1. ഡ്യൂറിങ്ങ് സൺറൈസ്

കണ്ണിനെ മറച്ചിരുന്ന തൊപ്പി നീക്കി ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, ഏതൊ ഒരു റയിൽവേ സ്റ്റേഷന്റെ കൂടെ പ്രകൃതിയും മനുഷ്യർക്കൊപ്പമെത്താൻ പുറകിലേക്ക് ഓടുന്നു. സൂര്യൻ വിടുന്ന ആദ്യ സ്വർണ്ണരശ്മികളുടെ ഭംഗി അമിതമാവാൻ കാരണം അതിനെ ഒളിപ്പിക്കാൻ ശ്രമിക്കുന്ന മൂടൽമഞ്ഞാണെന്ന് തോന്നി. മഞ്ഞ് പുതച്ച നെൽപ്പാടങ്ങളിൽ എവിടെയൊക്കെയൊ സ്വർണ്ണഖനിയുള്ളത് പോലെ.

അത്ഭുതത്തിനും അപ്പുറം, എന്റെ എതിർ വശത്ത് ഇരിക്കുന്ന പെൺകുട്ടി എന്നെ നോക്കി ചിരിക്കുന്നു. റൊമാന്റിക് കോമഡി സിനിമകളിൽ അല്ലാതെ എതിർ വശത്ത് ഒരു പെൺകുട്ടി വന്നിരിക്കുന്നത് സംഭവ്യമല്ലെന്നാണ് കരുതിയിരുന്നത്. അപ്പോൾ എന്നെ അറിയാത്ത ഒരു പെൺകുട്ടി എന്നെ നോക്കി ഒരുപാട് കാലത്തെ പരിചയമുള്ള സഖിയുടെ ചിരി സമ്മാനിച്ചതിന്റെ നിഗൂഢത എന്റെ ഉറക്കത്തെ കൊന്നു. ഞാൻ നടുവ് നിവർത്തി നേരെയിരുന്നു.

അവൾ എന്റെ നേരെ ഞാൻ വായിച്ചിരുന്ന പുസ്തകം നീട്ടി. അത് മടിയിൽ വെച്ചാണ് ഞാൻ ഇരുന്ന് ഉറങ്ങിയിരുന്നത്. മാജിക്കൽ റിയലിസത്തിന്റെ പൂർവ്വഗാമിയാണൊ ആ നോവൽ, അതൊ സ്കിസോഫ്രീനിയയുള്ള ഒരു കഥാപാത്രം സങ്കൽപ്പിച്ചെടുക്കുന്ന മിഥ്യാഭ്രമങ്ങളും അബദ്ധവിശ്വാസങ്ങളുമാണൊ അതെന്ന് തിരിച്ചറിയാനാവാതെ ഞാൻ ഉറങ്ങി പോയതാണ്. പക്ഷെ അതൊന്നും മനസ്സിലാക്കിയിട്ടല്ല അവൾ ചിരിച്ചിരുന്നത്.

ആ പുസ്തകത്തിനുമേൽ ചെറിയ പേപ്പർ കഷ്ണങ്ങൾ വെച്ച് അതിലേക്ക് മൊബൈലിൽ നിന്ന് എന്തൊ പകർത്തുകയായിരുന്നു അത്രയും നേരവും അവൾ. വളരെ ചെറിയ, എന്നാൽ ഡോക്ടർമാർ എഴുതുന്നതിലും മോശമായ കൈയ്യക്ഷരം. പതിയെ ചിരിയുടെ അർത്ഥം മനസ്സിലായി. അവൾ അന്നത്തെ പരീക്ഷയ്ക്ക് പകർത്തി എഴുതാനുള്ള ഉത്തരങ്ങൾ മൊബൈലിൽ നിന്ന് തിരഞ്ഞെടുത്ത് എഴുതുകയാണ്. ഞാൻ ചിരിക്കുന്നില്ലെന്ന് കണ്ട് അവളുടെ ചിരി മാഞ്ഞു. അത് മായാതിരിക്കാൻ ഞാൻ ചിരിച്ചു.

‘കട്ട്’ എന്നാണ് ഇപ്പൊ ഇങ്ങനെ ചെയ്യ്യുന്നതിന്റെ ശാസ്ത്രനാമം എന്നവൾ പഠിപ്പിച്ചു. പെണ്ണുങ്ങൾക്ക് എവിടെയൊക്കെ കട്ട് വെക്കാം, എങ്ങനെയൊക്കെ അദ്ധ്യാപികയെ പറ്റിക്കാം എന്നും മനസ്സിലാക്കി തന്നു. സ്ത്രീകൾ ഭാഗ്യം ചെയ്തവരല്ലെന്ന് ആരാണ് പറഞ്ഞത്?

അതൊരു തുടക്കമായിരുന്നു.

പിന്നെ അവളുടെ കോളേജ് സ്റ്റേഷനെത്തുന്നത് വരെ ഇന്നതെന്നില്ലാതെ സകല ലോക വിഷയങ്ങളെക്കുറിച്ചും സംസാരമായിരുന്നു. കാലിലെ മുറിവിന് കാരണക്കാരനായ പൂച്ചയുടെ കണ്ണിന് ചുറ്റുമുള്ള പുള്ളിയെക്കുറിച്ച് മുതൽ, 2030കളുടെ പകുതിയോടെ ചൊവ്വയിലേക്ക് കുടിയേറുന്നതിനെക്കുറിച്ച് വരെ ഞങ്ങൾ സംസാരിച്ചു. ഞാൻ എന്തൊക്കെയൊ അവളെ പഠിപ്പിക്കാൻ ശ്രമിച്ചു. അവൾ എന്തൊക്കെയൊ എന്നെയും.

തീവണ്ടിയുടെ വേഗം കുറഞ്ഞ് വന്നതും, അവൾ അവളുടെ സ്വപ്നതുല്യ പ്രേമബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി. ഒരുത്തന്റെ നരകം മറ്റൊരുത്തന്റെ സ്വർഗ്ഗമാണല്ലൊ. അവൾ പറഞ്ഞതെല്ലാം കേട്ടപ്പോൾ എനിക്കവൾ തടവറയിലാണെന്ന് തോന്നിയെങ്കിലും പറഞ്ഞില്ല. പറഞ്ഞാൽ അതെന്റെ സ്വാർത്ഥതയെന്ന് അവൾ പറഞ്ഞേക്കും.

അടുത്ത നിമിഷം ഒരു ചതി എന്നോട് ചെയ്തു. അല്പ നേരം കൂടി അവിടെ എന്റെ എതിർ വശത്തിരുന്നാൽ എന്നെ പ്രേമിച്ച് പോകുമെന്നൊരു നുണ. അത് അവൾടെ കാമുകനോട് ചെയ്യുന്ന ചതി ആയിപ്പോവുമെന്നും. എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാമെന്ന് പരസ്പരം നുണ പറഞ്ഞ് വിശ്വസിപ്പിച്ച് ഞങ്ങൾ കൈ കൊടുത്ത് പിരിഞ്ഞു. യുക്തിയും വിവരവുമുള്ളവന്റെ തടവുപുള്ളിയാവുന്നതിലും നല്ലത്, പഠിപ്പും ജോലിയുമുള്ളവന്റെ തടവുപുള്ളിയാവുന്നതാണെന്ന് ഞാനും മനസ്സിൽ പറഞ്ഞു. കണ്ണുകൾ വീണ്ടും ഇറുക്കിയടച്ചു.

  1. ഡ്യൂറിങ്ങ് സൺസെറ്റ്

ചൊവ്വരയിൽ നിന്നാണൊ കരുക്കുറ്റിയിൽ നിന്നാണൊ കയറിയതെന്നറിയില്ല, ഞാൻ കണ്ണ് തുറക്കുമ്പോൾ വീണ്ടും ഒരു പെൺകുട്ടിയാണ് എന്റെ മുൻപിൽ. ഇത്തവണ ചിരിയില്ല. സന്തോഷത്തിന്റെ ഒരു കണിക പോലും മുഖത്തില്ലാത്ത ഒരു കുട്ടി. പുച്ഛത്തിൽ പൊതിഞ്ഞ ഒരു നോട്ടമായിരുന്നു എന്റെ നേർക്ക്. ഒരു പക്ഷെ വായും പൊളിച്ച് വല്ലാത്ത അവസ്ഥയിലാവണം അത് വരെ ഞാൻ ഉറങ്ങിയിരുന്നത്. അല്ലെങ്കിൽ താടിയേത് മുടിയേതെന്ന് തിരിച്ചറിയാനാവാത്ത വിധം മുഖത്തെ മറയ്ക്കുന്ന എന്റെ ജഡയാവാം കാരണം.

മണിക്കൂറുകളോളം ഞങ്ങൾ ഒന്നും മിണ്ടിയില്ല. രണ്ട് പേരും അവരവർക്ക് ഇഷ്ടമുള്ള പാട്ടും കേട്ട് അവരവരുടെ ലോകത്ത് കഴിഞ്ഞുകൂടി. നിശബ്ദമായി ഞങ്ങൾ ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ എപ്പോഴോ നോക്കിയപ്പോഴാണ് ഇമ ചിമ്മാതെ എന്നെ നോക്കുകയായിരുന്നെന്ന് മനസ്സിലായത്. കണ്ണ് രണ്ടും ഇടത്തോട്ടും വലത്തോട്ടും ഓടിയൊളിക്കാനുള്ള വെപ്രാളമായിരുന്നു പിന്നെ ഞാൻ കണ്ടത്. ഒരു പക്ഷെ എന്നെ നോക്കുമ്പോഴും മറ്റെന്തൊ ആവണം അവളുടെ മനസ്സിലൂടെ കടന്ന് പോയിരുന്നത്. ചിന്ത മറ്റേതൊ ലോകത്തായിരുന്നിരിക്കണം. പക്ഷെ ഞാനും ആ നിമിഷം ംമുതൽ എപ്പോഴൊക്കെയൊ അവൾ എന്നെ നോക്കുന്നുണ്ടൊ എന്ന് നോക്കാൻ തുടങ്ങി.

എറണാകുളം ടൗൺ എത്തിയപ്പോൾ ഞാൻ എഴുന്നേറ്റ് സീറ്റ് ഒന്ന് പിടിക്കണമെന്ന് ആംഗ്യം കാണിച്ചിട്ട് തൊട്ടടുത്തുള്ള വാതിലിലേക്ക് നടന്നു. അവൾ അവളുടെ ബാഗ് വെച്ച് ആ കർമ്മം ഭംഗിയായിട്ട് നിർവ്വഹിക്കുന്നത് കണ്ടാണ് ഞാൻ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയത്. അതുവരെ ഒരുപാട് വൈകിയാവണം ട്രയിൻ ഓടിയത്. അതുകാരണം, പതിവിന് വിപരീതമായി അധികം വൈകാതെ തന്നെ വണ്ടി വേഗത്തിലെടുത്തു. ഞാൻ കുടിച്ചിരുന്ന കാപ്പിയുമായി മറ്റൊരു ബോഗിയിൽ ഓടി കയറി. അടുത്ത സ്റ്റേഷനിൽ ഒരു മിനിറ്റ് നേരത്തേക്ക് വണ്ടി നിർത്തിയപ്പോൾ ഞാൻ ബോഗി മാറി കയറാൻ ശ്രമിച്ചപ്പോൾ പതിവിലും തിരക്ക്. ഞാൻ എതിർവശത്തുകൂടെ പാളത്തിലേക്ക് എടുത്ത് ചാടി. ആദ്യമിരുന്നിരുന്ന ബോഗിയുടെ പുറകിലെ വാതിലിലൂടെ ചാടിക്കയറിയതും വണ്ടി പതിയെ എടുത്തിരുന്നു. എന്തിനാണ് ഞാൻ ഇത്രയും അപകടകരമാം വിധം ഇതൊക്കെ ചെയ്ത് കൂട്ടുന്നതെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. ഒരു നല്ല ഇതരവിചാരത്തിനായുള്ള ആക്രാന്തം ആവണം. നൈരാശ്യത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഉപബോധമനസ്സ് ബോധമനസ്സിനെ ഉപദേശിക്കുന്നതാവണം.

വെറുതെയായില്ല.

വാതിലിനടുത്ത് കണ്ണ് നിറഞ്ഞ് തുളുമ്പി നിൽക്കുന്ന ആ പെണ്ണിനെയാണ് ഞാൻ കണ്ടത്. കൈയിലും മറ്റുമായി തൂവിപ്പോയ കാപ്പി ഞാൻ പുറത്തേക്ക് വലിച്ചെറിഞ്ഞ് അവളെ കൈ കാണിച്ച് ഞാൻ വണ്ടിയിൽ കയറിയിട്ടുണ്ടെന്ന് അറിയിച്ചു. അവളെന്നെയോർത്ത് കരഞ്ഞതാവാൻ ഒരു വഴിയുമില്ല. പക്ഷെ എന്നെ കണ്ടതും കണ്ണിലെ തിളക്കം ഒളിപ്പിച്ച് നടന്നുവന്ന് എന്റെ എതിർവശത്ത് തന്നെ ഇരുന്നു. ശരിക്കും ആ യാത്ര തീരുന്നത് വരെ അവൾ കരയാനും കരച്ചിൽ നിർത്താനുമുള്ള കാക്കത്തൊള്ളായിരം കാര്യങ്ങൾ ഞാൻ കണ്ടെത്തിയിരുന്നു.

സ്വപ്നങ്ങൾ കണ്ട് കാതങ്ങൾ താണ്ടി. അവസാനം കരയും ആകാശവും ഒരുപോലെ തന്നെ ഉള്ള, ബൊളീവിയയിലെ സാൾട്ട് ഫ്ലാറ്റുകളിൽ ഞാൻ ഞങ്ങളെ കണ്ടതുപോലെ ഒരു നേരിയ ഓർമ്മയുണ്ട്.

ഞാൻ ഇറങ്ങിയത് ഒരു ചെറിയ സ്റ്റേഷനിലാണ്. പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാതെ പാളങ്ങൾക്കിടയിലേക്ക് ഇറങ്ങിയാണ് ബസ് സ്റ്റോപ്പിലേക്ക് നടന്നത്. വലതു വശത്ത് ഞങ്ങൾ വന്ന ട്രയിൻ, ഇടതു വശത്ത് ഒരു ഗുഡ്സ് ട്രയിൻ. എന്റെ  മുൻപിൽ അവളുണ്ട്. അവൾക്ക് മുന്നിൽ കുറെ അകലെയായിട്ട് മറ്റാരൊക്കെയൊ. സത്യമായും ഞാൻ അവളെ പിന്തുടർന്നല്ല ഇവിടെ തന്നെ ഇറങ്ങിയത്, പക്ഷെ അവളിൽ അങ്ങനെയൊരു ഭയമുള്ളതുപോലെ തോന്നി. കാരണം അവൾക്ക് മുന്നിലുള്ളവർ പെട്ടെന്ന് ഗുഡ്സ് ട്രയിനിന് അടിയിലൂടെ അപ്പുറത്തേക്ക് മറഞ്ഞു. അവൾ തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ തൊട്ട് പുറകിൽ എത്തിയിരിക്കുന്നു.

അത് വരെയുള്ള പരിചയമൊക്കെ മറന്ന്, താത്കാലികമായി പൊട്ടിമുളച്ച സ്നേഹങ്ങളൊക്കെ നുള്ളിക്കളഞ്ഞ്, മനസ്സിലൂടെ പോവുന്ന ദുഷിച്ച ചിന്തകളോട് തോറ്റ് അവൾ അതിവേഗം നടന്നപ്പോൾ, പതിയെ ഓടാൻ തുടങ്ങിയപ്പോൾ, എനിക്ക് കാര്യം മനസ്സിലായി. ഒരു പെൺകുട്ടിയുടെ വേവലാതികൾ ഞാൻ മനസ്സിലാക്കണമല്ലൊ. അവളെ സ്വതന്ത്രയാക്കാൻ ഞാൻ നടത്തം പതുക്കെയാക്കി.

ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുമ്പോൾ, എതിർവശത്തേക്ക് പോവുന്ന ബസിൽ ഇരിക്കുന്ന അവളെ ഞാൻ വീണ്ടും കണ്ടു. അല്ല, എന്നെ നോക്കി ചിരിക്കുന്ന അവളെ ഞാൻ കണ്ടു. കണ്ണുകളിലെ ആ തിളക്കം ബസ് ദൂരെ മായുന്നത് വരെ ഞാൻ നോക്കി നിന്നു. ഇത്തവണ ഞാൻ സ്വപ്നമാണൊ എന്ന് സംശയിക്കേണ്ടതില്ല. കാരണം, ആ അവൾക്ക് എതിർവശത്തുണ്ടായിരുന്ന ബസ് സ്റ്റോപ്പിന് കൂട്ടായി ഞാൻ മാത്രമെ ഉണ്ടായിരുന്നുള്ളു.

  1. ഡ്യൂറിങ്ങ് മിഡ്‌നൈറ്റ്

പേ ആൻഡ് പാർക്കിൽ നിർത്തിയിട്ടിരുന്ന ബൈക്കുമെടുത്ത് തിരിച്ച് പോവേണ്ട ഞാൻ, അന്നുവരെ ചെയ്തിട്ടില്ലാത്ത ഒരു കാര്യമാണ് ചെയ്തത്. എനിക്ക് പരിചയമില്ലാത്ത ഒരാളെ ബൈക്കിൽ ദൂരെ ഒരിടത്ത് കൊണ്ടുവിടാമെന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഒരു സുഹൃത്തുമായി ഞാൻ ഒരു കരാറിൽ ഏർപ്പെട്ടു. അതിനെ കരാറെന്ന് തന്നെ വിളിക്കാനാണ് താത്പര്യം. കാരണം അവൻ ശരിക്ക് എന്റെ സുഹൃത്താണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ അവനെ അങ്ങനെ കണ്ടിട്ടില്ലെന്ന് അവനും അറിയാം. പക്ഷെ അവനെന്നെ ജീവനുതുല്യം വിശ്വാസമായിരുന്നുവെന്ന് അന്നെനിക്ക് ഉറപ്പായി. കൊണ്ടുപോവേണ്ടിയിരുന്നത് അവന്റെ കാമുകിയെ ആയിരുന്നു.

ഉപരിപഠനത്തിനെന്ന വ്യാജേന ലോകം കറങ്ങുവാൻ സ്വപ്നം കണ്ടിരുന്ന ഒരു പെണ്ണ്. അവളെ നട്ടപ്പാതിരായ്ക്ക് ടൗണിന് നടുക്കുള്ള അവളുടെ ഫ്രഞ്ച് ലാങ്വേജ് സെന്ററിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള വൈ.ഡബ്ല്യു.സി.എ.യുടെ ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കുക. പകരം ട്രമ്പിന്റെ നാട്ടിൽ നിന്നുള്ള അടുത്ത  വരവിന് അവൻ എനിക്ക് എന്തൊ കൊണ്ടുവരുന്നുണ്ടത്രെ. അതായിരുന്നു കരാർ. മുന്തിയ ഇനം ചോക്ലേറ്റ് വല്ലതുമാവണം അവന്റെ മനസ്സിൽ, പക്ഷെ ഞാൻ പോളറോയിഡ് സൺഗ്ലാസ്സസ് മുതൽ ക്യാമറ വരെ പലതും സ്വപ്നം കണ്ടു.

ഞാൻ എന്റെ വണ്ടി നമ്പർ അയച്ചുകൊടുത്തിരുന്നതുകൊണ്ട് ഒരു ചിരിയിൽ പരിചയപ്പെടൽ മുഴുവനായി ഒതുക്കി ഞങ്ങൾ യാത്ര തിരിച്ചു. ഒരു ചിരിയിൽ എന്നെ വിശ്വസിക്കാനും മാത്രം അവൾക്ക് അവളുടെ കാമുകനെ വിശ്വാസമാണല്ലൊ എന്നോർത്തപ്പോൾ, എനിക്ക് എന്നിൽ പോലും അത്രയും വിശ്വാസമില്ലെന്ന് തോന്നിപ്പോയി.

അത്ര എളുപ്പമുള്ള ഒരു യാത്രയായിരുന്നില്ല അത്. ഉറങ്ങാതിരിക്കാൻ സംസാരിക്കണം, പക്ഷെ സംസാരിക്കാൻ അസ്ഥിയെ തണുപ്പിച്ചിരുന്ന മഞ്ഞ് സമ്മതിച്ചിരുന്നില്ല. ആ തണുപ്പത്ത് തീരെ കേൾക്കാൻ താത്പര്യം തോന്നാത്ത ഒരു സിനിമയുടെ കഥയാണ് ആദ്യം പറഞ്ഞത്. അന്ന് അവരുടെ ഫ്രഞ്ച് മൂവി ക്ലബിന് അവിടെ അടുത്തുള്ള ഒരു ഫിലിം സൊസൈറ്റി നൽകിയ ചില പ്രിന്റുകൾ അവരെല്ലാം കൂടെ ഒറ്റയിരുപ്പിന് കണ്ടു തീർത്തത്രെ. അതിൽ ഏറ്റവും അവസാനത്തേത് 1974ൽ ഇറങ്ങിയ ഒരു ഇറോട്ടിക് കോമഡി റോഡ് മൂവിയുടേത്. നീലച്ചിത്രത്തേക്കാളൊക്കെ ഒരുപാട് വൃത്തികേടുകൾ നിറഞ്ഞ ഒരു സിനിമ സ്വന്തം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇരുന്ന് കാണാൻ ഭാഗ്യം ചെയ്തവരാണ് അവരെന്ന് അവകാശപ്പെട്ടതാണ് ആ സിനിമ കഥയിൽ ചെന്ന് ഇടിച്ച് നിന്നത്. പല വിദേശ ചിത്രങ്ങളിലും വൃത്തികേടുകൾക്ക് ഒരു പരിധിയില്ലെങ്കിലും, അവ വൃത്തികേട് കാണിക്കാനല്ല നിർമ്മിച്ചതെന്ന് മറക്കരുതെന്ന് ഞാൻ സംസാരിച്ചപ്പോൾ, എന്നോട് തർക്കിക്കാനായിട്ടാണ് അവൾ ആ സിനിമയുടെ കഥ മുഴുവൻ പറഞ്ഞ് തന്നത്. അവസാനം എനിക്കും മനസ്സിലായില്ല എന്തിനാണ് ആ സിനിമ എടുത്തതെന്ന്. അശ്ലീലത്തിനപ്പുറം തർക്കിക്കാൻ പാകത്തിന് ഒന്നും അതിൽ ഇല്ലായിരുന്നു.

അത് മനുഷ്യന്റെ ആവശ്യമില്ലാത്ത വികാരങ്ങളെ ഉണർത്താൻ മാത്രമിറക്കിയ ഒരു സിനിമയാണെന്ന് ഞാൻ അഭിപ്രായപ്പെട്ടു. പാടില്ലായിരുന്നു. സിനിമ അവൾക്കും ഇഷ്ടമായിരുന്നില്ല, പക്ഷെ എങ്ങനെയാണ് കാമോദ്ദീപമായ വികാരങ്ങൾ ആവശ്യമില്ലാത്തതാവുന്നതെന്ന് അവൾ തർക്കിക്കാൻ തുടങ്ങി. പ്രണയമെന്ന വികാരത്തിന്റെ ഒരു പരിസമാപ്തി മാത്രമാണ് ശരിക്ക് വേണ്ടതെന്ന് ഞാൻ വാദിച്ചു. മനസ്സുകൾ തമ്മിൽ ഒന്നാകാൻ ഒരു സാധ്യതയുമില്ലാത്തിടത്ത് ശരീരങ്ങൾ മാത്രം ഒന്നിച്ചാൽ, അവിഹിതമാണെന്നും, അത് അല്ലെങ്കിൽ വിഷാദരോഗികൾ എന്തിനെയൊ മറികടക്കാൻ ചെയ്ത് കൂട്ടുന്ന മണ്ടത്തരങ്ങളാവാമെന്നും പറഞ്ഞു. പാടില്ലായിരുന്നു. പുതിയ തലമുറയുടെ എല്ലാ വിഷ ചിന്തകളും എന്നിൽ അടിച്ചേൽപ്പിച്ചു. അതൊ ഞാൻ 70കളിലെയും അതിനുമുമ്പത്തേയും ചിന്തകളിൽ സമാധാനം കണ്ടിരുന്ന പഴയൊരു ആത്മാവ് ആയിപ്പോയതിന്റെ പ്രശ്നമാണൊ? എന്റെ ചിന്തകളെല്ലാം വിഷമാണെന്ന് അവളും വിചാരിച്ചിട്ടുണ്ടാവണം. എന്ത് വേണമെങ്കിലും വിചാരിക്കട്ടെ എന്ന് ഞാനും വിചാരിച്ചു.

കുറച്ച് നേരത്തേക്ക് ബൈക്കൊഴിച്ച് എല്ലാം നിശബ്ദമായിരുന്നു. രാത്രിയുടെ പതിവ് ശബ്ദങ്ങൾ അന്ന് പ്രകൃതി വേണ്ടെന്ന് വെച്ചെന്ന് തോന്നുന്നു. ഞങ്ങൾ തമ്മിൽ തർക്കിക്കുന്നതും ഞാൻ തോൽക്കുന്നതും കേൾക്കാൻ പ്രകൃതി കാതോർത്തിരിക്കുകയാണെന്ന് തോന്നിപ്പോയി. അപ്പോഴാണ് അവൾ പാടാൻ തുടങ്ങിയത്. തണുപ്പ് ഏറിയതുകൊണ്ട് പാടാൻ തുടങ്ങിയതാവണമെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അതല്ലാതെ ആ പാട്ടിനൊന്നും ചേർന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ രണ്ടും. ചിത്ര ചേച്ചി പാടിയ “മാരിക്കൂടിന്നുള്ളി”ലിൽ തുടങ്ങി, ലതാ മങ്കേഷ്കറിന്റെ “ലുക്കാ ചുപ്പി”യിലെത്തിയപ്പോഴേക്ക് ഞാനും ബൈക്കും റോഡിലൂടെ ഒഴുകുകയാണെന്ന് തോന്നിത്തുടങ്ങിയിരുന്നു. താളം പിടിച്ചുകൊണ്ടും, റോഡിനെ ഇക്കിളിപ്പെടുത്തിക്കൊണ്ടും, വളഞ്ഞ് പുളഞ്ഞ് വണ്ടി ഓടിച്ചിരുന്നത്, നീണ്ട് നിവർന്ന് കിടക്കുന്ന റോഡിലാണെന്ന കാര്യം മഞ്ഞിനെ പുളകം കൊള്ളിക്കുന്നുണ്ടായിരുന്നു.

മഞ്ഞിനൊപ്പം ആദ്യമായി മനസ്സൊന്ന് തണുത്ത് തുടങ്ങിയപ്പോൾ, പുറകിൽ ഇരുന്ന് എന്നെ സന്തോഷിക്കുന്നത് കുറച്ച് നേരത്തേക്ക് കടം കിട്ടിയ ഒരു കാമുകിയാണെന്ന കാര്യം എന്നെ അലട്ടാൻ തുടങ്ങി. ഞാൻ അറിയാതെ തന്നെ ഗൗരവം വീണ്ടെടുത്തു. അതവൾക്കും മനസ്സിലായെന്ന് തോന്നുന്നു. ഓരോ തവണ തെരുവ് വിളക്കിന്റെ അടിയിലൂടെ പോവുമ്പോഴും, എന്തൊക്കെയൊ എന്നോട് പറയാൻ ശ്രമിച്ചിട്ട് അത് പാതി വഴിയിൽ ചവയ്ക്കാതെ വിഴുങ്ങുന്ന അവളെ ഞാൻ കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു. ഒരു പക്ഷെ എന്റെ അപാരമായ നിശബ്ദത അവളും കേട്ടിട്ടുണ്ടാവും.

മതിൽ ചാടി കടക്കാനായി എന്റെ ബൈക്കിന്റെ പിൻ സീറ്റിൽ ചവിട്ടിയപ്പോഴുണ്ടായ കാൽപ്പാട് മാത്രമാണ് അവൾ ജീവിതത്തിൽ ബാക്കി വെച്ചത്.

അർഹനല്ലാത്തതുകൊണ്ടാവാം, ഒരു ചിരി പോലും തന്നില്ല.

അവളെ വിട്ടിട്ട് തിരിച്ച് പോവുമ്പൊ, മഞ്ഞ് മൂടിപ്പൊതിഞ്ഞ ആ വഴികളിലൂടെ പല വട്ടം ഞാൻ കുഴികളിൽ വീണു. ഓരോ വട്ടവും ആരാണെന്നെ രക്ഷിച്ചതെന്ന് എനിക്കറിയില്ല. രാവിലെ വായിച്ചിരുന്ന നോവലിലെ പോലെ മറ്റാരും കേൾക്കാത്ത പല ശബ്ദങ്ങളും ഞാൻ കേട്ടുതുടങ്ങിയെന്ന് തോന്നുന്നു. അവളെക്കുറിച്ചും, അതിന് മുൻപ് പരിചയപ്പെട്ട രണ്ട് പേരെ കുറിച്ചും, പതിയെ എല്ലാരെക്കുറിച്ചും. പൂർവ്വകാമുകിമാരെല്ലാം എന്നോട് സംസാരിക്കാൻ തുടങ്ങി. ജീവനോടെയുള്ളപ്പോൾ തന്നെ ഇവർക്കൊക്കെ അവരുടെ ശരീരത്തിന് പുറത്ത് വന്ന് എന്നെ വേട്ടയാടാൻ എങ്ങനെ സാധിക്കുന്നുവെന്ന് ഞാൻ ഓർത്തു.

കണ്ണിന് ഭാരമേറിയപ്പോൾ ഞാൻ വണ്ടി നിർത്തി, അതിനടുത്തെ ബസ് സ്റ്റോപ്പിൽ ചാരിയിരുന്ന് കണ്ണടച്ചു. രാവിലെ കണ്ണ് തുറന്ന് ഉണർന്നപ്പോൾ തൊട്ടുള്ളതെല്ലാം മനസ്സിലേക്ക് വീണ്ടും വന്നുപോയിക്കൊണ്ടിരുന്നു.

എനിക്ക് വീണ്ടും കണ്ണ് തിരുമ്മിത്തുറന്ന് ഉണരണമെന്നുണ്ട്. പക്ഷെ എന്തിൽ നിന്ന് എന്തിലേക്കാണ് ഞാൻ ഉണരേണ്ടതെന്ന് മറന്ന് പോയിരിക്കുന്നു.

Previous post നോട്ടിംഗ് ഹബ്ബിന്റെ ചില്ല് ഗോപുരം – (ചെറുകഥ)
Next post Kumbalangi Nights – Intertwined Beginning, Middle & End

Leave a Reply

Your email address will not be published. Required fields are marked *