ഒരു ദുസ്വപ്നമാണ് ഇതെഴുതാൻ പ്രേരിപ്പിച്ചത്. ഗംഗാധരനെയും പൗർണ്ണമിയേയും എനിക്ക് എന്നേപ്പോലെ  തന്നെയറിയാം. മാത്രമല്ല, എനിക്ക്  തവിട്ട് നിറത്തിലുള്ള കണ്ണുകളാണെന്ന സത്യവും അറിയിച്ചുകൊള്ളുന്നു.

നോട്ടിംഗ് ഹബ്ബിന്റെ ചില്ല് ഗോപുരം

ഗംഗാധരനെപ്പോലെ ഒരു മധ്യവർഗ്ഗക്കാരനെ നോട്ടിംഗ് ഹബ്ബ് ഹോട്ടലിന്റെ ചില്ല് ഗോപുരം ആശ്ചര്യപ്പെടുത്തേണ്ടതാണ്. ആകാശം മുട്ടെ നിലകളുള്ള ഹോട്ടലിനും, അതിന്റെ പ്രവേശനകവാടത്തിനും വാപൊളിച്ച് നിർത്താൻ പാകത്തിന് ഭംഗിയുമുണ്ട്. പക്ഷെ ഇന്നത്തെ ദിവസം ഒന്നിനും അയാളുടെ ശ്രദ്ധയാകർഷിക്കാനാവില്ല. കണ്ണ് രണ്ടും നിറഞ്ഞ് തുടങ്ങിക്കഴിഞ്ഞു.

“അച്ഛൻ, മാരിയറ്റ് ഹോട്ടൽസ് എന്ന് കേട്ടിട്ടില്ല്യേ?”

“ഇണ്ടെങ്കീ?”

“ഇത് മാരിയറ്റിന്റെ മാനേജ്മെന്റ് തന്നേണ്…”

“അതുകൊണ്ട്?”

“ന്താ അച്ഛാ ദ്? ന്തിനാ കണ്ണൊക്കെ നെറയ്ക്കണേ? കഷ്ടമൊണ്ട്ട്ടോ..ഇങ്ങനാച്ചാ ഞാനെങ്ങനെയാ ഇവടെ സമാധാനായിട്ട് നിക്കണേ? ഇതാ ഞാൻ ഒറ്റയ്ക്ക് വന്നോളാന്ന് പറഞ്ഞെ…”

“അല്ലെങ്കീ തന്നെ വീട്ടിലൊരുത്തി കരയ്യാ…ഇനി ഞാനൂടെ നെന്റെ കൂടെ വന്നില്ലാച്ചാ…നെനക്കറിയാല്ലോ അതിനെ..”

“നിക്ക് അറിയാ…പക്ഷെ ഇവിടെ വരെ മതി.. അച്ഛൻ പൊക്കോ.. ആ ലോഞ്ചിലിരിക്കുന്നതെല്ലാം ഇവിടെ 15 ദെവസത്തേക്ക് എന്റെ പോലെ തന്നെ സ്റ്റേ ഉള്ളവരാ…അതില് തന്നെ 22 പേരും ആർഐ‌റ്റി‌യില് എന്റെ ബാച്ചിലേ കുട്ട്യോളാ..അതില് എത്ര പേർടെ കൂടെ അച്ഛനമ്മമാര് വന്നിട്ടിണ്ട്…നോക്ക്യേ…”

“അതങ്ങനെ അഴിച്ച് വിട്ടിരിക്കണ ജാത്യോളാ..നെന്നേ ഞങ്ങളങ്ങനെയാണോ വളർത്തീത്?”

“അച്ഛാ, ഞാനൊരു നൂറ് വട്ടം പറഞ്ഞു..അങ്ങനാരേം ജഡ്ജ് ചെയ്യെണ്ട. അവരൊക്കെ നല്ലോരാ.”

“നല്ലോരാവട്ടെ..നല്ലകാര്യം..പക്ഷെ നിക്കിപ്പൊ ന്റെ കുട്ട്യേ ഇവടെ വിട്ടിട്ട് പോവാൻ വയ്യ. നിക്കൊരു സമാധാനോമിണ്ടാവില്ല്യാ..”

“അച്ഛാ, ഞാൻ കുഞ്ഞുകുട്ടിയല്ല..”

“അതോണ്ടന്നെയാ..”

“പറയണ കേൾക്കച്ഛാ..മൂന്നിനാ ട്രെയിൻ.”

“ഇപ്പൊ ഞാൻ പോയിട്ടെന്ത് ചെയ്യാനാ..ട്രെയിനെന്താച്ചാലും നേരത്തെ വരാൻ പോണില്ല.. ന്തായാലും നെന്നെ നെന്റെ റൂമിൽ വിട്ടിട്ടേ പോണൊള്ളു.”

“ന്റച്ഛാ, അതിനൊക്കെ ഒരുപാട് സമയമെടുക്കും.. നാൽപ്പത്തേഴ് പേരേ ചെക്കിൻ ചെയ്യാനിണ്ട്.”

“ആ..ന്നാ അതും കഴിഞ്ഞിട്ടേ പോണുള്ളു..നെന്റെ റൂമില് ടോയ്‌ലെറ്റൊക്കെ കാണില്ല്യേ? അതോ കോമൺ അവ്വ്വോ?”

“ഒന്ന് പതുക്കെ…ഇവർക്കൊക്കെ മലയാളറിയാം..”

“അതിന് ഞാനെന്താപ്പൊ….”

“അച്ഛനിവടെ ഇരിക്ക്. ഞാൻ ജോയിനിങ് ലെറ്ററൊക്കെ റിസപ്ഷനിൽ കാണിച്ചിട്ട് വരാ.”

ഗംഗാധരൻ അത് അനുസരിച്ചു. അമ്മയോട് അനുസരണ കാണിക്കുന്ന ഒരു കുഞ്ഞിനേപ്പോലെ. വാർദ്ധക്യം ബാല്യം പോലെയാണെന്ന് അയാൾക്കറിയാം. ഒരു കാലത്ത് മക്കളെ അനുസരിപ്പിച്ചാൽ, അത് കഴിഞ്ഞൊരിക്കൽ മക്കളെ അനുസരിക്കണം. എന്നാലെ വൃത്തം പൂർത്തിയാവുള്ളു.

പൗർണ്ണമി കുഞ്ഞായിരുന്ന കാലത്ത് പോലും അവളെ അനുസരിപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല. ബികോം എങ്ങനെയോ കരകയറി സർക്കുലേഷനിൽ തന്നെ കൊല്ലങ്ങളായി പണി ചെയ്യുന്ന ഗംഗാധരനും, പ്രീഡിഗ്രി തന്നെ അമിതമായി തോന്നി പഠിത്തമവസാനിപ്പിച്ച ജ്യോതിക്കുമറിയാം അവരെ രണ്ട് പേരേക്കാളും വിവരം അവരുടെ കുട്ടിയ്ക്കാണെന്ന്. സ്വപ്നം പോലും കാണാത്ത നിലയിൽ അവളെത്തുമെന്ന് അവർക്കുറപ്പാണ്. അതുകൊണ്ട് അവൾടെ ഇഷ്ടാനിഷ്ടങ്ങളെ കാര്യമായിട്ട് എതിർത്തില്ല. എതിർത്തതെല്ലാം കയ്പേറിയ ഓർമ്മകൾ മാത്രമെ അവർക്ക് തന്നിട്ടുള്ളു.

അവളെ ഈ നാഗരികത മാറ്റിയെടുക്കുമോ എന്ന് ഗംഗാധരന് പേടിയാണ്. അതുകൊണ്ട് തന്നെ നവീനത്വം അമിതമായി ബാധിച്ച കൂട്ടുകാരികളോടൊപ്പം അവളെ വിട്ടിട്ട് പോവാൻ ഒട്ടും മനസ്സ് അനുവദിക്കുന്നില്ല. അവരുടെ അട്ടഹാസങ്ങളും ബഹളങ്ങളുമൊക്കെ അയാളുടെ മനസ്സിന് ഭാരം കൂട്ടിക്കൊണ്ടേയിരുന്നു. നാല് കൊല്ലത്തെ കോളേജ് ജീവിതം തന്നെ അവളെ ആരോ ആക്കി മാറ്റിയെടുത്തിട്ടുണ്ട്. അവൾ എട്ടിൽ പഠിക്കുന്നതിനിടയിൽ ക്രിസ്ത്മസ് അഘോഷ ദിവസം ഇടാൻ ഒരു ജീൻസ് വാങ്ങിക്കൊടുത്തതിന്, കരഞ്ഞ് അമ്മയുടെ പുറകിൽ ഒളിച്ചവളാണ്. അന്ന് അങ്ങനെയായാൽ ശരിയാവില്ലെന്ന് പറഞ്ഞ് മോഡേൺ വസ്ത്രങ്ങളും ഇടണമെന്ന് വാശി തനിക്കായിരുന്നല്ലൊയെന്നോർത്ത് ഗംഗാധരൻ ചിരിച്ചു. ചുറ്റുമുള്ളവർ കാണാതിരിക്കാൻ അത് ഒരു ചുമ കൊണ്ട് ഒളിപ്പിച്ചു.

അച്ഛന്റെ മുഖം പ്രസാദിപ്പിക്കാനാവില്ലെങ്കിലും എന്തെങ്കിലുമൊരു മാറ്റമുണ്ടാവുന്നെങ്കിൽ അതാവട്ടേയെന്ന് കരുതി റിസപ്ഷനിൽ നിന്ന് കിട്ടിയ ബ്രോഷർ അവൾ അച്ഛന്റെ മടിയിൽ വെച്ചുകൊടുത്തു. അയാൾ പോക്കറ്റിലിരുന്ന ബൈഫോക്കൽ എടുത്ത് മൂക്കിന്റെ നടുവിൽ വെച്ച് വെളിച്ചത്തേക്ക് പിടിച്ച് അവളെ തൃപ്തിപ്പെടുത്താൻ അത് വായിച്ചു. അല്ലെങ്കിൽ അങ്ങനെ അഭിനയിച്ചു.

അവൾക്ക് ജോലി കൊടുത്തവർ 15 ദിവസത്തേക്ക് ടെക്ക് പാർക്കിനടുത്ത് അനുവദിച്ചുകൊടുത്ത റൂമിൽ, അവൾക്ക് കിട്ടാൻ പോവുന്ന സുഖ സൗകര്യങ്ങളുടെ പരസ്യമാണ് അതിൽ മുഴുവൻ. അയാൾക്ക് കേട്ട് കേൾവി പോലുമില്ലാത്ത പലതുമുണ്ട്. അയാളെക്കൊണ്ട് ഒരിക്കലും അതിലൊന്നും മോൾക്കോ ഭാര്യക്കോ കൊടുക്കാൻ സാധിച്ചിട്ടില്ല. കണ്ണ് വീണ്ടും നിറയുന്നു.

കണ്ണുനീർ ഒരു തുള്ളി ബ്രോഷറിലേക്ക് വീണത് കണ്ടതും പൗർണ്ണമി വീണ്ടും മറ്റുള്ളവരുടെ മുന്നിൽ നാണംകെടുത്തരുതെന്ന് കേണു. പിന്നെ ആജ്ഞാപിച്ചു. ഗംഗാധരൻ അനുസരിച്ചു. പണ്ട് അമ്മയ്ക്ക് മുന്നിൽ തല കുനിച്ച് നിന്നിരുന്നപോലെ തന്നെ. റൂമിലാക്കിയിട്ട് ഒട്ടും താമസിക്കാതെ അവിടുന്ന് പൊയ്ക്കൊള്ളാമെന്ന് അവൾക്ക് വാക്കും കൊടുത്തു.

ഭൂമിയിലെ സ്വർഗ്ഗം പോലെയൊരു റൂം. പോലെയല്ല. സ്വർഗ്ഗം തന്നെ. സ്വർഗ്ഗത്തിൽ കിട്ടുമെന്ന് കരുതുന്നതിൽ ഒട്ടുമിക്ക സൗകര്യങ്ങളും അവിടെയുണ്ട്. പക്ഷെ അതൊന്നും അയാളുടെ കണ്ണ് മഞ്ഞളിപ്പിച്ചില്ല. അവളുടെ സുരക്ഷ മാത്രമാണ് അന്നേരം മനസ്സിലുണ്ടായിരുന്നത്. കുഞ്ഞായിരുന്നപ്പോൾ എന്നും രാത്രി റൂമിൽ വന്ന്, ടോയ്‌ലെറ്റിലും, ബെഡിന് കീഴിലും നോക്കി, ജനലിന്റെ കുറ്റിയെല്ലാം അടച്ചിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തിയില്ലെങ്കിൽ അവൾ ഉറങ്ങില്ലായിരുന്നു. ആരേയും ഉറക്കുകയുമില്ലായിരുന്നു.

ഇന്നിപ്പൊ അതൊക്കെ ചെയ്താൽ, പൗർണ്ണമിയുടെ മുഖം കറുക്കുമെന്ന് അറിയാം. അതുകൊണ്ട് അവൾ സൗകര്യങ്ങളിൽ മനം മയങ്ങി നിൽക്കുന്നതിനിടയിൽ, ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി ആ ചടങ്ങെല്ലാം നടത്തി.

അച്ഛനെ പറഞ്ഞുവിടാൻ ധൃതിയായിട്ടുണ്ടാവണം, അവൾ ഒരുപാട് കാലത്തിന് ശേഷം അച്ഛനെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു. സമാധാനിപ്പിച്ചു. ട്രെയിൻ കിട്ടിയില്ലെങ്കിൽ അമ്മ വിഷമിക്കുമെന്ന് പറഞ്ഞ് അവസാന കൗശലവും പ്രയോഗിച്ചു. അതേറ്റു.

ഗംഗാധരൻ പൗർണ്ണമിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. ചുണ്ട് നെറ്റിയിൽ തന്നെ അമർന്നിരുന്നു കുറേ നേരം. കണ്ണീര് വറ്റിയപ്പോൾ, മനസ്സില്ലാ മനസ്സോടെ അവളോട് യാത്രപറഞ്ഞ് അവിടുന്ന് ഇറങ്ങി.

ദുഖം സമയത്തെ വലിച്ച് നീട്ടുമെന്നത് പരമാർത്ഥം. തിരിച്ച് ആ ഇടനാഴിയിലൂടെ നടന്ന് ലിഫ്റ്റിനായി കാത്ത് നിൽക്കുന്ന നിമിഷ നേരം പോലും യുഗങ്ങളോളം നീണ്ടു.

ലിഫ്റ്റ് തുറന്നതും ഒരു കുറ്റിത്താടിക്കാരനായ പയ്യൻ വെളിയിലേക്കിറങ്ങി, ഗംഗാധരൻ അകത്തേക്കും. പക്ഷെ വാതിലടയുന്നതിന് മുൻപ് അയാൾ വെളിയിലിറങ്ങി. ആ നിലയിൽ മുഴുവൻ പെൺകുട്ടികളാണെന്നോ മറ്റോ പൗർണ്ണമി പറഞ്ഞ എന്തോ ഒരു ഓർമ്മ. അവൻ ആ നിലയിൽ ആരേ കാണാനുമാവാം, പക്ഷെ തരംതാഴ്ന്ന വേലയാണെന്ന് നല്ല ബോധ്യമുണ്ടെങ്കിലും, അവനറിയാതെ പുറകെ പിന്തുടരണമെന്ന് തോന്നി.

ശ്വാസം അടക്കിപ്പിടിച്ച് അയാൾ കണ്ടു, അവൻ പൗർണ്ണമിയുടെ വാതിലിൽ മുട്ടുന്നത്. അവൻ അകത്ത് കയറിയതും എന്തോ ഒന്ന് അകത്ത് നിന്നെടുത്ത് വാതിലിന്റെ പുറത്ത് ഉരുണ്ട പിടിയിൽ തൂക്കിയിട്ടിട്ട് വാതിൽ കൊട്ടിയടച്ചു.

ചങ്ക് ഉരുകി കത്തുന്നപോലെ തോന്നി. അത്രയ്ക്ക് തളർന്നിട്ടും ആ റൂമിന് മുൻപിൽ ചെന്ന് നിന്ന് ചുവന്ന കാർഡ് ബോർഡിൽ എഴുതിയിരിക്കുന്നത് വായിച്ചു,

‘ഡു നോട്ട് ഡിസ്റ്റർബ്’.

ഇല്ല. മനസ്സിൽ തോന്നുന്നതൊന്നും ആവില്ല എന്നയാൾ സ്വയം പറഞ്ഞ് നോക്കി. എന്നിട്ട് എന്തോ ധൈര്യം സംഭരിച്ച് ഡോറിൽ തട്ടി. ഡോറിനടുത്ത് നിന്ന് ആരോ പീപ് ഹോൾ ലെൻസിലൂടെ തന്നെ നോക്കിയെന്ന് ഉറപ്പാണ്. അകത്ത് എന്തൊക്കെയോ അനക്കങ്ങളും അടക്കം പറച്ചിലുകളും കേട്ടു. അതയാൾ കേട്ടില്ലെന്ന് നടിച്ചു. വാതിൽ തുറക്കാൻ കാത്ത് നിന്നു.

ഒന്നും സംഭവിക്കാത്ത മട്ടിൽ പൗർണ്ണമി വാതിൽ തുറന്ന്, വാതിൽക്കൽ തന്നെ നിന്നു. ശുണ്ഠി മുഖത്ത് തെളിഞ്ഞ് കാണാം.

“ന്താ അച്ഛാ.. എന്തെങ്കിലും മറന്നോ?”

ഒരു നിമിഷം പകച്ച് നിന്നുപോയി ആ മനുഷ്യൻ. ഒന്നും നടന്നില്ലെന്ന് അവൾക്ക് നടിക്കാമെങ്കിൽ തനിക്കുമതാവുമെന്ന് കരുതി മറുപടി കൊടുത്തു,

“ങാ..എന്തോ…”

“പറയൂ… എന്താണ്?”

“ഞാനെന്തോ പറയാൻ മറന്നു കുട്ടാ.”, അതും പറഞ്ഞ് അവൾ സമ്മതിച്ചില്ലെങ്കിലും ഒന്നുമറിയാത്ത ഭാവത്തിൽ അകത്ത് കടന്നു. പൗർണ്ണമിയുടെ മുഖം വിളറി വെളുത്തത് അയാൾ കണ്ടില്ലെന്ന് നടിച്ചു.

“എന്താ മറന്നേച്ചാ അത് ഓർക്കുന്നേരം വിളിച്ച് പറഞ്ഞാ പോരേ?”

ആ ചോദ്യവും അയാൾ കേട്ടില്ലെന്ന് നടിച്ചു.

“കട്ടിലിന് താഴെ ഭൂതമില്ലാന്ന് ഞാൻ ഉറപ്പ് തരാതെ നീയ്യ് പണ്ടൊന്നും ഉറങ്ങാറില്ലാർന്നു. ഇന്നിപ്പൊ ന്റെ കുട്ട്യേ ഇവിടെ വിട്ടിട്ട് പോവുമ്പൊ…നിക്കറിയില്ല..പഴേ പോലെ അങ്ങനാവാൻ തോന്നി.”

പൗർണ്ണമി പതറി. എന്ത് പറയണമെന്ന് ആലോചിക്കുന്നതിന് മുൻപ് അയാൾ കുനിഞ്ഞ് കട്ടിലിന് കീഴിൽ നോക്കി. ഇല്ല, അവിടെ ആരുമില്ല. ഒരുപക്ഷെ, മോളെയിവിടെ വിട്ടിട്ട് പോവുന്നതിന്റെ ആധിയിൽ എന്തൊക്കെയോ വിചാരിച്ചുകൂട്ടിയതാവാമെന്ന് മനസ്സിൽ ഉരുവിട്ടു. എന്നിട്ട് എണീറ്റു.

“ഇല്ല്യ… അടിയിൽ ഭൂതമില്ല്യ..”

“എന്താ അച്ഛാ കുട്ട്യോളേപ്പോലെ…”

എങ്ങനൊക്കെയോ ഒരു പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു. എങ്ങനെ ആ നിമിഷം അയാളെക്കൊണ്ടത് സാധിച്ചുവെന്ന് അയാൾക്കറിയില്ല.

“അച്ഛൻ പോയേ… എനിക്കൊന്ന് കുളിക്കണം..ഇപ്പൊ പോയാ അച്ഛന് സമയത്തിന് സ്റ്റേഷനിലുമെത്താം.. ചെല്ല്..”

അവസാനം മകൾ അച്ഛനെ പുറത്തേക്ക് തള്ളിക്കൊണ്ടുപോയി. പണ്ട് കളിച്ചിരുന്നപ്പോൾ കണ്ണ് കെട്ടി തള്ളി ദൂരേക്ക് കൊണ്ടുപോയി വിട്ടിരുന്നപോലെ.

“അച്ഛാ, വേഗം ചെല്ലൂ…എത്ര നേരാന്ന് വെച്ചാ റിസപ്ഷനിലുള്ളോര് ആ ക്യാബ് പിടിച്ച് വെക്കാ…”

ഗംഗാധരൻ വീണ്ടും അനുസരണയോടെ തല കുലുക്കി. തല താഴ്ത്തിക്കൊണ്ട് പറഞ്ഞു,

“പോവാ മോളേ..അച്ഛൻ പോവാ..”

പിന്നെ അയാൾ തിരിഞ്ഞ് നോക്കിയില്ല. കതകടയുന്ന ശബ്ദം കേൾക്കുന്ന വരെ. ആ ശബ്ദം വരണ്ടുപോയ കണ്ണിനെ വീണ്ടും തോൽപ്പിച്ചു. രണ്ടും നിറഞ്ഞൊഴുകി.

കട്ടിലിന് താഴെ ആരുമില്ലെന്നുറപ്പിച്ച് നിവരുന്നതിനിടയിൽ, റൂമിൽ നടക്കുന്നതെല്ലാം ടോയ്‌ലെറ്റിന്റെ വാതിലിന് പുറകിൽ ഒളിച്ചിരുന്ന് വീക്ഷിച്ചിരുന്ന രണ്ട് തവിട്ട് നിറത്തിലുള്ള കണ്ണുകൾ ഗംഗാധരൻ കട്ടിലിന് അടുത്തുള്ള വലിയ കണ്ണാടിയിൽ കണ്ടിരുന്നു. ലിഫ്റ്റിൽ കണ്ട പയ്യനും തവിട്ട് നിറത്തിലുള്ള കണ്ണുകളായിരുന്നു.

തന്റെ വൃത്തം പൂർത്തിയായിത്തുടങ്ങുന്നു. മകൾ തന്നേക്കാൾ വളർന്നുകഴിഞ്ഞു. അവളുടേതിന്  തന്റേതിനേക്കാൾ അർദ്ധവ്യാസമുണ്ട്. എന്നെങ്കിലും രണ്ടും ഏകകേന്ദ്ര വൃത്തങ്ങളായിരുന്നെന്ന് മനസ്സിലാക്കുന്ന നാൾ അവൾ തിരിച്ച് വരുമെന്ന് മനസ്സിലുറപ്പിച്ച് അയാൾ പെരുമഴ വക വയ്ക്കാതെ നോട്ടിംഗ് ഹബ്ബിന്റെ ചില്ല് ഗോപുരത്തിന് വെളിയിലേക്ക് നടന്നു.

മഴ എല്ലാരുടേയും പോലെ അയാളുടെയും കരച്ചിൽ ഒപ്പുന്നുണ്ടായിരുന്നു. കരച്ചിലിന്റെ ശക്തികൂടുന്നതിനൊപ്പം മഴയുടേയും ശക്തി വർദ്ധിച്ചുകൊണ്ടിരുന്നു.

Previous post ദൈവമാണത്രെ – (ചെറുകഥ)
Next post നനഞ്ഞോടിയെൻ കുടക്കീഴിൽ – (ചെറുകഥ)

Leave a Reply

Your email address will not be published. Required fields are marked *