കാലത്തെ കട്ടനൊപ്പമവളുടെ ചോദ്യം വരും,

നിരോധനാജ്ഞ പിൻവലിച്ചിട്ട് പുഞ്ചയിറക്കാൻ

കൈയിലൊന്നും ബാക്കിയില്ലല്ലൊയെന്ന്.

തിരിച്ചൊരു കടംകഥ പറഞ്ഞോടിക്കണം.

കടൽ വറ്റിയാൽ മീനുകളെന്ത് ചെയ്യാനാണ്?

ജീവിതമവരെ ചെഞ്ചേറിൽ അതിജീവിപ്പിക്കും.

ജീവിതമൊരു ബാറ്ററി തീർന്ന 

കിക്കറില്ലാത്ത വണ്ടി പോലെയാവുന്നു.

ഒരു നല്ല ഇറക്കം കിട്ടിയാലെ വണ്ടിയുണരു.

പാടത്ത് റോഡും വീടുമിറക്കുന്ന കയറ്റമില്ലാത്ത നാട്ടിൽ

കയറ്റമില്ലാതെങ്ങനെ ഇറക്കമുണ്ടാവാനാണ്.

ബാറ്ററി മാറ്റി പരന്ന റോഡിൽ പറക്കേണ്ടവർ പറക്കട്ടെ.

കാത്തിരുന്നാൽ നമുക്കുമൊരു വഴി തെളിയും.

അഴിമതി മണമുള്ള റോഡുകൾ

മൂത്ത മുരിങ്ങയ്ക്കകൾ പോലെ വരണ്ട് കീറുമല്ലൊ.

കറുത്ത മുരിങ്ങകളിൽ നിറയെ കുഴിയാവട്ടെ. 

കുഴികളെല്ലാം മഴയിൽ നിറയട്ടെ.

അതിലിറക്കാം ഇത്തവണത്തെ പുഞ്ച.

നൂറ് മേനിയായിരിക്കുമെന്ന് മനസ്സ് പാടുന്നു.

Previous post Blue colour in Malayalam movies
Next post Yellow colour in Malayalam movies

Leave a Reply

Your email address will not be published. Required fields are marked *