70കളിൽ മലയാളികളെ എല്ലാം അമ്പരപ്പിച്ച കഥകൾ എഴുതിയിരുന്ന മറിയമ്മ, ഒരിക്കൽ എഴുത്തിൽ കത്തി നില്ക്കുമ്പൊ അജ്ഞാത വാസം തുടങ്ങി. 40 വർഷങ്ങൾക്ക് ശേഷം ഒരു പത്രത്തിൽ അച്ചടിച്ച് വന്ന ഇന്റർവ്യ്യൂലൂടെയാണ്‌ സ്വന്തം സഹോദരിയുടെ പേരിൽ എഴുതിയിരുന്നത് ജേക്കബ് വർഗ്ഗീസ് എന്ന മിടുക്കനായിരുന്നു മറിയമ്മ എന്ന് ആരാധകർക്ക് മനസ്സിലായത്. അതിന്‌ ശേഷം അദ്ദേഹം സ്വന്തം പേരിൽ എഴുതിയ ‘ബിഷപ്പ് മാർ പന്നിയാർമഠം കൂവുന്നു’ എന്ന കഥ ഇഷ്ടപ്പെടുകയും അതിനെ അധാരമാക്കി ഒരു തിരക്കഥ എഴുതി എന്റെ ഫസ്റ്റ് ഇയർ പ്രൊജക്ട് ചെയ്യാനിരുന്നതുമാണ്‌. പക്ഷെ എന്റെ തന്നെ മണ്ടത്തരം കാരണം എനിക്ക് അന്ന് അത് സാധിച്ചില്ല. അന്ന് എഴുതാനുറച്ച തിരക്കഥ പിന്നീട് കഥയായിട്ടെങ്കിലും എഴുതണമെന്ന് തോന്നി. ഇതിന്റെ അകത്ത് ഇൻസ്പിറേഷൻ വ്യക്തമായി തന്നെ കിടപ്പുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നു. അതുകൊണ്ട് തന്നെയാണ്‌ ഞാൻ നായക കഥാപാത്രത്തിന്‌ ജേക്കബ് വർഗ്ഗിസ് എന്ന് തന്നെ പേരിട്ടത്. ഞാൻ ഇതിൽ എഴുതിയത് വല്ലതും വായിച്ചിട്ട് നിങ്ങളുടെ വിശ്വാസം വ്രണപ്പെട്ടെന്ന് തോന്നുന്നെങ്കിൽ ഓർക്കണം നിങ്ങളുടെ വിശ്വാസം ശോഷിച്ച് വരുന്നതിന്റെ ലക്ഷണമാണത്. ഇത് വെറും ഒരു കഥയാണ്‌. ഈ കഥയും കഥാപാത്രങ്ങളും ഒന്നും സത്യമല്ല, പക്ഷെ ഇതിൽ പറയുന്ന വസ്തുതകളിൽ സത്യങ്ങൾ ഒളിഞ്ഞ് കിടപ്പുണ്ടെന്ന് മാത്രം.

ഗത്സമെന തോട്ടം

വിശുദ്ധ മത്തായി എഴുതിയ സുവിശേഷം 26ആം അദ്ധ്യായം 38ഉം, 39ഉം വാക്യങ്ങളാണ്‌ വേദപുസ്തകം തുറന്നപ്പോൾ ജേക്കബിന്റെ കണ്ണിലുടക്കിയത്. ബാക്കി വായിക്കാതെ, അറിയാതെ തന്നെ വേദപുസ്തകം അടച്ച് വച്ച്, വലതു വശത്ത് പുറകിലുള്ള കലണ്ടറിലേക്ക് നോക്കിപ്പോയി.

സർക്കാർ ആശുപത്രിക്ക് കുറച്ച് കട്ടിലുകൾ മേടിച്ച് കൊടുക്കാൻ ഇടവക പുതുവർഷപ്പുലരിയിൽ വിൽപ്പനയ്ക്ക് വെച്ച ഉരുപ്പടികളിലൊന്നാണ്‌ ആ കലണ്ടറും, പക്ഷെ ഇപ്പൊ ജേക്കബ് അതിലേക്ക് നോക്കാൻ കാരണം ആ വാക്യങ്ങളാണ്‌. അവയെ അവലംബിച്ച് വരച്ച ചിത്രം തന്നെയാണ്‌ ആ കലണ്ടറിൽ.

ഗത്സമെന തോട്ടത്തിലിരുന്ന് ദൈവത്തിന്റെ ആഗ്രഹം നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്ന യേശു ക്രിസ്തു.

ശരിക്കും അന്ന് മുട്ടുകുത്തിയിരുന്ന് മണ്ണിൽ കവിണ്ണ്‌ വീണ്‌ ക്രിസ്തുദേവൻ പ്രാർത്ഥിച്ച പോലെ തന്നെയാണ്‌ ഇപ്പൊ താനും പ്രാർത്ഥിക്കുന്നതെന്ന് ഒരു നിമിഷം ഓർത്ത് പോയി. സ്റ്റഡി ടേബിളിൽ കൈ കുത്തിയുള്ള ഇരിപ്പ് പോലും ആ ചിത്രം പോലെ.

ഒറ്റ വ്യത്യാസം മാത്രം, അന്ന് മനുഷ്യരെ പാപങ്ങളിൽ നിന്ന് തിരിക്കാൻ സ്വന്തം ജീവൻ വെടിയാൻ തയ്യാറായെന്നാണ്‌ കർത്താവ് പ്രാർത്ഥിച്ചതെങ്കിൽ, തിരുവസ്ത്രം എന്നന്നേക്കുമായി അഴിച്ച് വെക്കാനുള്ള അനുമതിയാണ്‌ ജേക്കബ് ദൈവത്തോട് ആരാഞ്ഞത്. ആറ്‌ മാസം കൂടെ കഴിഞ്ഞാൽ ഡീക്കൺ പട്ടത്തിന്‌ മേൽ പട്ടക്കാരൻ ആവാനുള്ള അനുമതിയും ഒരു ഇടവകയുടെ ഭരണവും ലഭിച്ച് കഴിഞ്ഞാൽ ഒരുപക്ഷെ ഇതിന്‌ സാധിക്കില്ലായിരിക്കും. അതല്ലെങ്കിൽ ചിലപ്പോൾ മുതിർന്നവർ വലിയ ബഹളമുണ്ടാക്കി തന്നെ ഇവിടുന്ന് പറഞ്ഞ് വിടുമായിരിക്കും.

അവസാന വർഷ ഡീക്കണെ പറഞ്ഞ് വിട്ട ചരിത്രം കോട്ടയം വലിയ സെമിനാരിക്കില്ല, പക്ഷെ ഇതിന്‌ മുൻപ് ഇതുപോലെ ഒരു വൈദീക വിദ്യാർത്ഥിയേയും ഇത്രയധികം സമയമെടുത്ത് വിചാരണ ചെയ്തിട്ടുമില്ല.

ചിലപ്പൊ, തന്നെ പറഞ്ഞുവിട്ടുകൊണ്ടാവും ചരിത്രം തിരുത്തപ്പെടാൻ പോവുന്നത്.

ചിലപ്പൊ, തന്നെപ്പോലെ ആവരുതെന്ന് ഉപദേശിച്ചുകൊണ്ടാവും ഭാവിയിൽ ഒന്നാം വർഷം തൊട്ട് ശെമ്മാശ്ശന്മാരെ വളർത്തിക്കൊണ്ടുവരിക.

വേണ്ട.

ഒന്നിനും ഇടവരുത്താതെ സ്വയം തിരുവസ്ത്രം ഉപേക്ഷിക്കുന്നതാണ്‌ അതിലും നല്ലത്. ജേക്കബ് തീരുമനിച്ചുറച്ചു.

പക്ഷെ എന്നിട്ട് എങ്ങോട്ട്!

വീടല്ലാതെ മറ്റൊരിടമില്ല താനും.

വീട്ടിൽ ചെന്നാൽ, കട്ടിലിൽ നിന്ന് അത്യാവശ്യങ്ങൾക്ക് പോലും എണീക്കാൻ മടിക്കുന്ന അപ്പച്ചനെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും തന്റെ വ്യഥയെല്ലാം!?

എല്ലാം വരുന്നിടത്ത് വച്ച് കാണാമെന്നോർത്ത്, എല്ലാരും രാവിലത്തെ പ്രാർത്ഥനയ്ക്ക് ചാപ്പലിൽ കയറിയ സമയം നോക്കി പരിചയമുള്ള ഒരു ഓട്ടോക്കാരനെ വിളിച്ച് അത്യാവശ്യമെന്ന് തോന്നിയത് മാത്രം കെട്ടിപ്പെറുക്കിയെടുത്ത്, വലിയ സെമിനാരിയുടെ മലർക്കെ തുറന്ന് കിടക്കുന്ന ഭീമൻ ഗേറ്റ് കടന്ന്‌ പുറത്തിറങ്ങി.

കാഞ്ഞിരപ്പള്ളി ജങ്‌ഷനിൽ ഇറങ്ങിയ ജേക്കബിന്‌ പൊടിമറ്റത്തിനുള്ള ബസ് കാത്ത് അധികനേരം നില്ക്കേണ്ടി വന്നില്ല.

വല്ലപ്പോഴും മാത്രം നാട്ടിലും പള്ളിയിലും മുഖം കാണിക്കുന്ന ഇടവകയിലെ ഒരുത്തന്റെ മകൻ ബൈക്ക് നിർത്തി കയറിക്കോളാൻ പറഞ്ഞു. അവിടെ നിന്ന് സംസാരിച്ചാൽ കൂടുതൽ ആൾക്കാരറിയുമെന്ന് തോന്നിയതുകൊണ്ട് മാത്രം പുറകിൽ കയറിയിരുന്നു. അത് അബദ്ധമായി പോയെന്ന് ആ നിമിഷം തന്നെ സ്വയം പറഞ്ഞു.

“ളോഹ ഇല്ലാതെ ഇപ്പൊ ഇവിടെ എങ്ങനെ വന്ന് പെട്ടു?”

ജേക്കബ് കേട്ട ഭാവം നടിച്ചില്ല. റിയർ വ്യു മിററിൽ നോക്കി ജേക്കബ് മിണ്ടാനുദ്ധേശ്ശിക്കുന്നില്ലെന്ന് കണ്ട്,

“ജേക്കബ് അച്ചോ? ഏത് ലോകത്താ?”

“ഞാൻ പറഞ്ഞോ എനിക്ക് പട്ടം കിട്ടിയെന്ന്! നീ മുന്നോട്ട് നോക്കി വണ്ടി ഓടിച്ചേ!!”

ഭരണം കിട്ടുന്നതിന്‌ മുൻപ് തന്നെ ഇങ്ങനെയാണെങ്കിൽ കിട്ടിക്കഴിഞ്ഞ് എന്താവും എന്ന് പിറുപിറുത്തുകൊണ്ട് അവൻ ദേഷ്യം അക്സിലേറ്ററിൽ തീർത്തു.

ആയിരം വട്ടം വന്നിട്ടുള്ള വഴികളാണെങ്കിലും ഇത്തവണ എല്ലാത്തിനും എന്തോ ഒരു പുതുമയുള്ളപോലെ തോന്നി ജേക്കബിന്‌. ഈ പച്ചപ്പും റബർ മരങ്ങളേയും വിട്ടിട്ട് പോയതെന്തോ തെറ്റായിരുന്നെന്ന് തോന്നി പോവുന്നു.

അല്ല ഒരിക്കലും അങ്ങനെയൊന്നും ചിന്തിച്ചുകൂട. എന്തുകൊണ്ടും ദൈവവേല ചെയ്യുന്നത് തന്നെയാണ്‌ മഹത്തരം. പക്ഷെ മനസ്സിൽ ആഗ്രഹിച്ചതുപോലെ ഒരു വൈദീകനാവാൻ ഇനിയാരും സമ്മതിക്കാനിടയില്ല.

എല്ലാ സഭകളുടെയും സമ്പൂർണ്ണ ചരിത്രമെഴുതുമ്പോൾ മറച്ചു വെയ്ക്കേണ്ട വസ്തുതകൾ പരസ്യപ്പെടുത്തിയത്, അത് സഭകളുടെ താത്പര്യങ്ങളെ മാനിച്ച് തിരുത്താത്തത്, എല്ലാറ്റിലും ഉപരി വിശ്വാസികളുടെ വിശ്വാസത്തെ ചോദ്യം ചെയ്തതിന്‌, അങ്ങനെ പല രസകരമായ ആരോപണങ്ങളും നിലനില്ക്കുന്നുണ്ട് തനിക്കെതിരെയെന്ന് ഒരിക്കൽ കൂടെ ജേക്കബ് വിസ്മരിച്ചു.

ജേക്കബ് ആവശ്യപ്പെട്ടതനുസരിച്ച് പഞ്ചായത്ത് റോഡ് അവസാനിച്ച് മൺപാത തുടങ്ങുന്നിടത്ത് ബൈക്ക് നിർത്തിക്കൊടുത്തു. അവന്‌ ജേക്കബിനെ ചുമ്മാതെയങ്ങ് വിട്ടുകളയാൻ ഉദ്ദേശ്ശമില്ലായിരുന്നകൊണ്ട് നടന്നകലുന്നത് കണ്ടിട്ടും ഉറക്കെ വിളിച്ച് ചോദിച്ചു,

“വെക്കേഷന്‌ വരുമ്പം ളോഹ ഊരി വെച്ചിട്ടെ സെമിനാരീന്ന് എറങ്ങാവൂന്ന് വല്ലോം ഒണ്ടോ?….അല്ല ചുമ്മാ അറിയാമ്മേണ്ടി ചോദിച്ചതാ.”

ജേക്കബ് ആ ചോദ്യം കേട്ട ഭാവം നടിക്കാതെ പടികൾ ലക്ഷ്യമാക്കി നടന്നു.

വീട് പണിതിരിക്കുന്നത് തോട്ടത്തിലേ ഏറ്റവും ഉയർന്ന പ്രദേശത്താണ്‌.

കുഞ്ഞ് ജേക്കബ് ആ പന്ത്രണ്ട് പടികൾ എണ്ണി എണ്ണി ചാടി കയറുന്നത് ഇപ്പൊ ജേക്കബിന്‌ കാണാം. മൂന്നാമത്തെ പടിമേൽ ചവിട്ടി നാലിലേക്ക് കാലെടുത്ത് വെക്കുന്നതിനിടയിൽ മോളമ്മയേ കുറിച്ചോർത്തു, ഓർമ്മയിലെങ്ങോ നിന്ന് ആ ശബ്ദം കേട്ടു, പടികൾക്ക് മുകളിൽ വന്ന് നിന്ന്‌ ചോദിച്ചു,

“മോനേ, നീയവിടെ എന്തെടുക്കുവാ?”

“അമ്മച്ചീ, ഈ പുല്ലിനും പായലിനുമൊക്കെ ജീവനൊണ്ടോ?”

“ഒണ്ടല്ലൊ..”

“അപ്പം നമ്മളീ ചവിട്ടുമ്പം അതുങ്ങൾക്ക് നോവത്തില്ലേ. കഷ്ടമൊണ്ട്.”

“അതിപ്പം മോൻ കഴിച്ചിട്ടൊള്ള കോഴിക്കും, ആടിനുമെല്ലാം ജീവനൊണ്ടാരുന്നു, പോട്ടെ അതൊന്നുമില്ലേലും കഴിക്കുന്ന പച്ചക്കറികൾക്കും ജീവനൊണ്ടാരുന്നു.”

“ശരിയാണല്ലൊ. എന്തിനാ നമ്മള്‌ എല്ലാത്തിനേം കൊന്ന് തിന്നുന്നെ?”

“പായലിന്റേം പുല്ലിന്റേം പച്ചക്കറീടേം കാര്യമെല്ലാം കർത്താവ് നോക്കിക്കോളും, നീ ഇങ്ങ് കേറി വന്നേ…പിള്ളേരേ പിടുത്തക്കാര്‌ വരുമിപ്പം…”

കുഞ്ഞ് ജേക്കബ് തലയൊന്ന്‌ ഉയർത്തി അമ്മയുടെ കണ്ണിലേക്ക് ഒന്ന്‌ നോക്കി, കാര്യ ഗൗരവം മനസ്സിക്കിക്കൊണ്ട് അതേപടി അനുസരിച്ചു.

അന്ന് പടികളോടി കയറിയപോയതിനെ അനുസ്മരിപ്പിക്കും വിധം ജേക്കബ് ആ ഉപദേശം സ്വീകരിച്ച് പുറകേ ഓടി. തന്നെ പിടിച്ചുകൊണ്ട് പോവാൻ ആരോ വരുന്നെന്ന് തന്നെയാണ്‌ മോളമ്മ പറഞ്ഞത്. മോളമ്മ ഒന്നും വെറുതെ പറയില്ലെന്ന് ജേക്കബിനറിയാം. വർഷമിത്രയും കഴിഞ്ഞ് ഇതാ അമ്മ പറഞ്ഞത് നടക്കാൻ പോവുന്നു.

ജേക്കബിന്റെ അപ്പൻ വർഗ്ഗീസ് പറയുന്ന കണക്ക് ശരിയാണെങ്കിൽ, ഈട്ടി തടിയിൽ തീർത്ത പൊടിമറ്റത്തെ അവരുടെ തറവാട് വീടിന്‌ 240 വർഷത്തിലധികം പഴക്കമുണ്ട്.

വലിപ്പത്തിൽ ഇതിനെ വെല്ലാൻ പാകത്തിനുള്ള ചെറു കൊട്ടാരങ്ങൾ പൊടിമറ്റത്ത് പല തലമുറകളിലായി മുളച്ചുവന്ന പുതുപ്പണക്കാരുണ്ടാക്കിയിട്ടുണ്ടെങ്കിലും, പ്രൗഢി അന്നും ഇന്നും എന്നും ഇതിനാണ്‌.

അത്താഴം കഴിയുന്ന വരെ മുൻവശത്തെ വാതിൽ അടച്ചിടാറില്ല, അത് അന്ന് തൊട്ട് ഇന്ന് വരെ ശീലിച്ച് പോവുന്നൊരു പതിവാണ്‌. ആർക്കും മടിച്ച് നില്ക്കാതെ, അധികാരത്തോടെ തന്നെ അകത്ത് വന്ന്, വർഗ്ഗീസ് അച്ചായനെ കണ്ട് സഹായം ചോദിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു.

ഇന്നിതാ കുറേ കാലങ്ങൾക്ക് ശേഷം ഒരാൾ അഭയം ചോദിച്ച് വരുന്നു. അതും പള്ളിക്കും സഭക്കാർക്കും വെറുക്കപ്പെട്ടവനായിത്തീർന്ന ഒരു ശ്ശെമ്മാശൻ.

മോളമ്മയുണ്ടായിരുന്ന കാലത്ത് നേരേ അടുക്കളയിലേക്കാണ്‌ കയറി ചെല്ലാറുള്ളത്, അവിടെയിപ്പൊ മോനിച്ചനും അയാള്‌ വളർത്തുന്ന പൂച്ചയുമേ കാണുവെന്ന് അറിയാം. അതുകൊണ്ട് നേരേ അപ്പന്റെ കിടപ്പുമുറിയിലേക്ക് നടന്നു.

മോനെ കണ്ട സന്തോഷത്തിൽ മുഖം തെളിഞ്ഞ്, ചാടിയെണീക്കാനൊരു ശ്രമം നടത്തുന്ന വഴിക്കാണ്‌ ആ കിടപ്പിൽ കിടക്കാൻ തുടങ്ങിയിട്ട് കുറേയായെന്നും, പ്രായം 70 കഴിഞ്ഞെന്നുമൊക്കെ ഓർത്തത്.

ജേക്കബ് ഓടി ചെന്ന് താങ്ങിക്കൊടുത്തു.

പാവം, എല്ലിനുമേൽ തൊലി ചുറ്റിയ പോലെയാണ്‌ രൂപം. ഒടിഞ്ഞ് കുത്തിയുള്ള ആ ഇരിപ്പ് കണ്ടാൽ വർഗ്ഗീസച്ചായനെ കുറിച്ച് കേട്ടു കേൾവിയെങ്കിലുമുള്ളയാളാണെങ്കിൽ കണ്ണ്‌ നിറയും.

ആ ചിരി അധികം വൈകാതെ മാഞ്ഞു.

“എന്താ ചാക്കപ്പാ, എന്തോ ഒണ്ടല്ലൊ..”

“അപ്പാ…അപ്പൻ വെഷമിക്കല്ല്…ഞാൻ ഇനി തിരിച്ചങ്ങോട്ട് പോവുന്നില്ല അപ്പാ.. എനിക്ക് മടുത്തു..”

എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാവാത്ത ഭാവമെടുത്ത് മുഖമുയർത്തി മോനേ നോക്കാൻ കഷ്ടപ്പെടുന്നത് കണ്ട് ജേക്കബ് അവന്റെ അപ്പന്റെ കൂടെ കട്ടിലിൽ ഇരുന്നു.

പണ്ടത്തെപ്പോലെ തന്നെ. ഇടത് വശം ചേർന്ന്. എന്നിട്ട് ആ കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞു,

“വെഷമിക്കത്തില്ലെന്ന് ഒറപ്പ് താ..”

മറുപടി തീരുന്നേന്‌ മുന്നേ മോനിച്ചൻ എങ്ങ് നിന്നോ പ്രത്യക്ഷപ്പെട്ട് ഓടി വന്നു. കിതച്ചുകൊണ്ട് തന്നെ ചോദിച്ചു,

“വരുമെന്ന് പറഞ്ഞില്ലാരുന്നല്ലൊ. അച്ചന്റെ കൈ ഞാനൊന്ന് മുത്തിക്കോട്ടേ.”

കൈ തട്ടി മാറ്റി ഗർവ്വിച്ചുകൊണ്ട് ജേക്കബ് എഴുന്നേറ്റു.

“ഞാൻ പട്ടക്കാരനായില്ല. ആവാനും പോണില്ല. നീയും പഴയ പോലെ എന്നെ ചാക്കപ്പാന്ന് വിളിച്ചാ മതി.”

ഒരു നിമിഷത്തിനകം തന്നെ അതല്പം കൂടിപ്പോയെന്ന് മനസ്സിലാക്കി മോനിച്ചനെ കെട്ടിപ്പുണർന്നു.

“അയ്യോ ഞാനിഷ്ടമൊള്ളത് വിളിക്കാവേ, അതിനെന്തിനാ ഇങ്ങനൊക്കെ. കെളക്കുവാരുന്നു. ദേഹമപ്പിടി ചേറാ..”

“പുതുമഴ കഴിഞ്ഞിട്ടൊള്ള ചേറിന്റെ മണമെനിക്ക് ഇഷ്ടവാ…നിന്റേം..”

അത് പറയുമ്പം ജേക്കബിന്റെ കണ്ണിലെ തിളക്കം മോനിച്ചൻ കണ്ടു.

ഒരു നിമിഷം കൊണ്ടത് നിറയുന്നുവെന്ന് മനസ്സിലാക്കി തിരിഞ്ഞ് വീണ്ടും അപ്പന്റെ അടുത്തേക്ക് നടന്നു. കാല്ക്കൽ, നിലത്ത് തന്നെ ഇരുന്ന്, ആ തുടയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു,

“അപ്പാ, ഞാനിനി തിരിച്ച് പോയില്ലേലും അപ്പൻ വെഷമിക്കത്തില്ലെന്ന് പറ..പറ അപ്പാ..”

“ഞാനാണോടാ മോനേ നിന്നേ അങ്ങോട്ട് പറഞ്ഞു വിട്ടെ? എനിക്കൊരു വെഷമോമില്ല. എന്താ പറ്റിയേന്ന് പറ..”

“വലിയ സെമിനാരീടെ ഇരുന്നൂറാം വാർഷികാഘോഷം നടന്നപ്പം ഞങ്ങൾ അവസാന വർഷ ഡീക്കണ്മാർക്ക് ചെല ചൊമതലകളൊണ്ടാരുന്നു. എനിക്ക് പബ്ളിസിറ്റി പോലത്തെ കാര്യങ്ങളിലായിരുന്നു. അന്നത് കഴിഞ്ഞപ്പൊ പ്രിൻസിപ്പലച്ചൻ ഒരു ലേഖനമെഴുതാൻ എന്നേ ഏല്പ്പിച്ചാരുന്നു. കേരളത്തിലേ എല്ലാ സഭകൾടേയും ചരിത്രവും, അതിൽ നമ്മടെ സഭയുടെ പ്രാമുഖ്യവുമൊക്കെയാരുന്നു വിഷയം. അറിയാവോ ഞാൻ ഒന്നര മാസമെടുത്താ ഒള്ള ചരിത്രമെല്ലാം തപ്പിപ്പിടിച്ചെടുത്തത്, അപ്പൊ എല്ലാം സംഗ്രഹിക്കാനെത്ര കഷ്ടപ്പെട്ടെന്ന് ഊഹിക്കാം. എന്നിട്ടെല്ലാം തീർത്തപ്പൊ മോളീന്ന് ഉത്തരവ് വന്നു, മൊത്തം തിരുത്താൻ. എനിക്ക് സമ്മതിച്ച് കൊടുക്കാൻ പറ്റത്തില്ലാരുന്നു. കാരണം ഞാൻ എഴുതിയതെല്ലാം സത്യമാണെന്ന് എനിക്ക് അറിയാം. അവസാനം എന്നെ അവര്‌ റിപ്ലേസ് ചെയ്തു.”

“എന്റെ മോനേ നീ എഴുതിയതെല്ലാം എല്ലാർക്കും അറിയാവുന്ന കാര്യങ്ങള്‌ തന്നെ അല്ലേ? ഈ അങ്ങനൊള്ള അപ്രിയ സത്യമെല്ലാം വിളിച്ച് പറയുന്നവരെ അടിച്ചമർത്താനല്ലേ എല്ലാരും നോക്കത്തൊള്ളു.”

“അതിന്‌ അവരങ്ങനെ ചെയ്തേല്‌ എനിക്കൊരു വെഷമോം ഇല്ലാരുന്നപ്പാ, പക്ഷെ ഞാൻ എഴുതിയതൊക്കെ മേടിച്ച് പൂഴുത്തി വെക്കാനൊരു ശ്രമം നടത്തി. ഞാൻ എല്ലാം മനസ്സില്ലാ മനസ്സോടെ കൊടുത്തേലും എന്റെ പേരും വെച്ച് ഒരു ബ്ലോഗിൽ എല്ലാം പോസ്റ്റ് ചെയ്തു.”

അപ്പന്റെയും മോനിച്ചന്റെയും മുഖത്തേക്ക് ജേക്കബ് മാറി മാറി നോക്കി. ഇല്ല അവർക്ക് മനസ്സിലായിട്ടില്ല.

“അപ്പാ, അതീ ബ്ലോഗെന്ന് പറഞ്ഞാ…നമ്മക്ക് കമ്പ്യൂട്ടറിൽ വായിക്കാൻ പാകത്തിന്‌ ലേഖനമെഴുതുന്നതാ..”

“ഓ..അത് അവർക്ക് ഇഷ്ടമായില്ല അല്ലിയോ? എന്തുവാ ഇത്രേം പ്രശ്നമൊണ്ടാക്കാൻ പാകത്തിന്‌ എഴുതിയെ?”

“ആരും തിരുത്താത്ത ചരിത്രോം പിന്നെ അതിന്റെ എല്ലാം അവസാനം ഇങ്ങനെ ഓരോ ശിഷ്യന്മാരടെ പേരിലും സഭകളും പിന്നെ അതിന്റെ എല്ലാം നൂറായിരം ഗ്രൂപ്പും എല്ലാം ഒണ്ടാക്കി ഇങ്ങനെ പിരിക്കാൻ ആണെങ്കീ എല്ലാരേം ഒന്നിപ്പിക്കാൻ കർത്താവ് കുരിശീ കേറുമാരുന്നോന്ന് ഒരു ചോദ്യോം. എന്തിനാ അടിച്ച് പിരിഞ്ഞ് ഒരുപാട് പൈസ മൊടക്കി ബാബേൽ ഗോപുരം കണക്കിന്‌ പള്ളികള്‌ പണിയുന്നെ? അങ്ങനൊക്കെ…”

“ആ പഷ്ട്! ഇതിപ്പം നിന്നെ പറഞ്ഞ് വിട്ടിലേലേ ഒള്ളു അത്ഭുതം.”

എന്ന് അത് വരെ മിണ്ടാതിരുന്ന മോനിച്ചൻ അഭിപ്രായപ്പെട്ടു.

ജേക്കബ് മറുത്തൊന്നും പറഞ്ഞില്ല. പക്ഷെ ഒരുപാട് കൊല്ലങ്ങൾക്ക് ശേഷം അപ്പൻ ചിരിക്കുന്നത് കണ്ട് അങ്ങനെയെങ്കിലുമൊരു ഗുണം തന്നെക്കൊണ്ട് ഉണ്ടായെന്ന് ഓർത്ത് ഒന്ന് സന്തോഷിക്കാൻ ശ്രമിച്ചു.

“അല്ല. ഞാനതല്ല ഉദ്ദേശ്ശിച്ചെ… എടാ പണ്ട് നമ്മക്ക് ശ്രീവിദ്യ ടീച്ചറ്‌ പഠിപ്പിച്ച് തന്ന കഥേല്‌ രാജാവ് നഗ്നനാണെന്ന് വിളിച്ച് കൂവിയ പയ്യനേ പോലാ നീ. ഞാൻ അതോർത്ത് പറഞ്ഞെയാ. നീ എഴുതിയേല്‌ തെറ്റൊണ്ടായിട്ടല്ല.”

ജേക്കബ് ഇത്തവണ ഒപ്പിച്ചൊരു ചിരി ചിരിച്ചു. പക്ഷെ അപ്പന്റെ മുഖത്തെ സങ്കീർണ്ണത കണ്ടപ്പോൾ തന്നെ ആ ചിരി മാഞ്ഞു.

“ഞാൻ അപ്പനെ നാണംകെടുത്തി അല്ലേ..”

അത് കേട്ടപ്പോഴാണ്‌ മോൻ തന്നേ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്ന് വർഗ്ഗീസ് അറിഞ്ഞത് പോലും.

“എന്തിനാ ഞാൻ നാണം കെടുന്നെ? ഞാൻ മോളമ്മേ കുറിച്ചോർത്തതാ..പള്ളീം സഭേമൊക്കെ ആയിരുന്നല്ലൊ അതിന്റെ ജീവവായു. അവളൊണ്ടാരുന്നേൽ ചെലപ്പൊ നീ ഒരു പൊട്ടിത്തെറി കേട്ടേനേ…പിന്നെ ഒരഞ്ച് മിനിറ്റ് കഴിഞ്ഞ് കരച്ചിലും. പാവം.”

“ഒന്നും വേണ്ടാരുന്നു അല്ലേ…”

“പോടാ ചെറുക്കാ…ഒരു തെറ്റുമില്ല…അല്ലേലും അടിച്ച് പിരിഞ്ഞ് പല വഴിക്കായിട്ട് സ്വത്തിനെല്ലാം വേണ്ടി കോടതീ കേറാൻ തൊടങ്ങിയ കാലം തൊട്ട് സഭക്കാരോടെല്ലാം എനിക്ക് പുച്ഛവാ..കണ്ട തൊട്ടി പാർട്ടിക്കാരടെ പോലെ സമരോം ധർണ്ണേം പിക്കറ്റും…”

ജേക്കബ് ഒന്നും പറഞ്ഞില്ല. ഒന്നും പറയാനുദ്ദേശ്ശമില്ലെന്ന് കണ്ടപ്പോൾ അപ്പൻ തുടർന്നു.

“ളോഹ മതീന്ന് പറഞ്ഞ് പോയപ്പൊ നീ മോളമ്മേടെ മാത്രം മോനാന്നല്ലേടാ ഞാൻ വിചാരിച്ചെ. ഇപ്പഴാ നീ എന്റെ ചോരേടെ ലക്ഷണം കാണിച്ച് തൊടങ്ങിയെ.”

അത് പൂർണ്ണമായുമങ്ങോട്ട് വിശ്വസിക്കാതെ ജേക്കബ് അനക്കമറ്റ് നിന്നു. പക്ഷെ ഇങ്ങനെയൊരപ്പനെ എവിടെ കിട്ടുമെന്നും ചോദിച്ച് മോനിച്ചൻ പിറകിൽ നിന്ന് ജേക്കബിന്റെ രണ്ട് തോളിലും കൈകളമർത്തി നിന്നു.

“പക്ഷെ നീ ഒളിച്ചോടിയ പോലെ വരാമ്പാടില്ല.”

“അങ്ങനല്ല അപ്പാ… എല്ലാരേം അറിയിച്ച് കൂടുതൽ ബഹളമൊണ്ടാക്കി സിസ്റ്റത്തിനെതിരെ നിന്ന വട്ടൻ എന്നറിയപ്പെടെണ്ട എനിക്ക്. അതുകൊണ്ട് ഒരു കത്തും പ്രിൻസിപ്പാളച്ചനും ഡീൻ അച്ചനും വെച്ചേച്ചാ ഞാൻ എറങ്ങിയെ.”

“അത് പോരെടാ… നിനക്ക് ഇപ്പഴും നിന്നേ പേടിയാ…അല്ലിയോ? നിന്നെ അവരങ്ങ് സമ്മതിപ്പിച്ച് അവരെപ്പോലെ ആക്കുമെന്നൊരു പേടിയൊണ്ട് നെനക്ക്. നന്നായിട്ട്.”

“ഒണ്ടെന്ന് തോന്നുന്നപ്പാ.”

“അത് വേണ്ട. അങ്ങനെ എല്ലാർക്കും വേണ്ടി നീ അല്ലാതെ ആവെണ്ട. നീ പോയപ്പൊ തൊട്ട്, ഞാൻ ഞാനല്ലാതാ ജീവിക്കുന്നെ. എനിക്ക് അതും നിർത്തണം.”

അത് എന്തിനേ കുറിച്ചാണ്‌ അപ്പൻ പറഞ്ഞതെന്ന് ജേക്കബിനോ മോനിച്ചനോ മനസ്സിലായില്ലെന്ന് കണ്ട് അപ്പൻ ഒരു നെടുവീർപ്പിട്ടു.

എന്നിട്ട് തുടർന്നു,

“എന്റെ കൂടെ കളിച്ച് വളർന്ന ഏലിക്കുട്ടി ഒറ്റയ്ക്ക് ബസിൽ ഇരിക്കുന്ന കണ്ടപ്പം ഞാൻ കൂടെ പോയിരുന്നു. അടുത്തെങ്ങുമല്ല, പണ്ടാ.. നിന്റെ ആദ്യത്തെ കൊല്ലമെങ്ങാണ്ട്. ഇരുന്ന് കഴിഞ്ഞപ്പമൊടനേ ബാക്കീന്ന് കമന്റ്,‘ഏലിയമ്മാമ്മേടെ കെട്ടിയോൻ ചത്തെന്ന് വച്ച് പഴയ പ്രേമം പുതുക്കാൻ നിക്കുമ്പം ഓർക്കണം മോൻ അച്ചനാവാൻ പഠിക്കുവാ , അവന്‌ നാണക്കേട് ഒണ്ടാക്കല്ലെന്ന്.’…അതുപോലെ വല്ലപ്പോഴുമാ കുടിച്ചിരുന്നെ…തൂറാൻ മുട്ടുന്ന പോലെ വിളി വരുമ്പം മാത്രം. അങ്ങനൊരിക്കെ ഷാപ്പീ പോയപ്പം അവിടേം പറഞ്ഞ് കേട്ടു, മോന്‌ ചീത്തപ്പേര്‌ ഒണ്ടാക്കല്ലെന്ന്…അങ്ങനൊരുപാട്…ചുരുക്കി പറഞ്ഞാ ഞാൻ കരമടച്ച് ജീവിക്കുന്ന എന്റെ ഈ വീട്ടിൽ എനിക്കൊന്ന് ഒച്ചയെടുത്ത് ചിരിക്കാൻ പോലും പറ്റത്തില്ലെടാ…ആളുകള്‌ ഒരോന്ന് പറയുന്നു…ശരിക്ക് അങ്ങനാ ഞാനീ കെടന്ന കെടപ്പിലായി പോയെ.”

“അപ്പാ ഞാനിതൊന്നും സ്വൊപനത്തീ പോലും….”, ജേക്കബിന്റെ ശബ്ദം ഇടറി നിന്നു.

“ഹ വെഷമിക്കാതെടാ ചെറുക്കാ… വടക്കേലെ ഷാജിച്ചായൻ എപ്പഴും പറയുന്നൊരു ഡയലോഗൊണ്ടല്ലൊ എന്തുവാടാ അത്?”

“ബെറ്റർ ലേറ്റ് ദാൻ നെവർ.”

“ങാ നീയിപ്പം പറഞ്ഞത്….മോനിച്ചാ തൊമ്മന്റവിടം വരെ പോ… ഇത്ര രാവിലെ എവിടുന്നേലും മാട്ടല്ലാത്ത രണ്ട് കുപ്പി കിട്ടുമോന്ന് ചോദീര്‌..”

മോനിച്ചൻ സന്തോഷം കൊണ്ട് ഓടി ചെന്ന് വർഗ്ഗീസിനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തോണ്ട് പറഞ്ഞു,

“എനിക്കിനി ചത്താലും മേണ്ടില്ല..”

അടുത്ത നിമിഷം മോനിച്ചൻ അടുക്കളയിലേക്ക് ഓടി. അവിടുന്ന് മണം കിട്ടിയിരിക്കുന്നു. അടുപ്പിനുമേൽ മാങ്ങാപ്പൂളിട്ട് തെളപ്പിച്ച മോത മീൻ പാകമായെന്ന് മോനിച്ചനെ അറിയിക്കാനാണ്‌ മണത്തെ പറഞ്ഞു വിട്ടത്.

“അപ്പാ…”

“നീ കുടി തൊടങ്ങെണ്ട… തൊടങ്ങിയാ നിന്റെ ചന്തി ഞാനടിച്ച് പരത്തും.”

“അതല്ലപ്പാ…ഈ കെടന്ന കെടപ്പീന്ന് പെട്ടെന്നെഴുന്നേച്ച് മേളിക്കെണ്ട…മണിമലയാറ്‌ കരകവിഞ്ഞൊന്നും വരുന്നില്ലല്ലൊ…ഞാനിവിടൊണ്ട്…എങ്ങും പോന്നില്ല്ല…”

“എനിക്ക് ഇനി അങ്ങനെ ആഡംബരമായിട്ട് എല്ലാം പതുക്കെ ആസ്വദിക്കാനൊള്ള സമയൊമൊന്നും ഒടയതമ്പുരാൻ തരത്തില്ല…”

അപ്പോഴേക്ക്, ഒരു മുഴുത്ത മീൻ കഷ്ണം ഇളക്കാനെടുത്തിരുന്ന തവിയിൽ തന്നെ കോരിയെടുത്തുകൊണ്ട് മോനിച്ചൻ അവതരിച്ചു.

“എങ്ങനൊണ്ടെന്ന് നോക്കിക്കെ… ഒന്നുമങ്ങോട്ട് പിടിക്കാനായിട്ടില്ല, എന്നാലും…”

പൊള്ളുന്നെങ്കിൽ പൊള്ളട്ടെയെന്ന് കരുതിക്കൊണ്ട് തന്നെ ജേക്കബ് അതിൽ നിന്നൊരു കുഞ്ഞ് കഷ്ണം നുറുക്കി വായിലേക്കിട്ടു. എന്നിട്ട് ചൂട് ഊതി കളഞ്ഞിട്ട് ഒരു മുറി കഷ്ണം അപ്പന്റെ നാവിലും വെച്ച് കൊടുത്തു.

രണ്ട് പേരും രുചിക്കുന്നത് കണ്ട് കൊതിച്ച് നില്ക്കുന്ന മോനിച്ചനോടും വാ തുറക്കാൻ പറഞ്ഞിട്ട് ആറ്റിയ ഒരു വലിയ കഷ്ണം മീൻ നാവിൽ വെച്ച് കൊടുത്തു.

പണ്ട് മോളമ്മ, ജേക്കബിനും ഭർത്താവിനും വാരി കൊടുത്തിരുന്നത് ഓർത്ത് കാണണം മൂവരും.

തന്റെ പാചകത്തെ വാഴ്ത്തുന്നത് കേട്ട് വേണ്ടുവോളം സുഖിച്ച് നിന്നപ്പോഴാണ്‌ തൊമ്മനെ കാണണമല്ലോയെന്നോർത്തതും, തവി കൊണ്ടുപോയി വെക്കാൻ അടുക്കളയിലേക്ക് ഓടിയതും.

അപ്പനും മകനും മോളമ്മയെ ഓർത്ത് അയവിറക്കാൻ നോക്കുന്നതിനിടയിൽ, തൊമ്മനെ കാണാൻ വെളിയിലേക്കോടിയ മോനിച്ചൻ അതിലും വേഗത്തിൽ തിരിച്ചോടി കേറി.

“അമ്പലമുക്കീ ജൗളിക്കട നടത്തുന്ന ആ വരുത്തന്റെ മോൻ ദേ പടിയ്ക്കല്‌ നിന്ന് പാത്തും പതുങ്ങീം ഇങ്ങോട്ട് നോക്കിയേച്ച് എന്നെ കണ്ടപ്പം താഴോട്ട് ഒറ്റയോട്ടം.”

“ഓ അത് വിട്ടേക്ക്. അവന്റെ ബൈക്കേലാ ഞാൻ വന്നെ. അവനറിയണം എന്റുദ്ദേശ്ശം. അത്രേവൊള്ളു.”

“അല്ല.. അതല്ല…ചുമ്മാ നോക്കിയതല്ല…ഞാൻ നോക്കിയപ്പം, അവൻ താഴെ ചെന്നിട്ട് ഒരു വെള്ള കാറിൽ വന്നേക്കുന്ന അച്ചമ്മാർക്ക് വീട് ചൂണ്ടി കാണിച്ച് കൊടുക്കുവാരുന്നു..അവര്‌ രണ്ടു മൂന്ന് പേരൊണ്ട്. പ്രായമൊള്ളവരാ…”

ഉറക്കം ശരിയാവാത്ത രാത്രികളിൽ അപ്പന്റെ ചൂടറിഞ്ഞ് ഉറങ്ങാൻ പേടിച്ച് വിറച്ച് വരാറുള്ള ആ കൊച്ച് പയ്യനെ വർഗ്ഗീസ് പിന്നെയും കണ്ടു. പക്ഷെ പണ്ടത്തേപ്പോലെ ആർക്കും വിട്ടുകൊടുക്കത്തില്ലെടാ എന്ന് പറയാൻ ശബ്ദമുയർന്നില്ല. അപ്പനും മകനും മുഖത്തോട് മുഖം നോക്കി ഒന്നും മിണ്ടാതെ നിന്നു.

എന്തൊക്കെയോ പറഞ്ഞു. തർക്കിച്ചു. എല്ലാം മൗനമായി തന്നെ തീർന്നു.

പടികളിറങ്ങി ചെന്ന ജേക്കബ് അവരോടെന്തൊക്കെയോ പറഞ്ഞു നോക്കിയെങ്കിലും ഫലവത്തായില്ലെന്ന് തിരിച്ച് വരുന്ന വരവ് കണ്ടപ്പോൾ തന്നെ മനസ്സിലായി.

കൂടുതലൊന്നും പറയാതെ സെമിനാരിയിൽ നിന്ന് കൊണ്ടുവന്ന ബാഗും തോളിലേന്തി തിരിച്ച് നടന്നു.

ജേക്കബ് പടിയ്ക്കലെത്താറായപ്പോഴാണ്‌ മോനിച്ചന്‌ കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്.

“ചാക്കപ്പൻ പോവണ്ടാ…ഞാൻ അവരെ പറഞ്ഞ് മനസ്സിലാക്കികോളാം…പറഞ്ഞ് വിട്ടോളാം…അങ്ങോട്ട് വരണ്ടാ..”

ജേക്കബ് സൗമ്യനായി മോനിച്ചന്റെ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു,

“വേണ്ടെടാ, ഞാൻ തിരിച്ച് ചെല്ലണമെന്നാരിക്കും ദൈവ വിധി…അത് നടക്കട്ടെ…അപ്പനെ വെഷമിപ്പിക്കാതെ നോക്കിക്കോണം..ഞാൻ പോവാ…”

മനസ്സില്ലാ മനസ്സൊടെ അവസാന പടികളിറങ്ങുന്ന ജേക്കബിനെ വാൽസല്യത്തോടെ സെമിനാരിയിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നത്, ദൂരെ മോനിച്ചന്റെ തോളിൽ തൂങ്ങി നിന്നുകൊണ്ട് വർഗ്ഗീസ് കണ്ടു.

കണ്ണ്‌ അകത്ത് തീന്മേശയ്ക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള അന്ത്യ അത്താഴത്തിന്റെയും, അതിന്റെ അടൂത്ത് തന്നെയുള്ള യൂദാസിന്റെ ചതിയൻ ചുംബനത്തിന്റേയും ചില്ലിട്ട് വെച്ചിരിക്കുന്ന ചിത്രങ്ങളിലേക്കും പായിച്ചു. കണ്ണ്‌ നിറച്ചു.

എന്നിട്ട് അപ്പൊഴും പാതി മനസ്സിലാവാത്ത പാതി മോനിച്ചനോടായി പറഞ്ഞു,

“ഗത്സെമനായിൽ നിന്ന് കാൽവെറിയിലോട്ട്. ചരിത്രം ആവർത്തിക്കട്ടെ.”

Previous post Ep 7 – ഹിന്ദി ചീനി ഭായ് ഭായ്
Next post ദൈവമാണത്രെ – (ചെറുകഥ)

Leave a Reply

Your email address will not be published. Required fields are marked *