ഒരാളുടെ ജീവിതത്തെ കുറിച്ച് മുഴുവൻ വായിച്ചിട്ട് അതിലെ ചില ഏടുകൾ മാത്രമെടുത്ത് ഭാവനയിൽ പൊതിഞ്ഞാൽ എങ്ങനെയുണ്ടാവുമെന്ന് ശ്രമിച്ചുനോക്കിയതാണ്. നെൽസൺ മണ്ടേല ഈ കഥ മുകളിലിരുന്ന് വായിച്ചിട്ട് എന്നെ ചീത്തവിളിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എനിക്കെതിരെ കേസ് കൊടുക്കുമെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നുണ്ട്.
ഒരു നീണ്ട മുടി
പ്രിയപ്പെട്ട എവ്‌ലിൻ മേസ്,
പല ആവർത്തി കത്തുകളയച്ചിട്ടും ആർക്കും മറുപടി കൊടുക്കാത്തത്, എന്തയക്കണമെന്ന് എനിക്ക് ധാരണയില്ലാത്തതിനാലാണ്. എനിക്ക് കുറച്ച് സാവകാശം തരണമെന്ന് പറഞ്ഞിട്ട് അതും ആരും മനസ്സിലാക്കിയില്ല. അല്ലെങ്കിലും ഇനിയിപ്പൊൾ സാവകാശത്തിന്റെ ആവശ്യമില്ലല്ലൊ. നുണക്കഥകൾ അറിയേണ്ടവരൊക്കെ അറിഞ്ഞുകഴിഞ്ഞു. താൻ എങ്കിലും സത്യമറിയണം. പ്രതിഷേധ പരിപാടികളുടെ പേരിൽ ഞാൻ ജയിലിൽ പോവേണ്ടി വന്നാൽ, എനിക്ക് അവിടുന്ന് കത്തെഴുതാൻ ഒരു സുഹൃത്തെങ്കിലും വേണം.
വാൾട്ടർ സിസുലുവിന്റെ ഒർലാൻഡോയിലെ വീട്ടിൽ വെച്ച് നീ എന്നെ കാണുന്നതിനും മാസങ്ങൾക്ക് മുൻപ് നടന്നതാണിത്. ഇത്രയും കാലം ഇത് മറച്ച് വെച്ചതിന് എന്നോട് പൊറുക്കണം. ഇത് മുഴുവൻ എങ്ങനെ പറയണമെന്ന് പലകുറി ആലോചിച്ച് ഉത്തരം കിട്ടാതെ അലഞ്ഞതാണ് കാലതാമസമുണ്ടാക്കിയത്.
ലൈബ്രറി പുസ്തകത്താളിൽ നിന്ന് കിട്ടിയ നീണ്ട ഒരു മുടിയാണ് എല്ലാത്തിനും തുടക്കമിട്ടത്. ഏതെങ്കിലുമൊരു പുസ്തകമെന്ന് താൻ കരുതിയാൽ ആ പുസ്തകത്തോട് ഞാൻ ചെയ്യുന്ന അനീതിയായിരിക്കും. ഹിറ്റ്ലറിന്റെ മെയിൻ കാംഫ് ആണ് കുറ്റക്കാരൻ. ഒരു പെൺകുട്ടി, അതും ഞാൻ പോയിരുന്ന തുക്കടാ ലൈബ്രറിയോട് എങ്ങനെയൊ ബന്ധമുള്ള ഒരു പെൺകുട്ടി, ഹിറ്റ്ലറിന്റെ ഭാഗം അറിഞ്ഞിരിക്കാൻ ശ്രമം നടത്തിയെന്ന് പറയുന്നത് ഒരു അത്ഭുതമാണ്. അതൊ ഇനി ഞാൻ എന്റെ പഴഞ്ചൻ ചിന്താരീതി മാറ്റാത്തതിന്റെ പ്രശ്നമാണോ? കൊളോണിയൽ ചിന്താഗതി ഇവിടുത്തെ പെണ്ണുങ്ങളേയും മാറ്റിത്തുടങ്ങിയോ? അതൊരു വെള്ളക്കാരിയുടെ തലമുടിയല്ല, എനിക്കുറപ്പാണ്. ആയിരുന്നെങ്കിൽ അത് ചവറ്റുകൊട്ടയിൽ കളഞ്ഞിട്ട് ജീവിതത്തിന്റെ അടുത്ത ഏട് വായിക്കാൻ ഞാൻ സമയം വിനിയോഗിക്കുമായിരുന്നു. പക്ഷെ ഇത്, എനിക്കുറപ്പാണ് നമ്മളുടെ കൂട്ടത്തിൽപ്പെട്ട ഏതോ ഒരു സുന്ദരിയുടേത് തന്നെയാണ്.
എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ പുസ്തകം എടുത്തവരുടെ ലിസ്റ്റ് ഞാൻ വായിച്ച് പഠിക്കണമെന്ന് എനിക്ക് തോന്നി. എന്തോ, ആ ഒരൊറ്റ മുടിനാരിനെക്കുറിച്ച് അതിരില്ലാത്തത്ര സ്വപ്നങ്ങൾ ഞാൻ കാണാൻ തുടങ്ങി. അധികം വൈകാതെ ഞാൻ മനസ്സിലുറപ്പിച്ചു ആ പതിനൊന്ന് പേരേയും പിന്തുടരാൻ. അവരിലാരുടെയൊ വീട്ടിൽ എന്നെയും കാത്ത് ഒരു വശ്യമോഹിനി ഒളിച്ചിരിക്കുന്നെന്ന് എന്നോട് തന്നെ ഒരായിരം വട്ടം ഞാൻ പറഞ്ഞിട്ടുണ്ടാവണം. സത്യമായും പ്രേമമൊ കാമമൊ ഒന്നുമല്ല. അല്ലെങ്കിലും ഒരു മുടിയിൽ നിന്ന് ഇതൊന്നും തുടങ്ങാനുള്ള യാതൊരു സാധ്യതയുമില്ലല്ലൊ.
ഞാൻ മെയിൻ കാംഫിന്റെ പ്രൊപഗൻഡയാണ് പഠിക്കാൻ ശ്രമിച്ചത്. അത് ജനങ്ങളിലെത്തിക്കാൻ പയറ്റിയ തന്ത്രങ്ങളിൽ നിന്ന് നന്മയ്ക്ക് ഉതകുന്നതെന്തെങ്കിലുമുണ്ടൊ എന്ന അന്വേഷണം. അല്ലാതെ ഹിറ്റ്ലറിനോട് ഒരു നിമിഷം പോലും വെറുപ്പിൽ കുറഞ്ഞ ഒന്നും എനിക്ക് തോന്നിയിട്ടില്ല. പക്ഷെ വായിക്കാൻ കൊതി തന്നിരുന്ന മറ്റ് പുസ്തകങ്ങളുണ്ടായിരുന്നതിനാൽ മെയിൻ കാംഫിനെ ഞാൻ അവസാനത്തേക്ക് മാറ്റി വെച്ചിരുന്നു.
ഞാൻ പഠിക്കുന്ന വിറ്റ്‌വാട്ടേർസ്റാൻഡ് യൂണിവേഴ്സിറ്റിയുടെ അടുത്ത് നമ്മുടെ വർഗ്ഗക്കാർക്കും പ്രവേശിക്കാവുന്ന ആ ലൈബ്രറിയിൽ, ഗോത്തിക് പള്ളികളിൽ കാണുന്നതുപോലത്തെ വലിയ ജനലിനടിയിൽ ഒരു പകലും, രണ്ട് രാവും കഴിച്ച് കൂട്ടിയപ്പോൾ, പുസ്തകങ്ങളെനിക്ക് കൂട്ടായുണ്ടാവുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ എനിക്ക് കൂട്ടുണ്ടായിരുന്നത് ആ മുടി മാത്രമാണ്. ലൈബ്രറിയിൽ ഞാൻ കഴിയേണ്ടി വന്നതിനെക്കുറിച്ച് വാൾട്ടറൊ, സാമൊ, ആൽബർട്ടീനയൊ വഴി നീ അറിഞ്ഞിട്ടുണ്ടാവുമെന്ന് കരുതുന്നു. ഇനി അവരൊന്നും നിന്നോട് പറഞ്ഞില്ല, അല്ലെങ്കിൽ അവർ പറയാൻ ശ്രമിച്ചപ്പോൾ അറിയാൻ നീ താത്പര്യം കാണിച്ചില്ലെന്നുണ്ടൊ?
ക്രിസ്തുമസിന് മുൻപ് എല്ലാം അവസാനിപ്പിക്കാൻ സമരമുഖത്ത് നിന്ന് വെള്ളക്കാരുടെ മഫ്തിയിൽ ഉള്ള രഹസ്യ പോലീസുകാർ ഞങ്ങളെ തുരത്തിയോടിച്ചു. ഹെന്റ്രി ഉള്ളതുകൊണ്ട്, അയാൾ നോക്കി നടത്തിയിരുന്ന ലൈബ്രറിയിൽ ഒളിക്കാൻ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണവും, വെള്ളവും കൂടി അകത്ത് വെച്ചിട്ടാണ് എന്നെ അതിനകത്തിട്ട് അയാൾ പൂട്ടിയത്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യമുള്ളതുകൊണ്ട് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും അന്ന് ഞാൻ അനുഭവിച്ചില്ല. ഹെന്റ്രി വെച്ചിരുന്ന ഭക്ഷണപ്പൊതികൾക്ക് കനം പോരായിരുന്നതുകൊണ്ടല്ല അത് ഉടനെ തുറക്കില്ലെന്ന് ഞാൻ തീരുമാനിച്ചത്. പുസ്തകങ്ങൾ കാരണമാണ്. പുസ്തകങ്ങളിൽ മുഴുകാൻ, എന്റെ ശ്രദ്ധ എല്ലാത്തിൽ നിന്നും മാറ്റി ഒന്ന് നന്നാവാൻ ഇതിലും നല്ലൊരു അവസരം കിട്ടില്ലെന്നോർത്താണ് ഞാൻ ലൈബ്രറിയിൽ തങ്ങാമെന്ന ഹെന്റ്രിയുടെ ഉപദേശം സ്വീകരിച്ചത് പോലും. ഒറ്റയ്ക്കായതോടെ പുസ്തങ്ങളെല്ലാം ഞാൻ കാർന്ന് തിന്നുവാൻ തുടങ്ങി. പണ്ടെങ്ങും എന്നിൽ ഇല്ലാതിരുന്ന ആക്രാന്തത്തോടെ.
വാക്കുകളിലെ വർണ്ണനകൾക്കൊപ്പം കണ്ണുകളടച്ച്, പെൻഗ്വിനുകൾ ആർട്ടിക് സമുദ്രത്തിൽ മുങ്ങാങ്കുഴി ഇടുന്നതിനൊപ്പം ഞാനും ചാടി. അത് മുതൽ യൂറോപ്പിലെ പച്ചയായ പുൽപ്പുറങ്ങളിൽ ആടുകളേയും മേയിച്ച് മഞ്ഞിൻ കണികകളെ നഗ്നപാദങ്ങൾ കൊണ്ട് തഴുകി നടക്കാൻ സാധിച്ചത് വരെ ആ രാവിലെ എന്റെ വിജയമായി ഞാൻ കരുതുന്നു. ലോകമെല്ലാം ക്രിസ്തുമസ് ആഘോഷിച്ചതിൽ നിന്നും വളരെയേറെ വിചിത്രമായി ഞാൻ സന്തോഷിച്ചു. ആനന്ദിച്ചു.
പക്ഷെ ഒരു പരിധി കഴിഞ്ഞപ്പോൾ, ഒറ്റപ്പെടുത്തൽ എന്നെ വല്ലാതെ മൂടിക്കളഞ്ഞു. മൈനസ് ഡിഗ്രിയിലും തണുപ്പ് അന്നത്തെ ആ രാത്രിക്കുണ്ടെന്ന് തോന്നിപ്പോയി. ഉള്ളിലുള്ള വിഷമം കനത്തപ്പോൾ അത് മനസ്സിനെ അലട്ടുന്നത് വളരെ വിചിത്രമായ രീതികളിലൂടെയാണല്ലൊ. ഏകാന്തനായി പുസ്തകങ്ങൾക്ക് നടുവിൽ ആരോടെങ്കിലും സംസാരിക്കാനായി ഞാൻ അലഞ്ഞു. പുസ്തകങ്ങളെ നോക്കി ഞാൻ അതെഴുതിയ മഹാന്മാരോടും മഹതികളോടും ചങ്ങാത്തം കൂടാൻ ശ്രമിച്ചു. ആരെങ്കിലും എന്നെ ആ ഡിസംബർ 25ന് അതിരാവിലെ അലമാരിയിൽ ഇരിക്കുന്ന പുസ്തകങ്ങളോട് സംസാരിക്കുന്നത് കണ്ടിരുന്നെങ്കിൽ ബോൾഡൻ സായിപ്പിന്റെ ആശുപത്രിയിൽ ഒരു ചങ്ങലയ്ക്ക് കൂടി പണിയായേനെ. ആ ഒറ്റപ്പെടലിൽ, ഉറക്കം വന്നില്ല. ഒറ്റപ്പെടലൊക്കെ മനുഷ്യൻ വരുത്തിവെക്കുന്നതാണെന്ന് പറയുന്നത് ശരിയാണ്. ഞാൻ എല്ലാവരോടും മിണ്ടുന്ന സമൂഹജീവി ആയിരുന്നില്ല. പക്ഷെ ഇന്ന് എങ്ങനെയൊ അങ്ങനെയല്ലാതെ ആയിരിക്കുന്നു. അതുകൊണ്ടാണ് തിരിച്ച് പോവാനുള്ള വഴി മറന്ന് കഷ്ടപ്പെടുന്ന ഒരു കൊച്ചുകുട്ടിയുടെ അവസ്ഥയിൽ, ബോധത്തിനും ഉപബോധത്തിനും ഇടയിൽ ഉഴലാൻ തുടങ്ങിയത്. ഞാൻ വരുത്തിവെച്ച തെറ്റ് തന്നെയാണ്.
എപ്പോഴൊ പുസ്തകങ്ങളിൽ നിന്നകന്ന് കണ്ണടച്ച് ഇഷ്ടമുള്ളതിനെക്കുറിച്ചോർത്ത് മനസ്സിനെ ശാന്തമാക്കാൻ നോക്കി. ഞാൻ മെനഞ്ഞുതുടങ്ങിയ ചിന്തകൾ എത്തി നിന്നത്, ഒരു അജ്ഞാത സ്ത്രീ എനിക്ക് മുഖം തരാതെ വിറ്റ്‌വാട്ടേർസ്റാൻഡിന്റെ ഓഫീസിൽ നിന്ന് ഇറങ്ങിയോടുന്നതിലാണ്. ഈ യുണിവേഴ്സിറ്റിയിലെ ഏക കറുത്ത വർഗ്ഗക്കാരൻ ഞാനാണ്, പക്ഷെ പ്രധാന കെട്ടിടത്തിന്റെ പുറകിലെ കാട്ടിലേക്ക്, മരങ്ങൾക്കിടയിലേക്ക്, ഒരു വെള്ളക്കാരിയല്ലാത്തവൾ ഓടി പോവുന്നു. എന്തിൽ നിന്നാവണം അവളോടിയൊളിക്കാൻ നോക്കുന്നത്? എനിക്ക് മുഖം തരുന്നില്ല. പാറി പറക്കുന്ന അഴിച്ചിട്ടിരിക്കുന്ന മുടികൾ എന്റെ ഹൃദയമിടിപ്പ് കൂട്ടി, എന്റെ ശ്വാസോച്ഛ്വാസവും അവതാളത്തിലാക്കി. ആവുന്നത്ര വേഗത്തിലോടിയിട്ടും എനിക്ക് പിടി തരാതെ പോവുന്നു. അവസാനം അണച്ച് വയ്യാതെയായി ഞാനൊരു വയസ്സൻ മരത്തിൽ താങ്ങി നിന്നു. നിൽക്കാൻ പോലും ആവതില്ലാതെ വീഴുമെന്നായപ്പോൾ, അതിന്റെ തായ്ത്തടിയിലൂടെ എന്റെ കൈകൾ ഉരച്ചുകൊണ്ട് ഞാൻ നിലത്തേക്ക് ഇരിക്കാൻ ആഞ്ഞു. എന്റെ കൈവെള്ളകളിൽ ചെറിയ തടിച്ചീളുകൾ കയറിയെന്ന് തോന്നുന്നു. വേദനകൊണ്ട് പുളഞ്ഞ് കൈ രണ്ടും കുടഞ്ഞപ്പോൾ വേദന കനത്തു. ഞാൻ വാവിട്ട് കരഞ്ഞുകൊണ്ട് എന്നെ വേദനിപ്പിച്ച മരത്തിൽ ചാരിയിരുന്നു. അപ്പോൾ മരത്തിന് പിന്നിൽ നിന്ന് എന്റെ കൈയ്യിലേക്ക് ഒരു മുടിയിഴ വന്ന് വീണു. അതെന്റെ വലതുകൈയ്യെ ചുറ്റി വരിയാൻ തുടങ്ങി. എനിക്ക് മുന്നിലോടിയവളുടെ കുസൃതിയാവുമെന്നോർത്ത് അത് ഞാൻ സമ്മതിച്ച് കൊടുത്തത് വിനയായി. അതിന്റെ നീളം കൂടിവന്നു. എന്റെ കൈ മുഴുവനും ആ മുടിയിനാൽ ചുറ്റപ്പെട്ടതും കൂടുതൽ മുടിയിഴകൾ ആ മരത്തിന്റെ പുറകിൽ നിന്ന് വന്ന് എന്നെ ചുറ്റിവരിഞ്ഞു. എന്നെ ആ മരത്തിലേക്ക് കെട്ടിയിട്ടു. പിന്നെ അധികം വൈകാതെ എന്റെ തൊലി പുറത്ത് കാണാത്തവിധം, തൊലിയന്നല്ല, ശരീരത്തിൽ ഒന്നും പുറത്ത് കാണാത്ത വിധം എന്നെ ചുറ്റിവരിഞ്ഞുകൊണ്ടിരുന്നു. ആ മരവും ഞാനും ഒന്നായതുപോലെ. അവസാനം ഇടത്തെക്കണ്ണിന്റെ ഒരു കോണിലുണ്ടായിരുന്ന വെളിച്ചവും അടഞ്ഞ് ഞാൻ അന്ധകാരത്തിലായതോടെ ആ വിചിത്ര ലോകത്തിന് പുറത്ത്, ഇങ്ങ് ലൈബ്രറിയിൽ ഞാൻ ഞെട്ടിയെണീറ്റു.
വിയർത്ത് കുളിച്ച് നിലത്ത് കിടക്കുകയായിരുന്നു ഞാൻ. എന്റെ കണ്ണിൽ വീഴുന്ന വെളിച്ചം ജനൽപ്പാളികൾക്കിടയിലൂടെ കത്തുന്ന സൂര്യൻ വിട്ട രശ്മികളാണ്. ഞാൻ വെപ്രാളത്തിൽ ചാടിയെണീറ്റ് ഭിത്തിയിൽ ചാരിയിരുന്നു. അതൊരു സ്വപ്നമായിരുന്നെന്ന് ഉറപ്പായിരുന്നെങ്കിലും, ഞാൻ എന്റെ പുറകിൽ നിന്ന് മുടിയിഴകൾ എന്നെത്തേടി വരുന്നില്ലെന്ന് തിരിഞ്ഞ് നോക്കി. ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ ചിരിയാണ്. അന്ന് ഞാൻ എപ്പോഴൊ മെയിൻ കാംഫ് വായിച്ചാണ് ഉറങ്ങിയത്. പക്ഷെ കണ്ണടയുന്നതിന് മുൻപ് എന്തൊ ഞാൻ കണ്ടിരുന്നു. ആ പുസ്തകം ഒന്നുകൂടി തുറന്ന് താളുകൾ വേഗത്തിൽ മറിക്കാൻ നോക്കിയപ്പോൾ ശരിക്കുമൊരു മുടി അതിൽ നിന്ന് പറന്ന് സ്വപ്നത്തിൽ നടന്നതുപോലെ തന്നെ എന്റെ വലത് കൈയ്യിൽ വീണു.
അങ്ങനെ സ്വപ്നമേത്, സത്യമേതെന്ന് തിരിച്ചറിയാനാവാതെ എന്റെ കൈയ്യിൽ കിട്ടിയ ആ മുടി, അതിന്റെ ഉടമയെ അന്വേഷിക്കാൻ അടങ്ങാത്ത ഉൾപ്രേരണ തന്നതിൽ, എന്നെ തെറ്റ് പറയാൻ പറ്റുമൊ?
ക്രിസ്തുമസിന്റെ പിറ്റേന്ന് ലൈബ്രറി തുറന്ന് തന്നപ്പോഴേക്ക് ഒരു മായാ ലോകത്തെന്ന പോലെ ഞാൻ ആ മുടിയുടെ ഉടമയോട് അടുത്തിരുന്നു. ഹെന്റ്രിയോട് ഒരു വാക്ക് പോലും മിണ്ടാതെ, അയാൾ എന്നോട് ചോദിച്ചിരുന്ന ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുക്കാതെ, ഒരു യന്ത്രത്തെപ്പോലെ ഞാൻ അവിടുന്ന് നടന്നകന്നു. പ്രേമത്തിലും കുഴപ്പം പിടിച്ചതൊന്നും ലോകത്തില്ലെന്ന് കരുതിയിരുന്നവനാണ് ഞാൻ. പക്ഷെ ഇത് പ്രേമവുമായിരുന്നില്ല. കാരണം ആ മുടി ആ പുസ്തകത്തളുകളിൽ പറ്റിപ്പിടിച്ചതൊന്നും അറിയാതെയാവണം ആ മുടിയുടെ ഉടമ ജീവിക്കുന്നത്. ഞാനൊ? ഒരു വിഡ്ഢിയാണെന്ന് എന്നോട് തന്നെ പറഞ്ഞുകൊണ്ട് ആരെന്നറിയാത്ത അവളെ തേടി നടന്നു.
ആ പുസ്തകം കടമെടുത്തിരുന്നവരുടെ ലിസ്റ്റ് ഞാൻ മനപ്പാഠമാക്കിയിരുന്നുവെന്ന് എഴുതിയല്ലൊ. കൂട്ടത്തിലെ വെള്ളക്കാരെക്കുറിച്ചെല്ലാം ആദ്യം പഠിച്ചു. ഡഗ്‌ലസ്സ് സായിപ്പിന്റെ വീട്ടിലല്ലാതെ ബാക്കിയാരുടെ വീട്ടിലും വിദ്യാഭ്യാസമുള്ള നമ്മുടെ കൂട്ടത്തിൽപ്പെട്ട ജോലിക്കാരികളില്ല. അവിടുത്തെ പെണ്ണാണെങ്കിൽ ഞാൻ മനസ്സിലാക്കിയിടത്തോളം അക്ഷരം പഠിക്കാൻ മെനക്കെട്ടതുപോലും സായിപ്പിന്റെ മക്കളുടെ ആയ ആയി നല്ല ശമ്പളം മേടിക്കാനാണെന്ന് വഴിയെ മനസ്സിലായി. എങ്കിലും അവരേയും വീക്ഷിച്ചു. അല്ല ആ നീണ്ട മുടി അവരുടേതല്ല.
ബാക്കിയുള്ളവരെ പഠിച്ചതിൽ നിന്ന് എനിക്ക് വ്യക്തമായത്, ചന്തയിൽ തണ്ണിമത്തൻ വിറ്റിരുന്ന നിക്കോളാസിന്റെ വീട്ടിലൊ, ആന വേട്ടക്കാരൻ തദ്ദേവൂസിന്റെ വീട്ടിലൊ ആവണം ആ സുന്ദരി എന്നാണ്. നിക്കോളാസിന്റെ ഭാര്യയുടേതും നീളം കുറഞ്ഞ മുടിയാണെന്ന് മനസ്സിലാക്കിയ നിമിഷം തൊട്ട്, തദ്ദേവൂസിന്റെ വീട്ടുകാരെ കുറിച്ചറിയാൻ ശ്രമിച്ചു. ഇളയ മകൾ എസ്ഥേർ, അല്ലെങ്കിൽ മൂത്തവൾ ജസീന്ത. കാരണം അമ്മ റേച്ചൽ പണ്ട് തന്നെ നെഞ്ചിൽ വന്ന മുഴയ്ക്ക് ജീവൻ നൽകിയിരുന്നു. അവർ ജീവനോടെ ഉണ്ടായിരുന്നെന്ന് വെക്കു. ഒരു പക്ഷെ ആ മുടിയുടെ ഉടമ എന്നേക്കാൾ പതിനഞ്ച് വയസ്സെങ്കിലും മൂത്ത ആ സ്ത്രീ ആണെന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നെങ്കിൽ പോലും ഞാൻ എന്റെ ഇഷ്ടം അവരെ അറിയിച്ചേനേ. കൊന്നാലും മറ്റൊരുത്തി വേണ്ടെന്ന് ഞാൻ പറഞ്ഞേനെ. കാലമേറും തോറും, ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു ആ മുടി.
എനിക്ക് എന്തോ കാര്യമായ തകരാറുണ്ടെന്നും ഒരു കാമപ്രാന്തനാണെന്നുമൊക്കെ നിനക്ക് തോന്നുന്നെങ്കിൽ തെറ്റാണ്. നീ അങ്ങനെ ധരിച്ചാലും നിന്നെ തെറ്റ് പറയാനൊക്കില്ല. പക്ഷെ ഒന്ന് ഓർപ്പിച്ചുകൊള്ളട്ടെ, എന്റേത് ഏതോ മായിക തലത്തിലുള്ള പരിശുദ്ധമായ എന്തൊ ആണ്. പിന്നെ അങ്ങോട്ടുള്ള എന്റെ എല്ലാ ദിന രാത്രങ്ങളും ഞാൻ എസ്ഥേറിനും ജസീന്തയ്ക്കും വേണ്ടി മാറ്റി വെച്ചു. അവരിൽ നിന്ന് ഒരു മറുപടി ലഭിക്കാതെ പിന്നോട്ടില്ലെന്ന മട്ടിലായി.
ഗവേഷണവും നിയമപഠനവും പോലും പാതി വെന്ത് നിൽക്കുമെന്ന് തോന്നിച്ച നാളുകൾ. അങ്ങനെയിരിക്കെ പരീക്ഷകളിലെല്ലാം ഞാൻ തോൽക്കുമെന്ന അവസ്ഥ വന്ന നാൾ ഞാൻ എന്നോട് തന്നെ ഒരു ചോദ്യം ചോദിച്ചു. എന്താണ് എന്നെ ശരിക്ക് അലട്ടുന്ന പ്രശ്നം? എനിക്ക് തന്നെ ഒരു മറുപടിയില്ലായിരുന്നു. ഞാൻ ഫോർട്ട് ഹാരെ യൂണിവേഴ്സിറ്റിയിലുണ്ടായിരുന്നപ്പോൾ ഡ്രാമ സൊസൈറ്റിക്ക് വേണ്ടി നാടകങ്ങളുടെ പിന്നാമ്പുറത്ത് പ്രവർത്തിച്ചിരുന്നു. എബ്രഹാം ലിങ്കണെ കുറിച്ചുള്ള നാടകത്തിന്റെ പണിപ്പുരയിലിരിക്കെ, ഒരിക്കൽ അദ്ധ്യാപകനായ നിക്കിനെ അനുഗമിച്ച് ചെറിയൊരു സ്കിറ്റ് കാണാനിടയായത് ഓർത്തു. കണ്ട് മറന്ന ആ തെരുവ് തെണ്ടിയുടെ കഥാപാത്രം തികട്ടി വന്നു. സമൂഹത്തിന് മനസ്സിലാവാത്തത് മാത്രം ചെയ്തിരുന്ന ഒരുത്തൻ. അതിനെ അനുസ്മരിപ്പിക്കും വിധമാണ് ഞാൻ കഴുത വേഷം നിറഞ്ഞാടുന്നതെന്ന് എനിക്കപ്പോൾ തോന്നി. എന്നെ എന്തൊ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നതിനെക്കാൾ ആഴ്ചകൾക്ക് മുൻപ് തന്നെ എനിക്ക് ചുറ്റുമുള്ളവർക്ക് തോന്നിത്തുടങ്ങിയിരുന്നു.
ആ ചെറുനാടകത്തിന്റെ അവസാനം ഒരു തത്വചിന്തകൻ ആ നാട്ടിലുള്ളവരോടായി പറയുന്ന ഒരു കാര്യമുണ്ട്. അതോർത്ത് സമാധാനിക്കുവാൻ ഞാൻ ഒരു ശ്രമം നടത്തി. സത്യത്തിൽ അയാൾക്കാണൊ അതൊ ബാക്കിയെല്ലാവർക്കുമാണൊ ഭ്രാന്ത്? ഒരാൾക്ക് ഒരു കുഴപ്പവുമില്ലെന്ന് സമൂഹം പറയാൻ എന്താണ് മാനദണ്ഡമാവുന്നത്? ആ പറയുന്ന സമൂഹത്തിന് ഒരു കുഴപ്പവുമില്ലെന്ന് ഉറപ്പാണൊ? ഒരുപക്ഷെ ഒറ്റയ്ക്കിരുന്ന് എന്തൊക്കെയൊ ജപിക്കുന്നത് പോലെ ഭ്രാന്തന്മാർ സംസാരിക്കുന്നു എന്ന് പറയുന്നത്, അവർ ഈ പ്രപഞ്ചത്തോട് സംസാരിക്കുന്നതാണെങ്കിലൊ? ഒരുപക്ഷെ അവർക്ക് മാത്രമാവും പ്രപഞ്ചത്തോട് സംസാരിക്കാനാവുന്നത്. എന്നിട്ട് ആ കഴിവിനെയാവാം സമൂഹം ഒരു കുറവായി കാണുന്നത്.
കാലങ്ങളെ അതിജീവിക്കുന്ന ഓർമ്മപ്പെടുത്തലുകൾ തന്നെ. പക്ഷെ അന്ന് ഈ തത്വചിന്തയൊന്നും എന്നിൽ ഒരു മാറ്റവും സൃഷ്ടിച്ചില്ല. കാരണം ആ മുടിക്ക് പിന്നാലെ ആയതിൽ പിന്നെ ഞാൻ എങ്ങനെയാണൊ ചിന്തിക്കുന്നത്, അങ്ങനെയായിരുന്നില്ല അത്രയും കാലം ചിന്തിച്ചിരുന്നത്. എനിക്ക് ഉറപ്പായിരുന്നു, ഞാൻ ചിന്തിക്കുന്നതിൽ പന്തികേടുണ്ടെന്ന്. തദ്ദേവൂസ് അയാളുടെ മക്കളുടെ പുറകെ അലഞ്ഞ എന്നെ തോക്കിന്റെ പാത്തിക്ക് ഇടിച്ച് വീഴ്ത്തിയപ്പോൾ ഞാൻ സത്യത്തിൽ അവരെ നോക്കി നടക്കുകയായിരുന്നില്ല. ഒരുപാട് ചോദ്യങ്ങളിൽ അലയുകയായിരുന്നു. അവർ ഇരുവരുടേതുമല്ല ആ മുടിയെന്ന് അതിനുമൊരുപാട് മുൻപ് തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. പിന്നെ ആരുടേത്? ഞാൻ ആരെയെങ്കിലും അബദ്ധത്തിൽ ഒഴിവാക്കിയൊ? ഭാഗ്യത്തിന് നെറ്റിക്ക് വന്ന അസഹ്യമായ വേദനയിൽ ആ ചോദ്യങ്ങളിൽ നിന്ന് എങ്ങനെയൊ പുറത്തിറങ്ങാനായ ഞാൻ തദ്ദേവൂസിൽ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.
ആ മുടിയുടെ ഉടമ ആരാണെങ്കിലും അത് എന്നെ ബാധിക്കാൻ ഞാൻ സമ്മതിച്ചു കൊടുക്കില്ലെന്ന തീരുമാനമെടുത്തത് വളരെക്കാലമെടുത്താണ്. എല്ലാ പ്രശ്നങ്ങൾക്കുമൊരു ഉല്പത്തിയുണ്ടല്ലൊ. എന്റെ പ്രശ്നത്തിന്റേത് ആ മുടിയൊ അത് തന്ന സ്വപ്നമൊ അല്ല. അതിനും ഒരുപാട് മുൻപ് ഞാൻ വായിച്ച ഒരു കത്തിൽ നിന്നാണ്. ബിരുദമെടുക്കാനായി ആലീസ് ടൗണിൽ തങ്ങിയ കാലത്ത്, സിംബാവേയിൽ നിന്ന് കച്ചവടത്തിന് വന്ന ഒരു സ്നൈഡറിനെ പരിചയമുണ്ടായിരുന്നു. അയാളെ ഉപേക്ഷിക്കാൻ തീരുമാനിച്ച അയാളുടെ പകുതി പ്രായമുള്ള അയാളുടെ കാമുകിയുടെ ഭാവമാറ്റം, അയാളെ തീർത്തും ഉലച്ചു. ഒന്നുമല്ലെന്ന തോന്നലിൽ കൊണ്ടെത്തിച്ചു. അധികം വേദനിപ്പിക്കാതെ തന്നെ, അയാൾ ജീവനൊടുക്കി. അയാളുടെ അവസാന കത്തിൽ അയാൾ എഴുതിയത്, അന്ത്യകർമ്മ ചടങ്ങുകൾ കഴിഞ്ഞ് അയാളുടെ ശവത്തോടൊപ്പം അയാളുടെ പഴ്സിലെ അറയിൽ സൂക്ഷിക്കുന്ന ഒരു നീണ്ട മുടിയും സെമിത്തേരിയിൽ അടക്കണമെന്നാണ്. അതുണ്ടായിരുന്നതുകൊണ്ടാണത്രെ അവൻ അത്രയും കാലം ഉറക്കം കിട്ടിയിരുന്നത്. അവന് അവളില്ലാതെ, അവനെ ഉപേക്ഷിച്ച് ജീവിതവുമായി മുന്നേറിയവളില്ലാതെ, ഒറ്റയ്ക്ക് ഉറങ്ങാനാവില്ലെന്ന്. മനുഷ്യൻ മണ്ണടിഞ്ഞ് ഇല്ലാതായിക്കഴിഞ്ഞും അവന്റെ മുടി കാലത്തെ അതിജീവിച്ച് അവശേഷിക്കുമെന്ന് പറയുന്നതുകൊണ്ടാവും അവൻ മുടി തന്നെ തിരഞ്ഞെടുത്തത്. അവനേക്കാളുമധികം അവന്റെ പ്രിയപ്പെട്ടവളുടെ എന്തെങ്കിലും അവന്റെ കുഴിയിൽ അവശേഷിക്കാൻ. പരസ്പരം കൈമാറിയിരുന്ന പ്രണയലേഖനങ്ങളിൽ പറഞ്ഞിരുന്നതുപോലെ പ്രണയം ഫോറെവർ നിലനിന്നില്ല. എങ്കിൽ പിന്നെ പ്രണയിച്ചവളുടെ മുടിയെങ്കിലും അവനെ അതിജീവിക്കട്ടെ എന്നാവും അവൻ ആലോചിച്ചത്. ഇത്രയും കാലം കഴിഞ്ഞും ഇതെന്നെ അലട്ടുന്നുണ്ടെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. ഇത് എഴുതുമ്പോഴും എന്റെ കണ്ണ് നിറഞ്ഞൊഴുകുകയാണ്.
അവനെപ്പോലെ സ്നേഹിക്കാൻ എനിക്കാവില്ലെങ്കിലും, എന്നാലാവും വിധം ഞാൻ ശ്രമിക്കാം. ഫാത്തിമാ മീറിനോട് നീ പറഞ്ഞത് സത്യമാണെങ്കിൽ, എന്നെ നിനക്ക് ഇഷ്ടമായെങ്കിൽ, എനിക്ക് നിന്റെ ഒരു മുടി അയച്ച് തരണം. എന്റെ പഴ്സിലെ ആ നീണ്ട മുടി കളഞ്ഞ് അതിന് പകരം വെക്കാനാണ്. എനിക്കും ഇപ്പോൾ ഒറ്റയ്ക്ക് ഉറങ്ങാനാവുന്നില്ല.
എന്ന് സ്വന്തം,
നെൽസൺ ‘റൊഹ്‌ലിഹ്‌ലാല’ മണ്ടേല
He was institutionalised for 6yrs in a Film Institute, to forget about the 4yrs which an Engg college stole. Inveterate dreamer who dreams to utter Spielberg’s words, “I dream for a living.”