“അച്ചോ, ആ പാലത്തുങ്കലെ ബോണിക്ക് തലയ്ക്ക് വല്ല പ്രശ്നോമൊള്ളതായിട്ട് തോന്നീട്ടൊണ്ടോ? ഒന്നുരണ്ടാഴ്ച ആയിട്ട് അവൻ വീട്ടിൽ കെടക്കാറില്ലത്രെ. എന്നും രാത്രി ഒരു ബാഗും തൂക്കി ബൈക്കേൽ വീട്ടീന്ന് എറങ്ങും. ഇത്രയും വലിയ വീടും പണിതിട്ടിട്ട്, പിന്നെ ഇവനിത് എവടെ പോവുന്നൂന്ന് ചോദിച്ചിട്ട് മറുപടിയില്ല. എനിക്ക് ഇത് അത്ര പന്തിയായിട്ട് തോന്നുന്നില്ലച്ചോ.”

“അവൻ എവടെ കെടന്നാലും തനിക്കെന്താടോ?”, സാമുവേലച്ചൻ കപ്യാരോട് തട്ടിക്കയറിയത് സാമ്പാറിലിട്ട പിരിയൻ മുളകുപൊടിയെ നെറുകയിൽ എത്തിച്ചു. അച്ചൻ വെള്ളം കുടിച്ച് ചുമ നിർത്തുന്നത് വരെ കപ്യാര് ഒന്നും മിണ്ടാതെ കാത്തിരുന്നു. എന്നിട്ട് പറയാറായെന്ന് വന്നപ്പോൾ കുനിഞ്ഞ് അച്ചന്റെ ചെവിക്ക് പുറകിൽ ചുണ്ടെത്തിച്ച് അടക്കം പറഞ്ഞു,

“തലയ്ക്ക് സുഖമില്ലെന്ന് പരക്കുന്നതാ ഭേദം…അതല്ലെങ്കി പ്രശ്നവാ…അവൻ പ്രമാണം തെറ്റിക്കുന്നൊണ്ടെന്നാ കരക്കമ്പി.”

“എത്രാമത്തേത്?”

“അതിപ്പം..”

“ഏതാണെന്നങ്ങ് മൊഴിയാവോ? എനിക്ക് ആലിന്മൂട്ടിലെ സ്ലീവാടെ വീട്ടിലൊന്ന് പോയിട്ട് ആവശ്യമൊണ്ടാരുന്നു.”

“വ്യഭിചാരം..”

“എനിക്ക് തോന്നുന്നില്ല. അവൻ കെട്ടാതെ നിക്കുന്നത് അവന്റെ ഇഷ്ടം. ഞാൻ കെട്ടിയിട്ടില്ലല്ലൊ. ഞാൻ എടയ്ക്ക് ബാഗും തൂക്കി അമ്മച്ചിയെ കാണാൻ പോവുന്നതിനും നാട്ടുകാർ ഇതൊക്കെ പറയുന്നൊണ്ടോടോ?”

“ഇതങ്ങനല്ലച്ചോ, കൊറച്ച് കാലമായിട്ട് രാത്രി അവൻ ബാഗും തൂക്കി മൂന്നും കൂടുന്നിടത്ത് നിന്ന് എടത്തോട്ട് അങ്ങ് ദൂരോട്ട് ബൈക്ക് ഓടിച്ച് പോവാറോണ്ട്. കൊറേ കഴിയുമ്പം വെളിച്ചമങ്ങ് നിക്കും. അവിടെ 1000 ഏക്കർ പാടവും അതിന്റെടേലൊള്ള തോടുമാ. ആ പരിസരത്ത് ആകെ വീടൊള്ളത്…പള്ളീം സഭേമൊന്നും വേണ്ടാന്ന് പറഞ്ഞ് ജീവിക്കുന്ന ഒരു സിസിലിയാ. മീൻ മാർക്കറ്റിലേ ഓമനാ ഫിഷസ് കട നടത്തുന്നവള്. നാട്ടിലാർക്കും അറിഞ്ഞൂട ഈ പിശാശ് എങ്ങനാ പൈസ ഒണ്ടാക്കി കച്ചവടത്തിന് എറക്കുന്നേന്ന്. പെഴയാന്നാ നാട്ടുകാർടെ ഒരു… അതിനൊരു മറയാ ഈ മീൻ കച്ചോടം.”

“വേണ്ടാതീനം പറഞ്ഞ് പരത്താൻ എന്തോരം ചാരന്മാരാടോ ഈ നാട്ടില്? ഇതാരാ തന്റെ ഈ സീസീറ്റിവി ക്യാമറ. ആരാണേലും അവൻ കണ്ടോ ഈ ബോണി സിസിലീടെ വീട്ടീ കേറി പോവുന്നത്? ഇല്ലല്ലൊ? ഇത് സിസിലിയെ നോക്കി വെള്ളമെറക്കുന്ന ഏവനോ ഒരുത്തന്റെ മനസ്സിൽ ഒണ്ടായ കഥയാ.”

“അല്ല അച്ചോ.. ഈ സിസിലീടെ കടാന്ന് പറഞ്ഞാ ചന്തേല് പെണ്ണുങ്ങള് മാത്രം നടത്തുന്ന കട അതേ ഒള്ളു. ഒള്ള പണിക്കാരികളെല്ലാം…ഇച്ചിരി വശപ്പെശകാ… കെട്ടാതെ പെഴച്ചതുങ്ങളും കെട്ട്യോനെ ഇട്ടിട്ട് പോയതിങ്ങളും ഒരു 4 എണ്ണം.. വെല പറയുന്ന മീൻ വെട്ടി വൃത്തിയാക്കി കൊടുക്കുന്ന കൊണ്ട് നല്ല കച്ചവടമാ. പക്ഷെ ഇവറ്റുങ്ങൾക്ക് മീൻ കിട്ടുന്നതിലാ എല്ലാർക്കും അത്ഭുതം. ട്രോളിംഗ് നിരോധനം ഒള്ളപ്പഴും ആറ്റുമീൻ വിക്കും. ഇതൊക്കെ ഏത് പെഴച്ചവന്മാര് എത്തിച്ചുകൊടുക്കുന്നെന്നോ.. സമരം ഒള്ളപ്പഴും ഇവൾക്ക് മാത്രം എവിടുന്നൊക്കെ പൈസ ഒണ്ടാക്കുന്നെന്നോ ആർക്കും അറിഞ്ഞൂട.”

“അറിഞ്ഞൂടാത്ത കാര്യം ഊഹിച്ചെടുത്ത് പൂരിപ്പിക്കാനല്ല എടവക തനിക്ക് ശമ്പളം തരുന്നത്. സീസീറ്റിവിക്കാരോട് പറഞ്ഞേക്ക് വന്ന് കുമ്പസാരിക്കാൻ.”, എന്നും പറഞ്ഞ് അച്ചൻ കസേര നിരക്കി എഴുന്നേറ്റു. അളിയൻ സമ്മാനിച്ച പിയറെ കാർഡിൻ വാച്ചിലേക്ക് ഒന്ന് നോട്ടം പായിച്ചു. സമയം രണ്ട് മണി കഴിഞ്ഞിരിക്കുന്നു. ഇത്രയും വൈകി കഴിക്കുന്നതുകൊണ്ടാവണം വയറ്റിലൊരു ഉരുണ്ടുകയറ്റം. ഒരു ഏമ്പക്കം വിടുന്നത് വരെ കാത്ത് നിന്നതിന് ശേഷം തൃപ്തി വന്ന സന്തോഷത്തോടെ, വായും മുഖവും കഴുകി തുടച്ച് കണ്ണാടിയിൽ നോക്കി. ദൈവഭയം മുഖത്തുണ്ടല്ലോയെന്ന് ഉറപ്പ് വരുത്തിയിട്ട് പുറത്തേക്കിറങ്ങി.

എതാണ്ട് ഇതേസമയം, പാലത്തുങ്കൽ എന്ന് ഗ്രാനൈറ്റിൽ എഴുതി തൂക്കിയിട്ടിരിക്കുന്ന രണ്ട് നിലയുള്ള മാളികയിൽ ഏറ്റവും ചെറിയ മുറിയിൽ അലാറം കേട്ട് ബോണി സ്വപ്നത്തെ ഒഴിവാക്കി ലോകത്ത് തിരിച്ച് വന്നു. പതിവ് മുടക്കാതെ തന്നെ അധികം വൈകാതെ തോട്ടത്തിന്റെ മേൽനോട്ടം വഹിക്കുന്ന സുഭാഷേട്ടനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കും. കുളിച്ചൊരുങ്ങി കഴിച്ച് കഴിഞ്ഞാ ഇരുട്ടുന്നതിന് മുൻപേ തോട്ടത്തിലും പറമ്പിലും നിൽക്കുന്നവർക്കെല്ലാം നേരിട്ട് ചെന്ന് കൂലി കൊടുക്കും. അന്നേരമല്ലാതെ മനുഷ്യർ ചിരിക്കുന്നതിലൊന്നും വലിയ സത്യമില്ലെന്നാണ് ബോണിയുടെ പക്ഷം. ആ സന്തോഷം കാണും. കൂലിക്കൊപ്പം ഒരു പുഞ്ചിരിയും കൂടെ കൊടുക്കും, എന്നിട്ട് രാജ്മഹൽ ഹോട്ടൽ ലക്ഷ്യമാക്കി തിരിച്ച് കവലയിലേക്ക് നടക്കും.

റബ്ബർ തോട്ടങ്ങളുടെ നടുവിലൂടെ കല്ല് പാകിയ വഴിയിലൂടെ നടക്കുമ്പോൾ എന്നും ബോണി ആലോചിക്കും എങ്ങനെയാണ് അച്ചാച്ചൻ തന്നേയും പുറകിലിരുത്തി പഴയ ആ ബി.എസ്.എ സൈക്കിളിൽ ഈ വഴി പോയിരുന്നതെന്ന്. അന്ന് ഇതിലും ദുർഘടം പിടിച്ചതായിരുന്നു ആ വഴി. വീഴാൻ പോവുകയാണെന്ന് മനസ്സിലുറപ്പിച്ച് കണ്ണുമടച്ച് അച്ചാച്ചന്റെ വയറ്റിൽ അള്ളിപ്പിടിച്ച് ഇരിക്കും. കണ്ണ് തുറക്കുമ്പൊ പക്ഷെ കവലയിൽ എത്തിയിരിക്കും. മിനുസമുള്ള ഒരു കല്ലിൽ ചവിട്ടി തെന്നിയപ്പോൾ വീണ്ടും അവൻ ഓർത്തു, അച്ചാച്ചൻ എങ്ങനെയായിരുന്നു സൈക്കിളോടിച്ചിരുന്നത്? ഉപ്പൂറ്റിയുടെ ഭാഗം കൂർത്ത കല്ലിൽ ഇടിച്ചിടത്ത് ഒരു വേദനയുണ്ട്. തൊലി ഇളകിക്കാണുമെന്ന് തോന്നിയെങ്കിലും അത് വക വെയ്ക്കാതെ നടന്നു.

രാജ്മഹലിലെ പാൽച്ചായ മറ്റൊരു പതിവാണ്. ഭക്ഷണം കഴിക്കാൻ വന്നിരുന്നവരെല്ലാം വായിച്ച് നശിപ്പിച്ച, ഒരു കണക്കിന് പറഞ്ഞാൽ കറിയിലും എണ്ണയിലും മുക്കിയെടുത്ത അന്നത്തെ പത്രം വായിക്കും. രാജ്മഹൽ എന്നൊക്കെ പേരുണ്ടെങ്കിലും അതൊരു ചെറിയ പഴഞ്ചൻ ഹോട്ടലാണ്. ചായ കുടിക്കുമ്പോഴേക്ക് പണിക്ക് നിൽക്കുന്ന നേപ്പാളി പൈയ്യൻ പതിവ് പൊതി കൊണ്ടുവരും. ഉച്ചയ്ക്കുണ്ടാക്കിയ ചോറും സാമ്പാറും ഒന്നുകൂടെ തിളപ്പിച്ചതാണ്. കൊഴുവ വറുത്തതുണ്ടാക്കുന്ന ദിവസം അതും ഒരു പ്ലേറ്റ് ബോണിക്കുവേണ്ടി മാറ്റി വെക്കും. അതാണ് കരാർ. പൊതിയും മേടിച്ച് ബോണി തിരിച്ച് നടക്കും.

കവലയിൽ വെറുതെ നിന്ന് വിടുവായത്തരം പറയുന്ന എല്ലാവരും പൊതിയും പിടിച്ചുള്ള ബോണിച്ചന്റെ നടപ്പ് കാണുമ്പോൾ അവന് പാചകം അറിയില്ലെന്നും, പാചകത്തിന് വീട്ടിൽ നിർത്തിയിരിക്കുന്ന സ്ത്രീക്ക് പ്രായമായതുകൊണ്ട് രുചിയൊന്നുമില്ലെന്നും, പഴയ നിലയല്ലാത്തതുകൊണ്ട് ഹോട്ടലിൽ ഇരുന്ന് കഴിക്കുന്നത് കുറച്ചിലാണെന്നും, വീട്ടിൽ ചെന്നയുടൻ വെട്ടിവിഴുങ്ങുമെന്നും അങ്ങനെ പലതും അടക്കം പറയും. പക്ഷെ അതൊന്നുമല്ല സത്യം. ത്രേസ്യാമ്മച്ചിയുടെ വിഭവങ്ങൾക്കെല്ലാം നല്ല രുചിയാണ്. പക്ഷെ അവരുടെ രുചി അവന് ഓർമ്മകളെ കൊടുക്കില്ലായിരുന്നു. അവന് ഓർമ്മകളും പ്രധാനമാണ്. ഒരു നേരമെങ്കിലും ചെറുപ്പകാലത്തെ ഓർമ്മകളിൽ ജീവിക്കാനും രുചിക്കാനുമാണ് ചോറും സാമ്പാറും കൊഴുവ വറത്തതും.

ചെറുപ്പകാലത്തെ ഓർമ്മകൾ മാത്രം മതിയായിരുന്നില്ല, ബോണിക്ക്. കുരിശുംതൊട്ടിയുടെ അടുത്ത് തുടങ്ങിയ ബേക്കറിയിൽ നിന്ന് പതിവ് റോൾ ഷവർമയും എന്നും മേടിക്കുമായിരുന്നു. എന്നാൽ ഇത്തവണ അവിടുന്ന് ഇറങ്ങുമ്പോൾ സാമുവേലച്ചൻ ചേതക് സ്കൂട്ടർ വട്ടം വെച്ച് നിർത്തി വണ്ടിയിൽ കേറാൻ പറഞ്ഞു. നാട്ടുകാരെല്ലാം ശ്വാസം പിടിച്ച് നിന്ന് ആ പതിവില്ലാത്ത രംഗം വീക്ഷിക്കുവാണ്. സുശീന്ദ്രൻ ചേട്ടന്റെ നരച്ചമീശ ചായയിൽ മുങ്ങിപ്പൊങ്ങിയപ്പോൾ അതിനൊപ്പം പൊങ്ങിയ മൂന്ന് തുള്ളി ചായ താഴെ വീണത് പോലും നിശബ്ദമായ ആ കവലയിൽ വീണ് നാലുപാടും പ്രതിധ്വനിയെ പായിച്ചു.

പതിവ് തെറ്റുന്നതിന്റെ ചിന്തകളും, എന്താവാം അച്ചന്റെ ഉദ്ദേശമെന്ന് ഊഹിക്കാനാവാത്തതും, നാട്ടുകാരുടെ അനാവശ്യ ജിജ്ഞാസയും കാരണം ബോണി ഒരു നിമിഷം തരിച്ച് നിന്നു. വീണ്ടും ആവശ്യപ്പെട്ടപ്പോൾ അച്ചന്റെ സ്കൂട്ടറിന് പുറകിൽ കയറി. കവലയിലെ കാഴ്ചക്കാർക്ക് ചുമയ്ക്കാനായി പുകയെ മാത്രം ബാക്കിയാക്കി ശകടം മുന്നിലേക്ക് കുതിച്ചു.

അല്പനേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല. വണ്ടി പാലത്തുങ്കൽ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ ഗേറ്റ് കടന്ന് അകത്ത് കടന്നതും അച്ചൻ സ്കൂട്ടർ ഒരു വശത്ത് പാർക്ക് ചെയ്തു. ബോണി ഒന്നും പറയാതെ നേരെ പട്ടിക്കൂട്ടിനരികിലേക്ക് ചെന്നു. ഏത് ഇനമാണെന്ന് അധികമാർക്കും മനസ്സിലാവാത്ത, എന്നാൽ നാടനാണെന്ന് തോന്നിക്കുന്ന ഒരു തടിമാടൻ പെൺപട്ടിയെ തുറന്ന് വിട്ടിട്ട്, അവന്റെ പാത്രം മുന്നിലേക്ക് വെച്ച് കൊടുത്തു. എന്നിട്ട് കൈയ്യിലുള്ള ഷവർമയുടെ പൊതി അഴിച്ച് ചുരുട്ടിയ ഖുബ്ബൂസിനകത്തുള്ള ഭൂരിഭാഗം ഫില്ലിംഗ്സും അവൾക്ക് തിന്നാൻ ഇട്ട് കൊടുത്തു. തൊട്ട് നക്കാൻ പാകത്തിന് അല്പം ബാക്കി വന്നത് ഖുബ്ബൂസിൽ തന്നെ പൊതിഞ്ഞ് തന്റെ കൈയ്യിലുള്ള ചോറിന്റെ പൊതിക്കൊപ്പം ചേർത്തു. ഇതെല്ലാം കണ്ട് നിന്ന അച്ചൻ ഇനിയും ഒന്നും മിണ്ടാതെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി.

“ബോണീ, നിനക്ക് വല്ല സൂക്കേടുമൊണ്ടോ? അല്ല, ഇത് എന്റെ സംശയവല്ല. നാട്ടില് മൊത്തം അങ്ങനൊരു…ഏ..അങ്ങനെ വല്ല പ്രശ്നവുമൊണ്ടോ? നിനക്ക് എന്തും മേടേൽ വന്നാ എന്നോട് സംസാരിക്കാം. അത് നിനക്ക് അറിയാവല്ലൊ അല്ലേ?”

ബോണി ഒന്ന് ചിരിച്ചു. പിന്നെ അധികം നിർബന്ധിക്കാതെ തന്നെ അച്ചൻ ചോദിച്ചതിനെല്ലാം കുമ്പസാരമെന്നമട്ടിൽ തന്നെ മനസ്സ് തുറന്നു.

കൂട്ടുകുടുംബത്തിലുണ്ടായിരുന്നവരുടെ കടമെല്ലാം ചാച്ചൻ ഏറ്റെടുത്തപ്പോഴേക്ക്, ചാച്ചന്റെ കാലം തീരാറായിയെന്ന് എല്ലാവർക്കുമറിയാമായിരുന്നു. അങ്ങനെ വിമാനം കയറിയതാണ് ബോണി. ദുബായിൽ എന്തോ കൂടിയ പണി എന്നേ നാട്ടിൽ എല്ലാവർക്കും അറിഞ്ഞിരുന്നുള്ളു. പക്ഷെ ബോണി ദുബായിൽ നിന്നും അകലെ ലെബനോനിലായിരുന്നു. മരുഭൂമികളാൽ ചുറ്റപ്പെട്ട എല്ലാ പശ്ചിമേഷ്യൻ രാജ്യങ്ങളേയും ഗൾഫെന്ന ഓമനപ്പേരിൽ വിളിക്കുന്നവർക്കറിയില്ല ലെബനോൻ ഭൂപ്രദേശങ്ങൾക്ക് കുറചുകൂടെ ഒരു യൂറോപ്യൻ ചായ്‌വാണ്. അവിടെ ബേഖാ താഴ്വാരത്തിൽ ഒരു അറബിയുടെ കീഴിൽ കൃഷിക്കാരൻ ആയിരുന്നു ബോണി. പുകയിലച്ചെടി കൃഷി മുതൽ, വൈനറികളടക്കം പലതിന്റെയും ഉടമസ്ഥനായ അറബി ബോണിയെ ഏൽപ്പിച്ചിരുന്നത് വെറുമൊരു നായയെ നോക്കാനാണ്. വെറുമൊരു നായ എന്ന് പറഞ്ഞ് ഒഴിവാക്കാനാവില്ല. അർമേനിയൻ ഗാമ്പ്ർ ഇനത്തിൽ പെട്ട കബീർ എന്നൊരു നായ. അറബിയുടെ 200 ചെമ്മരിയാടുകളെ മേയിക്കുന്നതും, അവരെ സംരക്ഷിക്കുന്നതും, തിരിച്ച് കൂട്ടിൽ കയറ്റുന്നതും എല്ലാം കബീറാണ്. കബീറിനെ മകനെപ്പോലെ വളർത്തുക എന്ന ചുമതല മാത്രമായിരുന്നു ബോണിക്ക്.

കഥ കബീറിലെത്തിയപ്പോപ്പോഴേക്ക് ചരിഞ്ഞുകുത്തിപ്പെയ്യുന്ന ഒരു മഴ അവരെ പാലത്തുങ്കലെ വീടിന്റെ സിറ്റൗട്ടിലേക്ക് ഓടിച്ചു.

“എന്നാ മുഴുവനായിട്ടങ്ങ് പെയ്യുവോ അതുവില്ല. ചുമ്മാ മനുഷ്ഷരെ നനച്ചിട്ട് മേഘം പൊടീം തട്ടിയങ്ങ് പോവും. കോപ്പ്.”, സാമുവേലച്ചൻ തന്നോടാണോ അതോ കർത്താവിനോടാണോ പരാതി പറഞ്ഞതെന്ന് ബോണി സംശയിച്ചു. പക്ഷെ, അടുത്ത നിമിഷം ആ ചിന്ത ഉപേക്ഷിച്ചിട്ട് മഴ തന്ന ഓർമ്മകളിലേക്ക് പോയി. എന്തോ പറയാനായി അച്ചന് നേരേ തിരിഞ്ഞെങ്കിലും അത് വിഴുങ്ങി വീണ്ടും മഴയിലേക്ക് മുഴുകി.

“എന്നാടാ… മറ്റേ സിനിമേലേ പോലെ മരുഭൂമീല് മഴ പെയ്യുന്നത് കണ്ടിട്ടൊണ്ടോന്ന് ചോദിക്കാൻ വന്നതാന്നോ?”, ഇതും പറഞ്ഞ് അച്ചൻ ചിരിക്കാൻ തുടങ്ങി. പക്ഷെ ബോണിക്ക് ഒരു കുലുക്കവുമില്ല. അവനൊന്നും മിണ്ടിയതുമില്ല.

അച്ചന്റെ കണ്ണെടുക്കാതെയുള്ള അവനെ പഠിക്കാനുള്ള നോട്ടം അല്പം കൂടിയപ്പോൾ അവൻ ചോദിച്ചു, “അച്ചനെന്നാത്തിനാ വന്നേ?”

“നീ എങ്ങോട്ടാടാ എന്നും രാത്രീല് പോവുന്നെ?”

“ചോറുണ്ടിട്ട് ഒറങ്ങാൻ.”

“എവടെ?”

“ടെന്റില്.”

“അത് എന്നാത്തിനാ? നീ അധ്വാനിച്ച് കെട്ടിയ രണ്ട് നെല വീടൊള്ളപ്പൊ നീ എന്നാ സർക്കസ് കമ്പനി തൊടങ്ങാനാന്നോ ടെന്റീ പോയി ഒറങ്ങുന്നെ?”

ബോണിയുടെ കണ്ണിൽ ഒരു തിളക്കം വന്നത് അച്ചൻ ശ്രദ്ധിച്ചു. അവൻ ഓർമ്മകളിൽ ഒന്ന് മുങ്ങി നിവരുന്നതാണെന്ന് അയാൾക്ക് മനസ്സിലായി.

“ഞാനും ചാച്ചനും കൂടെ രാത്രീല് വല വീശാൻ പോവാറൊണ്ടാരുന്നു. ഒരു മണി കഴിഞ്ഞും ഒന്നും കിട്ടിയില്ലേൽ ഇങ്ങ് തിരിച്ചുപോന്ന് തിണ്ണേ കെടന്ന് ഒറങ്ങും. അല്ലേൽ വള്ളത്തീ തന്നെ ഒരു ടാർപായ കൊണ്ട് ടെന്റ് പോലെ വലിച്ച് കെട്ടി അതിനടിയിൽ, കരിമ്പടം പൊതച്ച് ചാച്ചന്റെ ചൂടും കൊണ്ട്….”

“അതിന്?”, അച്ചൻ അവനെ കുലുക്കിക്കൊണ്ട് ഓർമ്മകളിൽ നിന്ന് വെളിയിലിറക്കി.

“അതിനൊന്നുവില്ല. ഓർമ്മ പുതുക്കലാന്ന് കൂട്ടിയാ മതി.”

“അല്ലാതെ വേറേ കർത്താവിന് നെരക്കാത്തത് ഒന്നും ഒപ്പിക്കാൻ പോവുന്നതല്ലാ?”

“അല്ലച്ചോ..”

“എന്നാ ഇന്ന് ഞാനും വരുന്നു. നീ എന്നതാ ടെന്റിൽ ചെയ്യുന്നേന്ന് എനിക്കൊന്ന് അറിയണം.”

സാമുവേലച്ചൻ അട്ട കണക്കിന് തന്റെമേൽ ഒട്ടിയെന്ന് മനസ്സിലായതോടെ, ബോണി മറുത്തൊന്നും പറയാൻ നിന്നില്ല. അവൻ പതിവുപോലെ ചൂണ്ട സെറ്റും എടുത്ത് ബൈക്കിൽ കയറിയപ്പോൾ, അച്ചൻ അവന്റെ പുറകെ പിടിക്കാൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.

“അച്ചോ, ഇതേൽ അങ്ങോട്ട് പോവാനൊക്കത്തില്ല. കണ്ടത്തിന്റെ വശത്തൂടേം ചെളിയിലൂടേമൊക്കെ പോയാ സ്കൂട്ടറും അച്ചനും ബാലുസാറിന്റെ ചതുപ്പി മുങ്ങും.”

സ്കൂട്ടറിനെ പറഞ്ഞത് അദ്ദേഹത്തിന് തീരെ സഹിച്ചില്ലെങ്കിലും, അപകടമുണ്ടാവാതിരിക്കാൻ അച്ചൻ അവന്റെ ചൂണ്ടയും ബാക്കി സാധനങ്ങളും മേടിച്ച് അവന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നു. ഇരുട്ടിനെ ഭേദിച്ച് ആ വണ്ടി ചിറയിലേക്ക് മുങ്ങാനെന്ന മട്ടിൽ ആ മൺപാതയിലൂടെ നീങ്ങി.

“എടാ സൂക്ഷിച്ച്. ഈ കോപ്പിന്റെ ടയറിന് എന്റെ സ്കൂട്ടറിന്റെ അത്രേം പോലും വീതി ഇല്ലല്ലൊ. നീ എന്നെ കണ്ടത്തി മുക്കി ദേഷ്യം തീർക്കാൻ കൊണ്ടുപോവാണോ?”

“അല്ലച്ചാ, ഇത് ഹിമാലയനാ. ഇങ്ങനത്തെ വഴികൾക്ക് വേണ്ടിയൊള്ള വണ്ടിയാ.”

“ഹിമാലയവോ സമുദ്രവോ. എന്ത് മാങ്ങാണ്ടി ആണേലും എന്നെ വീഴിക്കല്ല്. ഈ ളോഹ എടുത്തിട്ട് അധികമായില്ല. മീറ്ററൊന്നിന് എത്രായെന്നാ?”

ആ ചോദ്യം അച്ചൻ അച്ചനോട് തന്നെ ചോദിച്ചതാണെന്നാണ് അവന് തോന്നിയത്. അവൻ ഒന്നും പറയാതെ ബൈക്കിനെ നിയന്ത്രിച്ച് മനസ്സിനെ അതിലും വേഗത്തിൽ പായിച്ച് നീങ്ങിക്കൊണ്ടിരുന്നു. ബിഎസ്എ സൈക്കിളിന്റെ പോലെ മെലിഞ്ഞ ഈ ടയറെങ്ങനെയാണ് തെന്നാതെ കറങ്ങുന്നതെന്നൊക്കെ അച്ചൻ പുറകിലിരുന്ന് അലറി വിളിച്ചിരുന്നത് ഉള്ളിലെ ഭയം മറയ്ക്കാനാണെന്ന് അവന് അറിയാമായിരുന്നു. പക്ഷെ അവനത് കേട്ടതും വീണ്ടും ചാച്ചന്റെ സൈക്കിളിന്റെ പുറകിലേറി പിന്നോട്ട് പോയി.

വെള്ളം കയറി കുളമായ ഒരു കണ്ടത്തിലേക്ക് ചാഞ്ഞ് വളഞ്ഞ് നിൽക്കുന്ന തെങ്ങിൽ അച്ചനെയിരുത്തി, അതിനടുത്ത് ബൈക്ക് സ്റ്റാൻഡിലിട്ടിട്ട് അവൻ തെങ്ങോലകളും മടലുകളും കൂട്ടിയിട്ടിരിക്കുന്നതിനടുത്തേക്ക് നടന്നു. പിന്നീടാണ് അച്ചന് മനസ്സിലായത് അതിനടിയിലാണ് അവൻ പറഞ്ഞ ടെന്റ് ഒളിപ്പിച്ച് വെച്ചിട്ടുള്ളതെന്ന്. അച്ചൻ കണ്ണടച്ച് 23ആം സങ്കീർത്തനവും, സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേയും മനസ്സിലുരുവിട്ട് കണ്ണ് തുറന്നപ്പോഴേക്ക്, അവൻ മൂന്ന് പേർക്ക് കഴിഞ്ഞുകൂടാവുന്ന ഒരു ടെന്റ് വിടർത്തി, ടെന്റ് പെഗ്ഗുകൾ പൂഴിയിൽ ആഴ്ത്തി കഴിഞ്ഞിരുന്നു.

“ഒള്ള കാര്യം പറ ചെറുക്കാ.. എന്താ ഇവടെ പരിപാടി?”

ബോണി ഉത്തരമൊന്നും പറയാതെ, ടെന്റ് വരിഞ്ഞ് മുറുകി കൃത്യമായ ഷേപ്പിൽ തന്നെയാണോയെന്ന് പല വശത്തുനിന്നും നോക്കിക്കൊണ്ട് നിന്നു. അല്പം കഴിഞ്ഞും സാമുവേലച്ചൻ തന്റെ മറുപടി കാത്ത് നിൽക്കുകയാണെന്ന് മനസ്സിലായപ്പോഴാണ് ആ ഉത്തരമെങ്ങനെ പറയണമെന്ന് അവനോർത്തത്. അത് അവനെ കരയിച്ചു. പണ്ട് ഞായറാഴ്ച കുർബ്ബാന കഴിഞ്ഞൊള്ള വേദപഠന ക്ലാസ്സിൽ ഇരുപത്തഞ്ചിൽ മൂന്ന് കിട്ടിയതിന് അന്നത്തെ ഒരച്ചൻ എന്തോ കളിയാക്കി ചോദിച്ചപ്പോൾ കരഞ്ഞതു പോലെ. ആറടി ഒത്തശരീരവും വെച്ച് ഒരു മനുഷ്യൻ കരയുന്നത് ലോകാവസാന ലക്ഷണമാണെന്ന മട്ടിൽ ബോണിയുടെ കരച്ചിൽ കണ്ട് സാമുവേലച്ചന്റെ മുഖം പെട്ടെന്ന് മങ്ങി വല്ലാതെ ആയി. ബോണി കണ്ണുനീര് തുടച്ച് നേരേ കണ്ടത്തിൽ ഇറങ്ങി മുട്ടറ്റം വെള്ളത്തിൽ നടന്നു. ഓരോ ചവിട്ടടിയും എണ്ണിക്കൊണ്ട്. സാമുവേലച്ചൻ പോലീസിനെ വിളിക്കണോ ഫയറുകാരെ വിളിക്കണോ കപ്യാരേ വിളിക്കണോയെന്ന ആശങ്കയിൽ ഫോൺ എടുത്തപ്പോഴേക്ക് അവനൊന്ന് കുനിഞ്ഞു. കുനിഞ്ഞ് നിവർന്നത് കൂട്ടിക്കെട്ടിയ മൂന്ന് കുപ്പി കള്ളുമായാണ്. കരയ്ക്കെത്തുമ്പോഴേക്ക് തന്നെ അവൻ അതിലൊന്നിന്റെ പകുതിയും ഒറ്റവലിക്ക് കുടിച്ചിരുന്നു. അതിന്റെ രസം തലയ്ക്ക് പിടിക്കാനൊരുപാട് സമയമെടുക്കും, പക്ഷെ പറഞ്ഞത് മുഴുവൻ തെറ്റായി പോയെന്ന് ചിന്തിക്കുമ്പോഴേക്ക് ബോധം മറഞ്ഞ് തുടങ്ങാമെന്ന ധാരണയിൽ അവൻ സംസാരിക്കാൻ തുടങ്ങി.

“അച്ചോ, ഈ ടെന്റുകളിങ്ങനെ ചുളിവൊന്നുമില്ലാതെ… ഇങ്ങനെ വടിവൊത്ത് നിന്നില്ലേൽ കാറ്റത്ത് പ്രശ്നവാ.. കൃത്യമായിട്ട് ത്രിഗോണമായിരിക്കണം. ഇതുപോലെ… ഈ വെള്ളം പൂഴിയോട് ചേരുന്നിടത്തൊള്ള എന്റെ ടെന്റീ കെടപ്പ് എനിക്ക് 2 ഓർമ്മകളിങ്ങനെ ചേരുന്നതാ. ചാച്ചന്റെ കൂടെ ചെറുതോണിയിൽ ടാർപായ ടെന്റീ കെടന്നതും,.. ഞാൻ ലെബനോനിൽ കബീറിന്റെ കൂടെ അർബാബിന്റെ ടെന്റീ കെടന്നിരുന്നതും… ഞാനിവടിരുന്ന് ചാച്ചന്റെ കൂടെ കഴിച്ചിരുന്ന തണുത്ത ചോറും കൊഴുവേം കഴിക്കും… കബീറിന് അർബാബ് കൊടുക്കുന്ന ലെബനീസ് ഷവർമ്മയുടെ അറ്റവും മൂലയും എനിക്ക് തരുവാരുന്നു. അതിന് പകരം, കവലേലേ കടേല് ആസാംകാരൻ മമ്മദൊണ്ടാക്കുന്ന ഈ ഷവർമ്മേടെ കൊറച്ചും കഴിക്കും. ഇവിടാ അച്ചോ എന്നും എന്റെ രണ്ട് ജീവിതത്തിലേം കൂടെ ഓർമ്മകള് ചേരുന്നെ.”

സാമുവേലച്ചൻ ഒന്നും പറയാതെ വായും പൊളിച്ചങ്ങനെ നിന്നു. തിരിച്ച് ബോധത്തിലേക്ക് വന്നതും അച്ചൻ ളോഹ മെല്ലെ അഴിച്ച് വില്ലുപോലെ വളഞ്ഞ ആ തെങ്ങിലേക്ക് വിരിച്ചിട്ടു. എന്നിട്ട് അല്പം കൂടെ ആ തെങ്ങിലേക്ക് ചാരി ഇരുന്നു. ആകാശത്തേക്ക് നോക്കിക്കൊണ്ട്.

“എന്താ നിനക്ക് അവിടെ വെച്ച് പറ്റിയതെന്ന് എന്നോട് പറയണം. എന്തോ കാര്യമായിട്ട് പറ്റിയിട്ടൊണ്ട്. അതിപ്പൊ ഈ മണപ്പാട്ടേ തൊമ്മി മകൻ സാമുവേലിനോട് പറയാൻ മടിയാണേൽ, നാളെ സ്വബോധത്തോടെ പ്രാർത്ഥിച്ച് മനസ്സിനെ ഒരുക്കി ഫാദർ സാമുവേൽ തോമസായിട്ട് ഞാൻ നിന്റെ മുമ്പി ഇരിക്കുമ്പൊ കുമ്പസാരമായിട്ട് ഒഫിഷ്യലായിട്ട് പറഞ്ഞാ മതി.”

ഇത് പറഞ്ഞ് തീർത്തിട്ട് അച്ചൻ അവന്റെ നേരെ കൈ നീട്ടി. അവൻ കൈപിടിച്ച് കരയ്ക്ക് കയറാൻ നോക്കിയപ്പോൾ അയാൾ കൈ കുടഞ്ഞു. അപ്പോഴാണ് അന്തിച്ചെത്ത് മേടിക്കാനായാണ് അച്ചന്റെ വിരലുകൾ ഇത്ര ആവേശത്തോടെ നീണ്ടതെന്ന് ബോണിക്ക് മനസ്സിലായത്. കുറേ കാലങ്ങൾക്ക് ശേഷം അവനൊന്ന് ചിരിച്ചു. പൊട്ടിക്കാത്ത കുപ്പി കൊടുത്തപ്പോൾ അവൻ കുടിച്ചതിന്റെ ബാക്കിയുള്ളത് മതിയെന്ന് അച്ചൻ വിരലുകൾ കൊണ്ടുതന്നെ പറഞ്ഞു. അവൻ അനുസരിച്ചു.

തൊമ്മി മകൻ സാമുവേൽ ബാക്കിയുള്ള കാൽക്കുപ്പി കള്ള് കുടിച്ചപ്പോഴേക്ക് ബോണി പുതിയ കുപ്പിയുടെ ഭൂരിഭാഗവും കുടിച്ചു വറ്റിച്ചിരുന്നു. എന്നിട്ട് അവൻ അച്ചനിരിക്കുന്ന തെങ്ങിന്റെ താഴെ അനുസരണയുള്ളൊരു കുട്ടിയേപ്പോലെ ഗുരുവിന് മുൻപിൽ ഇരുന്നു കൊടുത്തു.

“അങ്ങനെ കാര്യമായിട്ടൊന്നുമില്ലച്ചോ. ഇവടെ ശാലിനിയേം, മോളിയേം, ട്രീസയേമൊക്കെ കൂടെ കൂട്ടി ജീവിതമാഘോഷിക്കുമ്പൊ ആണ് ചാച്ചനെ എല്ലാരൂടെ നിർബന്ധിച്ച് എന്നെ ദുബൈക്ക് അയച്ചത്. ലെബനോനിൽ ചെന്ന് പെട്ടിട്ട് ഒരു ഒന്നരയാണ്ട് കബീറിനൊപ്പം കഴിഞ്ഞപ്പൊ എനിക്ക് മനസ്സിലായി ഞാൻ ഇനി ഈ വല്ലപ്പാട്ടേ പാടോം വരമ്പുമൊന്നും ആയ കാലത്ത് കാണില്ലാന്നും, മരുഭൂമീൽ വളരുന്ന കുഞ്ഞ് കളകൾ പോലെ ഞാൻ മൊരടിച്ച് പോവുമെന്നും. പക്ഷെ അങ്ങനെയിരിക്കെ, കബീറിനെ കൊണ്ടുപോയി ഒരു പെൺപട്ടിയെ ഗർഭിണിയാക്കി അടുത്ത തലമുറയിലേക്കുള്ള കബീറുമാരേ ഉണ്ടാക്കാൻ പോയ കാലത്ത് ഞാൻ പറയാതെ അറബാബിന് മനസ്സിലായി ഞാൻ എന്തോ വെഷമത്തിലാന്ന്. കബീറിനെ തിരിച്ച് കൊണ്ടുവന്ന വഴി അറബാബ് കബീറിനൊപ്പം ലെയ്‌ലയെ കൂടെ എന്നേ ഏൽപ്പിച്ചു.”

“അറബീടെ മോളേ കെട്ടിച്ച് തന്നാ”

“ലെയ്‌ല അറബാബിന്റെ വെപ്പാട്ടിമാരിൽ പുള്ളിക്കാരൻ ഒഴിവാക്കാനിരുന്ന ഒരുത്തിയാരുന്നു. ഇരുപത്തഞ്ച് കഴിഞ്ഞവരെ അവിടുത്തെ കിളവന്മാർ പെഴച്ചവളുമാരെന്ന് മുദ്രകുത്തി, മറ്റ് പണികളേല്പിച്ച് എവിടെയെങ്കിലും ജീവിക്കാൻ അനുവദിക്കും. അവരെ പെഴപ്പിച്ചിരുന്നവര് തന്നെ തീരുമാനിക്കും അവര് പെഴച്ചവരായെന്ന്. പക്ഷെ ഇത്തവണ പണിക്കുപകരം അവളേക്കൊണ്ട് എന്നെ കെട്ടിച്ച് തന്നു.”

അച്ചന്റെ മുഖം വിഷമത്താൽ ഇരുണ്ടു. അയാൾ ആ കുപ്പിയിലെ ബാക്കി കള്ളു കുടിച്ച് ശാന്തിയുണ്ടാക്കിയെന്ന മട്ടിലിരുന്നു.

“അച്ചോ അതൊരു മാലാഖയാരുന്നു. അവളേ..ലെയ്‌ല.. എന്റെ ജീവിതത്തെ മാറ്റിക്കളഞ്ഞു. എനിക്ക് ലക്ഷ്യബോധം വന്നപോലെ ഞാൻ മാറി പോയി. വല്ലപ്പാടും പാടൊമൊക്കെ പോട്ടെ പുല്ലെന്ന മട്ടാരുന്നു. അവൾക്ക് ആദ്യമൊക്കെ വല്യ കുറ്റബോധം പോലായിരുന്നു എന്നോട് അടുക്കാൻ. അന്നേരം ഞാൻ അവളെ സമാധാനിപ്പിക്കാൻ പണ്ട് കണ്ണുകൊണ്ടും കത്തുകൊണ്ടും പ്രേമിച്ചിരുന്ന പെണ്ണുങ്ങളെ കുറിച്ചെല്ലാം ഒരോ വേണ്ടാധീനം ഒണ്ടാക്കി പറഞ്ഞു. അങ്ങനെ നടന്നിരുന്ന എന്റെ ഭൂതകാലം എനിക്ക് മറക്കാമെങ്കി, അവക്ക് അവടെ കഥകളും മറക്കാമെന്നൊക്കെ പറഞ്ഞാ ഞങ്ങളൊന്നിച്ച് നിന്നെ. ജീവിതത്തി എനിക്ക് കിട്ടാവുന്ന ഏറ്റവും നല്ല ഭാര്യയാരുന്നു അത്. പക്ഷെ അവക്ക് വയറ്റിലൊണ്ടെന്ന് അറിഞ്ഞ ഒരു രാത്രി… അവളങ്ങ് എറങ്ങിപ്പോയി.”

“എങ്ങോട്ട്?”

“തമ്പുരാനറിയാം..”

“നീ അന്വേഷിച്ചില്ലേ?”

“കർത്താവിന് 99 ആടുകളേം മൈൻഡ് ചെയ്യാതെ കൂട്ടം തെറ്റിപ്പോയ ഒരാടിനെ അന്വേഷിച്ച് പോവാം. പക്ഷെ എനിക്ക് അങ്ങനെ പറ്റത്തില്ല. ഞാൻ കബീറിനെ മര്യാദെക്ക് നോക്കിയില്ലേൽ അവൻ പണിമുടക്ക് പ്രഖ്യാപിക്കും. ആടുകളെല്ലാം അവരവർക്ക് തോന്നിയെടത്ത് പോവും. അറബാബെന്റെ തല കൊണ്ട് പന്ത് കളിക്കും.”

“അറബാബ് എന്ത് പറഞ്ഞു?”

“അങ്ങേര് എന്നാ പറയാനാ? പുള്ളിക്കാരനെ പിന്നെ ഞാൻ കാണുന്നത് തന്നെ രണ്ടുമൂന്ന് മാസം കഴിഞ്ഞാ.”

“അയാൾ മധ്യസ്തം നിന്നല്ലേടാ നിന്റെ കെട്ട് നടത്തിയെ?”

“ശ്ശെടാ, അച്ചനിവിടെ മനസ്സമ്മതോം മിന്നുകെട്ടും നടത്തുന്ന പോലല്ല അവിടെ ഒന്നും. അയാളെന്തോ പറയാൻ. കൊറച്ച് കഴിഞ്ഞാ വേറൊരാളെ വിടാമെന്ന് പറഞ്ഞു. ഞാൻ കൈ കൂപ്പി. ഇനി ആരും വേണ്ടാന്ന് പറഞ്ഞു.”

“അത്രെക്കങ്ങ് പ്രേമവാരുന്നെ പിന്നെ ഇനി അവളെ വല്ല… കാട്ട് ജീവീം പിടിച്ചോണ്ട് പോയതാന്നോ?”

“അവിടെ നാട്ട് ജീവികൾക്കെ ഒള്ളു പെണ്ണുങ്ങളോട് പ്രശ്നം.”

“പിന്നെ?”

“അവക്കടെ സാധനങ്ങൾക്കെടേന്ന് ഒരു കുറിപ്പ് കിട്ടിയാരുന്നു. അത് ഞാൻ കൊറേ കാലം കഴിഞ്ഞ് ആടിനെ നോക്കാൻ എടയ്ക്ക് വന്ന ഒരു ഡോക്ടറോട് ചോദിച്ചാ മനസ്സിലാക്കിയെ. എനിക്ക് അവളൊരു ഭാര്യ ആരുന്നേലും അവക്ക് ഞാൻ അങ്ങനല്ലാരുന്നു എന്ന്. കബീറിനെ നോക്കാൻ നിക്കുന്ന എന്നെ നോക്കാൻ ശമ്പളത്തിനാ അറബാബ് അവളെ എന്റെ അടുത്തോട്ട് വിട്ടത്. അവക്ക് ഞാൻ സ്നേഹിച്ചതൊക്കെ വേറൊരു അറബാബ് സ്നേഹിച്ച പോലാരിക്കും തോന്നിയെ.”

“അങ്ങനെ അവൾ എഴുതിയാരുന്നോ?”

“ഇല്ല. പഷേ.. അവളൊരു കൂലിക്കാരിയാന്ന് മനസ്സിലാക്കാൻ പോലും പറ്റാത്ത എന്റെ ഉള്ള് പൊള്ളയാന്നും, എന്നെക്കൊണ്ട് കൊച്ചിനെ നോക്കാനൊന്നും പറ്റില്ലാന്നും പറഞ്ഞിട്ടൊണ്ടാരുന്നു. ജനിക്കുന്നത് പെണ്ണാണേൽ അറബാബ് കൊണ്ടുപോയാലോന്ന് ഒരു പേടിയും. ആണാണെങ്കി അതിനെക്കൊണ്ട് കബീറിന്റെ മോന്റെ തീട്ടം കോരിക്കേണ്ടി വരുമെന്നും ഒരു ഭീഷണി. എന്നെക്കൊണ്ട് ജീവിതത്തി ആ പട്ടിയെ നോക്കാനല്ലാതെ മറ്റൊന്നും നടക്കില്ലാന്ന്. അന്ന് ഞാൻ ചത്തച്ചോ.. വലപ്പാട് പെറ്റ് വീണപ്പൊ തൊട്ട് കൂടൊള്ള അപ്പൻ വിമാനത്താവളത്തിലോട്ട് കരഞ്ഞോണ്ട് ഒപ്പം വന്നപ്പോ ആദ്യം ചത്തു. ദുബൈ തൊട്ട് അവക്കടെ കത്ത് കിട്ടുന്നവരെ വേറെ ഒരു ജീവിതം. പിന്നെ ജീവിച്ചിട്ടില്ല. തിന്നുകേം കുടിക്കുകേം ചെയ്യുന്ന പ്രേതത്തേ പോലെ പഴയ ഓരോന്ന് ഓർത്ത് അതൊക്കെ വീണ്ടും ജീവിക്കാൻ നോക്കി…ഇങ്ങനെ…”

ബോണി മൂന്നാമത്തെ കുപ്പി തീർക്കാൻ തുടങ്ങി. സാമുവേലച്ചൻ അതുവരെ കേട്ടിട്ടില്ലാത്ത ഏതോ ബൈബിൾ ഉപകഥ കേട്ടിട്ടെന്ന പോലെ എന്ത് പറയണമെന്നറിയാതെ കുഴങ്ങി ഇരുന്നു.

ബോണിക്ക് അപ്പന്റെ വിഷമവും മനസ്സിലായി. അവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് ആടിയാടി ചെന്ന് തന്റെ നീണ്ട നാടൻ ചൂണ്ട എടുത്തുകൊണ്ട് വന്ന് അതിൽ കൊളുത്തിനു ചുറ്റും പഴവും എന്തോ ഒരു പൊടിയുമൊക്കെ ചേർത്ത് ഉരുട്ടിയത് ചേമ്പിലയിൽ പൊതിഞ്ഞ് തീറ്റയാക്കി വെള്ളത്തിലേക്ക് ഇട്ടു വെച്ചിട്ട് ചൂണ്ട രണ്ട് കല്ലിന്റെ ബലത്തിൽ അനക്കാതെ വെച്ചു.

“അതെന്നാടാ ചെമ്മീൻ പൊടിയോ മീൻ തീറ്റയോ അങ്ങനെ വല്ലോമാണോ?”

“അല്ലച്ചോ.. ഗൗരാമീനേ പിടിക്കാനാ… അതുങ്ങള് പശുക്കളെപ്പോലാ..സസ്യബുക്കുകളാ.. വെരയെ പിടിച്ച് കൊളുത്താനൊ, അപ്പനെ പോലെ തെറ്റാലി വെച്ച് വെടിച്ചിടാനോ ഒന്നും… എനിക്ക് മടിയാ.. ആ… ചെലപ്പം ലെയ്‌ല എഴുതിയത് ശരിയാരിക്കും. എന്നേക്കൊണ്ട് പട്ടിയെ നോക്കാനല്ലാതെ ഒന്നും പറ്റില്ലാരിക്കും.”

“നെന്റെ മുറ്റത്തൊള്ള പട്ടി കബീറിനൊണ്ടായതാന്നോ?”

“ആ അതേ…”

“പേരെന്താ ലെയ്‌ലാന്ന് ആയിരിക്കുവല്ലേ..”, ഇതും പറഞ്ഞ് അച്ചൻ ചിരിച്ചു. പക്ഷെ ചിരിക്കാതെ നിൽക്കുന്ന ബോണിയെ കണ്ടു കഴിഞ്ഞപ്പോളാണ് കള്ള് തന്നിലെ നന്മ മാത്രം മൊഴിയുന്ന വൈദീകനെ ഉറക്കിയെന്ന് അയാൾക്ക് ബോധ്യമായത്. അയാൾ ചിരി നിർത്തി.

“ഞാനവക്ക് പേരിട്ടില്ല. പേരൊക്കെ എന്തിനാ.. അങ്ങനെ എനിക്ക് വിളിക്കേണ്ടി വന്നിട്ടില്ല ഒരു പേര്. അത് കണ്ണ് തുറന്നപ്പൊ തൊട്ട് എന്റെ കൂടൊണ്ട്. കബീർ ചത്തപ്പൊ…അങ്ങനെ കൊറേ കാലത്തേ കൂലി തീർത്ത് ഇങ്ങോട്ട് വരാമെന്നായി… എനിക്ക് തരാൻ മാറ്റി വെച്ച അറബാബിന്റെ മറ്റൊരു റിട്ടയർമെന്റ് ആയ പെൺകുട്ടിക്ക് പകരം ഈ പട്ടിക്കുഞ്ഞിനെ ഇങ്ങ് വലപ്പാട് എത്തിച്ച് തന്നാ മതിയെന്നേ ഞാൻ അങ്ങേരോട് പറഞ്ഞൊള്ളു.”

അച്ചനൊരു ദീർഘനിശ്വാസം വിട്ടിട്ട് എഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് കുടിച്ചത് പേരിന് അല്പമാണെങ്കിലും അത് തലയ്ക്ക് പിടിച്ചെന്ന് അയാൾക്ക് ബോധ്യമായത്.

“ആഹാ.. ഇതെന്തൊരു സാദനവാടാ നീ എനിക്ക് കുടിക്കാൻ തന്നെ… ആ… ഒരുപാട് കാലമായിട്ട് കുടിക്കുന്നേന്റെ ആരിക്കും. പണ്ടൊക്കെ എന്നെ ടാങ്ക് സാമുവേലെന്നാ വിളിച്ചിരുന്നെ. മുഴു കുടിയാരുന്നു. ആ കുടി മാറ്റാനും കൂടാ ധ്യാനമായ ധ്യാനത്തിനെല്ലാം വിട്ടിട്ട് സെമിനാരീലോട്ട് കെട്ട് കെട്ടിച്ചെ… പറഞ്ഞ് വരുമ്പം എന്റെ കഥയൊന്നും നിന്റെ അത്ര…ഒരു… ആ ഒരു ഇതില്ലാത്തകൊണ്ട്…. പറയുന്നില്ല. നീ കഴിക്കാൻ എടുത്തേ എനിക്ക് വെശക്കുന്നു.. ഒടുക്കത്തെ കള്ള്..ദേവമേ…പൊറുക്കണേ…”

കൊഴുവ മീൻ പൊരിച്ചതും കൂട്ടി സാമ്പാറൊഴിച്ച തണുത്ത ചോറുണ്ണാൻ ഒരു രസമുണ്ടെന്ന് സാമുവേലച്ചൻ അന്ന് മനസ്സിലാക്കി. ഒരുപക്ഷെ വിശപ്പിന്റെ ആധിക്യം കൊണ്ട് നാവ് പറ്റിക്കുന്നതാവാനും മതിയെന്ന് അയാൾ ഓർത്തു. പക്ഷെ അത് പറയാൻ തുനിഞ്ഞപ്പോഴേക്ക് പറയാൻ വന്നത് അയാൾ മറന്നിരുന്നു. പിന്നെ എന്തെങ്കിലും പറയണമല്ലോയെന്നോർത്ത്,

“എടാ, സത്യത്തീ നീ ഇവിടെ… എര പിടിക്കാൻ വരുവാന്നാ…. ഏതോ ഒരുത്തിയെ… ങാ അതിനാന്നാ ഞാൻ കരുതിയെ… അല്ല ഞാനല്ല… നാട്ടുകാരെല്ലാം… ആ തെറ്റിദ്ധാരണ മാറിയത് നന്നായി. കർത്താവേ… സ്തോത്രം.”

“വേദപുസ്തകത്തില് എഫേസൂസ് എന്നൊരു സ്ഥലവില്ലേ…”

“പിന്നേ…ഒണ്ട്… പലയെടത്ത് പറയുന്നൊണ്ട്..”

“ഞാൻ ഒരുപാട് കാലമായി കഴിഞ്ഞ്…അറബാബുമായിട്ട് ഒരു സൗഹൃദമൊക്കെ ആയ കാലത്ത് പുള്ളിക്കാരനോട് ചോദിച്ചു… എന്തിനാ ഭാര്യേം പിള്ളേരുമൊള്ളപ്പൊ വെപ്പാട്ടിമാരെന്ന്.. അതും ഒന്നല്ല…ഇത്രേമധികം.. അന്നേരം അയാള് പറഞ്ഞത് ഈ എഫേസൂസിനെ കുറിച്ചാ.. അയാക്കടെ മതപഠനമൊക്കെ തുർക്കീലാരുന്നു. അവിടാ ഇപ്പൊ അന്നത്തെ കാലത്തെ എഫേസൂസ്. അവടെയാ അന്നത്തെ കാലത്തെ ഏറ്റോം വലിയ ലൈബ്രറി. സെൻസസ് എന്നെങ്ങാണ്ടാ പേര്..അല്ല സെൽസസ്..സെൽസസ്..”

ബോണി കള്ളിന്റെ പുറത്ത് ലക്ഷ്യമില്ലാതെ കഥ കൊണ്ടുപോവുന്നതാണോ എന്ന് സംശയിച്ച് അച്ചൻ അവനെ ഒന്ന് കടുപ്പിച്ച് നോക്കി.

“ഈ ഏറ്റോം വലിയ ലൈബ്രറി പോവാന്നും പറഞ്ഞാ ബൈബിളൊണ്ടായ കാലത്തെ ആണുങ്ങളെല്ലാം വീട്ടീന്ന് എറങ്ങീരുന്നെ. വീട്ടുകാരൊന്നും പറയത്തില്ല. കാരണം അവിടെ വല്യ പുസ്തകങ്ങളുമൊണ്ട്, അതിനെ കുറിച്ചൊള്ള സംവാദങ്ങളും തർക്കങ്ങളുമൊക്കെ നടക്കുന്ന സ്ഥലവുമാ…മൊത്തത്തീ അവടെ പോവുന്നത് ഒരു വലിയ സ്റ്റാറ്റസാ..പഷേ ഈ ലൈബ്രറീ പോവാന്ന് പറഞ്ഞിരുന്നത് ഒരു കോഡാരുന്നു..അയിന്റെ അടുത്തൊള്ള ഹൗസ് ഓഫ് പ്ലെഷറീ പോവാൻ…”

“വേശ്യാലയമാന്നോ?”

“മ്..അതേ… ഒരു കവല അപ്പുറത്ത്..”

“ആഹാ പഷ്ട്… എല്ലാം പെഴച്ചവമ്മാരാരുന്നല്ലേ..”

“അല്ല… പകുതി പേര് യുദ്ധമൊക്കെ വന്ന് തകരുന്ന വരെ ലൈബ്രറി കാരണം വളർന്നു. ബാക്കിയൊള്ളവര് പെണ്ണുങ്ങളെ നശിപ്പിച്ചോണ്ടിരുന്നു.”

“ഇതെന്തിനാടാ നിന്റെ അറബി പറയുന്നെ?”

“അയാള് പറയുവാ… ജീവിതത്തീ രണ്ട് ചോയിസാന്ന്… ഒന്ന് ലൈബ്രറി…അല്ലേൽ ഇത്… പക്ഷെ പുസ്തകം വായിച്ച് പണി ചെയ്യാനറിയാവുന്നവരെ പണിക്ക് നിർത്താൻ ആവതൊണ്ടേൽ.. പിന്നെ എന്ത് തോന്നിവാസത്തിനും പോവാമെന്നാ പഴമക്കാരിൽ നിന്ന് അയാൾ പഠിച്ചേന്ന്…”

അത് കേട്ടിരുന്ന് വീണ്ടും സാമ്പാറിന്റെ എരിവ് സാമുവേലച്ചന്റെ നെറുകേൽ കേറി. അയാൾ ചുമ തുടങ്ങി. അയാൾ നിർത്താതെ ചുമയ്ക്കുന്നത് കേട്ട് ആ നാട്ടിലെ സകല പട്ടികളും കുരയ്ക്കാനും ഇമ്പത്തോടെ ഓരിയിടാനും തുടങ്ങി. പട്ടികൾ തന്നെ അപമാനിച്ചെന്ന മട്ടിൽ അയാൾ കഴിപ്പ് നിർത്തി, കണ്ടത്തിലെ വെള്ളത്തിൽ കൈയ്യും മുഖവും കഴുകി തിരിച്ച് വന്ന് ടെന്റിലിരുന്നു. പിന്നെ ക്ഷീണാധിക്യം കൊണ്ട് ഒന്ന് ചാഞ്ഞു കിടന്നു.

ഇതിനിടയിലാണ് ബോണി അത് വീണ്ടും കണ്ടത്. അങ്ങ് ദൂരെ, ഒരു മത്സ്യകന്യക!

അല്ല. ഒന്നല്ല, നാലെണ്ണം. അവർ നാലുപേരും ഉല്ലസിച്ച് മുങ്ങാങ്കുഴിയിടുന്നതും പൊങ്ങുന്നതും കണ്ട് അവൻ അധികം ശബ്ദമുണ്ടാക്കാതെ സാമുവേലച്ചനെ വിളിച്ചു. മറുപടിയായി കേട്ടത് തൊമ്മി മകൻ സാമുവേലിന്റെ കൂർക്കം വലിയാണ്.

പിന്നെ സമയം കളയാതെ അവൻ അവരെ ലക്ഷ്യമാക്കി നീന്താൻ നോക്കി. അവനോർമ്മയുള്ളത് ചാച്ചൻ തോണി തുഴയുമ്പൊ പറഞ്ഞിരുന്ന മത്സ്യകന്യകമാരുടെ കഥയാണ്. പക്ഷെ അതൊക്കെ കടലിലാണെന്നാണ് അവന്റെ ഓർമ്മ. അങ്ങനെയിരിക്കെയാണ് പണ്ടൊരിക്കൽ വിഷമിച്ച് ഇവിടെ കിടന്നപ്പോൾ ചാച്ചന്റെ കഥയിലെ മത്സ്യ കന്യകയെ അവൻ ആദ്യം കണ്ടത്. അന്ന് മുതൽ ടെന്റടി തുടങ്ങിയിട്ട് ഇന്നാണ് ആദ്യമായിട്ട് വീണ്ടും കാണുന്നത്. ഇന്ന് അതിലൊരുത്തിയോടെങ്കിലും ചാച്ചന് അങ്ങേ നാട്ടിൽ സുഖമാണോയെന്ന് ചോദിക്കാൻ അവൻ വേഗം നീന്തി.

കൃത്യം ഇന്നേരമാണ് മഴ പെയ്തത്. തല ടെന്റിന് വെളിയിലേക്കായിരുന്നതിനാൽ മുഖത്ത് വെള്ളമൊഴിച്ചവനെ പ്രാകിക്കൊണ്ട് അച്ചനുണർന്നു. മഴയത്ത് തുള്ളിക്കളിക്കാൻ തുടങ്ങിയ എരുമകളിലൊന്ന് അമറി ബാക്കിയുള്ളവരെ എഴുന്നേൽപ്പിച്ചപ്പോഴാണ് സ്ഥലകാല ബോധമില്ലാതിരുന്ന സാമുവേലച്ചൻ ശരിക്ക് ഞെട്ടി എഴുന്നേറ്റത്. അയാൾ കണ്ട കാഴ്ച 4 പെണ്ണുങ്ങളുടെ പുറകെ നീന്തി തുടിക്കുന്ന ബോണിയേയാണ്.

“എടാ കൊച്ച് കഴിവേറിക്കൊണ്ടായ ബോണീ… നീ എന്നെ കുടിപ്പിച്ച് കെടത്തി നല്ല പിള്ള ചമഞ്ഞിട്ട് ഇവടെ കണ്ട അവളുമാരുടെ കൂടെ രംഗീലാ കളിക്കുവാ അല്ലേടാ പന്ന…. ഇങ്ങോട്ട് കേറി വാടാ ഡാഷേ…”

ബോണി അച്ചന്റെ ചീത്തവിളി കേട്ട് ഒന്ന് ഞെട്ടിത്തിരിഞ്ഞ് നോക്കി.

“അച്ചോ മത്സ്യകന്യകാ…”

“ഭാ എരണംകെട്ട ജന്തൂ…ഇങ്ങോട്ട് കേറി വാടാ..”

അവൻ ഗതികെട്ട് തിരിച്ച് നീന്തുന്നതിനിടയിൽ ഇടയ്ക്കൊന്ന് പാളി പുറകിലേക്ക് നോക്കിയപ്പോൾ മത്സ്യകന്യകമാരെ കാണാനില്ല. അവർ അപ്രതക്ഷ്യരായിരിക്കുന്നു. അവൻ വിഷമിച്ച് കയറി ചെല്ലുമ്പോൾ അച്ചൻ ചെവി പൊട്ടുമാറ് തെറികൾ വിളിച്ചുകൊണ്ടിരുന്നു. എന്ത് പറഞ്ഞാലും അയാൾ വിശ്വസിക്കില്ലെന്ന് അവന് ഉറപ്പായിരുന്നു.

ഇതെല്ലാം ദൂരെ പായലിനോട് ചേർന്ന് മലർന്ന് കിടന്ന് ഒളിച്ച് നീന്തിയ സിസിലിയും കൂട്ടരും കാണുന്നുണ്ടായിരുന്നു. ആരോ വലകെട്ടി വളർത്തി സംരക്ഷിച്ചിരുന്നിടത്ത് ഇറങ്ങി കക്കാപെറുക്കാൻ വന്ന അവർ ആദ്യം പേടിച്ചത് അവരെ കണ്ടിട്ട് ആരോ നാട്ടുകാരെ കൂട്ടിയതാണെന്നാണ്. ടെന്റിനെ ഉപേക്ഷിച്ച് സാമുവേലച്ചനൊപ്പം ഒന്നും മിണ്ടാനാവാതെ വിഷമിച്ച് തലയും താഴ്ത്തി ബോണി നടന്നകലുന്നത് കണ്ടതോടെ അവർ അവരുടെ കക്കാ കക്കൽ ക്രിയ തുടർന്നു.

ബോണിക്കൊപ്പം ബൈക്കിൽ കയറാനും കൂട്ടാക്കാതെ അച്ചൻ നടത്തം തുടർന്നു. ഇതിനിടയിൽ തന്നെ കപ്യാരെ ഫോണിൽ വിളിച്ച് അയാളുടെ വണ്ടിയുമെടുത്ത് വന്ന് അച്ചനെ അച്ചന്റെ മേടയിലെത്തിക്കണമെന്ന നിർദ്ദേശം കൊടുത്ത് കഴിഞ്ഞിരുന്നു.

കപ്യാർ അയാളുടെ സ്കൂട്ടറുമായി ബോണിയുടെ പാലത്തുങ്കൽ വീടിന്റെ അടുത്ത് വരമ്പിനടുത്ത് നിർത്തിയിട്ട് ഹെഡ്‌ലൈറ്റ് ഓണാക്കിയും ഓഫാക്കിയും മിന്നിച്ച് കാണിച്ചപ്പോൾ അച്ചൻ അത് ലക്ഷ്യമാക്കി മൊബൈലിന്റെ വെട്ടത്തിൽ നടന്നു.

“ഡാ, നാളെ… അതിരാവിലെ… പ്രഭാത നമസ്കാരമൊള്ളതിന് മുമ്പ് നിന്നെ പള്ളീൽ കാണണം. ഇപ്പഴേലും നിന്റെ കുമ്പസാരം നടത്തിയില്ലേൽ നീ നശിച്ച് ഈ എടവകേലേ ഒരുപാട് പെണ്ണുങ്ങളെ പെഴപ്പിക്കും.”

“അച്ചോ ഞാൻ പറയുന്നതൊന്ന് കേക്ക്… അവര് ശരിക്ക് മത്സ്യകന്യകകളാരുന്നു.”

“മാങ്ങാണ്ടിയാരുന്നു. ഹൊ… ഇവന്റെ കഥയെല്ലാം കേട്ട് വിശ്വസിച്ച് ഇവനെ വെക്കേഷൻ ബൈബിൾ സ്കൂളി പുള്ളേർക്ക് ക്ലാസ്സെടുക്കാൻ വിളിക്കണമെന്ന് ചിന്തിച്ച ഞാൻ മണ്ടൻ. എന്റെ കർത്താവേ… ആണിപ്പഴുതായ ഉള്ളംകൈ കാട്ടി തോമാശ്ലീഹായെ സത്യമെല്ലാം കാണിച്ച് മനസ്സിലാക്കിയപോലെ എന്നേയും രക്ഷിച്ചല്ലൊ നീ… നൂറ് സ്തുതി…”

“ഡാ കോപ്പേ…കേട്ടല്ലൊ അല്ലേ… അങ്ങോട്ട് കെട്ടിയെടുത്തേക്കണം. അഞ്ചരയാവുമ്പൊ കപ്യാര് മൂന്ന് വട്ടം മണിയടിക്കും. അന്നേരം നീ അവടെ കാണണം. തൊമ്മി മകൻ സാമുവേലിനെ നീ പറ്റിച്ചു.. പക്ഷെ ഫാദർ സാമുവേലിനെ പറ്റിക്കാൻ പാപമൊന്നും ഏറ്റുപറയാതിരിക്കരുത്. കർത്താവിനോടാ ഏറ്റുപറച്ചിൽ… ഞാൻ വെറും മധ്യസ്ഥനാന്ന് ഓർത്തോണം.”

അവൻ തലകുലുക്കി. അതിര് തിരിക്കാൻ വെച്ചിരുന്ന ഒരു കല്ലിന്റെ മുകളിൽ അവൻ തളർന്നിരുന്നു. അച്ചൻ നടന്നകലുന്നത് അവൻ തല കുനിച്ച് നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് അച്ചൻ തെന്നി കണ്ടത്തിലേക്ക് വീഴുന്നതാണ് കപ്യാരും ബോണിയും കണ്ടത് അവർ രണ്ടുപേരും ഓടിയെത്തുമ്പോൾ, വരമ്പ് മുറിഞ്ഞു പോകുന്നിടത്ത് ഒരു ആമ. അതിന്റെ പുറം തോടിൽ ചവിട്ടിയാണ് അയാൾ വീണത്. അച്ചൻ നടുവും തിരുമ്മി സ്കൂട്ടറിനടുത്തേക്ക് നടന്നിട്ട് കപ്യാരോടായി പറഞ്ഞു,

“എടോ അതിനെ ഇങ്ങ് എടുത്തോ.. പണ്ട്… ഒരുപാട് പണ്ട്… കൂട്ടുകാരുമൊത്ത് കഴിച്ചതാ ആമയെറച്ചി.. നല്ല സ്വാദാ… ”

കപ്യാര് ഓടി വന്ന് അതിനെ എടുക്കുമ്പോൾ അത് ദയനീയമായി ബോണിയെ ഒന്ന് നോക്കുന്നതായിട്ട് ബോണിക്ക് തോന്നി. എന്നാൽ അന്നേരം കപ്യാർ കണ്ടത് മറ്റൊന്നാണ്.

“അച്ചോ, ദേ ഇത് പെണ്ണാമയാ… മൂന്ന് മൊട്ടകളൊണ്ട്… അടയിരിക്കുവാരുന്നു…”

“അത് കൊള്ളാമല്ലൊ… ആമയെ മൊത്തം വേവിച്ചാലും ഒരുപാടൊന്നും എറച്ചി കിട്ടത്തില്ല. ഞാനാണെങ്കി ഇതുവരെ ആമ മൊട്ട കഴിച്ചിട്ടില്ല. അതും ഇങ്ങ് പെറുക്കിക്കൊ. നമ്മക്ക് അതിന്റെ ഓംലേറ്റ് പരീക്ഷിക്കാം.”

കപ്യാർ അടിമയെപ്പോലെ അത് അനുസരിച്ചു. ആമയെ സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒരു കവറിൽ നിക്ഷേപിച്ച് സീറ്റടച്ച് കപ്യാർ വണ്ടി വളച്ചു. പുറകിൽ മൂന്ന് ആമ മുട്ടകളും കൈയ്യിൽ പിടിച്ച് സാമുവേലച്ചൻ പുറകിലുമിരുന്നു.

അവർ പള്ളിമേട ലക്ഷ്യമാക്കി പോവുന്നത് ബോണി നിരാലംബനായി നോക്കി നിന്നു. അയാൾക്കറിയില്ല ഇനി എങ്ങോട്ട് പോണമെന്ന്. ഓർമ്മകളുടെ ടെന്റിലേക്ക് പോയാൽ ഇനിയും ഓർമ്മകളിൽ ജീവിക്കാനാവുമെന്ന് അയാൾക്കുറപ്പില്ല. ഓർമ്മകൾ നശിപ്പിച്ച് അയാളുണ്ടാക്കിയ സമ്പാദ്യത്തിൽ കെട്ടിപ്പൊക്കിയ വീട്ടിലേക്ക് പോയാൽ അയാളിന്ന് ഉറങ്ങില്ലെന്നും അയാൾക്കുറപ്പായിരുന്നു. അതുകൊണ്ട് എന്തൊക്കെ പാപ കഥകൾ പറഞ്ഞ് അച്ചനെ സമാധാനിപ്പിക്കണമെന്ന് ഓർത്തുകൊണ്ട് അവൻ അതിരിനെ കാക്കുന്ന കല്ലിൽ വീണ്ടും പോയിരുന്നു.

കപ്യാര് പള്ളിമണി മൂന്നടിച്ചിട്ട് തിരിച്ച് അച്ചന്റെ മേടയ്ക്ക് പുറകിലേക്ക് വരുമ്പോൾ, തലേന്ന് കണ്ട അതേ മുഖഭാവവുമായിട്ട് തലയും കുനിച്ച് ബോണി ആ പരിസരത്ത് ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നു. അയാൾ ഒന്ന് ചിരിച്ചു. തലേന്ന് ചോദിച്ചിട്ട് അച്ചനൊന്നും വിട്ട് പറഞ്ഞില്ലെങ്കിലും, അവനേയും സിസിലിയേയും എവിടെങ്കിലും വെച്ച് അച്ചൻ പിടിച്ചിട്ടുണ്ടാവുമെന്നോർത്ത്, പണ്ട് കണ്ട സിനിമകളിൽ പുതപ്പിനാൽ നാണം മറച്ച് ഓടുന്ന സ്ത്രീ കഥാപാത്രങ്ങൾക്ക് പകരം സിസിലിയുടെ മുഖം സങ്കല്പിച്ച് അയാൾ അടുക്കളയിലേക്ക് കയറി. അവിടെ വെള്ളം തിളപ്പിക്കാൻ വെച്ചിട്ടാണ് കപ്യാര് മണിയടിക്കാൻ പോയത്.

ബോണി പുറക് വശത്തെ വാതിലിലൂടെ നോക്കിയപ്പോൾ അടുത്ത് ഒരു ചരുവത്തിൽ ആമയെ ഇട്ടുവെച്ചിരിക്കുന്നത് കണ്ടു. അത്രയും കാലവും അവനാണ് ഏറ്റവും ഭാഗ്യം കെട്ട ജീവിയെന്നാണ് ചിന്തിച്ചിരുന്നത്. പക്ഷെ, അതിലും ഗതികെട്ട ജീവിയാണ് അവളെന്ന് അവന് തോന്നി. അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായിട്ടാവണം, ആ ആമ വീണ്ടും ഒരിക്കൽ കൂടെ ചരുവത്തിൽ നിന്ന് രക്ഷപെടാൻ ഒരു ശ്രമം നടത്തി.

കൃത്യം അന്നേരം ലിവിംഗ് റൂമിൽ നിന്നുള്ള കർട്ടൻ നീക്കി തല മാത്രം പുറത്തിട്ട് സമുവേലച്ചൻ കപ്യാരോട് അലറി,

“എടോ താനിത് കാണുന്നില്ലേ…”

കപ്യാർ ഓടി വന്ന് ആമയെ വീണ്ടും അകത്തേക്ക് തള്ളിയിട്ടിട്ട് അടുപ്പിൽ പുക ഊതാൻ പോയി.

“കുശിനിക്കാരൻ വന്നില്ല. ഞാൻ തന്നെ വേണ്ടേ പോയി മണി അടിക്കാനും.”

“ഇവനെക്കൊണ്ട് മണി അടിപ്പിച്ചാ മതിയാരുന്നല്ലൊ. ആ പോട്ട്.. ബോണീ നീ വാ… മനസ്സുരുകി കർത്താവിനോട് എല്ലാം ഏറ്റ് പറ.”

അവൻ അച്ചനെ പിന്തുടർന്ന് പള്ളിയിലേക്ക് നടന്നു.

മദ്ബഹായിലുള്ള പിള്ളേർ മൈക്ക് സെറ്റിന്റെ കനത്തിലുള്ള മൂളൽ അതിന്റെ മിക്സറിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് ശരിയാക്കാനെടുത്ത നേരമത്രയും ആ പരിസരത്തുള്ളവരെല്ലാം ചെവി രണ്ടും വിരലിറക്കി പൊത്തി ഇരിക്കുകയായിരുന്നു. അതുകൊണ്ട് അച്ചന്റെ ചെവിയിലേക്ക് ബോണി ഗതികെട്ട് ഓതിയ നുണകൾ ആരും കേട്ടില്ല.

ഇടയ്ക്ക് അച്ചന്റെ പുറകിലേക്ക് കപ്യാർ വന്നപ്പോൾ, അയാൾ ബോണിയോട് നിർത്താൻ ആംഗ്യം കാണിച്ചിട്ട് കപ്യാർക്ക് നേരേ ചെപി കൂർപ്പിച്ച് പുറകിലേക്ക് ചാഞ്ഞു.

“അച്ചോ, ആമ തിളച്ച് മറിഞ്ഞിട്ടേ ഞാൻ തട്ടേൽ കേറുന്നൊള്ളു. അത് പാത്രത്തേൽ വന്നിടിച്ച് പാത്രം മറിച്ചിട്ടിട്ട് എങ്ങാനും രക്ഷപെട്ടാലോ..”

“ആ… അത് മതി… അതാവുമ്പൊ നമസ്കാരോം കഴിഞ്ഞ് നേരെ ചെന്ന് അപ്പത്തിന്റെ കൂടെ തിന്നാം. ആ മൊട്ടേടെ കാര്യമോ?”

“ആ അത് പറയാനാ വന്നെ.. അച്ചോ അത് മൂന്നും പൊരിച്ചു… ഒരു ഉളുമ്പ് നാറ്റം. തൂറ്റല് പിടിക്കാനൊള്ള എല്ലാ സാധ്യതേം ഞാൻ കാണുന്നൊണ്ട്.”

“ആണോ… ആ എന്നാ അതെടുത്ത് വടക്കേലോട്ട് കളഞ്ഞേക്ക് ആമ മതി. കുശുനിക്കാരന് ഒരു കുറിപ്പ് എഴുതി അവടെ വെച്ചേക്കണം. ഉരുളക്കെഴങ്ങ് സ്റ്റൂ ഒണ്ടാക്കി അതിലോട്ട് ആമേടെ തോട് പൊളിച്ച് കിട്ടുന്നത് ഇട്ട് തെളപ്പിക്കാൻ. പാലപ്പോം.”

“ഏറ്റ് അച്ചോ..”, വായിൽ വെള്ളമൂറിക്കൊണ്ട് അതും പറഞ്ഞ് കപ്യാർ മേടയിലേക്ക് തിരിച്ചോടി.

ആമയുടേയും ജനിക്കാനിരുന്ന മക്കളുടേയും അവസ്ഥയിൽ മനംനൊന്ത് തരിച്ചിരുന്ന ബോണി വീണ്ടും സിസിലിയേക്കുറിച്ച് കുമ്പസാരിക്കാൻ തുടങ്ങി.

അന്ന് പ്രഭാത നമസ്കാരത്തിനൊപ്പം വായിച്ച ദൈവ വചനത്തേക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയ സാമുവേലച്ചൻ, എഫേസൂസിലെ സെൽസസ് ലൈബ്രറിയേക്കുറിച്ചും അതിനടുത്തുള്ള വ്യഭിചാരകേന്ദ്രത്തേക്കുറിച്ചും പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

“എല്ലാ മനുഷ്യർക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കർത്താവ് തന്നിട്ടൊണ്ട്. എന്തിനൊള്ളതാ? നന്മയിൽ ആശ്രയിക്കാം, അല്ലെങ്കി തിന്മയിൽ മുങ്ങാം. അന്നൊള്ളവർക്ക് ഒന്നെങ്കി ലോകത്തെ ഏറ്റോം വല്യ ലൈബ്രറിയിൽ പോയി അറിവ് നേടി, അതിനെക്കുറിച്ച് ചർച്ചകളിലൊക്കെ പങ്കെടുത്ത് കൂടുതൽ മെച്ചപ്പെടാമായിരുന്നു. അല്ലെങ്കിൽ വീട്ടുകാരേയും ദൈവകല്പനകൾ ലംഘിച്ച് ആസക്തികൾക്ക് ഏല്പിച്ചുകൊടുക്കാമായിരുന്നു. അതിനെന്നല്ല… എന്തിലും ഏതിലും… ഓരോ ദിവസവും ഓരോ നിമിഷവും നമ്മൾക്കെല്ലാം മുന്നിൽ ഈ രണ്ട് ഓപ്ഷൻസ് വരുന്നൊണ്ട്. നന്മ ചെയ്യാൻ തീരുമാനിക്കുന്നിടത്ത് ദൈവരാജ്യം നിങ്ങളുടേത് ആവും.”

പള്ളിക്ക് വെളിയിൽ വരാന്തയിൽ നിന്ന് ആരും കാണാതെ സാമുവേലച്ചന്റെ വേലക്കാരൻ തിരക്കിനിടയിലേക്ക് ചേർന്ന് നിൽക്കുന്നത് അച്ചൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അച്ചൻ മാത്രം കാണാനായി കറി ഉഗ്രനായിട്ടുണ്ടെന്ന് അയാൾ ആംഗ്യം കാണിച്ചു. ഇതും കണ്ട് മനസ്സ് നിറഞ്ഞ് പഴയ ടാങ്ക് സമുവേലിന്റെ ഓർമ്മകൾ അടുത്തെത്തിയെന്നോർത്ത് സന്തോഷിച്ച്, അച്ചൻ വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് നിന്ന് പ്രഭാത നമസ്കാരത്തിലെ ബാക്കി പ്രാർത്ഥനകളിലേക്ക് കടന്നു. അച്ചന്റെ മനസ്സിലെ ഓർമ്മകൾ തമ്മിൽ കൂട്ടിമുട്ടി മനസ്സിൽ ടെന്റ് കെട്ടിത്തുടങ്ങിയതും, ആമ സ്റ്റൂവിന്റെ മണം ആ പള്ളിയിലാകെ പരക്കുന്ന പോലെ ബോണിക്ക് തോന്നിത്തുടങ്ങി. അവന്റെ കണ്ണിൽ ഇരുട്ട് കയറി തുടങ്ങിയതോടെ. അവൻ മൂക്ക് പൊത്തിക്കൊണ്ട്, അമ്മയുടെ ശവമടക്കിന് പാടാനാവാഞ്ഞ പാട്ട് ആമയ്ക്ക് വേണ്ടി ഉറക്കെ പാടി.

“നാ-ഥാ മൃതയാം ഈ

ദാസിക്കേ-കണമാശ്വാസം

പോ-വുക സഹജാ-തേ

ഭൂവാസം നിരസിച്ചോ-ളേ”



Previous post [Ep 17] How to write a timeless POLITICAL SATIRE? [SUBTITLED Video]
Next post Churuli – A spiral sin maze

Leave a Reply

Your email address will not be published. Required fields are marked *