ജീവിതത്തിൽ എഴുതിയ ആദ്യ ചെറുകഥയാണിത്. കഥ പറഞ്ഞ് തന്നവളോട് കടപ്പാടുണ്ട്. ഇനിയങ്ങനെ ആർക്കും വരാതിരിക്കട്ടെ.

പാറു

“അച്ഛാ, നാൻ പെണ്ണായി പോയത് കഷ്ടായി ല്ലേ?”

ഈ ഉണ്ട കണ്ണുള്ളവരെന്തെങ്കിലും വിഷമം പറയുന്നത് കേട്ടാൽ തൊണ്ട വരണ്ട് പോവും. അതിലേക്ക് നോക്കുന്നവരെ ഉള്ളിലേക്ക് വലിച്ചെടുക്കും. പാറു എന്റെ നെഞ്ചത്ത് കിടന്ന് പുതിയ എന്തോ വിഷമം കണ്ടുപിടിച്ചിട്ടുണ്ട്. അതങ്ങനെയെ വരൂ. ഇവൾടെ വയറ്റീന്ന് അല്ലേ വന്നതെന്ന് ഓർത്ത് ഞാൻ വലത് വശത്ത് കിടക്കുന്ന ഉത്തമാർദ്ധത്തെ നോക്കിയപ്പൊ അവൾ അതിലും വല്യ രണ്ട് ഉണ്ട കണ്ണിട്ട് എന്നെ നോക്കി പേടിപ്പിക്കുന്നു.

 കണ്ണെടുത്തേക്കാം. പാറുവാ ഭേദം.

 അങ്ങനെ ഈ ഞായറാഴ്ചത്തെ ഉച്ചയുറക്കവും സ്വാഹ. കിടന്ന കിടപ്പിൽ തന്നെ കഷ്ടപ്പെട്ട് തല ഒന്നുകൂടെ കുനിച്ച് അവളെ ഗൗനിച്ചുകൊണ്ട് ചോദിച്ചു,

 “പെണ്ണായിട്ട് നെനക്ക് എന്താപ്പൊ ഇവിടൊരു കൊറവ്?”

 “അമ്മയോട് അമ്മമ്മേ കാണാൻ പോവാംന്ന് ചോയിച്ചപ്പൊ…. കല്യാണം കഴിഞ്ഞാ പിന്നെ പെൺകുട്ടിയോള്‌ക്ക് എപ്പഴും എപ്പഴും വീട്ടീ പോവാനൊന്നും പറ്റില്ലാന്ന്. നാൻ വലുതായാ ന്റേം കല്യാണം കഴിയില്ലേ!?”

പ്രകടന പത്രികയിൽ ഭാവിയിൽ നടന്നേക്കാവുന്നതിനെക്കുറിച്ചുള്ള വാചക കസറത്ത് പാവങ്ങൾടെ അടുത്ത് ഇറക്കുന്ന പോലെ, ഇതൊക്കെ മൊട്ടേന്ന് വിരിയാത്തവളോട് പറയുന്നവളേ പറയണോ, അതോ ഇവളിപ്പൊ കാണുന്ന സീരിയല്‌ ചെയ്യുന്നവരേ പറയണോ!

ഇതൊക്കെ വരുത്തി വച്ചിട്ട് ഒരക്ഷരം മിണ്ടാതെ എന്റെ വശത്ത് പറ്റിച്ചേർന്ന്‌ കിടന്ന് ചിരിക്കുന്നവളെ ഞാൻ ഒന്നൂടെ നോക്കി. ചിലപ്പൊ അവൾക്കും വീട്ടിൽ പോവാൻ തോന്നുന്നൂന്ന് എന്നേ ബോധിപ്പിക്കാനാവും പാറൂനോട് ഇതൊക്കെ പറയുന്നത്. അല്ലെങ്കിൽ അതിലും രസകരമായ വേറേ എന്തെങ്കിലുമൊക്കെ മനസ്സിൽ കണ്ടിട്ടുണ്ടാവും.

എന്താണോ ആ ചിരിയുടെ പിന്നിൽ. പെണ്ണുങ്ങളേ ഇനി ഞാൻ എന്ന് മനസ്സിലാക്കാനാണോ എന്തോ!

 “പാറൂട്ടി, അതിനൊക്കെ ഇനി എത്ര കാലം കിടക്കുന്നു.”

 “പാറൂട്ടി കുറച്ചൂടെ വൽതായാ സാരി ഉടുപ്പിക്കാന്ന് പറഞ്ഞില്ലെ അന്ന്. അപ്പൊ പിന്നെ കല്യാണാവില്ലെ. എനിക്കിവിട്ന്ന് പോണ്ട.”

ചിരിച്ചാൽ അവളടെ കുഞ്ഞ് തലയ്ക്കകത്ത് എനിക്കവളേ വേണ്ട എന്ന് വല്ലതും വിചാരിച്ചാലോന്ന് പേടിച്ച് ചിരിച്ചില്ല. പക്ഷെ ആ സമയത്തെ ഭാവം ഇഞ്ചി കടിച്ചതിലും വഷളായിരുന്നു.

 “പാറൂട്ടിയെ ഞാനിപ്പൊ എങ്ങടും പറഞ്ഞയക്കില്ല്യാ ട്ടോ. വലുതായിട്ട് പാറൂട്ടി തന്നെ പറയുന്ന കാലം വന്നാ അന്നേ അച്ഛൻ അങ്ങനെ ചെയ്യു.”

 “ന്നാ അതിണ്ടാവില്ല്യാട്ടാ. എനിക്കീ വീട്ടീന്ന് പോണ്ട.”

 “ശരി, എല്ലാം പാറു പറയണ പോലെ.”

 അവസാനം ചിരിച്ചു.

 മുജ്ജന്മ സുഹൃദം, വല്യ ബഹളമില്ലാതെ ഇത്തവണയും പ്രശ്നം പരിഹരിച്ചു. അതിന്റെ സന്തോഷത്തിൽ തലയിണയിലേക്ക് ഒന്നുകൂടെ തല അമർത്തി മയക്കത്തിലേക്ക് നീങ്ങി.

 സമാധാനം അധികനേരത്തേക്ക് നീണ്ടില്ല. ഉടനെ വന്നു അടുത്ത സംശയം. ഇത്തവണ സൈദ്ധാന്തിക തലത്തിൽ നിന്നില്ല, പ്രായോഗികമാക്കാനും ഒരു ശ്രമം നടത്തി.

 ആണുങ്ങൾടെ നെഞ്ചത്തുള്ളാ ആ വല്യ കടുക് മണിയെ മുലക്കണ്ണെന്ന് വിളിക്കാമെങ്കിൽ, എന്റെ ഇടത്തേ മുലക്കണ്ണിൽ പാലുണ്ടോ എന്ന്‌ നോക്കി. പരാജയം ഏറ്റ് വാങ്ങി വീണ്ടും എന്നേ ഉണ്ട കണ്ണിട്ട് വിഷമിപ്പിച്ചു.

 “എന്താടി? അമ്മ പാല്‌ തരല്‌ കൊറച്ചതിനാണോ പുതിയ സ്ഥലം കണ്ട് പിടിക്കാൻ നോക്കണേ?”

ആ പറഞ്ഞതിന്‌ എന്റെ വലത് കൈയ്യിലെ കുറച്ച് തൊലി അവളടെ അമ്മേടെ  നഖത്തിലിരുന്നു. ഞാൻ വേദന പുറത്ത് കാണിച്ചില്ല. ഇതൊക്കെയിപ്പൊ എത്രയായി കിട്ടുന്നു.

 തലയണ ഒന്നൂടെ ചരിച്ച് വെച്ച്, നെഞ്ചിൽ കിടക്കുന്ന പാറൂനേ നോക്കി.

 “എന്താ പാറൂ?”

 “പാറൂന്റെ അമ്മിഞ്ഞ പോലെ തന്നെയാണോ അച്ഛന്റെ അമ്മിഞ്ഞാന്ന് നോക്കീതാ. എന്താ അമ്മേടേ അമ്മിഞ്ഞേല്‌ മാത്രം പാല്‌?”

 ഞാനൊന്ന് ഞെട്ടി. അവൾടെ അമ്മ അതിലധികം.

ഇതിപ്പൊ എങ്ങനെ പറഞ്ഞ് കൊടുക്കാം?

വയറ്റിലായിരിക്കുമ്പൊ ജനിതകപരമായി എല്ലാ ഭ്രൂണത്തിനും ഇത് വരുമെന്നും, പിന്നെ കുറച്ച് ആഴ്ച കഴിഞ്ഞാണ്‌ ലിംഗ നിർണ്ണയമൊക്കെ നടന്ന് ആണ്‌ ആണാവുന്നതെന്നും പെണ്ണായി വളരുന്നതെന്നുമൊക്കെ പറഞ്ഞാ മുതിർന്നവർക്ക് പോലുമൊരു ചുക്കും മനസ്സിലാവണമെന്നില്ല. ഇനി അതല്ലാതെ ഇതിന്‌ വല്യ ഉപയോഗം വല്ലതും അടുത്തെങ്ങാനും ആരെങ്കിലും കണ്ടുപിടിച്ചോന്ന് ഒരു ധാരണയുമില്ല.

കഥയിലെ വില്ലത്തി എന്റെ ഭാര്യാണെങ്കിൽ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വാ തുറക്കാറില്ല. അവൾക്ക് ഇങ്ങനെയുള്ളതെല്ലാം ഞാൻ തീർത്ത് കൊടുക്കുന്നതാണ് ഇഷ്ടം. ഇതുപോലെയൊക്കെ ഇവള്‌ ചോദിച്ചപ്പോൾ ഇവൾടെ അമ്മ ഒന്നും പറഞ്ഞ് കൊടുക്കാറില്ലായിരുന്നോ ഇനി!?

നെഞ്ചത്ത് കിടക്കുന്ന കുഞ്ഞ് പാറൂനെ അനക്കുമാറ്‌ ഞാനൊരു ദീർഘശ്വാസമെടുത്തു.

“പാറു അമ്മേടത്രേം വലുതാവില്ലേ എന്നെങ്കിലും? അന്ന് അമ്മയ്ക്ക് പാറു ഇണ്ടായ പോലെ പാറൂന്‌ ഒരു കുഞ്ഞ് മോനോ മോളോ ഉണ്ടാവില്ലേ. ആ വാവയ്ക്ക് പാല്‌ കിട്ടാൻ കരയുമ്പോഴേക്ക് പാറൂനും അമ്മിഞ്ഞയൊക്കെ ഇണ്ടാവും.”

 ഉത്തരം തൃപ്തിപ്പെടുത്തിയെന്ന് തോന്നുന്നു, ക്വിസ് മാസ്റ്റർ അലോചനയിലാണ്‌.

 അവള്‌ കാണാതെ ഉത്തരം തരക്കേടില്ലല്ലൊ അല്ലേ എന്ന് കണ്ണുകൊണ്ട് ഇതെല്ലാം കണ്ട് കിടക്കുന്നവളോട് ചോദിച്ചു. അവൾടെ മുഖത്ത് വീണ്ടുമാ അർത്ഥമില്ലാത്ത ചിരിയാണ്‌.

 ഭാഗ്യം.

 ഞാൻ വീണ്ടും പാറൂനെ നോക്കി.

 അവളും ചിരിക്ക്യാണല്ലൊ. ങേ!

 “ന്താ പാറൂട്ടീ?”

 “പാറൂ പറഞ്ഞു പാറൂന്റെ അമ്മിഞ്ഞേല്‌ പാലില്ലാന്ന്, പക്ഷെ ലാലുവേട്ടൻ കേട്ടില്ല. കൊറേ കൊറേ തവണ പാല്‌ കുടിച്ചാൻ നോക്കി. പാവം ലാലുവേട്ടൻ!”

Next post മഗ്ദലനക്കാരി – (ചെറുകഥ)

Leave a Reply

Your email address will not be published. Required fields are marked *