ഇലത്തുമ്പിലെ മഴത്തുള്ളികൾ

ഇളംകാറ്റിൽ ആടുന്നതിൽ

ഞാൻ അസൂയ പൂണ്ടു.

നിനക്കൊക്കെ എങ്ങനെ സാധിക്കുന്നു ഇലയെ

ദുഖം തളം കെട്ടി നിൽക്കുമ്പോഴും

ഇങ്ങനെ ചിരിക്കാൻ?

പിന്നെയൊന്നും ഓർത്തില്ല.

ആ മഴത്തുള്ളികൾ കട്ടെടുത്ത്

അവയാൽ മുഖം തഴുകി.

സങ്കടം ബാക്കിയുണ്ട്.

എന്താ ഇലയെ നീ ചിരിച്ചപോലെ

എനിക്ക് സന്തോഷം വരാത്തത്?

ഇല പറഞ്ഞത് എനിക്ക് തെറ്റിയെന്നാണ്.

അവ സന്തോഷിച്ചതുപോലെ

അവയ്ക്ക് മാത്രമെ സന്തോഷിക്കാനാവുള്ളത്രെ.

മഴത്തുള്ളികൾ അല്പനേരംകൂടെ

കാറ്റത്ത് ഇലയെ ഇക്കിളിയിടുന്നത് കണ്ടിരുന്നെങ്കിൽ

ഒരുവിധം ഞാൻ സങ്കടം മറന്നേനേയത്രെ.

എന്നെ കളിയാക്കാൻ ഇല കാറ്റിനോട് പറഞ്ഞു.

കാറ്റ് മേഘത്തെ കളിക്ക് ചൊടിപ്പിച്ചു.

മഴ ആർത്ത് പാടി.

“വെറുമൊരുചെറുനോവിൽനിൻ

മനം ഉടഞ്ഞിടും

‌കാൽചുവട്ടിലെ ചുള്ളിക്കമ്പുപോൽ.

വെറുമൊരുനറുചിരിയാൽനിൻ

മനം തുടിച്ചിടും

ഇലത്തുമ്പിലെ മഴത്തുള്ളിപോൽ.”

Previous post പേടിക്കൊരു പേടി – (ചെറുകവിത)
Next post കരടിക്ക് പനിയാണ് – (ചെറുകഥ)

Leave a Reply

Your email address will not be published. Required fields are marked *