തിരുമാണ്ഡാംകുന്ന് ക്ഷേത്രത്തിന്‌ മുന്നിൽ ട്രാഫിക്ക് നിയന്ത്രിക്കാൻ നിന്ന മുരടൻ ആണ്‌ പ്രചോദനം. എന്തിനാവാം അയാൾ ഇത്രയും ദേഷ്യപ്പെടുന്നത് ആലോചിച്ചതാവാം ഇവിടെ എത്തിച്ചത്.

ചോറും, രസവും, അവിയലും

പ്രകൃതിയുടെ വിളി ശ്രദ്ധിക്കാതെ പ്രഭാതകർമ്മങ്ങൾ നിർവഹിക്കാൻ പല ദിവസങ്ങളിലും മറന്നു പോവാറുണ്ട്, ഈ മനുഷ്യൻ. പക്ഷെ ഒരു യന്ത്രത്തെപ്പോലെ എന്നും ചെയ്തുതീക്കുന്ന കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്.

അതോരോന്നും പറയാൻ തുടങ്ങിയാൽ ഇന്ന് നിങ്ങൾക്ക് വേറോരു പണിക്കും പോവാൻ തോന്നില്ല. അത് പിന്നെയാവാം.

അല്ലെങ്കിൽ വേണ്ട അത് പറയുന്നില്ല.

പറയാൻ വേറേ ഒരുപാടൂണ്ട്. പറയട്ടേ?

കോളേജ് ക്യാന്റീനിലെ ഭക്ഷണത്തിന്റെ സ്വാദ് കാരണം സ്വയം പാചകം ചെയ്യാൻ പഠിച്ചതുകൊണ്ട് ജീവിതം മുഴുവൻ അതൊരു ഭാരമില്ലാതെ ചെയ്ത് പോവുന്നു. പക്ഷെ അതിനൊരു പ്രശ്നവുമുണ്ട്, ചോറല്ലാതെ വേറൊന്നും ഊണ്ടാക്കാൻ അറിഞ്ഞുകൂട.

കറികൾ അറിയാവുന്നത് മാറ്റി മാറ്റി വെച്ച് ഓരോ ദിവസവും തള്ളി നീക്കുന്നു.

3 നേരവും ചോറ്‌.

ഇങ്ങേര്‌ കറിയുണ്ടാക്കുന്നതും ഒരു കലയാണ്‌.

പച്ചക്കറി കഴുകുന്ന വെള്ളം പോലും വേസ്റ്റ് ആക്കാതെ അത് വെച്ച് രസം ഉണ്ടാക്കാറാണത്രെ പതിവ്‌. ചിലവാവാത്ത സാമ്പാർ കുറുക്കിയാണോ പിറ്റേന്ന് അവിയൽ വെക്കാറെന്നും ചിലർ സംശയം പറയാറുണ്ട്.

ഇവർ 3 പേർക്കുമുള്ള ചായയും, ഭക്ഷണമുണ്ടാക്കിയതുകൊണ്ടും തീരുന്നില്ല പണി. ചോറ്‌ തിളയ്ക്കാനെടുക്കുന്ന നേരം തുണി അലക്കാനും, അലക്കിയത് തേക്കാനും, അങ്ങനെ സകല വീട്ടു ജോലികളും തീർക്കാനുമായിട്ട് വിനിയോഗിക്കും.

മിക്കപ്പോഴും സമയമില്ലാതെ വന്ന് അവസാനം 13 വയസ്സുള്ള മകന്‌ ചോറ്‌ വാരി കൊടുത്താണ്‌ സ്കൂളിലേക്ക് പറഞ്ഞയക്കാറുള്ളത്. 2 വാ ചോറു കഴിക്കുമ്പോഴേക്ക് അവനേ സ്കൂളിലാക്കുന്ന ഓട്ടോറിക്ഷ വന്ന് ഹോൺ അടിച്ചാൽ, അതിനും ഭാര്യയുടെ കുറ്റപ്പെടുത്തൽ സഹിക്കണം.

അതിനും എന്ന് ഞാൻ പറഞ്ഞത് ശ്രദ്ധിച്ചുകാണുമല്ലൊ അല്ലേ. എന്തിനും ഏതിനും കുറ്റപ്പെടുത്തലാണ്‌. ഇപ്പൊ കുറ്റപ്പെടുത്തലില്ലാതെ വീട്ടിലെ പണികൾ ഒതുക്കിയാൽ അയാൾക്ക് ഉന്മേഷക്കുറവ് കാരണം ഭക്ഷണം പോലും തൊണ്ടയിലൂടെ ഇറങ്ങില്ലെന്നായി.

ഭാര്യയേയും പറഞ്ഞയച്ച് കഴിഞ്ഞാൽ പിന്നെ വീട്ടിലെ രാജാവ് അയാളാണ്‌.

പിന്നെ ഒട്ടും സമയം കളയാതെ വീര-രൗദ്ര ഭാവങ്ങൾ ആവാഹിക്കാൻ തുടങ്ങും.

കുളിക്കാൻ കയറി ഷവറിനടിയിൽ നില്ക്കുമ്പോഴേക്ക് അയാളൊരു അങ്കത്തിന്‌ പോവുന്ന യോദ്ധാവിന്റെ സ്ഥാനത്ത് സ്വയം സങ്കല്പ്പിക്കാറുണ്ട്. വെള്ളത്തുള്ളികൾ ദേഹത്ത് പതിക്കുന്നതൊക്കെ സ്ലോ മോഷനിൽ കാണുന്നുണ്ടാവണം മനസ്സിൽ. ആരോ അഭിഷേകം ചെയ്യുന്നെന്ന ഭാവം പൂണ്ട് നിന്ന് കുറച്ച് കഴിയുമ്പോഴാവും കുളിക്കാനാണ്‌ കേറിയതെന്ന് ഓർക്കാറുള്ളത്.

കുളി കഴിഞ്ഞ് യൂണിഫോമും ഇട്ട് ആ ബൂട്ടും കൂടെ കെട്ടി കഴിഞ്ഞാൽ പിന്നെ വേറേ ആളാണ്‌. ആ ജീപ്പ് നിർത്തി അതിൽ നിന്ന് ചാടി ഇറങ്ങുന്നതൊക്കെ പല മലയാള സിനിമകളേയും ഓർമ്മിപ്പിക്കും. ഓ ഞാൻ പറഞ്ഞിരുന്നില്ല അല്ലേ?

കക്ഷി സബ് ഇൻസ്പെക്ടറാണ്‌.

നിങ്ങൾ സിനിമയിൽ കണ്ടറിഞ്ഞ ഏതെങ്കിലും ക്ലീഷേ വീരപുരുഷ കഥപാത്രങ്ങളുടെ പേര്‌ കൊടുത്തോളു.

രാവിലെ ഒരു കോമ്പ്ലിമെന്റ്സ് കേസാണ്‌. കോടതിക്ക് പുറത്ത് രണ്ട് കക്ഷികളേയും പറഞ്ഞ് മനസ്സിലാക്കിച്ചിട്ട് കൈ കൊടുപ്പിച്ച് ഡീൽ ആക്കുന്നതിനേയാണിപ്പൊ കോമ്പ്ലിമെന്റ്സ് കേസ് എന്ന് പറയാറുള്ളത്. വക്കിലിനും ജഡ്ജിക്കും ഒന്നും കൊടുക്കാൻ സ്കോപ്പില്ലാത്തവ.

തിയേറ്ററിൽ കൊണ്ടുപോയ പെൺസുഹൃത്തിനേ തോണ്ടിയവനേ കോടതി കയറ്റാൻ സിസിടിവി ഫൂട്ടേജ് വേണമെന്ന് മാനേജറോട് പറഞ്ഞപ്പോഴാണ്‌ ക്യാമറ കേടാണെന്ന് അറിയുന്നത്. എന്നാൽ പിന്നെ തിയേറ്ററിനെതിരെ ആവാം കേസ് എന്ന് അവൻ.

നമ്മുടെ എസ്.ഐ. ആദ്യം മാനേജറുടെ കരണം പുകയ്ക്കുമാറ്‌ ഒരു തല്ല് വെച്ചുകൊടുത്തു. എന്തിനാ തല്ലിയതെന്ന്‌ പറയണോന്ന് ചോദിച്ചു. അയാൾ വേണ്ടെന്ന് തലകുലുക്കി. എന്നാൽ പൊക്കോളു എന്ന് പറഞ്ഞു.

അത് കണ്ട് പുഞ്ചിരിതൂകി നിന്ന പരാതിക്കാരനോട് ചോദിച്ചു, ആരായിരുന്നു കൂടെ എന്ന്. സുഹൃത്തെന്ന് പറഞ്ഞതിന്‌ തന്നെ കൊടുത്തു ഒരെണ്ണം.

പിന്നെ ഓരോ ഉത്തരത്തിനും മറുപടിയെന്നോണം തല്ല് കൊടുത്തോണ്ടേ ഇരുന്നു.

ഉപദേശമോ വിലക്കോ ഒന്നും അയാൾക്ക് കൊടുക്കാൻ താത്പര്യമില്ലേ ഇയാൾക്ക്? കഥാപ്രസംഗമില്ലാതെ സിംബൽ അടിച്ചോണ്ടേ ഇരുന്നു.

അവസാനം ഒരു ക്ലൈമാക്സ് തല്ലോടെ ആ പെണ്ണിനെ ഒന്ന് നോക്കി. എന്തോ തീഷ്ണതയോടെ.

സ്വന്തം ഭാര്യയായിരുന്നെങ്കിൽ എന്ന് മനസ്സിൽ കാണുന്നുണ്ടാവും.

എന്നിട്ട് പൊക്കോളാൻ പറഞ്ഞു.

ശരിക്കും ഇയാളേ വീട്ടുകാര്‌ പിടിച്ച് കെട്ടിച്ചതാണോ അതോ സ്വന്തം തീരുമാനം ആണോ?

കല്യാണവും, തുടർന്നുള്ള നാടകവും എസ്.ഐ. ആരോടും പരസ്യമാക്കാത്തത് ശ്രദ്ധേയമാണ്‌. എവിടെയോ എന്തോ ഒരു കുറ്റബോധത്തിന്റെ നിഴൽ എനിക്ക് കാണാം. ഞാൻ അതിലേക്ക് കടക്കുന്നില്ല, അതും നിങ്ങൾക്ക് വിട്ടു തരുന്നു.

ബസിൽ കേറി മാല മോഷ്ടിച്ച തമിഴത്തിക്കൊച്ചിനേയും ലേഡി കോൺസ്റ്റബിളിനേക്കൊണ്ട് തല്ലിക്കുമ്പൊ അയാൾ ഭാര്യയേ കാണുന്നുണ്ടായിരുന്നു. അവൾ കല്യാണം കഴിഞ്ഞ് ഇതുവരെ പറഞ്ഞിട്ടുള്ള നുണകളായിരുന്നു മനസ്സിൽ.

അങ്ങനെ പോയി അയാൾടെ ഓരോ കേസും.

ദിനാന്ത്യം ട്രാഫിക്കുകാര്‌ പൊക്കിക്കൊണ്ടുവന്ന ഒരു കേസുംകൂടെ പേപ്പറിലാക്കിയാലേ തിരിച്ച് വീട്ടുജോലിക്ക് പോവാനൊക്കു എന്ന് ആയി.

വീണ്ടും തൊപ്പി വെച്ച് പരാതി കേൾക്കനിറങ്ങി. നമ്പോലന്റെ ശക്തി മരുന്ന് പോലെ എന്തോ ഒരു പ്രത്യേകത ആ തൊപ്പിക്കും ആ തോളിലേ നക്ഷത്രങ്ങൾക്കുമുണ്ട്.

ബൈക്കപകടമാണ്‌.

14 വയസ്സുകാരനും, അവൻ ഓടിച്ച ബൈക്കിന്റെ ആർ.സി. ഓണർ അവന്റെ അച്ഛനും, പണി കിട്ടിയവരും ഹാജരാണ്‌.

സ്റ്റണ്ട് പ്രതീക്ഷിച്ച് നിന്നിരുന്ന കോൺസ്റ്റബിൾമാരുടെ മുഖത്തേ ചിരിയെല്ലാം മാഞ്ഞു.

പക്ഷെ പയ്യന്റെ മുമ്പിലിട്ട് അച്ഛനെ തല്ലിയില്ല.

അച്ഛന്റെ മുമ്പിലിട്ട് പയ്യനേയും.

അവരോട് കേസ് എന്താന്ന് വെച്ചാൽ ചെയ്തോന്ന് പറഞ്ഞിട്ട് അയാളുടെ റൂമിനകത്തേക്ക് നടന്നു.

തൊപ്പി ടേബിളിൽ വെച്ചിട്ട് അറ്റാച്ച്ട് വാഷ്റൂമിൽ കേറി കതകടച്ചു.

പൈപ്പ് ഓണാക്കിയിട്ട്, കണ്ണാടി നോക്കി വലതു കൈകൊണ്ട് വലതുകവിളിൽ ഒരെണ്ണം പൊട്ടിച്ചു.

എന്തോ ഒരു സംതൃപ്തി.

പ്രതിച്ഛായയോടും ഒന്നും ചോദിക്കാനും നിന്നില്ല പറയാനും നിന്നില്ല. പ്രതിച്ഛായയ്ക്കും സ്വന്തം തെറ്റ് മനസ്സിലായിക്കാണും.

മുഖം കഴുകി തുടച്ചിട്ട് പാടൊന്നുമില്ലെന്ന് ഉറപ്പാക്കി.

തൊപ്പിയുമെടുത്ത് പുറത്തിറങ്ങി, വീടിന്റെ യന്ത്രമാവാൻ യാത്രയായി.

Previous post കരടിക്ക് പനിയാണ് – (ചെറുകഥ)
Next post Ep 0 – പോഡ്‌കാസ്റ്റ് ചാനലിന് എന്താണ് മദ്രാസ് കഫെ എന്നൊരു പേര്?

Leave a Reply

Your email address will not be published. Required fields are marked *