ഇതിലുള്ള എല്ലാരേയും ഞാൻ എവിടെയൊക്കെയൊ കണ്ടതാണ്, പരിചയപ്പെട്ടതാണ്. ഫ്ലൈറ്റിൽ അപ്പുറവും ഇപ്പുറവുമിരുന്നവർ പോലും ശരിക്ക് ഈയുള്ളവനൊപ്പം ഗുവാഹത്തിയിൽ നിന്ന് ബാംഗ്ലൂർ വരെ പറന്നവരാണ്.

സ്വാതി, റൂയി, സാറ

ഇരുട്ട് ഒരു അനുഗ്രഹമാണ്. വെളിച്ചത്തിന് മറവില്ലെന്നും, അതാണ് ശാശ്വതമെന്നുമൊക്കെ പറയുന്നത് വെറുതെയാണ്. ലൈറ്റ് ഈസ് എ ലൈ എന്ന് പണ്ട് കൃഷ്ണകുമാർ സാർ ക്ലാസ്സിൽ പറഞ്ഞത് തികട്ടി വരുന്നു. അതിനൊക്കെ പുറമെ, വെളിച്ചമുള്ളപ്പോൾ ആരുടെയും മുന്നിൽ കരഞ്ഞ് കലങ്ങിയ കണ്ണുകളും ഒളിപ്പിക്കാനാവുന്നില്ല. പക്ഷെ വിഷാദം മാത്രമല്ല കാരണം. ഞാൻ എപ്പോഴൊക്കെയൊ സന്തോഷിച്ചിട്ടുള്ളതും ഇരുട്ടത്ത് എന്റെ മുറിയിൽ ഇരുന്നു തന്നെയാണ്.

ഇതിപ്പൊ ഇരുട്ടെന്ന് പറയാനാവില്ല. ആരൊക്കെയോ അവരവരുടെ സീറ്റിന് മുകളിലുള്ള റീഡിങ് ലൈറ്റ്സ് ഓണാക്കി വെച്ചിട്ടുള്ളതുകൊണ്ട്, അല്പസ്വല്പം കാണാം. വലതു വശത്തിരിക്കുന്നവൻ വിൻഡോയിലൂടെ കറുത്ത മേഘങ്ങളെ കണ്ണെടുക്കാതെ നോക്കുന്ന തെലുങ്കൻ. കന്നടിഗയുമാവാം.  ഇടതു വശത്തുള്ള പയ്യനാണെങ്കിൽ ഗുവാഹത്തി റൺവേയിലൂടെ ചക്രം ഉരുണ്ട് തുടങ്ങിയപ്പോൾ മുതൽ പ്രാർത്ഥനയിലാണ്. പറന്ന് തുടങ്ങിയിട്ടും, ഒരു അനക്കം പോലുമില്ലാതെ മേഘങ്ങൾക്കിടയിൽ തങ്ങി നിൽക്കാൻ തുടങ്ങിയിട്ടും, അവന്റെ പ്രാർത്ഥന നിന്നിട്ടില്ല. ഒരുപക്ഷെ ആവശ്യം വരുന്നേരം മാത്രം ദൈവത്തെ വിളിക്കുന്നവരിൽ പെട്ടവനാവില്ല.

വിശപ്പ് വന്നിട്ടില്ല, പക്ഷെ ഇനി വരുമെന്ന് തോന്നുന്നില്ല. ബുക്ക് ചെയ്ത ടിക്കറ്റിൽ ഫുഡിനുൾപ്പെടെ പൈസ കൊടുത്തതുകൊണ്ട് ഏതായാലും മേടിച്ച് വച്ചേക്കാമെന്ന് കരുതി, എയർഹോസ്റ്റസിനെ വിളിക്കാനുള്ള ബട്ടണിൽ അമർത്തി.

നേരത്തെ വന്ന ആസ്സാമീസ് പെണ്ണ് തന്നെ. തുഷാര എന്നൊ മറ്റൊ ആണ് പേര്. ആണോ എന്ന് ഉറപ്പിക്കാൻ നെയിം ബോർഡിലേക്ക് നോക്കിയാൽ അവളെന്നെ അവളുടെ നെഞ്ചിലേക്ക് നോക്കുന്ന മറ്റൊരുത്തനായി വിലയിരുത്തുമെന്ന് എന്റെ വലത് വശത്തെ പകുതി തലച്ചോറിനോട് ഇടത് വശത്തെ പകുതി പറഞ്ഞു.

“ഐ വിൽ ടേക്ക് ദാറ്റ് മിക്സ്ഡ് പ്ലാറ്റർ സ്റ്റഫ് വിച്ച് യൂ സെഡ് ബിഫോർ.”

“സോറി സർ, ദാറ്റ് ഈസ് നോട്ട് അവേയ്‌ലബിൾ എനിമോർ. ലൈക്ക് ഐ സെഡ് ബിഫോർ, എവെരിത്തിംഗ് ഈസ് ഒൺ ഫസ്റ്റ് കം ഫസ്റ്റ് സേർവ് ബേസിസ്. ഐ ക്യാൻ ഗെറ്റ് യൂ വൺ സെസ്റ്റി ചിക്കൻ കീമാ ന്യൂഡിൽസ്. ബട്ട് ദാറ്റ്സ് ഇറ്റ്. സോറി ഫോർ ദ് ഇൻകൺവീനിയെൻസ്.”

പിന്നെ അവൾ അവിടെ നിന്ന് പറഞ്ഞു ആദ്യം അവസരം കിട്ടുന്നേരം തന്നെ ഇഷ്ടമുള്ളത് പറഞ്ഞ് മാറ്റി വെയ്ക്കാൻ അടുത്ത പ്രാവശ്യം ഓർക്കണമെന്ന്. അതിന് ഇനിയൊരു അടുത്ത പ്രാവശ്യമുണ്ടാവില്ലെന്ന് എങ്ങനെ ഞാൻ ഈ പെണ്ണിനെ പറഞ്ഞ് മനസ്സിലാക്കിക്കും.

മറ്റെന്തെങ്കിലും ആലോചിക്കാമെന്നോർത്തപ്പോഴാണ്, ആ ശബ്ദവും ഭാവപ്പകർച്ചയുമൊക്കെ ഓർമ്മകളിലുള്ളപോലെ. ചിന്ത ചെന്നെത്തിയത്, ഇന്റർകോളേജിയേറ്റ് ചെസ്സ് ടൂർണ്ണമെന്റിന് മുൻപ് ഞങ്ങളെ ചെസ്സിൽ വില്ലന്മാരാക്കാൻ കൊണ്ടുവന്ന ആ ഗ്രാൻഡ്മാസ്റ്ററിലാണ്.

സബീന.

ഇന്നും അവരുടെ ഉപദേശം മനസ്സിൽ അലയടിക്കുന്നുണ്ട്.

“യു ആർ ഗോയിങ് റ്റു ലൂസ് ദിസ് ഗെയിം, ആൻഡ് മോസ്റ്റ്‌ലീ, ഓൾ ദ് ഗെയിംസ് യു ആർ എവർ ഗോണ പ്ലേ. ഫോർ ദ് ഗ്രേറ്റർ ഗുഡ്.., യു ഷുഡ് ബി റെഡി റ്റു സാക്രിഫൈസ് യുവർ പോവ്ൺ.”

ഇതും പറഞ്ഞിട്ട് രണ്ടടി മാറിയ സബീന തിരിച്ച് വന്ന് ഒരു ഓർമ്മപ്പെടുത്തൽ കൂടി നടത്തി.

ഞാൻ അന്ന് എന്റെ പ്രായമില്ലാത്ത പെണ്ണൊരുത്തിയോട് തോറ്റുകൊണ്ടിരുന്നത്, എനിക്ക് എന്റെ രാജ്യം എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് അറിയാത്തതുകൊണ്ടാണെന്ന്. ചെസ്സ് കളിക്കുന്നവൻ സ്വയം രാജാവാണെന്ന് വിശ്വസിച്ച് രാജ്യം ഭരിച്ചില്ലെങ്കിൽ യുദ്ധവും രാജ്യവും എതിരാളി കൊണ്ടുപോവും. ഞാൻ ഒരു പടയാളി കണക്കിനുപോലും ചിന്തിക്കുന്നില്ല, പക്ഷെ എന്റെ എതിരെ കളിക്കുന്ന ഒന്നാം വർഷക്കാരിക്ക് ഒരു യുദ്ധം നയിക്കാനറിയാമെന്ന്.

അവരത് പറഞ്ഞിട്ട് എതാണ്ട് ഒന്നര മിനിറ്റിനകം ആ കുട്ടി എന്നെ തോൽപ്പിച്ചു. അന്നേരം സബീന ഒന്നും മിണ്ടിയില്ല. ചുണ്ട് വലതുവശത്തേക്കാക്കി ഒരു ചിരി ഒളിപ്പിച്ച് ചിരിച്ചുകൊണ്ട് നടന്നകന്നു. അതെ പുച്ഛമാണ് ആ എയർ ഹോസ്റ്റസിൽ കണ്ടത്.

4 വയസ്സ് ഇളയ ആ പെൺകുട്ടിക്ക് ഒരു രാജ്യം നന്നായിട്ട് ഭരിക്കാനറിയാം എന്ന് ഞാൻ പിന്നെയും പല വട്ടം മനസ്സിലാക്കി. എനിക്കൊരിക്കൽ പോലും എന്റെ രാജ്യം തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ല. അവളെന്റെ റൂയിയുടെ അമ്മയായി കഴിഞ്ഞും അത് തുടർന്നു.

കോളേജിൽ മോക്ക് ട്രയൽസ് നടത്തുന്നുണ്ടെങ്കിൽ എല്ലാവരും പ്രാർത്ഥിക്കും, സ്വാതി എതിർഭാഗത്തുണ്ടാവാതിരിക്കാൻ. അദ്ധ്യാപകർക്കെല്ലാം അറിയാം എന്നെങ്കിലും ഭാവിയിൽ അഹങ്കാരത്തോടെ അവർക്ക് അവകാശപ്പെടാൻ പാകത്തിന് അവൾ ഹൈക്കോടതികളും സുപ്രീംകോടതിയും പിടിച്ചടക്കുമെന്ന്.

ഇത്രയും മിടുക്കി ഒരുത്തി എന്നെ പ്രേമിക്കാൻ കാരണമെന്താണെന്ന് ചോദിച്ചാൽ, സത്യമായിട്ടും എനിക്കറിയില്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്. ചില സിനിമകളിലൊക്കെ കണ്ടിട്ടില്ലേ ഒരിക്കലും ചേരാത്ത പൊട്ടൻ ചെക്കന്മാരെ കയറി പ്രേമിക്കുന്ന നായികാ കഥാപാത്രങ്ങളെ? എന്തായിരിക്കാം കാരണം? നിഷ്കളങ്കതയോ സത്യസന്ധതയോ ആവാം. പക്ഷെ എനിക്ക് തോന്നുന്നത് അത് രണ്ടും എന്നെപ്പോലെയുള്ളവരുടെ മണ്ടത്തരത്തിന്റെ ബാക്കിപത്രമാണെന്നാണ്. നിഷ്കളങ്കരാവാതിരിക്കാനും തോന്നുമ്പോൾ സത്യസന്ധത വെടിയാനുമൊക്കെ ഞങ്ങളേക്കാൾ വിവരം വേണമെന്നാണ് അടിയനെ ജീവിതം പഠിപ്പിച്ചത്.

മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം ഒരു ദിവസത്തിന് കടം കൊടുത്ത് തുടങ്ങിയ അടുപ്പം, വളർന്ന് റൂയി വരെ എത്തിയത്, കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു.

മകൾക്ക് ഞങ്ങളുടെ രണ്ട് പേരുടേയും മതങ്ങളുമായി ബന്ധമില്ലാത്ത റൂയി എന്ന പേരിടാൻ കാരണം, പ്രേമലേഖനത്തിൽ കേശവൻ നായരും സാറാമ്മയും മകനുണ്ടായാൽ ആകാശമിഠായി എന്ന് വിളിക്കണമെന്ന് ബഷീറിക്ക എഴുതി വെച്ചതിനെ പിന്തുടർന്ന് തന്നെയാണ്.

‘നീയില്ലാതെ എനിക്കൊന്നുമാവില്ല’ എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ, അത് ‘എനിക്ക് ഇപ്പൊ ഒന്നിലും ഒരു ഉറപ്പുമില്ലെ’ എന്ന് മാറ്റിപ്പറഞ്ഞ് കേൾക്കാൻ സമയമധികം വേണ്ടെന്ന് പഠിച്ചു. റൂയിയുടെ വളർച്ച കാണാൻ പോലും യോഗമില്ലാതെ പോയി. പറഞ്ഞ് വരുമ്പൊ അവൾ കമിഴ്ന്ന് വീണതും, മുട്ടിലിഴഞ്ഞതുമെല്ലാം സ്വാതി ഫേസ്ബുക്ക് പ്രൊഫൈലിലൂടെ സൗഹൃദവലയത്തിന് പങ്കുവെച്ച കഥകളിലൂടെയാണ് ഞാൻ അറിഞ്ഞത്. റൂയി ഒരു സർപ്രൈസ് ആയിരുന്നില്ല, എന്നിട്ടുപോലും എന്തിന് എന്നിൽ നിന്ന് അവളെ പറിച്ചുമാറ്റിയെന്ന് എനിക്കറിയില്ല. ഒരുപക്ഷെ മനസ്സിന്റെ അടിത്തട്ടിൽ റൂയി ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു പരീക്ഷണമായിരുന്നിരിക്കണം. അവൾ വന്നാലെങ്കിലും ആദ്യ കാലങ്ങളിലെ പോലെ പരസ്പരം സ്നേഹിച്ചാലോ എന്ന് ചിന്തിച്ചിരിക്കണം.

“തടവറയ്ക്ക് താഴ് വേണമെന്നൊരു അത്യാവശ്യവുമില്ല, അനുസരണയുള്ള തടവുകാരുണ്ടായാൽ മതി. പക്ഷെ ഇനി മോചനമില്ലാതെ പറ്റില്ല.” അങ്ങനെ എഴുതിയൊരു സ്റ്റിക്ക് നോട്ട് ഞാൻ കാണാൻ പാകത്തിന് ഫ്രിഡ്ജിന് മുകളിൽ ഒട്ടിച്ച് വെച്ചിട്ടുണ്ടായിരുന്നു. അതൊന്ന് ദഹിക്കുന്നതിന് മുന്നെ ഡിവോഴ്സിനുള്ള പേപ്പർ വന്നു. എനിക്കാണൊ അവൾക്കാണൊ മോചനമെന്ന് മനസ്സിലായില്ല, പക്ഷെ അത് നടക്കട്ടെ എന്ന് ആശംസിച്ച് ഒപ്പിട്ട് കൊടുത്തു.

ആരുടേയും കുത്തുവാക്കും ഉപദേശവും സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അന്നുവരെ ഒരു പരിചയവും നടിക്കാതിരുന്ന ഒരു നാട്ടുകാരൻ തുണച്ചതുകൊണ്ട്, ഡിസ്പൂരിനടുത്ത് ഗണേഷ്ഗുരിക്ക് സമീപമൊരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് മാറാനൊത്തു. തിരക്കിൽ നിന്നൊരുപാട് മാറി, ഒരു ഒറ്റമുറി അപ്പാർട്ട്മെന്റ് എടുത്തു. എന്റെ പ്രിയപ്പെട്ട മുറി ഇവിടെയാണ്. പകൽ ജനലിലൂടെ കാണുന്ന പച്ചപ്പ്, സൂര്യനസ്തമിച്ചാൽ മറ്റെന്തോ ആയിമാറും. മുറിക്കകത്ത് ഇരുട്ടും, പുറത്ത് ഭൂമിയുടെ അറ്റം കാണാത്ത ഗർത്തവും.

അങ്ങനെയിരിക്കെയാണ് സാറ വന്നത്. ആ പേര് പോലും എനിക്ക് പ്രപഞ്ചം തരുന്ന സൂചനയാണെന്ന് തോന്നിയിട്ടുണ്ട്.

കണ്ണുചിമ്മും നേരംകൊണ്ട്, ഒരുത്തിയേയും വിശ്വസിക്കില്ലെന്ന് പറഞ്ഞ് നടന്ന ഞാൻ, വീണ്ടുമൊരുത്തിയുടെ വാക്കുകളിൽ വീണു. വിരസതയില്ലാതെ വീണ്ടും വീണ്ടും ചെയ്യുന്ന എന്തോ ഒന്നാണ് പ്രണയമെന്ന് ആരാണ് പറഞ്ഞിട്ടുള്ളത്? ഓർമ്മ വരുന്നില്ല.

പണ്ട് സ്വാതി വന്നപ്പോൾ, അവളെനിക്ക് തന്ന ഉറപ്പുകളിന്മേലാണ് എല്ലാം തുടങ്ങിയത്. അത്രയും ബുദ്ധിമതിയായ ഒരുത്തി, അതും ജീവിതത്തിലെ അടുത്ത രണ്ട് ദശാബ്ദം എങ്ങനെ വേണമെന്ന് അലോചിച്ച് അതിനനുസരിച്ച് പടികൾ കയറി ജീവിക്കുന്ന ഒരാൾ, എന്നിലെന്തൊ കണ്ട് എന്നെ തിരഞ്ഞെടുത്തെങ്കിൽ, ഇതിനുവേണ്ടിയാവണം എന്റെ ഇനിയുള്ള ജീവിതമെന്ന് ഞാൻ ചിന്തിച്ചു. പക്ഷെ അവളും മനുഷ്യഗണത്തിലുള്ളതല്ലെ. അവൾക്ക് ചിലപ്പൊ ജീവിതത്തിൽ ആദ്യമായ് തെറ്റിയത് എന്റെ കാര്യത്തിലാവണം. ഇഷ്ടമാണെന്നവൾക്ക് മറുപടി കൊടുത്തപ്പോൾ, അവളെ സഹായിക്കണമെന്നൊരു ചിന്തയെ ഉണ്ടായിരുന്നുള്ളെങ്കിലും, ഞാൻ എന്നോട് നുണ പറഞ്ഞോ എന്ന് ഇന്നെനിക്ക് സംശയമാണ്. കാരണം ഇന്ന് ആ ഇഷ്ടത്തിന്റെ ഒരു കണിക പോലും എന്നിൽ അവശേഷിക്കുന്നില്ല.

ആസ്സാം റൈഫിൾസിന്റെ ഹോസ്പിറ്റലിൽ നഴ്സാണ് സാറ. അതുകൊണ്ട് തന്നെ പരസ്പരം കാണാൻ അവസരങ്ങൾ കുറവായിരുന്നു. പകരം അവൾ പോവുന്ന പള്ളിയിൽ ഞാൻ പോവാൻ തുടങ്ങി. മൂന്നുനാല് അടി ഇപ്പുറത്ത് നിന്ന് അവൾക്കൊപ്പം പ്രാർത്ഥനയിൽ മുഴുകാൻ സാധിച്ചത് അനുഗ്രഹമായി കരുതി. കൃത്യമായ ദൈവഭയത്തിൽ തുടങ്ങിയ ഈ പ്രേമം പഴയതുപോലെ അകാലത്തിൽ ചരമമടയുന്ന ഒന്നാവുമെന്ന് എനിക്ക് തോന്നിയില്ല.

എന്റെ ജീവിതകഥ മുഴുവൻ മുൻവിധിയില്ലാതെ കേട്ടിരുന്നിട്ടും എന്നോടുള്ള ഇഷ്ടത്തിലൊട്ടും മാറ്റമില്ലെന്ന് പറഞ്ഞു. എനിക്ക് പ്രേമിക്കാൻ പോലുമറിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും മാറ്റമുണ്ടായില്ല.

ഞാനവളുടെ കൈയ്യിലൊരു മോതിരമിട്ട് കൊടുക്കണമെന്ന് പറഞ്ഞത് കാമഖ്യാ ഉത്സവം നടക്കുന്ന ദിവസമാണ്. വഴിയരികിൽ നിന്നൊരു പ്ലാസ്റ്റിക് മോതിരം വാങ്ങി തന്നാൽ അത് മതിയാവുമോ എന്ന് ചോദിച്ചു. സമ്മതമാണത്രെ. അതെനിക്കൊരു അത്ഭുതമായിരുന്നു. പ്ലാറ്റിനത്തിൽ താഴെ ഒന്നും തരരുതെന്ന് പറഞ്ഞ ഒരുത്തിയെ മാത്രമാണ് നാളന്നുവരെ ഞാനറിഞ്ഞിട്ടുള്ളത്.

പറഞ്ഞതുപോലെ തന്നെ ഒരെണ്ണം മേടിച്ച്, പിറ്റേന്ന് ട്രാൻസ്പോർട്ട് ബസിൽ വെച്ച് എനിക്കരികിലിരുന്നപ്പോൾ അവളുടെ വിരലിലണിയിച്ചു. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ആ താണതരം മോതിരത്തെ നോക്കി ഒരു പരിഹാസച്ചിരി തരേണ്ടതാണ്. പക്ഷെ ഇവളുടെ കണ്ണുകളിൽ തിളക്കം മാത്രമെ ഞാൻ കണ്ടുള്ളു.

അങ്ങനെയിരിക്കെ, ഒന്നിച്ചൊരു യാത്ര മോഹിച്ച് നാട്ടിലേക്ക് വന്നു. വീട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാൻ കുറച്ചുകൂടെ സാവകാശം രണ്ടുപേർക്കും വേണമായിരുന്നതുകൊണ്ട്, അവിടെ ചെന്ന് ഇറങ്ങിയത് പോലും കമ്പാർട്ട്മെന്റിന്റെ രണ്ട് വാതിലുകളിലൂടെയാണ്.

ലീവ് തീരുന്നതിന് മുൻപ് എളവായൂരിൽ നിന്ന് മാവൂർ വരെ ഒരു ബസ് യാത്രയ്ക്ക് സാറ ബന്ധുക്കളെയെല്ലാം ഒഴിവാക്കി. എന്റെയൊപ്പമിരിക്കാൻ തന്നെ. പക്ഷെ പ്രപഞ്ചത്തിന്റെ ഇടപെടലിൽ ഏതോ ക്ഷേത്രത്തിലെ ഉത്സവം ഞങ്ങളുടെ പദ്ധതിയെല്ലാം തകിടം മറിച്ചു. കഷ്ടിച്ച് ശ്വാസം വിടാൻ പാകത്തിന് സ്ഥലം മാത്രം ബാക്കിയുള്ളൊരു ബസിൽ തിക്കിത്തിരക്കിയൊരു യാത്രയായിരുന്നു വിധിച്ചിരുന്നത്. ഇത് ആലോചിച്ചതിലും സുന്ദരമാണല്ലൊ എന്നാണ് ഞാൻ ചിന്തിച്ചത്. കെട്ടിപ്പിടിച്ച് നിൽക്കുന്നയത്രയ്ക്ക് ഒട്ടി നിൽക്കാനൊത്തു.

പക്ഷെ പതുക്കെ ഞാൻ ചുറ്റുപാടിനെക്കുറിച്ച് ബോധവാനാവാൻ തുടങ്ങി. ആരൊക്കെയോ എന്നെ തിരിച്ചറിയുന്നപോലെ. തുറിച്ചു നോട്ടങ്ങൾക്കെല്ലാം ഞാൻ അർത്ഥം കണ്ടെത്താൻ തുടങ്ങി. ചുറ്റും ഞങ്ങളുടെമേൽ ഉറപ്പിച്ച ഒരുപാട് കണ്ണുകൾ. ഞങ്ങളെ നിരീക്ഷിക്കാൻ ആരോ നിയോഗിച്ച ചാരക്കണ്ണുകൾ പോലെ. ഞങ്ങളുടെ ചിരിയും കളിയും ഇടപെടലുകളുമെല്ലാം എനിക്ക് അവരുടെ കണ്ണുകളിൽ കാണാനൊത്തു. ഒരുത്തിയെയും മകളേയും ഒഴിവാക്കിയിട്ട് അടുത്തവളെ പിടിക്കാൻ ആണ് ഇവൻ നാട് വിട്ടതെന്ന് അവർ അടക്കം പറയുന്നത് പോലെ തോന്നി. ഇതോടെ ഞാൻ അവളോട് തണുപ്പൻ മട്ടിൽ പ്രതികരിച്ചുതുടങ്ങി. ഒന്നു രണ്ട് വട്ടം ഞാനവളെ വിലക്കി. ഒന്നുമാലോചിക്കാതെ ശബ്ദം കുറയ്ക്കാനും, പിന്നീട് നാവടക്കാനും വരെ പറഞ്ഞു. പിന്നെ യാത്ര തീരുന്നതുവരെ എനിക്ക് കണ്ണ് തരാതെ തിരിഞ്ഞ് നിന്നു. ആരും കാണാതെ കണ്ണുകളൊപ്പിയിരുന്നത് എനിക്ക് കാണാമായിരുന്നു. ഞാൻ ആ നിമിഷത്തേയും ശപിച്ച് നിന്നു.

ഒന്നുരണ്ട് ദിവസത്തേക്ക് സാറ എന്നോട് മിണ്ടാൻ കൂട്ടാക്കിയില്ല. ഗുവാഹത്തിക്കുള്ള മടക്കയാത്രയിൽ അടുത്ത് കിട്ടുമ്പോൾ പറഞ്ഞ് മനസ്സിലാക്കാമെന്ന് കരുതി ഞാനും ക്ഷമിച്ചു. പക്ഷെ പിന്നെ അറിയാൻ കഴിഞ്ഞത് അവൾ പറയാതെ നേരത്തെ തന്നെ പോയെന്നാണ്. തീ തിന്നാണ് മൂന്ന് ദിവസത്തെ അങ്ങോട്ടുള്ള യാത്ര ഞാൻ പൂർത്തിയാക്കിയത്. പെർമിഷൻ മേടിച്ച് അവളെ കാണാൻ നടത്തിയ ശ്രമമെല്ലാം പാഴായി. അവസാനം ഒരിക്കൽ ഡ്യൂട്ടി കഴിഞ്ഞ് അവരുടെ ബസിലേക്ക് കയറുന്നതിന് മുൻപൊരു 20 മിനിറ്റ് എന്നോട് സംസാരിച്ചു. കുറ്റപ്പെടുത്തലുകളായിരുന്നു മുഴുവൻ.

അപ്പോഴാണ് ഞാനറിയുന്നത് കേരളത്തിലേക്കുള്ള യാത്രയിലുടനീളവും ഞാൻ അങ്ങനെ തന്നെയായിരുന്നു പെരുമാറിയിരുന്നതെന്ന്. ആൾക്കൂട്ടത്തിലാവുമ്പോഴൊക്കെ ഞാൻ ഒരു തരവും, അല്ലാത്തപ്പോൾ മറ്റൊരു തരവുമാണത്രെ. പങ്കാളി അടുത്തുള്ളപ്പോൾ പോലും കപടമുഖം ധരിക്കാനാവുമെങ്കിൽ എന്നെ എങ്ങനെ മനസ്സിലാക്കണമെന്ന് അവൾക്ക് ശരിയ്ക്ക് ആലോചിക്കണമെന്ന്. കൂട്ടത്തിൽ എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെയായതെന്നും പറഞ്ഞു. എന്റെ ഉള്ളിലാവണം ചുറ്റുമുള്ളവരെക്കാൾ വലിയ സദാചാരവാദിയെന്നും, ഞാൻ മുൻവിധിയോടെ പലരേയും നോക്കി പലതും ചിന്തിച്ച് കൂട്ടിയതിന്റെ ഫലമാണ് ബാക്കിയുള്ളവർ എന്നെ തെറ്റായി വിധിക്കുന്നതുപോലെ തോന്നുന്നതെന്നും. ഞാൻ വാ കൊണ്ടും മനസ്സ് കൊണ്ടും അറിയാത്ത കാര്യങ്ങളാണ് അന്നവൾ നിരത്തിയത്. അതൊന്നും നുണയൊ എന്നെ മനസ്സിലാക്കാഞ്ഞിട്ടൊ അല്ല. മറിച്ച് ഞാൻ എന്നെ മനസ്സിലാക്കാത്തതുകൊണ്ടാവണം.

പക്ഷെ അന്ന് ആ നിമിഷം തെറ്റ് ഏറ്റെടുക്കാനല്ല എനിക്ക് തോന്നിയത്. വീട്ടിൽ പോയി കഴിഞ്ഞ് ഈ മാറ്റമെല്ലാം വന്നെങ്കിൽ കല്യാണ ആലോചനയൊ അങ്ങനെയെന്തെങ്കിലും അവളെ വിഷമിപ്പിക്കുന്നുണ്ടാവുമെന്നാണ് അന്നേരവും ഞാൻ സംശയിച്ചത്. ഒരുപക്ഷെ എന്റെ ഈഗൊ ഞാൻ തെറ്റുകാരനല്ല മറ്റെന്തൊ നടന്നുവെന്ന് ചിന്തിപ്പിക്കുന്നതാവണം. ആ സംശയം പറഞ്ഞതോടെ സംഗതി വഷളായി. അവളെ തീരെ മനസ്സിലാക്കിയിട്ടില്ല ഞാനെന്ന് അവൾ തീർത്ത് പറഞ്ഞു.

എനിക്ക് ഉറപ്പായിരുന്നു അത്രയും അവൾ പറഞ്ഞെങ്കിൽ, അതിനപ്പുറം പറയാത്തത് ഒരുപാടുണ്ടെന്ന്. അത് സത്യമായി. അവളുടെ ദുഖം മുഴുവൻ അന്ന് അണപൊട്ടി.

ഞാൻ നിന്ന് ഉരുകി. അവൾ അന്ന് നിരത്തിയിരുന്ന പലതും സ്വാതി എന്നോട് ചെയ്തിരുന്ന സ്നേഹമില്ലായ്മയുടെ ലക്ഷണങ്ങളായിരുന്നു. ഇതൊക്കെ ഞാൻ സാറയോട് ചെയ്തെന്ന് പറഞ്ഞപ്പോൾ കുറ്റബോധത്തിനപ്പുറം എന്തൊ എന്നെ വന്ന് മൂടിക്കളഞ്ഞു. ആവുന്ന തരത്തിലൊക്കെ ഞാൻ മാപ്പ് പറഞ്ഞു. പക്ഷെ അതൊന്നും മതിയാവുന്നില്ലെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു.

സ്വാതിയുമായുണ്ടായിരുന്ന ജീവിതത്തിന്റെ തുടർച്ചയായിരുന്നു എനിക്ക് സാറ. സ്വാതി പോയിക്കഴിഞ്ഞ് അവളെ കുറിച്ച് ഞാൻ ആലോചിക്കാറെയുണ്ടായിരുന്നില്ല. പക്ഷെ സ്വാതി എനിക്ക് അവളുടെ മനസ്സും സ്വഭാവങ്ങളും ആത്മാവും അല്പം പകുത്ത് നൽകിയിട്ടാണ് പോയതെന്ന് തോന്നുന്നു. അങ്ങനെയാവണം എല്ലാ ബന്ധങ്ങളും. നമ്മളുടെ പങ്കാളിയുടെ ഉള്ളിൽ നമ്മളുണ്ടാവുന്നുണ്ടാവും. മുഴുവനായും നമ്മളായി രൂപാന്തരം പ്രാപിക്കുന്നില്ലെങ്കിലും, അവരിൽ നമ്മളുണ്ട്. വീട്ടിൽ പോയി കഴിഞ്ഞ് സാറ ഒരുപാട് മാറിയെന്ന് എന്റെ ഈഗൊ എന്നോട് പറഞ്ഞപ്പോഴും, ഞാൻ എന്റെ മാറ്റം അറിയാതെയാണ് അവളോട് പെരുമാറിയിരുന്നത്. സ്വാതിക്ക് മുന്നെയുള്ള ഞാൻ എങ്ങനെയായിരുന്നു? എനിക്ക് ഓർമ്മയില്ല. സാറയ്ക്ക് മുൻപെയുള്ള എന്നെ പോലും എനിക്ക് അറിയാതെയായിരിക്കുന്നു.

അവരുടെ ബസ് ഡ്രൈവർ ഹോൺ നീട്ടിയടിയ്ക്കുന്നവരെ പിന്നെയും ഒരുപാട് പൊരുത്തക്കേടുകൾ എനിക്ക് പറഞ്ഞു തന്നു. മനപ്പാഠമാക്കി വെച്ചിരുന്ന പ്രസംഗം പോലെ.

അവളെ തെറ്റ് പറയാനൊക്കില്ല.

കല്യാണം കഴിഞ്ഞും ഒറ്റയാനെ പോലെ ജീവിക്കണമെന്നാഗ്രഹിച്ച് എന്നെ ഒഴിവാക്കിയവളെ കുറ്റപ്പെടുത്തിയിട്ട്, ദൈവമായിട്ട് തന്ന അടുത്ത അനുഗ്രഹത്തെ ഞാനായിട്ട് ഇല്ലാതാക്കിയെന്ന് എനിക്ക് തോന്നി.

അവളെന്നെങ്കിലും എന്നെ തിരിച്ച് സ്വീകരിക്കുമെന്ന് എനിക്ക് തോന്നിയില്ല.  അത് സത്യമായി. പിന്നെയുള്ള മാപ്പ് പറച്ചിലുകളും സ്നേഹപ്രകടനങ്ങളുമൊന്നും അവളെ എനിക്ക് തിരിച്ച് തന്നില്ല. കുറ്റങ്ങളും കുറവുമെല്ലാം എന്റെയടുത്ത് വെളിപ്പെടുത്തി കഴിഞ്ഞതോടെ അവളിൽ കുറേയൊക്കെ എന്നെ ഞാൻ കണ്ടു. പണ്ട് സ്വാതിയോട് കുറ്റങ്ങൾ പറഞ്ഞിരുന്ന എന്നെ. സ്വാതിയുടെ ഒരു പങ്ക് എന്നിൽ അവശേഷിക്കുന്നെങ്കിൽ, എന്റെ ഒരു പങ്ക് സാറയിൽ അവശേഷിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. എനിക്ക് കണ്ണാടിയിലേക്ക് നോക്കാൻ പോലും ധൈര്യമില്ലാതെയായി.

എന്തിനായിരുന്നു ഈ പ്രായത്തിൽ എനിക്ക് പറ്റാത്ത ഈ പരിപാടിക്ക് പോയതെന്ന് ഞാൻ എന്നെ കുറ്റപ്പെടുത്തി. പതിയെ അടുത്ത ഒളിച്ചോട്ടത്തിന് സമയമായെന്ന് തോന്നി തുടങ്ങി. ജോലി രാജി വെയ്ക്കുന്നെന്ന് മെയിലും അയച്ച്, പറ്റുന്നത് മാത്രം കെട്ടിപ്പെറുക്കി ഫ്ലൈറ്റ് പിടിച്ചത്, ആ മണ്ണിൽ നിൽക്കുന്ന ഓരോ നിമിഷവും ഞാനില്ലാതാവുന്നത് പോലെ തോന്നിയിട്ടാണ്.

രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ റീഫ്യുവലിങെന്നും മറ്റും ഓരോ കാര്യമില്ലാ കാര്യം നിരത്തി ഡോർ തുറക്കാൻ വൈകിപ്പിച്ച നേരത്ത്, അടുത്തിരുന്നവരുടെ മുഖത്തെ പിരിമുറുക്കങ്ങളിൽ എവിടൊക്കെയൊ പരിചിത ഭാവങ്ങൾ കണ്ടതുപോലെ എനിക്ക് തോന്നി. പരിചയപ്പെട്ടപ്പോൾ ഞാൻ കടന്നുപോയ ദശകളിലൂടെ തന്നെയാണ് ഇരുവരും ഇപ്പൊ ഓടുന്നത്.

ഓൾ ഇന്ത്യ എന്റ്രൻസിന് അനുവദിച്ച് കിട്ടിയ സെന്റർ ഹൈദരാബാദാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഗേൾഫ്രണ്ടിനെ കാണാൻ ഇറങ്ങിയവനാണ് ഇടതുവശത്ത് കുനിഞ്ഞിരുന്ന് മണിക്കൂറുകളായ് പ്രാർത്ഥിച്ചിരുന്നത്. അത്രയും കഷ്ടപ്പെട്ട് പോയിട്ട് അവളെ കാണാനൊത്തില്ലെങ്കിലുള്ള വിഷമമാണ് അവൻ പ്രാർത്ഥിച്ച് തീർത്തിരുന്നത്. വലത് വശത്തിരിക്കുന്നവൻ ക്ലൈന്റിന്റെ പരാതി പരിഹരിക്കാനെന്ന വ്യാജേന ഗർഭിണിയായ ഭാര്യയെ കാണാൻ തിടുക്കപ്പെട്ട് പോവുന്നവൻ.

ഉണ്ടാവുന്ന മകൾക്ക് ചിപ്പിയെന്ന പേരിടാമെന്ന് വരെ പറഞ്ഞുറപ്പിച്ചിരുന്നവളെ വെറുപ്പിച്ച്, എല്ലാം വീണ്ടും നശിപ്പിച്ചിട്ട് ഒളിച്ചോടുന്ന ഞാൻ, ഈ രണ്ട് പേരുടെ നടുക്ക് യാത്ര ചെയ്യേണ്ടിവന്ന വിധിയുടെ കളി എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. ഇനിയും തോൽക്കാൻ മനസ്സിനെ പ്രാപ്തമാക്കണമെന്നായിരിക്കും പ്രപഞ്ചം പറയാതെ പറയുന്നത്. ആർക്കറിയാം ഒരുപക്ഷെ, എന്നെ ഇപ്പോൾ കളിയാക്കിയിട്ട് പോയ തുഷാരയ്ക്കാവാം ഞാൻ ഇനി എന്നെ പകുത്ത് നൽകാൻ പോവുന്നത്.

Previous post കെവ്വീരമ്മയും ചീന കണ്ണുകളും – (ചെറുകഥ)
Next post ഡബിൾ ജെപേർഡി – (ചെറുകഥ)

Leave a Reply

Your email address will not be published. Required fields are marked *