കോട്ടയം കുമളി റൂട്ടിൽ ബൈക്ക് ഓടിക്കുമ്പൊൾ ദൈവം‌പടി എന്ന സ്‌ഥലത്തിന്റെ ബോർഡ് കണ്ടതോടെ ആ പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വെറുതെ ഒന്ന് ആലോചിച്ചു. അതിൽ നിന്ന് തുടങ്ങിയതാണ് ഈ കഥ. അല്ലാതെ യഥാർത്ഥ ദൈവംപടിക്കാർക്ക് ഈ കഥയുമായി യാതൊരു ബന്ധവുമില്ലെന്ന് ഈയുള്ളവൻ താഴ്മയായ് അറിയിച്ചുകൊള്ളുന്നു.

ചുവന്ന് തുടുത്ത കണ്ണ്

ദൈവംപടിക്ക് എങ്ങനെയാണ്‌ ആ പേര്‌ കിട്ടിയതെന്ന് ദൈവംപടിക്കാർക്ക് അത്ര അറിവില്ല. പലരും പലതാണ്‌ പറയാറുള്ളത്. ദൈവം ആരുടെയെങ്കിലും പടിയ്ക്കൽ വന്ന് പ്രത്യക്ഷപ്പെട്ടതോ മറ്റോ ആവണം.

കോട്ടയം-കുമളി റൂട്ടിൽ ഉള്ള ഒരു ചെറിയ കവലയാണ്‌ ദൈവംപടി. ജനസംഖ്യയൊന്നും അമിതമല്ലാത്തതുകൊണ്ട് പച്ചപ്പാണ്‌ എങ്ങും. കൂടെ ശാന്തിയും സമാധാനവും.

ദൈവംപടിയെന്ന ആ പേര്‌ അന്വർത്ഥമാക്കും വിധം ഒരു ദൈവമേ ഉള്ളെങ്കിൽ ഈ നാട് ശരിക്കും ഭൂമിയിലേ സ്വർഗ്ഗമെന്ന് അറിയപ്പെടാൻ യോഗ്യമാണ്‌. പക്ഷെ ദൈവങ്ങളുടെ ഒരു മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റാണല്ലൊ നമ്മുടെ നാട്.

ദൈവംപടിക്കാർക്ക് ആകെയുള്ള സ്കൂളാണ്‌ ദൈവംപടി എൻ.എസ്.എസ്. ജാതി സ്പർദ്ധ അധികമങ്ങോട്ട് ഞരമ്പുകളിൽ തിളയ്ക്കാത്തവരായതിനാൽ അവിടെ ജോലി ചെയ്യാനോ പഠിക്കാനോ പേരിനൊപ്പം ജാതിപ്പേര്‌ വേണമെന്നില്ല. മതം പോലും പ്രശ്നമല്ല.

മഴദൈവങ്ങൾ കനിഞ്ഞതുകൊണ്ട് ഇത്തവണ പ്രൊഫഷണൽ കോളേജുകൾക്കും വിദ്യാലയങ്ങൾക്കും 2 ദിവസം അവധി കൊടുക്കാൻ കളക്ടർ ഓർഡറിട്ടു. അങ്ങനെ മധ്യവേനൽ അവധി കഴിഞ്ഞ് ജൂൺ 3നാണ്‌ ദൈവംപടി എൻ.എസ്.എസ്. സ്കൂൾ തുറന്നത്.

ജന്മനക്ഷത്രം വെച്ച് 3 ഭാഗ്യമാണെന്ന് ആറ്റുകാലുള്ള ജ്യോതിഷപണ്ഡിതൻ പറഞ്ഞത് വിശ്വസിച്ചാണ്‌, വിനോദ് മാഷ് അന്ന് മലയാളം പാഠപുസ്തകം കവറിലാക്കി ബൈക്കിന്റെ ബോക്സിലിട്ട് വണ്ടി സ്റ്റാർട്ട് ആക്കിയത്. പക്ഷെ ജൂൺ 3 ഒരു വൻ ദുരന്തമായിരുന്നു.

രഹന ടീച്ചറാവട്ടെ വീട്ടിലേ പ്രാരാബ്ധമെല്ലാം ഒതുക്കി വന്നപ്പോഴേക്ക് ബസ് അതിന്റെ വഴിക്ക് പോയി. അടുത്ത ബസ് പിടിച്ച് സ്കൂളിലെത്തുമ്പോൾ ആ കൊച്ചു കവല മുഴുവൻ ദേശീയ ഗാനത്തിന്റെ അവസാന വരികൾ അലയടിക്കുന്നു. സുപ്രീം കോടതി വിധി പ്രകാരം ടാഗോറിന്റെ കവിതയെ ബഹുമാനിക്കാൻ തുനിഞ്ഞാൽ അര ദിവസത്തെ ശമ്പളം പോവുമെന്നോർത്ത് ഓടിപ്പിടിച്ച് സ്റ്റാഫ് റൂമിൽ കയറി റെജിസ്റ്ററിൽ ഒപ്പിട്ടു.

ധൃതിയിൽ വിയർത്തുകുളിച്ച് ഒപ്പിടുമ്പോഴും ഇടതുകൈകൊണ്ട് ഇടംകണ്ണ്‌ തിരുമ്മുന്ന രഹനയേ കണ്ട്, സംഗീത ടീച്ചർ അറിവിന്റെ ഭാണ്ഡക്കെട്ട് തുറന്ന് ആളാവാനൊരു ശ്രമം നടത്തി.

“ഇടം കണ്ണ്‌ തുടിക്കുന്നത് എന്തിന്റെ ലക്ഷണമാന്ന് അറിയാവോ രഹനാ?”

“അത് ചുമ്മാ തുടിച്ചോട്ടെ. തുടിച്ചാലും ഇല്ലേലും, എനിക്ക് ആറ്‌ ബിയിൽ ക്ലാസ്സൊണ്ട്”, എന്ന് തിരിച്ചടിച്ചിട്ട് രഹന സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി.

ക്ലാസ്സെടുക്കുമ്പോഴൊക്കെയുള്ള ചെറിയ ചിരിയും തമാശയും രഹസ്യം പറച്ചിലുമൊക്കെ രഹന കണ്ടില്ലെന്ന് നടിക്കാറാണ്‌ പതിവ്‌, പക്ഷെ ഇത്തവണ എന്തോ ഒരൽപ്പം കൂടുതലാണ്. പിരിയഡിന്റെ അവസാനമാവാറായപ്പോഴേക്ക് രഹന പിള്ളേരേ തിരിഞ്ഞ് നോക്കി, പുസ്തകം അത്യാവശ്യം ശബ്ദമുണ്ടാക്കി മേശയിലേക്കിട്ടു.

നിശ്ശബ്ദത.

“എന്നോടും കൂടെ പറ തമാശ. ഞാനുമൊന്ന് ചിരിക്കട്ടെ.”

വീണ്ടും നിശ്ശബ്ദത.

മെല്ലെ മെല്ലെ അടക്കം പറച്ചിൽ കൂടി വരുന്നത് ടീച്ചർ തെല്ലൊരു ഭീതിയോടെയാണ്‌ കേട്ട് നിന്നത്. ഇനി സാരിയെങ്ങാനും മാറി കിടക്കുന്നതോ വല്ലതും ആണോ? അതോ പുറത്ത് വല്ലതും പറ്റി പിടിച്ചിട്ടൊണ്ടോ?

“എന്നതാ?”, അൽപ്പം ശബ്ദമുയർത്തി തന്നെ ചോദിച്ചു.

“ഷെറിൻ?”, ക്ലാസ്സിൽ സംശയം ചോദിക്കുന്നതിലേ മിടുക്കിയോട് ആരാഞ്ഞു. ഷെറിനൊന്ന് മടിച്ച് നിന്നു. ആദ്യം വന്ന വാക്കെല്ലാം അപ്പാടെ വിഴുങ്ങി. പിന്നെ മിണ്ടാതെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയിട്ട് പറഞ്ഞു, “ടീച്ചർക്ക് ചെങ്കണ്ണാ..”

ബെല്ലടിച്ചതും ബാത്ത്റൂമിൽ പോയി കണ്ണാടിയിൽ നോക്കി ഉറപ്പ് വരുത്തി. അതേ, ഇടം കണ്ണ്‌ ചുവന്ന് വരുന്നു.

കണ്ണിലൊന്നും പോയതല്ല, ഇത് കൺജങ്ങ്ടിവൈറ്റിസ് തന്നെ. ചെങ്കണ്ണ്‌!

ഇതുംകൊണ്ട് സ്റ്റാഫ് റൂമിൽ ഇപ്പൊ കേറിയാൽ ആ കാലമാടൻ മാനേജർ അറ്റൻഡൻസ് വെട്ടും എന്നോർത്ത് വിധിയേ പഴിച്ചു.

എങ്ങനെയെങ്കിലും ഉച്ച വരയെങ്കിലും തള്ളി നീക്കിയിട്ട് ലീവെടുക്കാമെന്ന് മനസ്സിലുറപ്പിച്ചു.

അടുത്ത പിരിയഡ് ഏഴ് ഏയിലാണ്‌, അവിടെ പോയി വിളവന്മാരേയൂം കുറുമ്പികളയും എങ്ങനെ പറ്റിക്കും? എന്തായാലും ക്ലാസ്സിലേക്ക് നടന്നു, സ്റ്റാഫ് റൂമിൽ പോവാതെ.

ക്ലാസ്സെടുക്കുന്നില്ല പകരം അടുത്ത ദിവസം ബോർഡിൽ ചെയ്യിപ്പിക്കുന്നതിന്‌ മുന്നോടിയായി, പഠിപ്പിച്ചതെല്ലാം ഒച്ചയുണ്ടാക്കാതെ അവിടെ ഇരുന്ന് പഠിക്കാൻ പറഞ്ഞിട്ട്, കണ്ണും താഴ്ത്തി ബുക്കിൽ നോക്കുന്ന പോലെ അഭിനയിച്ചിരുന്നു. കണ്ണ്‌ കൈ കൊണ്ട് മറച്ചുപിടിച്ച് കണ്ണടച്ച് ഇരുന്നു. ഇടയ്ക്ക് കണ്ണ്‌ നിറയുന്നത് ആരും കാണാതെ ഒപ്പിക്കൊണ്ടേയിരുന്നു. എല്ലാം അര ദിവസത്തെ ശമ്പളത്തിനെന്ന് ഓർത്ത് സമാധാനിക്കാൻ ശ്രമിച്ചു.

ഒരു പിരീയഡും കൂടെ സഹിക്കാൻ വയ്യെന്ന് ഉറപ്പായപ്പൊ, അവര്‌ ഹെഡ്മാസ്റ്ററേ കാണാൻ നടന്നു. ഉച്ച തൊട്ട് ലീവനുവദിച്ച് തരണമെന്ന് പറഞ്ഞു നോക്കാൻ.

പട പേടിച്ച് പന്തളത്ത് ചെന്നപ്പൊ അവിടെ…

രഹന വല്ലാത്ത അവസ്ഥയിലായി പോയി.

ഹെഡ്മാസ്റ്ററുടെ റൂമിൽ വിനോദ് മാഷിനെയും, പോൾ മാഷിനേയും, വിളിപ്പിച്ചിരിക്കയാണ്‌.

അവര്‌ തമ്മിലൊരു വാക്ക് തർക്കം.

അത് പതിവാണ്‌, പക്ഷെ ഇന്നത്തെ തർക്കവിഷയം രഹനയ്ക്കൊരു പ്രശ്നമാണ്‌.

വിനോദ് മാഷിന്‌ ചെങ്കണ്ണാണ്‌. അയാള്‌ ലീവെടുത്ത് പോയില്ലെങ്കിൽ ബാക്കി സ്റ്റാഫ്സിനും പിള്ളേർക്കും ഉടനേ തന്നെ പണി കിട്ടുമെന്നാണ്‌ പോൾ മാഷിന്റെ വാദം. രഹനയേക്കൂടെ കണ്ടതോടെ പോൾ മാഷ് ഉത്തേജകം കഴിച്ച ആവേശത്തോടെ യുദ്ധം തുടർന്നു.

ഈ നിമിഷം തന്നെ രഹന ചെങ്കണ്ണും കൊണ്ട് എവിടുന്ന് പൊട്ടി വീണു എന്നാണ്‌ വിനോദ് മാഷ് അന്തംവിട്ട് ആലോചിച്ച് നിന്നത്.

എല്ലാം ഒരു വിധം ഒതുക്കി തീർത്ത മാനേജർ ഒരു ഉത്തരവിട്ടു. എല്ലാരേയും സമാധാനിപ്പിക്കാൻ പാകത്തിനൊരു വിധി. വിനോദ് മാഷിന്റെയും, രഹന ടീച്ചറുടേയും അറ്റൻഡൻസ് തിരുത്താതെ തന്നെ ലീവ് അനുവദിക്കും, പക്ഷെ അധികം വൈകാതെ തന്നെ തിരിച്ച് വീട്ടിലേക്ക് പോവണം.

എല്ലാവർക്കും സന്തോഷം. രഹന അടുത്ത ബസ് പിടിച്ച് വീട്ടിലെത്തി കണ്ണിൽ മരുന്നും ഒഴിച്ച് കിടന്നു. എല്ലാം നന്നായിട്ടവസാനിച്ചത് ഓർത്ത് സമധാനമായിട്ടുറങ്ങി.

അവരറിഞ്ഞില്ല അതൊരു തുടക്കം മാത്രമാണെന്ന്.

പിറ്റേന്ന് തന്റെ കടയുമടച്ച് ബഷീർ വീട്ടിലേക്ക് കയറി വന്നത് നാല്‌ കാലിലാണ്‌. കവലയിലൊക്കെ ഒരു സംസാരം, മലയാളം മാഷിനും തന്റെ ഭാര്യക്കും മാത്രം ചെങ്കണ്ണ്‌ വന്നതിനെ കുറിച്ച്. അവരിൽ തന്നെ ചില വിരുതന്മാരുടെ സംശയം രണ്ടുപേരേയും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തതാണോ എന്നാണ്‌.

രഹന എന്തൊക്കെ പറഞ്ഞിട്ടും ഒരു കാര്യവുമില്ലായിരുന്നു. കണക്ക് അധ്യാപികയ്ക്ക് അന്ന് കണക്കിന്‌ തല്ല് കിട്ടി.

പിറ്റേന്ന് ആദ്യത്തെ ബസിൽ തന്നെ രഹന കൂരോപ്പടയുള്ള അവരുടെ വീട്ടിലേക്ക് പോയി. വഴിയിലെല്ലാം ആ ചുവന്ന് തുടുത്ത കണ്ണുകളെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഇതുംകൂടെ നാട്ടിൽ പാട്ടായതോടെ വിനോദിന്റെ വീടും പലതരം നാടകങ്ങൾക്കും വേദിയായി. അവിടെ കാര്യമറിഞ്ഞത് ഭാര്യാപിതാവ് വഴിയായിരുന്നു. അയാൾ വന്ന് മോളേ വീട്ടിലേക്ക് കൊണ്ടുപോവാൻ നോക്കിയത് വിനോദിന്‌ സഹിച്ചില്ല.

വിനോദ് അമ്മായിയപ്പനെ പടിക്ക് പുറത്താക്കി. ആ വാർത്ത കവലയിലേക്ക് എത്തിയപ്പോൾ വിനോദ് സ്വന്തം അമ്മയിയപ്പനെ പൊതിരെ തല്ലി, വലിച്ചിഴച്ച് പുറത്താക്കിയെന്നായി. അയാളെ പിന്നെ ആരും കണ്ടിട്ടില്ലത്രെ.

വിനോദ് കയർത്ത് സംസാരിച്ചതിൽ മനംനൊന്താണ്‌ അയാൾ പിന്നെ ആ വഴി വരാഞ്ഞത്. പക്ഷെ ആ സത്യം ആരും അറിഞ്ഞില്ല. അറിയാൻ താൽപ്പര്യം കാണിച്ചില്ല.

കണ്ണ്‌ ശരിയായി തുടങ്ങിയ നാൾ വിനോദ് തിരിച്ച് സ്കൂളിൽ ചെന്നു. അവിടെ അതിലും വല്യ പൂരം. പന്തവും കൊളുത്തി വരുന്ന പടയുടെ കൂടെ ആനപ്പടയും.

വിവാഹിതയായ ഒരു അന്യ മതസ്ഥയോട് ബന്ധം പുലർത്തിയെന്ന കരക്കമ്പി കേട്ടിട്ടും സ്വന്തം ജാതിക്കാരനായ കുറ്റക്കാരനെ വെറുതെ വിട്ടാൽ മാനേജ്മെന്റിലുള്ളവർ നിഷ്ക്രിയരാണെന്ന് എല്ലാവരും പറയും.

അതിനു വേണ്ടി, അതിനു വേണ്ടി മാത്രം അയാളെ വിളിച്ച് ചോദ്യം ചെയ്തിട്ട്, അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

സസ്പെൻഷൻ വാർത്ത സത്യമാണെന്ന് അറിഞ്ഞതോടെ കരക്കമ്പിയുടെ ഡോസ് കൂടി.

പിന്നീട് ഇറങ്ങിയ വാർത്തകൾ സെൻസർ ചെയ്യാൻ ആരുമില്ലാതെ, ആ നാട്ടിലെ കൊച്ച് പിള്ളേർ വരെ ആ അസഭ്യങ്ങളെല്ലാം പാടി നടന്നു. അവരെ പഠിപ്പിക്കുന്ന അധ്യാപകരേ കുറിച്ചാണെന്ന് അവരാരും ഓർത്തില്ല.

സമുദായ നേതാക്കളും പ്രവർത്തകരും ഈ പ്രശ്നത്തെ നോക്കിക്കണ്ടത് ഇവര്‌ രണ്ട് അസൻമാർഗ്ഗികൾ കാരണം സമുദായങ്ങൾക്കേറ്റ മങ്ങലായാണ്‌.

ചെറിയ തോതിൽ ചിലയിടങ്ങളിൽ രണ്ട് സമുദായക്കാരും തമ്മിൽ വാക്ക് തർക്കവും ഉന്തും തള്ളുമൊക്കെ ഉണ്ടായി.

രഹനയാണ്‌ കാരണക്കാരി എന്ന് ഒരു കൂട്ടർ, മറിച്ച് വിനോദ് എന്തോ കൂടോത്രം ചെയ്ത് രഹനയെ വശീകരിച്ചതാണെന്ന് മറ്റൊരു പക്ഷം. പഠിപ്പുണ്ടെങ്കിലും വിവരമില്ലാത്തവർ ഘർവാപ്പച്ചി എന്നും റിവേഴ്സ് ഘർവാപ്പച്ചി എന്നുമൊക്കെ പറയുന്നുണ്ടായിരുന്നു.

എന്തിനേറെ പറയുന്നു, ഒരു മഴയത്ത് നനഞ്ഞ് കുതിർന്ന റബർ എസ്റ്റേറ്റിൽ കാല്‌ തെന്നി ഉരുണ്ട് താഴേക്ക് വീണ ഗോപാലൻ നായരേ ഒരു സംഘം ആൾക്കാർ മർദ്ദിച്ച് തള്ളിയിട്ടതാണെന്നാണ് ജനമറിഞ്ഞത്.

ഒരു കൈയ്ക്ക് ചതവും, ഒരു കാലിന്‌ ഒടിവും ഉണ്ടെന്ന് വാഴൂർ ഇമ്പീരിയൽ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞപ്പൊ തന്നെ ഹെഡ് ആപ്പീസിൽ നിന്ന് കരയോഗം സെക്രട്ടറിക്ക് വിളി വന്നു, ഹർത്താലിന്‌ ആഹ്വാനം ചെയ്തുകൊള്ളാൻ. അങ്ങനെ രണ്ട് പ്രമുഖ പാർട്ടികളുടെയും കൂട്ട് കക്ഷികളുടേയും പിന്തുണയോടെ ദൈവംപടിക്ക് സ്വന്തമായിട്ട് ഒരു ഹർത്താൽ ലഭിച്ചു.

ഹർത്താലും സമാധാനപൂർണ്ണമായിരുന്നില്ല.

പി.ടി. പിരിയഡ് കിട്ടുമ്പോൾ മഴ തീരാൻ കുട്ടികൾ കാത്ത് നിൽക്കുന്നപോലെ ആയിരുന്നു അന്ന് സമുദായക്കാരെല്ലാം. മഴ തോർന്നപ്പോഴൊക്കെ രണ്ട് കൂട്ടരും തല്ലുകൂടി. ക്ഷമിക്കണം, രണ്ട് കൂട്ടരല്ല. കൂട്ടത്തിൽ ആദ്യമില്ലാതിരുന്ന കൂട്ടരും എങ്ങനെയൊക്കെയൊ തർക്കത്തിൽ പങ്കാളികളായി.

ഹർത്താലിനിടയ്ക്ക് സമാധാനപരമായി നടത്താനിരുന്ന ഒരു പെരുന്നാൾ റാസാ ഘോഷയാത്ര റോഡ് ഉപരോധം കാരണം നടന്നില്ല. അതിലുപരി, ആ അനീതി ചോദ്യം ചെയ്യാൻ ചെന്നവരെ ആട്ടിയോടിച്ച ഹർത്താൽ അനുകൂലികൾ വിശ്വാസികൾ മെഴുകുതിരി കത്തിച്ച് കൂടിയിരുന്ന ഒരു കുരിശുംതൊട്ടിക്ക് നേരെ അക്രമം അഴിച്ചുവിട്ടു. എറിയപ്പെട്ട കല്ലുകൾ പള്ളിയുടെ മണിയുള്ള ഗോപുരത്തിനടുത്ത് വരെയും, അച്ചന്റെ മേടയിലും വരെ എത്തിയത്രെ.

ഹർത്താലിന്റെ മറവിൽ നിരീശ്വരവാദികളായവരുടെ പാർട്ടി അഴിച്ചുവിട്ട ഒരു നാടകമാണ് അക്രമമെന്ന് കാഴ്ചക്കാരിൽ ചിലർ വിധിയെഴുതി. അങ്ങനെ മൂന്ന് മതക്കാരും പരസ്പരം തല്ലി. വിശ്വാസിയല്ലെന്ന് പറഞ്ഞിരുന്ന കമ്മ്യൂണിസ്റ്റ് മതക്കാരിൽ ചിലർ വിഘടിച്ച് അവരവരുടെ മതങ്ങൾടെ അഭിമാനം സംരക്ഷിക്കാൻ പോരിന് ഇറങ്ങി. എല്ലാ മതക്കാരോടും പുച്ഛം മാത്രമുണ്ടായിരുന്ന നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാരും പള്ളി പ്രശ്നത്തിൽ പ്രതി ചേർക്കപ്പെട്ടതോടെ വെട്ടാനും കുത്താനുമുള്ള ആയുധങ്ങളന്വേഷിച്ച് പാഞ്ഞു. അവർ കത്തിയും വാളുമിറക്കിയാൽ നമ്മൾ ഈ അവസരം മുതലാക്കി അവരുടെ പാർട്ടി ഓഫീസിന് നേരെ 2 ബോംബെങ്കിലും എറിയണമെന്ന് പ്രമുഖ പാർട്ടിയുടെ ജില്ലാ ഭാരവാഹികൾ അണികളെ ഉപദേശിച്ചു.

144 പ്രഖ്യാപിക്കുന്നത് വരെ ദൈവംപടി നിന്ന് കത്തി. വടക്കേ ഇന്ത്യയിൽ നടക്കുന്നയത്രയും പ്രശ്നങ്ങളൊന്നും ദൈവംപടിയിൽ നടന്നില്ലെന്ന് പ്രമുഖർ ഇറക്കിയ പോസ്റ്റുകളെല്ലാം വൈറലായി. കുമ്മനടി, പിണുവടി, ദ്രാവിഡായി, തുടങ്ങിയ പ്രയോഗങ്ങളാൽ തുടങ്ങി വെച്ച സോഷ്യൽ മീഡിയ നിഘണ്ടുവിലേക്ക് ദൈവംപടി എന്നൊരു പുതിയ പ്രയോഗം ചേർക്കപ്പെട്ടു. ഇന്നിപ്പോൾ കൂട്ടത്തിലുള്ള എല്ലാവരും എന്തിനാണ് തല്ലുന്നതെന്ന് മതിമറന്ന് തല്ലുണ്ടായാൽ ദൈവമ്പടീന്നേ പറയാറുള്ളു. എന്തിനേറെ പറയുന്നു,  #ദൈവംപടി‌_വിൽ_സർവൈവ് എന്ന ഹാഷ്ടാഗ് രാജ്യമൊട്ടാകെ ട്രെൻഡിംഗ് ലിസ്റ്റിൽ ഒരു ദിവസത്തേക്ക് സർവൈവ് ചെയ്തു.

ദൈവംപടിയിൽ നിലകൊണ്ടിരുന്ന ദൈവം ആ നാട്ടുകാരെ ഒരു ചെങ്കണ്ണിന്റെ രൂപത്തിൽ പരീക്ഷിച്ചു. അവരെല്ലാം തോറ്റുപോയി എന്ന് അക്രമത്തിനൊന്നും പോവാത്ത സമാധാനപ്രേമികൾ ഓരോ മുക്കിലും മൂലയിലും നിന്ന് പ്രസംഗിച്ചത് ഗുണം ചെയ്തു. സർവ്വകാല പ്രതാപ കഥകളും സമാധാനപൂർണ്ണമായ ചരിത്രവും എല്ലാം വീണ്ടും എല്ലാവരിലും നന്മ നിറച്ചു.

പക്ഷെ ഇതെല്ലാമൊരു ആമുഖം മാത്രമായിരുന്നു. പിറ്റേന്ന് മറ്റൊരു വാർത്തയാണ്‌ ആ നാടിനെ നടുക്കിയത്.

സംഗീത ടീച്ചർ ലീവിന്‌ അപ്പ്ളൈ ചെയ്തു, അവർക്ക് ചിക്കൻപോക്സ് ആണ്‌.

പോൾ മാഷിന്റെ ഏക മകൻ ആന്റോ ലീവെടുത്ത് ചിക്കൻപോക്സിന്‌ ചികിത്സ തുടങ്ങിയിട്ട് കൃത്യം മൂന്നാം ദിവസം!!

Previous post മഗ്ദലനക്കാരി – (ചെറുകഥ)
Next post സോംബി – (ചെറുകഥ)

Leave a Reply

Your email address will not be published. Required fields are marked *