കൈമൾ ആദ്യം ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന ഒരു കർഷകനായിരുന്നു. കാർഷിക ലോൺ ഒഴിവാക്കാൻ അയാൾ നുണ പറഞ്ഞ് പരത്തുന്ന കഥ എഴുതി വന്നപ്പൊ എനിക്ക് തന്നെ ഒരു വിഷമം. കർഷകർ നുണ പറഞ്ഞ് സഹായം മേടിച്ചെടുക്കുമെന്നൊരു തെറ്റായ സന്ദേശം വന്നാലത് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിലൊന്നാവും. അങ്ങനെയാണ് ദിവാകര കൈമളിലും നിപ്പയിലുമെത്തിയത്. ശരിക്ക് നിപ്പ ബാധിച്ചവരേയോ അവരുടെ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ വേദനിപ്പിക്കാനല്ല ഈ കഥ. മറിച്ച് അവരുടെ മറ പിടിച്ച് പോയ ഒരു ദിവാകര കൈമൾ ഉണ്ടെങ്കിലോയെന്ന ചോദ്യമാണ്.
കരടിക്ക് പനിയാണ്
നിങ്ങൾക്ക് ദിവാകര കൈമളിനെ അറിയില്ല. പിന്നെ എന്തിനാണ് ഇങ്ങനെ അന്യായം പറഞ്ഞ് പരത്തുന്നത്? ഞാൻ പറഞ്ഞ് തരാം മാഷിന്റെ കഥ. പക്ഷെ അറിഞ്ഞ് കഴിഞ്ഞ്… നിങ്ങളെനിക്കൊരു വാക്ക് തരണം. സത്യം പുറത്തറിയരുത്. അറിഞ്ഞാൽ തകരാൻ പോവുന്നത് ഒരുപാട് പേരുടെ സ്വപ്നമാണ്.
കരടി കൈമൾ, അതായിരുന്നു മാഷിന്റെ വട്ടപ്പേര്. കറുത്തിരുണ്ട രോമാവൃതമായ ശരീരത്തിനുടമ. ചെവിയിൽ നിന്ന് വരെ ആന്റിന പോലെ പുറത്തേക്ക് വളർന്ന് നിൽക്കുന്ന രോമങ്ങൾ. ഇതിനൊക്കെപ്പുറമെ, വീരപ്പന്റെ മീശ പോലും അങ്ങേരുടെതിനെ വെച്ച് നോക്കിയാൽ ചെറുതായിരുന്നു ഒരു കാലത്ത്. അതുകൊണ്ടൊക്കെ കിട്ടിയ പേരാണ് കരടി കൈമളെന്ന്. ഒരു യു.പി. സ്കൂൾ ഹെഡ്മാസ്റ്റർക്ക് അങ്ങനെ ഒരു പേര് അലങ്കാരമായതുകൊണ്ട്, രഹസ്യമായി അത് കേട്ട് സന്തോഷിച്ചിരുന്നു. ഇരട്ടപ്പേര് വിളിച്ചവരെ സ്കെയില് കൂട്ടിപ്പിടിച്ച് ചന്തിക്ക് പിച്ചി തൊലിയെടുത്തിരുന്നെങ്കിലും, പിള്ളേര് റൂമിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞ് അയാൾ മനസ്സ് തുറന്ന് ചിരിച്ചിരുന്നു. കാരണം ചിരിയൊക്കെ സ്കൂളിലെ പറ്റിയിരുന്നുള്ളു അയാൾക്ക്. വീട് എന്നും മൂകമാണ്.
ചെറുപ്പത്തിൽ തന്നെ പ്രമേഹം വന്ന് മെലിഞ്ഞ് ഉണങ്ങിയ ഭാര്യ വനജയിൽ അയാൾക്ക് വൈകി ഉണ്ടായ പെൺകുഞ്ഞിന് ഓട്ടിസമാണ്. തന്മയീഭാവശക്തി ഇല്ലാതായി പോവുന്നതെന്നൊക്കെ വേണമെങ്കിൽ അതിനെ വിളിക്കാം. അങ്ങനെ വലിയ മാരക രോഗമൊന്നുമല്ല. പക്ഷെ, അങ്ങനെ ഒരു കുട്ടിക്ക് ഒരുപാട് അധികം പ്രത്യേക കരുതലും സംരക്ഷണവുമൊക്കെ വേണം. അവൾ സമൂഹത്തെ എങ്ങനെ നേരിടുമെന്നുള്ളത് വലിയ ഒരു സമസ്യയായിരുന്നു. അതിന് പ്രത്യേക ട്രയിനിങും കാര്യങ്ങളുമൊക്കെയുള്ള ഒരു സ്കൂളിൽ വിട്ട് പഠിപ്പിക്കണം അതിനുമാത്രം വരുമാനമൊന്നും ഒരു യുപി സ്കൂൾ അധ്യാപകന് സർക്കാർ കൊടുത്തിരുന്നില്ല. എങ്കിലും ഉള്ളത് നുള്ളിപ്പെറുക്കി അയാൾ എല്ലാ മാസവും വട്ടമെത്തിച്ചിരുന്നു. പക്ഷെ അയാളുടെ സർവ്വീസ് തീർന്നതും അതിനും പ്രശ്നമായി.
വരുമ്പൊ എല്ലാം കൂടി ഒന്നിച്ച് വരുമെന്ന് പറഞ്ഞത് വളരെ ശരിയായി. വനജയ്ക്ക് അസുഖം കൂടി ഒരു ദിവസം എല്ലാം ഉപേക്ഷിച്ച് സ്രഷ്ടാവിന്റെ അടുത്തേക്ക് മടങ്ങേണ്ടി വന്നു. ഒരു സൂചനയും തരാതെയുള്ള ഭാര്യയുടെ വിയോഗം മാഷിന് താങ്ങാവുന്നതിനുമൊരുപാട് അപ്പുറത്തായിരുന്നു. മകൾ തംബുരുവിനാണെങ്കിൽ അമ്മയായിരുന്നു ലോകം. വനജയില്ലാതെ അവളെ എങ്ങനെ സ്കൂളിനപ്പുറത്തേക്ക് വിടും? ഇനിയെന്ത് എന്ന് ആലോചിക്കുമ്പോഴാണ് തംബുരു പോയിരുന്ന സ്കൂളിലെ സിസ്റ്റർ ലിജി ഒരു വഴി കാണിച്ച് തന്നത്.
സിസ്റ്റർ മുഖേന ഓട്ടിസമുള്ളവർക്കായി നടത്തുന്ന ഒരു സ്ഥാപനത്തിൽ തംബുരുവിന് പ്രവേശനം കിട്ടിയെങ്കിലും, കൊച്ചിയിൽ നിർത്തി പഠിപ്പിക്കാനുള്ള ചിലവും കാര്യങ്ങളും ഒത്ത് വന്നില്ല. റിട്ടയറായ മാഷിനെ അകമഴിഞ്ഞ് സഹായിക്കാൻ പാകത്തിന് സുഹൃത്തുക്കളില്ലായിരുന്നു. അവൾ പലതും വളരെ പെട്ടെന്ന് പഠിച്ചെടുത്തിരുന്നതുകൊണ്ടും കണക്കിൽ അനുഗ്രഹീത കഴിവുള്ളതുകൊണ്ടും, ഈ ബ്രിഡ്ജ് കോഴ്സ് കൂടെ ചെയ്താൽ അവൾ എല്ലാരെയും പോലെ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുമെന്ന് മാഷ് വിശ്വസിച്ചു.
ആദ്യ മാസത്തെ ഫീസ് കൊടുത്തത് വളരെ മനോവേദനയോടെ ബാങ്കിലിട്ടിരുന്ന ഫിക്സഡ് ഡെപ്പോസിറ്റ് പിൻവലിച്ചുകൊണ്ടാണ്. അടുത്ത മാസത്തേക്ക് എന്ത്? അത് കഴിഞ്ഞ് എന്ത്? ഒരു നിശ്ചയവുമില്ല. ആകെയുള്ള ആറ് സെന്റ് സ്ഥലവും വീടും പണയം വെച്ചാൽ ഒരു കാലത്തും തിരിച്ചെടുക്കാനൊക്കില്ല. പിന്നെ എവിടെ പോയി കിടക്കും. ആത്മഹത്യയാണ് പോംവഴിയെന്ന് ആലോചന വന്നതാണ്. പക്ഷെ ഒറ്റപ്പെട്ടുപോയ തന്നെ സഹായിക്കാൻ പോലും ആരും കൂട്ടാക്കാത്ത സ്ഥിതിക്ക്, തന്റെ സൂക്കേടുള്ള കുട്ടിയെ ആരും എല്ലാ സൗകര്യവും നൽകി പോറ്റി വളർത്തില്ലെന്ന് അയാൾക്ക് തോന്നിക്കാണണം. എല്ലാരും ഒരു വിഷമഘട്ടത്തിൽ ഒറ്റപ്പെടുത്തിയതിൽ വിഷമിച്ചിരുന്നപ്പോഴാണ്, ഒറ്റപ്പെടുത്തിയവരെല്ലാം മറ്റൊരു ദുരന്തത്തിൽ ഒറ്റപ്പെട്ടത്. നിപ്പ വൈറസ് ബാധ.
ചങ്ങരോത്ത് സൂപ്പിക്കടയിൽ നിന്ന് പനി കൂടി മരിച്ച പയ്യന്റെ അനിയനേയും പനി കൊണ്ടുപോയതോടെ നാട്ടിൽ ഡെങ്കിയും മലേറിയയുമൊക്കെ വീണ്ടും വരുന്നെന്ന ബോധവത്കരണം പലയിടത്തും തുടങ്ങി. പക്ഷെ വിവരമുള്ള ഭിഷ്ഗ്വരന്മാർ കണ്ടെത്തി ഇത് നമ്മൾക്ക് പരിചയമുള്ളതൊന്നുമല്ലെന്ന്. അതിലും കൊടിയ വിഷമാണെന്ന്. പതിയെ പാലേരിയിലും പേരാമ്പ്രയിലും ഒക്കെ അസുഖം പടർന്ന് പന്തലിച്ചു. അങ്ങാടിയും സകല തെരുവോരങ്ങളും അമ്പലപ്പറമ്പുകളും എല്ലാം ഒഴിഞ്ഞ് മനുഷ്യവാസമില്ലാത്ത പരുവമായി.
ഒരു രോഗിയെ ചികിത്സിക്കാൻ സഹായിച്ച നഴ്സിന്റെ ജീവൻ കൂടെ വൈറസ് കൊണ്ടുപോയതോടെ ലോകം മൊത്തം പേരാമ്പ്രയെ ഭീതിസ്വപ്നമായി കണ്ട് തുടങ്ങി. ഒരുപക്ഷെ മാനവരാശിയുടെ മൊത്തം അന്ത്യം പേരാമ്പ്രയിൽ നിന്നാവാം എന്ന് വരെ പറഞ്ഞ് പരത്തി വെറുപ്പിച്ചു. ഇതിനിടയിൽ മതസ്പർദ്ധ പരത്തുവാൻ നോക്കിയവരും ഇല്ലാതില്ല.
ചെങ്ങന്നൂർ ഇലക്ഷൻ കഴിഞ്ഞതും, ധന സഹായങ്ങൾ അനുവദിക്കുന്നതിൽ ഇലക്ഷൻ കമ്മീഷൻ മുന്നോട്ട് വെച്ചിരുന്ന നിബന്ധനകൾ നീങ്ങി. നിപ്പയെടുത്ത ജീവനെല്ലാം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അത് ആരിലും സന്തോഷമുണ്ടാക്കിയില്ല. അവർക്ക് വേണ്ടപ്പെട്ടവരുടെ ജീവന് പകരമെന്നോർത്ത് ജീവിക്കാനുള്ള ഗതികേടിനെപ്രതി ഒരു തരി ചിരി പോലും ഇല്ലാതെ അവർ ജീവിച്ചു. മാഷിന്റെ മുഖം മാത്രം പ്രകാശിച്ചു. പതിവിലും പതിന്മടങ്ങ്.
നിപ്പാ ബാധിച്ച് മരിച്ചാൽ, യുണൈറ്റഡ് ഇൻഷുറൻസുകാർ വലിയൊരു തുക തന്റെ മകളുടെ പേരിലാക്കും. അതിന്റെ പുറമെ സർക്കാറിന്റെ ധനസഹായവും കൂടെയുണ്ടെങ്കിൽ, തംബുരുവിന് ഇപ്പോഴുള്ള ബ്രിഡ്ജ് കോഴ്സും, അത് കഴിഞ്ഞ് ഇഷ്ടമുള്ള പ്രൊഫഷണൽ കോഴ്സിന് പോവാനുമുള്ള വകയുണ്ടാവും.
വനജ എന്തൊക്കെ നോക്കിയിട്ടും നിർത്താൻ സാധിക്കാതിരുന്ന മാഷിന്റെ കുടി, സ്വമനസ്സാലെ മാഷ് നിർത്തി. കൈവിറ വരുമ്പോൾ രാമനാമം ചെല്ലാൻ തുടങ്ങി. എന്താ കാര്യം? ആൽക്കഹോൾ ഉള്ള ശരീരത്തിൽ നിപ്പാ വൈറസ് പെട്ടെന്ന് പരക്കില്ലെന്ന വാർത്ത സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ വായിച്ചു. അത്ര തന്നെ!
മരണപ്പെട്ടവരിൽ നിന്ന്, അവരുടെ അടക്കത്തിന് പോയവർക്ക് പകരുന്നെന്ന് പത്രത്തിൽ വായിച്ചതോടെ അതായി മാഷിന്റെ പിടി വള്ളി. എല്ലാരുടേയും വീട്ടിൽ പോയി. ഒരുപാട് കാലത്തെ പരിചയമുണ്ടായിരുന്ന പോലെ എല്ലായിടത്തും പടർന്ന് പന്തലിച്ച് നടക്കാൻ തുടങ്ങി. പക്ഷെ വൈറസ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യുന്നത് സർക്കാരും ഡോക്ടർമാരും ഏറ്റെടുത്തതോടെ, മാഷ് തോറ്റു. എല്ലാ ബന്ധുമിത്രാദികളെയും കണ്ട് വിഷമം കേട്ടിരുന്ന് കൈ കൊടുത്ത് പിരിഞ്ഞതുകൊണ്ട് ആകെയുണ്ടായ ഗുണം ഒറ്റപ്പെടൽ മാറിയെന്നതാണ്. അയാൾ സംസാരിച്ചവരെയെല്ലാം ആശ്വസിപ്പിക്കാൻ മറന്നില്ല. അവരിൽ പലരും പറഞ്ഞത്, നാട്ടുകാരും നേതാക്കന്മാരും നാട് വിട്ട് ഭീതിയോടെ നോക്കാൻ തുടങ്ങിയ കാലത്ത് അവതരിച്ച പുതിയ നന്മ മരമായാണ്. ഒരു പ്രശ്നം വരുന്നേരം കൂടെ നിൽക്കുന്നവരിലാണല്ലൊ മനുഷ്യത്വപരമായ ഗുണങ്ങൾ കാണാനൊക്കുന്നത്.
പല വീടുകളിലേയും കിണറുകളെല്ലാം മൂടാൻ സർക്കാർ ഉത്തരവിട്ടത് മാഷ് ശ്രദ്ധിച്ചിരുന്നു. അതിനടുത്തേക്കൊന്നും ആരും അടുപ്പിച്ചതുമില്ല. സ്വന്തം വീട്ടിലെ കിണറിനകത്ത് ടോർച്ചടിച്ച് നോക്കിയിട്ടും, കല്ലുകൾക്കിടയിലുള്ള പൊത്തിലേക്കെല്ലാം കല്ലെറിഞ്ഞ് നോക്കിയിട്ടും ഒന്നിനെപ്പോലും കാണാൻ കിട്ടിയില്ല. മച്ചിന്റെ മുകളിലെങ്ങാനും വൗവ്വാലുണ്ടോയെന്ന് നോക്കാൻ വലിഞ്ഞ് കയറിയതുകൊണ്ട്, മച്ച് വൃത്തിയായത് മിച്ചം. ആരും നോക്കാനില്ലാത്ത ചാത്തുണ്ണ്യാരുടെ പഴയ വീടിന്റെ പുറകിലെ ആലിലെ വൗവ്വാലുകളെയെല്ലാം കല്ലെടുത്തെറിഞ്ഞു. അക്രമിയെ അക്രമിച്ചില്ല. അവറ്റയൊക്കെ കാത് പൊട്ടിക്കുന്ന ശബ്ദകോലാഹങ്ങളുണ്ടാക്കി മാഷിനെ ചീത്ത പറഞ്ഞുകൊണ്ട് എങ്ങോട്ടോ പാഞ്ഞു.
പഴം തീനി വൗവ്വാലുകളാണ് വില്ലന്മാരെന്ന് അറിഞ്ഞതിനാൽ അടുത്ത ലെവൽ പഴങ്ങളായിരുന്നു. സകലരുടെ പറമ്പിലും ഓടി നടന്നു. നിലത്ത് വീണ് കിടന്ന എല്ലാ പഴ വർഗ്ഗങ്ങളും ആർത്തി ഭാവിച്ച് തിന്നു. എന്തൊക്കെയൊ ജീവികൾ കഴിച്ചതിന്റെ ബാക്കിയായ പഴങ്ങൾക്കും, ചീഞ്ഞ പഴങ്ങൾക്കും, മുൻഗണന കൊടുത്തു. ആദ്യമെല്ലാം അറപ്പായിരുന്നു. പക്ഷെ അതിന് മാഷ് തന്നെ ഒരു കഥയൊക്കെ മെനഞ്ഞ് പരിഹാരമാലോചിച്ചു. കാട്ടിൽ ഒറ്റപ്പെട്ട് പോയിരുന്നെങ്കിൽ, ജീവൻ നിലനിർത്തേണ്ട ഒരു ഗതിയുണ്ടായിരുന്നെങ്കിൽ, ഈ ഒരു ആരോഗ്യസ്ഥിതിയിൽ നിലത്തുനിന്ന് കിട്ടുന്ന ഫലങ്ങളെ കാണുമായിരുന്നുള്ളു. കണ്ണായിരുന്നു പിന്നെയൊരു പ്രശ്നം. വായിലേക്ക് വയ്ക്കുന്നേരം ഒരു നോക്ക് കണ്ടാൽ പിന്നെ ഓക്കാനിച്ചിരിക്കും. അതൊഴിവാക്കാൻ കണ്ണ് അടച്ച് കഴിക്കാൻ തുടങ്ങി. പഴങ്ങളിലേക്ക് തിരിഞ്ഞതിന്റെ രണ്ടാം ദിവസം പകലുള്ള കട്ടൻ ചായ പോലും ഒഴിവാക്കി നിലത്ത് നിന്ന് പെറുക്കിയ പഴങ്ങൾ തിന്നു. പഴങ്ങളിൽ നിന്നുള്ള അമ്ലങ്ങൾ ഓരോന്നായി മാഷിന്റെ കുടൽ അടക്കി വാഴാൻ തുടങ്ങിയതോടെ ശരീരം പ്രതികരിക്കാൻ തുടങ്ങി. അതിന്റെ പുറമെ, പുഴു കയറിയതും മറ്റുമായ പേരയ്ക്കയും മാങ്ങയും വയറിന് ആപത്തായതുകൊണ്ട് ശരീരം അതിനെ ശർദ്ദിച്ച് പുറന്തള്ളാൻ തുടങ്ങി. വായിലൂടെയും മൂക്കിലൂടെയും നിർത്താതെ ശർദ്ദിക്കുന്നേരം സന്തോഷിക്കുന്നൊരു ആൺപിറന്നവൻ ഇതിനുമുൻപ് ഭൂമിമലയാളത്തിലുണ്ടാവാൻ വഴിയില്ല. മാഷിന്റെ മനസ്സിൽ ഇത് നിപ്പയാണെന്ന് ശർദ്ദിക്കുന്നതിന് ഏറെ നേരം മുൻപ് തന്നെ ഒരു ധാരണയുണ്ടായിരുന്നല്ലൊ.
മാഷ് അവശനായിരുന്നെങ്കിലും സ്വന്തം പൗരപുരാതന പീസ് കൈനെറ്റിക്ക് ഹോണ്ടയിൽ സർക്കാർ ആശുപത്രിയിൽ മുഖം കാണിച്ചു. അവിടെ ചെന്ന് ലക്ഷണങ്ങൾ കേട്ടപ്പോൾ തന്നെ ലിസി ഡോക്ടർ നിൽക്കമലിന്റെ വെള്ള കസേര തെറിപ്പിച്ചുകൊണ്ട് ചാടിയെണീറ്റ് മാസ്കും കൈയ്യുറയും എല്ലാം ഉണ്ടല്ലൊ എന്ന് വീണ്ടും ഉറപ്പാക്കി. അവർ പല വട്ടം പറഞ്ഞ് പഠിച്ചിരുന്ന ഡയലോഗ് എല്ലാം അയാളോട് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അഭയം പ്രാപിക്കാനായിരുന്നു അതിന്റെ സത്ത.
മാഷിനെ കൊണ്ടുപോവാൻ അവിടുന്ന് ആരും ആംബുലൻസ് വിട്ടുകൊടുക്കാത്തതിനാൽ, മെഡിക്കൽ കോളേജിൽ നിന്ന് ശവം കൊണ്ടുപോയ ഒരു ആംബുൽൻസ് വരുത്തിച്ച് അതിൽ രോഗിയ്ക്ക് ചുറ്റും നാല് വശവും ഒരു പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള തുറുങ്കിൽ മാഷിനെ മെഡിക്കൽ കോളേജിലെത്തിച്ചു. ആദ്യമായിട്ട് അയാൾ ഒറ്റപ്പെടൽ ഇഷ്ടപ്പെട്ട് ചിരിതൂകി കിടന്നു.
പക്ഷെ മെഡിക്കൽ കോളേജിലെ ക്വാറന്റൈൻ സെല്ലിൽ ഒന്നു രണ്ട് ദിവസം കിടക്കാനൊത്തതും, ആ ദേശത്തെയൊട്ടാകെ വൈറസിൽ നിന്ന് രക്ഷിച്ച മാലാഖമാരായ ഡോക്ടർമാരാലും നഴ്സുമാരാലും പരിചരിക്കപ്പെട്ടു എന്നതും ഒഴിച്ചാൽ, ബാക്കിയെല്ലാം വെറുതെയായി. വയറൊന്ന് കഴുകി വെളുപ്പിച്ചെടുത്താൽ എല്ലാ അസുഖവും മാറുമെന്ന ഡോക്ടറുടെ വാക്ക് കേട്ട് മാഷിന്റെ നെഞ്ച് പിടഞ്ഞു. ആലപ്പുഴ വൈറോളജി സെന്ററിൽ നിന്ന് വന്ന റിപ്പോർട്ടും കൂടെ ആയതോടെ അവർക്ക് പൂർണ്ണ വിശ്വാസം വന്നു, മാഷിന് നിപ്പയില്ലെന്ന്. ആലപ്പുഴയിലുള്ളത് പുതിയ സ്ഥാപനമായതുകൊണ്ടാവും, മറിച്ച് പൂനെയിലാണ് രക്തം അയച്ചിരുന്നതെങ്കിൽ അസുഖമുണ്ടെന്ന് അവരെഴുതിയേനെ എന്ന് മാഷ് കടുപ്പിച്ച് പറഞ്ഞു. ഇത് കേട്ട് ഡോക്ടർമാർ ഞെട്ടി. ഇതാ ഉടനെ മരിക്കില്ലെന്ന് അറിഞ്ഞ് വിഷമിക്കുന്നൊരുത്തൻ. അവരിൽ തന്നെ ഒരു വിഭാഗം മാഷിന്റെ അവിശ്വാസം വിട്ട് കളഞ്ഞില്ല. അയാളുടെ ബ്ലഡും യൂറിനുമെല്ലാം പൂനെയിലുള്ള വവൈറോളജി ഡിപ്പാർട്ട്മെന്റിന് അയച്ചുകൊടുത്തു. അന്ന് ആരോഗ്യ ജാഗ്രത സൈറ്റിൽ മാഷിന്റെ ഒഴിച്ച് ബാക്കിയുള്ള രോഗികളുടെ ടെസ്റ്റ് റിസൽറ്റ്സ് അൺനോൺ എന്നുള്ളത് മാറ്റി നെഗറ്റീവ് വന്നു.
പിറ്റേന്ന് അയച്ചവരുടെ സാമ്പിളുകളും നെഗറ്റീവ് ആണെന്ന് നഴ്സ് എഡ്വിന്റെ നാവിൽ നിന്ന് മാഷ് കേട്ടു. അതിനോട് കൂട്ടിച്ചേർത്ത് കേരള ഹെൽത്ത് മോഡലിനെ വാഴ്ത്തി സകല പത്ര മാധ്യമങ്ങളിലും, എന്തിനേറെ പറയുന്നു, ലോകാരോഗ്യ സംഘടന വരെ അവരുടെ പഠനം നടത്താനും, ഇവിടെയുള്ളവരുടെ കഷ്ടപ്പാടിനെ വാഴ്ത്താനും തുടങ്ങി. ഇത് മാഷിന്റെ എല്ലാ പ്രതീക്ഷകളേയും തച്ചുടച്ചുകൊണ്ടിരുന്നു. മാഷിന്റെ മാത്രം.
പ്രശ്നബാധിത പ്രദേശങ്ങളെല്ലാം വീണ്ടും പൂർവ്വസ്ഥിതിയിലായി വന്നുപോന്നു. അങ്ങാടിയിലും ആൽമരക്കീഴിലുമെല്ലാം ആൾക്കാർക്ക് സംസാരിക്കാൻ പുതിയ വിഷയം കിട്ടി. കരടിക്ക് പനിയാണ്. നിപ്പയാവും. പക്ഷെ ആശുപത്രി കിടക്കയിൽ കിടന്ന് അങ്ങോട്ടുമിങ്ങോട്ടും ഞെരിപിളി കൊണ്ട് തിരിഞ്ഞിരുന്ന മാഷിന് പൂനെയിൽ നിന്ന് റിസൽറ്റ് എത്തുന്നതിന് മുൻപ് ബോധ്യമായിത്തുടങ്ങി തനിക്ക് നിപ്പ ഉണ്ടാവില്ലെന്ന്. അർധരാത്രി തൊട്ട് ഓരോ മിനിറ്റും അയാൾ ഇടതുവശത്ത് മുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു. നിറം മങ്ങിയ പ്ലാസ്റ്റിക് കൂടുകളാൽ ചുറ്റപ്പെട്ട ക്വാറന്റൈൻ കൂട്ടിലാണെങ്കിലും അതിനപ്പുറത്ത് ഭിത്തിയിൽ വെച്ചിരിക്കുന്ന ക്ലോക്കിന്റെ സൂചികൾ ഏകദേശം എവിടെയാണെന്ന് കാണാമായിരുന്നു. ഓരോ മിനിറ്റും അയാളുടെ ഹൃദയമിടിപ്പുകൾ കൂട്ടിപ്പോന്നു. പതുക്കെ അത് ക്രമാതീതമായി കൂടിത്തുടങ്ങി. പണ്ട് കിലൊക്കണക്കിന് പച്ചക്കറി ചുമന്ന് അങ്ങാടിയിൽ എത്തിച്ചിരുന്ന കാലത്ത് പോലും ഇത്രയും അണച്ചിട്ടില്ല. ശ്വസം എടുക്കുന്നത് മുഴുവൻ എവിടെയൊ ചോർന്ന് പോവുന്ന പോലെ, കൂടുതലെടുക്കാൻ സാധിക്കാത്തതു പോലെ. മരണ വെപ്രാളം അയാളിൽ നിന്ന് അയാളിലേക്ക് ബന്ധിപ്പിച്ചിരുന്ന മെഷീനുകളിലേക്ക് വ്യാപിച്ചു. അവയുടെ കൂക്കു വിളികളിലൂടെ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള നഴ്സുമാരിലേക്കും, അവർ വിളിച്ച് പറഞ്ഞ് വീട്ടിൽ പോയ ഡോക്ടർമാരിലേക്കും എത്തി.
മരിച്ചെന്ന് ഉറപ്പാക്കിയ ഉടൻ തന്നെ കൺപോളകൾ രണ്ടും കൂട്ടിയടപ്പിച്ച് സാജൻ ഡോക്ടർ തന്റെ പ്രാധമിക പരിശോധന നടത്തി. ഹൃദയസ്തംഭനമാണെന്നുറപ്പിച്ചു. പക്ഷെ ബ്ലഡ് ടെസ്റ്റ് റിസൽറ്റ്സ് വരാത്തതിനാൽ, സാധാരണ മരണം അസാധാരണമായി കഴിഞ്ഞിരുന്നു. മാഷിന് വെറും വയറിളക്കവും ശർദ്ദിയുമാണെന്ന് മീഡിയയും നാട്ടുകാരും വിശ്വസിച്ചില്ല. അയാൾക്ക് നിപ്പയാണെന്ന് നാട്ടുകാർക്കായിരുന്നു ഉറപ്പ്. ബന്ധുക്കളൊ നാട്ടുകാരൊ ആരും ബോഡി ഏറ്റെടുക്കാൻ വന്നില്ല. ഇതിനിടയിൽ ഡീൻ ഓഫ് മെഡിസിൻ നേരിട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ അയാൾ പൂനെ വൈറോളജി സെന്ററിൽ നിന്ന് വന്ന കൈമൾ മാഷിന്റെ ഫലം നെഗറ്റീവാണെന്ന് വെളിപ്പെടുത്തുന്ന പേപ്പർ പുറത്ത് വിട്ടു. പക്ഷെ അത് ഇപ്പോഴത്തെ ബഹളങ്ങൾ ഒഴിവാക്കാൻ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ് സർക്കാർ തന്നെ അയാളുടെ ശേഷക്രിയകൾ നടത്തണമെന്ന തീരുമാനത്തിലൂന്നി നാടൊട്ടുക്ക് പ്രക്ഷോഭവും പോസ്റ്റുകളുമായി. അവസാനം ഭീതിയൊഴിവാക്കാൻ ഗത്യന്തരമില്ലാതെ സർക്കാർ ഉത്തരവിറങ്ങി. മാഷിനെ വെളുത്ത പ്ലാസ്റ്റിക് കുപ്പായമണിഞ്ഞ മാലാഖമാർ തന്നെ അടക്കി. നാട്ടുകാരുടെ ആവശ്യവും തംബുരുവിന്റെ അവസ്ഥയും മാനിച്ച് കൈമൾ മാഷിന്റെ മരണത്തിനും ധനസഹായം ഏർപ്പെടുത്തി.
മരണശേഷമാണെങ്കിലും കൈമൾ മാഷിന് നിപ്പാ വൈറസ് ബാധിച്ചു. തംബുരുവിന്റെ പഠനത്തിന് ഒരു മുടക്കം വന്നില്ല. ഭാവിയിലും ഒരു പ്രശ്നവും വരില്ലെന്ന് സമാശ്വസിക്കാം. മാഷ് മറ്റൊരു ലോകത്ത് വിജയം പുൽകി.
പക്ഷെ, എല്ലാം അവിടംകൊണ്ട് തീർന്നില്ല. കൈമൾ മാഷിന്റെ കഥയെ കഴിഞ്ഞിരുന്നുള്ളു, കരടി കൈമളിന്റെ കഥകൾ പുനർജ്ജനിച്ചു. അങ്ങാടികളിലും, ആൽമരച്ചുവടുകളിലും, ചായപ്പീടികകളിലും എന്നുവേണ്ട സകലയിടത്തേക്കും പുതിയൊരു സംശയം വ്യാപിച്ചു. കരടിക്ക് എങ്ങനെയാവും നിപ്പ ബാധിച്ചത്? ഇനി ഇവിടാരും അറിയാതെ പോയ ബന്ധങ്ങൾ വല്ലതും?
He was institutionalised for 6yrs in a Film Institute, to forget about the 4yrs which an Engg college stole. Inveterate dreamer who dreams to utter Spielberg’s words, “I dream for a living.”