ പഠിച്ച് പലരും തയ്യാറാക്കിയ തത്ത്വങ്ങളും സിദ്ധാന്തങ്ങളുമാണ് മേഡത്തിന്റെ ഉപദേശങ്ങളുടെ അടിത്തറ. പക്ഷെ ഇത്തവണ ഞാൻ അതുകൊണ്ടും തൃപ്തിപ്പെടണമെന്നില്ല. എന്റെ ഇത്തവണത്തെ വിഷമം പുസ്തകങ്ങൾക്ക് ഒഴിവാക്കാനാവുന്നതിനും അപ്പുറമാണ്.”
ശ്രീലക്ഷ്മി സമയമെടുത്താണ് ശ്വാസം പുറത്തേക്ക് വിട്ടത് പോലും. പക്ഷെ ആലോചനയിലാണെന്ന് തോന്നിക്കാത്ത വിധം അവർ എന്തൊ ചികഞ്ഞെടുക്കുകയായിരുന്നു.
“ഒരു നിമിഷം ഇവിടെ ഇരിക്ക്”, എന്ന് പറഞ്ഞിട്ട് ശ്രീലക്ഷ്മി അവരുടെ ചാര നിറത്തിലുള്ള റിക്ലൈനർ കസേരയിൽ നിന്ന് എണീറ്റ് മേശയ്ക്കരികിലേക്ക് നടന്നു. അതിന്റെ താഴിട്ട് പൂട്ടിയിരുന്ന അറയിൽ നിന്ന് ഒരു ഡയറി തുറന്നു. അതിൽ നിന്ന് ഒരു പോളറോയിഡ് ഫോട്ടൊ പുറത്തെടുത്ത്, പറയാനുള്ളത് എങ്ങനെ അവതരിപ്പിക്കണമെന്ന് വീണ്ടും ആലോചിച്ചു.
അല്പ വസ്ത്രധാരിണിയായി ചിരിച്ചുകൊണ്ട് കിടക്കുന്ന ഒരു കൗമാരപ്രായക്കാരിയുടെ ചിത്രം. ഒരുപക്ഷെ അതിലും ചെറുപ്പം ആവാം. മേഡം എന്തിനാണ് ആ വൃത്തികെട്ട പഴകിയ ചിത്രം തന്നെ കാണിക്കുന്നതെന്ന് മനസ്സിലാവാതെ ഹേമ അവരെ തിരിച്ച് നോക്കി. ശ്രീലക്ഷ്മി കണ്ണടയ്ക്കാതെ ഹേമയുടെ കണ്ണിലേക്ക് തന്നെ നോക്കി അവൾക്ക് ആലോചിക്കാനുള്ള സമയം കൊടുത്തു.
വീണ്ടും ചിത്രത്തിലേക്ക് കണ്ണെടുക്കാതെ സൂക്ഷിച്ച് നോക്കിയിരുന്ന ഹേമയുടെ മനസ്സിൽ ഒരു സംശയം തെളിഞ്ഞു. ചിത്രത്തിലേക്കും ശ്രീലക്ഷ്മിയുടെ മുഖത്തേക്കും മാറി മാറി നോക്കി. അതെ, ആ കുട്ടിക്ക് ശ്രീലക്ഷ്മിയുടെ ഛായ!
ഹേമ എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും, ശ്രീലക്ഷ്മി അവളുടെ തോളിൽ കൈ വെച്ച് സമാധാനിപ്പിച്ച് റിക്ലൈനറിൽ തന്നെ ഇരുത്തി. എന്നിട്ട് ആ ചിത്രം തിരിച്ച് വാങ്ങി തിരിച്ച് തന്റെ റിക്ലൈനർ കസേരയിൽ ശരണം പ്രാപിച്ചു.
“തന്റെ രഹസ്യങ്ങൾ ഈ ചുവര് വിട്ട് പുറത്ത് പോയിട്ടില്ലെന്ന് പറഞ്ഞത് പോലെ, താൻ എനിക്കും ഒരു വാക്ക് തരണം. ഞാൻ ഇനി പറയാൻ പോവുന്നത് ഇവിടുന്ന് ഇറങ്ങുമ്പോൾ താനും മറന്ന് കളയണം.”
“വാക്ക്”, എന്നല്ലാതെ മറ്റൊന്നും ഹേമയുടെ നാവിൻ തുമ്പിൽ വന്നില്ല.
“എനിക്ക് ഒരു ചേട്ടനുണ്ടായിരുന്നു. ശ്രീനാഥ്. ഫോട്ടോഗ്രഫി അവന്റെ ഹോബിയായിരുന്നു. ഫോട്ടോ ജേണലിസമൊക്കെ പഠിച്ച് ഇപ്പോൾ ബ്രസീലിൽ ഒരു മാസികയിൽ ജോലി ചെയ്യുകയാണ്. ചെറുപ്പത്തിൽ ഞാനായിരുന്നു അവന്റെ ഫാഷൻ ഫോട്ടോഗ്രഫി മോഡൽ. നിന്നെ കാണിക്കാൻ കൊള്ളാവുന്നത് അതെയുള്ളു. എനിക്ക് ഒന്നും മനസ്സിലാവാത്ത പ്രായത്തിൽ എന്നെക്കൊണ്ട് എന്തെല്ലാം ചെയ്യിച്ചിട്ടുണ്ടെന്ന് ഞാനിപ്പോൾ പറഞ്ഞാൽ… ഇല്ല… ഹേമ വിശ്വസിക്കില്ല. ശ്രീനാഥ് ഒരു തുടക്കമാണ്, പിന്നെയങ്ങോട്ട് എന്റെ ജീവിതം മുഴുവൻ പലകുറി…..”
“മേഡം. ക്ഷമിക്കണം.”
“എന്തിന്? എനിക്ക് ഇതൊന്നും ഇപ്പോൾ വിഷമം തരുന്നില്ല. അതൊക്കെ ഞാൻ പണ്ട് തന്നെ തരണം ചെയ്തു. അതുകൊണ്ടാണ് ഈ തൊഴിലിൽ എത്തിച്ചേർന്നതെന്ന് എനിക്ക് ഉറപ്പാണ്. എന്നെ പോലെയുള്ളവരെ രക്ഷിക്കാൻ. ശക്തി പകരാൻ.”
ഹേമ അല്പ നേരം ഒന്നും സംസാരിച്ചില്ല. ഹേമ സംസാരിക്കാനായി ശ്രീലക്ഷ്മി കാത്തിരുന്നു. കൊളോണിയൽ കാലത്തിന്റെ തിരുശേഷിപ്പായ ഒരു പഴയ പെൻഡുലം മുത്തച്ഛൻ 11 വട്ടം നിശബ്ദതയെ ഭേദിച്ചപ്പോൾ അവൾ സംസാരിച്ചു. പ്രഭാകർ എന്ന പ്രൊജക്റ്റ് ലീഡ് അവളോട് ചെയ്ത് പോന്നിരുന്ന അനീതികളുടെ ഭാണ്ഡക്കെട്ടെല്ലാം ശ്രീലക്ഷ്മിക്ക് മുന്നിൽ അഴിച്ചുവെച്ചു. ശ്രീലക്ഷ്മി അവൾക്ക് ധൈര്യം നൽകി. അവൾക്ക് രക്ഷപെടാനുള്ള ഉപായങ്ങളെല്ലാം ഒരു കൊച്ച് കുട്ടിക്ക് ഈസോപ്പ് കഥകളിലൂടെ ഉപദേശങ്ങൾ നൽകുന്നതുപോലെ ലളിതമായി അവതരിപ്പിച്ചു. പ്രഭാകറിനെക്കുറിച്ച് ഇന്റേണൽ കമ്പ്ലയിന്റ് കമ്മിയോട് റിപ്പോർട്ട് ചെയ്യാതെ തന്നെ അനീതികളെല്ലാം നിർത്താനുള്ളത് അവർ ചെയ്തുകൊള്ളാം എന്നും ശ്രീലക്ഷ്മി ഉറപ്പ് നൽകി.
അരമണിക്കൂറിന് ശേഷം ഒരു പുതിയ ഹേമയാണ് ആ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. എന്തിൽ നിന്നൊക്കെയൊ സ്വതന്ത്രയായ പോലെ, അവൾ വെളിയിലേക്ക് ഇറങ്ങി തന്റെ ക്യുബിക്കിളിലേക്ക് നടന്നു. പണ്ടെങ്ങൊ മനസ്സിൽ തങ്ങിയൊരു മൂളിപ്പാട്ടും അവളെ അനുഗമിച്ചു. കമ്പ്യൂട്ടറിൽ ലോഗ് ഇൻ ചെയ്ത് അവൾ ചെറിയൊരു അവധിയിൽ പ്രവേശിക്കാൻ വേണ്ട അപേക്ഷ തയ്യാറാക്കി അയച്ചു. പിന്നീട് റെഡ്‌ബസ് ഉപയോഗിച്ച് ഗോകർണ്ണത്തേക്ക് പോയി വരാനുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തു. ഓയൊ വഴി 2 രാത്രി അവിടെ കടലിനോട് ചേർന്നൊരിടത്ത് തങ്ങാനുള്ള മുറികളും പറഞ്ഞുറപ്പിച്ചു.
എന്നാൽ ശ്രീലക്ഷ്മിക്ക് ഹേമ അന്നത്തെ ദിവസത്തിന്റെ തുടക്കം മാത്രമായിരുന്നു. മാക്ക്ബുക് എയർ തുറന്ന് ലിസ്റ്റിൽ അടുത്തത് ആരാണെന്ന് നോക്കി. ഹിഷാം എന്ന പേര് കേട്ടിട്ട് അതിനൊരു രൂപവും മനസ്സിൽ സങ്കൽപ്പിച്ച്, 5 മിനിറ്റിനകം റൂമിൽ എത്താനുള്ള മെസ്സേജ് അവന് അയച്ചു. ട്രേസി ചാപ്മാന്റെ ‘ടെൽ ഇറ്റ് ലൈക്ക് ഇറ്റ് ഈസ്’ എന്ന പാട്ട് ശബ്ദം കുറച്ച് വെച്ചിട്ട് അല്പം മാറി നിന്ന് ഒരു കറുത്ത മാർൾബൊറൊ മെന്തോൾ സിഗരറ്റിൽ നിന്നുള്ള പുക നെഞ്ചിൽ നിറച്ചു. ജനലിനരികിലേക്ക് മാറി നിന്ന് ഫോണിൽ ആരേയൊ വിളിച്ചു.
“ഹലൊ ശ്രീ”, മറുതലയ്ക്കൽ നിന്ന് നിറഞ്ഞ സന്തോഷത്തോടെയുള്ള പ്രഭാകറിന്റെ ശബ്ദം ശ്രീലക്ഷ്മിയുടെ മുഖത്ത് അമർഷം തെളിയിച്ചു.
“എടാ നായിന്റെ മോനെ… ഞാൻ കേട്ടു നീ എന്തൊക്കെയാണ് ആ പാവം പെൺകുട്ടിയോട് ചെയ്തതെന്ന്.”
പ്രഭാകർ ഒന്നും തിരിച്ച് പറയാൻ തുനിഞ്ഞില്ല.
“ഓ ആരാണെന്ന് പോലും നിനക്ക് മനസ്സിലായില്ല, അല്ലേടാ തന്തയ്ക്ക് പിറക്കാത്തവനെ…ഹേമ!”
“ക്ഷമിക്കണം. അവളെന്തൊക്കെ അവിടെ പറഞ്ഞു എന്നറിയില്ല… പക്ഷെ… ഞാൻ വളരെ മിതമായിട്ടെ ഇപ്പോൾ ആരോടും. തെറ്റിദ്ധാരണയാവാം. അല്ലെങ്കിൽ അവൾടെ പരിചയക്കുറവ്.”
“അത് ശരി. അപ്പൊ ടെസ്സയുടെ കാര്യത്തിലൊക്കെ അന്ന് അവളെന്നോട് കരഞ്ഞ് പറഞ്ഞതിലും നടന്നിട്ടുണ്ടല്ലേ..?”
“അയ്യൊ, ശ്രീ… എന്നെ വിശ്വസിക്കണം. ഇത്തവണത്തേക്കും കൂടി ഒന്ന് മാപ്പാക്കി തരണം. ഞാൻ എന്ത് വേണമെങ്കിലും ചെയ്ത് തരാം.”
“അന്നത്തെ പോലെ സുട്രിമലയിലെ റേവ് പാർട്ടിയിലേക്കുള്ള ടിക്കറ്റ് മാത്രം പോര. എന്റെ മാക്ക് എയറിന് 3 കൊല്ലത്തെ എക്സ്റ്റെന്റഡ് വാറണ്ടിയും കൂടെ ഓർഡർ ചെയ്തേക്ക്. ഐഡി ഞാൻ അയക്കാം.”
“ഏറ്റു. അവളെ ഒന്ന് പറഞ്ഞ് മനസ്സിലാക്കിയാൽ മതി. എന്നാലും ഇതെങ്ങനെ, നീ ആ മോർഫ്ഡ് ഫോട്ടൊ ഇറക്കിയൊ, അതൊ എന്നോട് പറയാത്ത വേറെ എന്തെങ്കിലും ബുദ്ധി ഉപയോഗിച്ചോ?”
“നീ നിന്റെ പണി നോക്ക്. ങാ, പിന്നെ, ഷോബി സാറിന്റെ ഫെയർവെല്ലിന് എല്ലാരും പോയ നേരം ആ കുട്ടിയെ ടേബിളിനോട് ചേർത്ത് ബന്ധിച്ച ആ ലെതർ വിലങ്ങും ഇനി ഫ്ലാറ്റിൽ വരുമ്പൊ കൊണ്ടുവരണം. അങ്ങനെ എന്തൊക്കെ അക്സസറീസ് ഉണ്ടൊ അതെല്ലാം. ഇതൊക്കെ വാങ്ങിയ വിവരം എന്നോട് പറഞ്ഞില്ലല്ലൊ?”
പ്രഭാകർ ചിരിച്ചു. മനസ്സ് തുറന്ന് ചിരിച്ചു.
“ഫോൺ വെച്ചിട്ട് പോടാ തെരുവ് നായയ്ക്ക് ഉണ്ടായവനെ…”
ചുണ്ടിലെ ചിരിയാണ് അവൾ ആ സിഗരറ്റ് ആഷ് ട്രേയിൽ കുത്തിക്കെടുത്തിക്കൊണ്ട് അണച്ചത്. റൂം ഫ്രെഷ്നർ ഒരിക്കൽ കൂടെ ആ മുറിയിലാകെ പരത്തിയതിന് ശേഷം എയർ കണ്ടീഷണർ എക്സ്റ്റ്രാ ബ്ലാസ്റ്റ് ചില്ലിൽ ഇട്ടു. എന്നിട്ട് വാതിൽ തുറന്ന് പുറത്ത് കാത്തുനിന്നിരുന്ന ഹിഷാമിനെ അകത്തേക്ക് ക്ഷണിച്ചു.
**** **** ****
അൻപത് മിനിറ്റിനകം ഹിഷാം തിരിച്ച് ഇറങ്ങിയത് സന്തോഷിച്ചുകൊണ്ടാണ്. സമാധാനിച്ചുകൊണ്ടാണ്. ഇത്ര ചെറുപ്പം തൊട്ട് ജീവിതകാലം മുഴുവൻ ഇരയാക്കപ്പെട്ടിട്ടും അതിനെയെല്ലാം അതിജീവിച്ച ഒരാളുടെ ഉപദേശങ്ങളാണ് ഇപ്പോൾ കേട്ടതെന്ന് അവൻ ചിന്തിച്ചു. ഇവ മാത്രം അനുസരിച്ചാൽ മതി ജീവിതത്തിൽ എവിടെയും എത്താമെന്ന് മനസ്സിലുറപ്പിച്ച് അവൻ നടന്നു.
അതിലും അമിത സന്തോഷമായിരുന്നു ശ്രീലക്ഷ്മിക്ക്. അവൾ ബാക്കി അപ്പോയിന്റ്മെന്റുകളെല്ലാം ക്യാൻസൽ ചെയ്ത് അവിടുന്ന് ഇറങ്ങാൻ അധിക നേരം എടുത്തില്ല.
ഷിൻഡ്‌ലറിന്റെ 10 പേർക്ക് കയറാവുന്ന ലിഫ്റ്റിൽ ഒറ്റയ്ക്ക് കയറി അത് ഒരു നില താഴേക്ക് ഇറങ്ങിയതും, ഫോൺ എടുത്ത് ബോയ്‌ഫ്രണ്ടിനെ വിളിച്ചു. പ്രിയപ്പെട്ട രാജകുമാരി എന്ന് വിളിച്ചുകൊണ്ടുള്ള അയാളുടെ സ്നേഹ വാക്കുകൾ കാതുകളിലെത്തുന്നതിന് മുൻപ് അവൾ മനസ്സിൽ ഉരുവിട്ട് നോക്കിയത് ഉറക്കെ പറഞ്ഞു.
“ശശാങ്ക്, ഓപ്പൺ റിലേഷൻഷിപ്പ് അല്ലെങ്കിലും നീ പുറത്ത് പരീക്ഷണങ്ങൾ നടത്താൻ പോവാറുണ്ടെന്ന് എനിക്ക് നല്ലപോലെ അറിയാം. അത് കണ്ടില്ലെന്ന് നടിച്ചതിന്, നീ പെണ്ണുങ്ങളെ വിട്ട് ആണുങ്ങളേയും ഇടയ്ക്ക് ഉപയോഗിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു.”
“വാട്ട്? അബ്സേർഡ്. ഇത്ര രാവിലെ തന്നെ നീ എന്താണ് വലിച്ച് കയറ്റിയത്.”
“ഉരുണ്ട് കളിക്കാതെടാ തന്തയ്ക്ക് പിറക്കാത്തവനെ. ഹിഷാം വന്നിരുന്നു ഇവിടെ. ക്യു ആൻഡ് എ വിങിലെ ചിലർ അവനെ ബുള്ളി ചെയ്ത് സ്മോക് റൂമിൽ കൊണ്ടുപോയി ചെയ്യിച്ചതെല്ലാം പറഞ്ഞു. ആരുടെയും പേര് വിവരങ്ങളൊന്നും എന്നോട് പറഞ്ഞിട്ടില്ലെങ്കിലും, വിശദീകരണത്തിന്റെ ഇടയിൽ നീ എന്നോട് ചെയ്യാറുള്ള പലതും ഞാൻ കേട്ടു. എക്സ്ക്യൂസ് അല്ലാതെ നിനക്ക് എന്തെങ്കിലും പറയാനുണ്ടൊ?”
മറുതലയ്ക്കൽ നിന്ന് ഒരു മറുപടിയും കേട്ടില്ല. ബേസ്മെന്റ് ഫ്ലോറിൽ പാർക്ക് ചെയ്ത മഞ്ഞ മിനി കൂപ്പർ കാറിൽ കയറി വാതിൽ അടച്ചുകൊണ്ട് അവൾ തുടർന്നു. ചൂണ്ടിൽ ആ ചിരി വീണ്ടും തെളിഞ്ഞു.
“നല്ല കുട്ടി. ഇനി ഞാൻ അത് ചെയ്തു, ഇത് ചെയ്തു എന്ന് പറഞ്ഞ് എന്നെ ജഡ്ജ് ചെയ്യാൻ വരരുത്.”
“റിലാക്സ് ശ്രീ.. റിലാക്സ്..”
“റിലാക്സ് എന്ന് ഞാൻ പറഞ്ഞോളാം. പറയേണ്ടപ്പോൾ.. അതെന്റെ വാക്കാണ്. എന്റെ മാത്രം.”
അല്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ തുടർന്നു,
“റിലാക്സ്… എന്താണതിന്റെ അർത്ഥമെന്ന് ഞാൻ മറന്ന് പോയിരിക്കുന്നു. നിനക്ക് അറിയുമോടാ..?”
“ഇല്ല. എനിക്കറിയില്ല. ഗൊ ഡൂ വാട്ടെവർ യു ഫീൽ ലൈക്ക്. ബട്ട് പ്ലീസ് റിലാക്സ് ഡിയർ ശ്രീ… പ്ലീസ് റിലാക്സ്.. ”
He was institutionalised for 6yrs in a Film Institute, to forget about the 4yrs which an Engg college stole. Inveterate dreamer who dreams to utter Spielberg’s words, “I dream for a living.”