മോഷണമൊരു കലയാണെന്നും ശാസ്ത്രമാണെന്നും, അതിനെക്കുറിച്ച് വേദങ്ങളോളം പഴക്കമുള്ള പുസ്തകങ്ങളുണ്ടെന്നും വായിച്ചപ്പോൾ, ഒരു കള്ളൻ ഒന്നും മോഷ്ടിക്കാതെ മോഷണം നടത്താനാവുമെന്ന് തെളിയിക്കാൻ പോയ ഒരു കഥ പറയണമെന്ന് തോന്നി.

ദൈവമാണത്രെ

എന്റെ കഥ മൊത്തം പറയണമെന്ന് വെച്ചാ… മൊത്തം വേണ്ട. അത് ശരിയാവത്തില്ല. അല്ലെങ്കീ ചെലത് പറയാം. ചെലത് മാത്രം.

സുധാകരൻ പാതിരാച്ചാൽ എന്ന പേരൊക്കെ കേട്ടാ വല്ല വാരികേലും പൈങ്കിളി നോവലെഴുതുന്ന ഒരു കുടുംബനാഥനാന്ന് തോന്നും. സ്വന്തം കുടുംബമൊള്ളകൊണ്ട് ഒപ്പിക്കാനൊക്കാത്ത അവിഹിതങ്ങളൊക്കെ കണ്ട കഥാപാത്രങ്ങളിലൂടെ ഒപ്പിച്ചെടുക്കുന്ന, സാഹിത്യകാരനെന്ന് സ്വയം അവകാശപ്പെടുന്ന മറ്റൊരു കള്ളനാണെന്ന് ആലോചിച്ച് പോവും. അല്ലേ?

ആ ആലോചനേലെ ഒന്ന് ശരിയാ. പുള്ളിക്കാരൻ കള്ളനാ. പോലീസ് ചാർജ് ഷീറ്റീ മാത്രമെ നിങ്ങൾ സുധാകരൻ പാതിരാച്ചാൽ എന്ന സഖാവിന്റെ മുഴുവൻ പേര് കാണാൻ ഒക്കത്തൊള്ളു. ആ പേര് കേട്ട് അങ്ങേരൊരു പീറ മോഷ്ടാവാന്ന് നിങ്ങൾ വിചാരിക്കുന്നൊണ്ടെങ്കീ വീണ്ടും തെറ്റി. സുധാകരൻ സഖാവാണ് ഈ നൂറ്റാണ്ടിന്റെ തസ്കരവീരൻ. ഇന്നത്തെ കാലത്ത് മോഷണം ഒരു കലയും ശാസ്ത്രവുമാണെന്നും, അത് പഠിച്ചെടുക്കേണ്ട ഒന്നാണെന്നും വാദിക്കുന്ന ഒരേയൊരു കള്ളൻ സുധാകരനാശാൻ മാത്രമാവുന്നു. എന്റേം, ഹരിശ്ചന്ദ്രന്റേം, മൊഹമ്മദിന്റേമൊക്കെ ആശാൻ. കൺകണ്ട ദൈവം.

ഞങ്ങൾ ആശാന്റെ കീഴിൽ തൊഴില് പഠിക്കാൻ തൊടങ്ങിയിട്ട് ഇതിപ്പൊ 11 മാസമാവുന്നു. ഇനി ഞങ്ങളൊക്കെ ഒത്ത കള്ളന്മാരാവാൻ ഏതാനും ദിവസങ്ങൾ മതി എന്നായിരുന്നു എന്റെ ഒരു ഇത്. അങ്ങനെയിരിക്കെ ആശാൻ പെട്ടെന്നൊരിക്കൽ ചില ഉപദേശങ്ങളൊക്കെ തന്നിട്ട് ഞങ്ങൾ മൂന്നുപേരേം പലയിടത്തായിട്ട് മാറ്റി നിർത്തീട്ട് ചെവീല് എന്തൊക്കെയൊ പറഞ്ഞു. എന്നോട് പറഞ്ഞത് കുരുവിനാൽ ചെറിയ പള്ളീടെ വളവീന്ന് താഴോട്ട് പോവുന്ന വളവിൽ വൈകീട്ട് ഏഴിന് വന്ന് നിക്കാൻ. കൈയ്യിൽ ഒരു മൊട്ടുസൂചി പോലും കാണരുതെന്നും, ഈ പറഞ്ഞതൊന്നും മൊഹമ്മദിനോടും ഹരിയോടും പറയല്ലെന്നും പറഞ്ഞു. അവരും എന്നോടൊന്നും പറയാതെ അങ്ങ് പൊക്കളഞ്ഞു.

ഞാൻ കൃത്യം ഏഴിന് തന്നെ കുളിച്ച് സുന്ദരക്കുട്ടപ്പനായിട്ട് ആശാന്റെ വാക്ക് വിശ്വസിച്ച് അവിടെ വന്നു. അന്നേരം അഞ്ച് മിനിറ്റെടുത്തില്ല അതിനുമുമ്പേ ആശാൻ വന്നെന്നാണ് എന്റെ ഓർമ്മ. പുള്ളിക്കാരൻ പൊറകെ നടക്കാനൊള്ള ആംഗ്യവും കാണിച്ചിട്ടങ്ങ് നടക്കാൻ തൊടങ്ങി. ആശാനെ ചോദ്യം ചെയ്താൽ ഗുരുത്വദോഷമൊണ്ടാകുമെന്നൊള്ളകൊണ്ട് ഞങ്ങളാരും അങ്ങനെ ചെയ്യാറില്ല. ഗുരുത്വാകർഷണമെന്ന് പറഞ്ഞാ ഈ മോളീന്ന് സാധനങ്ങള് താഴെ വീഴുന്നതിന് പറയുന്നതാന്നാ വീട്ടില് മോളി പറഞ്ഞ് പഠിക്കുന്നെ കേട്ടത്. പിന്നെന്തിനാന്നാ ആശാനോട് വല്ലോം ചോദിക്കുന്നേനെ ഗുരുത്വദോഷമെന്ന് വിളിക്കുന്നേന്ന് അറിയത്തില്ല. ങാ സാധനങ്ങള് മോളീന്ന് വീഴുന്ന പോലെ ആശാന്റെ കൈ എന്റെ കരണത്ത് വീണിട്ടൊണ്ട്. എന്റെ പോലല്ല. ആശാന് ആറടിയേക്കാൾ ഒയരമൊണ്ട്.

ആശാൻ എന്നേം കൊണ്ട് നടന്ന് നടന്ന് ഒരു രണ്ട് നില വീടിന്റെ അടുത്ത് എത്തി. ഞാൻ കണ്ടിട്ടൊള്ളതാ പക്ഷെ അതിന്റെ പരിസരത്തൂടെ പോലും എന്റെ പോലെ ഒള്ള ആരും പോവത്തില്ല. കാരണം അതൊരു പോലീസുകാരന്റെ വീടാ. പോലീസുകാരന്റെ വീടേതാന്ന് പെട്ടെന്ന് മനസ്സിലാക്കാം. വാതിലും ജനലും തൊറന്നിടുന്ന പ്രത്യേക രീതി കണ്ട് അതൊക്കെ മനസ്സിലാക്കാൻ ആശാൻ ഞങ്ങളെ പഠിപ്പിച്ചിട്ടൊണ്ട്. എന്തിനാ? ഇതിന്റെ അടുത്തെങ്ങും പോയി ഇല്ലാത്ത കേസൊന്നും തലേൽ കേറ്റി വെക്കാതിരിക്കാൻ. ഇന്നിപ്പൊ, ഈ ആശാനിതെന്ത് പറ്റീന്ന് ഞാൻ ആലോചിച്ചു.

ആശാൻ എന്റെ പൊറത്ത് തട്ടീട്ട് പറഞ്ഞു കൂട്ടത്തിൽ ഏറ്റോം പ്രതീക്ഷയൊള്ളത് എന്നെക്കുറിച്ചാന്ന്. എന്നെ ഒരുപാട് വിശ്വാസമാന്ന്. ഒരേയൊരു പരീക്ഷ പാസ്സായാ ഞാൻ നല്ല അസല് കള്ളനാവുമെന്ന്. ഞാൻ തുള്ളിച്ചാടി സത്യമായിട്ടും. അന്നേരം പരീക്ഷ എന്താന്ന് എനിക്ക് പറഞ്ഞ് തന്നു. എന്റെ സകല ചാട്ടോം അവടെ തീർന്നു. നിന്ന നിപ്പിൽ എനിക്ക് തൂറാൻ മുട്ടീന്ന് പറഞ്ഞാ നിങ്ങള് വിശ്വസിക്കണം. എന്റെ വയറ്റിൽ ഏതാണ്ടൊക്കെ കെടന്ന് പൊട്ടുന്ന ശബ്ദവും ഏതാണ്ടൊക്കെ കൊഴഞ്ഞ് മറിയുന്ന ശബ്ദോം ഞാൻ കേട്ടു.

ഞാൻ ഒരു രാത്രി ആ ഇടിയൻ പോലീസുകാരന്റെ വീട്ടിൽ ജീവനോടെ കഴിയണം. അവരാരും അറിയാതെ പ്രേത സിനിമേലെ യക്ഷീടെ പോലെ ഞാൻ അവിടെ എവിടേലും പമ്മി നിക്കണമെന്ന്. അവരാരേലും പൊറത്ത് പോവാനൊ വല്ലോം വാതില് തൊറക്കുമ്പൊ ശ്രദ്ധയില്ലാതെ നിക്കുന്നെ കണ്ടാൽ അന്നേരം അവരെ പറ്റിച്ച് അകത്ത് കേറണം. അകത്ത് കേറി കഴിഞ്ഞാ പന്ത്രണ്ട് മണിക്കൂർ അകത്ത് എവിടേലും ഒളിച്ചിരുന്നോണം. പകൽ എപ്പഴെങ്കിലും ഇതുപോലെ ഒരു അവസരം കിട്ടുമ്പൊ അവിടുന്ന് രക്ഷപ്പെടണം. ഇട്ടേക്കുന്ന തുണി അല്ലാതെ ഒരു മൊട്ടുസൂചി പോലും അകത്തോട്ട് കൊണ്ടുപോവാനും പാടില്ല, തിരിച്ചിങ്ങോട്ട് ഒരു മൊട്ടുസൂചി പോലും എടുക്കാനും പറ്റത്തില്ല. ആകെ ആരും അറിയാതെ ആ വീട്ടിൽ ഒരു രാത്രി പച്ചവെള്ളം പോലും കുടിക്കാതെ ഒരു പോള കണ്ണടയ്ക്കാതെ കഴിയുന്നതിലാ കാര്യമെന്ന്. എന്റെ സർവ്വ ധൈര്യവും പോയി ഇരിക്കുവാരുന്നു. ഞാനൊന്നും പറയാൻ നിന്നില്ല.

ഈ പരീക്ഷ തോറ്റാൽ, എന്നെ ആരേലും പിടിച്ചാൽ, ഞാൻ കോട്ടയം സെന്റ്രൽ ജയിലീ കെടക്കേണ്ടി വരുമെന്ന് പുള്ളിക്കാരൻ പറയാതെ പറഞ്ഞു. പക്ഷെ ഒരു കാര്യം പറഞ്ഞു. ജയിച്ചാൽ, ജയിക്കുന്നവരും ആശാനും കൂടെ തൃപ്പൂണിത്തുറേലൊള്ള ഒരു നഴ്സറി സ്കൂളിൽ കേറി കക്കാനാണ് പ്ലാനെന്ന്. ഞാനും അത് കേട്ടപ്പൊ പേടി മറന്ന് വാ പൊളിച്ച് നിന്നു. ഒരു നഴ്സറി സ്കൂളീ കേറാൻ ആന്നോ ഇത്രേം പുകിലെന്ന്. അന്നേരമാ ഒരു കൊല്ലം അവിടെ പഠിക്കാൻ കൊടുക്കുന്ന ഫീസിന്റെ കാര്യം പറഞ്ഞെ. ഞാൻ പിന്നേം വാ പൊളിച്ചു. ക്ലാസ്സ് തൊടങ്ങാൻ പോവുന്നേന് മുന്നെയായിട്ട്, ചേരുന്ന പിള്ളേർടെ അപ്പനമ്മമാര് കൊടുത്ത് വെച്ചേക്കുന്ന കെട്ട് കണക്കിന് പൈസേം കൊണ്ട് കൊയമ്പത്തൂരോട്ട് മുങ്ങുന്ന സുന്ദര സുരഭില സ്വപ്നം തന്നിട്ട് പിന്നേം എന്നെ ഓർമ്മിപ്പിച്ചു, അതിന് ആദ്യം പരീക്ഷ പാസ്സാവണമെന്ന്. പുല്ല്!

വീടിന്റെ മതിലേൽ പേര് നന്ദനം എന്നാരുന്നു. നന്ദനം, എന്താണൊ എന്തൊ!? ഒരു ഒഴിഞ്ഞ പറമ്പീക്കൂടെ പുറക് വശം വഴി കേറി സിറ്റൗട്ട് കാണാൻ പാകത്തിന് പതുങ്ങി ഇരുന്നു. ജനലിന്റെ വശത്ത് ജനൽ തുറക്കുന്നവർക്ക് പോലും കാണാൻ പറ്റാതെ ഒളിക്കുന്നതൊക്കെ എളുപ്പമൊള്ള പരിപാടിയാ. ആശാൻ അതൊക്കെ ആദ്യ മാസം തന്നെ പഠിപ്പിച്ചിട്ടൊണ്ട്. ഒരെടത്തൂന്ന് അടുത്ത സ്ഥലം വരെ നടക്കുന്നതിനിടയിൽ, മണ്ണിൽ വന്ന കാൽപ്പാടെല്ലാം മായിച്ച് ഒരു പ്രത്യേക രീതിയിലാ ഞങ്ങടെ നടപ്പ്. എങ്ങനാന്ന് ചോദിക്കരുത്. കള്ളന്മാരോടല്ലാതെ അത് പറഞ്ഞ് തന്നാ കർത്താവ് കോപിക്കും.

എ.എസ്.ഐ. കണ്ണൻ സാറിന്റെ ഭാര്യ തുണി അയേലിടാൻ കേറിയ തക്കത്തിന്, അവര് ബക്കറ്റ് പുറത്തോട്ട് താങ്ങി വന്നതിന്റെ എടേല്, ഞാൻ അവർടെ ഹാളിൽ കേറി. ഒരു എടത്തരം വീടിന്റെ ഭംഗീം ഭംഗിക്കേടും എല്ലാമൊണ്ട്. പക്ഷെ അതും നോക്കിക്കൊണ്ട് നിന്നാ എന്റെ പണി തീരും. ഞാൻ ആദ്യം പൊറത്ത് കെടന്ന ചെരുപ്പൊക്കെ നോക്കി അകത്തെ ആളും അനക്കോമെല്ലാം പഠിച്ചാരുന്നു. സാറിന്റെ ഭാര്യേം, മക്കളും മാത്രെ ഒള്ളു.

സ്റ്റെപ്പിന്റെ അടീലായിട്ടാരുന്നു അവർടെ വാഷിങ് മെഷീൻ. ഞാൻ ആദ്യം അതിന്റെ പൊറകിലോട്ട് ഒളിക്കാൻ നോക്കി. അപ്പഴാ അതിന്റെ മൂടി തൊറന്ന് കെടക്കുന്നെ കണ്ടത്. അവരിനീം വരും! അടുക്കളയൊ, ഹാളിന്റെ അടുത്തൊള്ള ബെഡ്റൂമിലും ഓടിച്ചൊന്ന് നോക്കി. ഒളിക്കാൻ സ്ഥലമില്ല. അല്ലെങ്കിലും അയാള് കെടക്കുന്ന റൂമിൽ ഒളിക്കാതിരിക്കുന്നതാ ഭേദം. എന്തൊക്കെ പറഞ്ഞാലും പോലീസാ, ഒറങ്ങിക്കെടക്കുമ്പൊഴും കള്ളനെ മണത്ത് കണ്ടുപിടിക്കാനൊരു കഴിവും കൊണ്ടാ ദൈവം അവരെ ഒണ്ടാക്കുന്നെ എന്ന് ആശാൻ പറഞ്ഞിട്ടൊണ്ട്. അതാരിക്കും പരിക്ഷയ്ക്ക് പോലീസുകാരന്റെ വീട് തന്നെ തന്നത്. ഹരിശ്ചന്ദ്രനും മൊഹമ്മദും ആർടെ വീട്ടിലാണൊ പരീക്ഷ?

അതാലോചിച്ചോണ്ട് നിന്നതും ഒരു ഏഴെട്ട് വയസ്സൊള്ള പയ്യൻ സ്റ്റെപ്പ് എറങ്ങി വന്നു. ഞാൻ എങ്ങനെ ഒളിച്ചെന്ന് എനിക്ക് അറിയാൻ പാടില്ല. പക്ഷെ ബെഡ്റൂമിലോട്ട് ഒന്ന് മാറി, ആ ചെക്കൻ അടുക്കളേലോട്ട് പോയതും അവിടുന്ന് എറങ്ങി സ്റ്റെപ്പ് കേറി. ഉപ്പൂറ്റി നെലത്തൊറപ്പിക്കാതെ ഓടാനൊക്കെ ഞങ്ങളെ പണ്ടെ പഠിപ്പിച്ചിട്ടൊണ്ട്. രണ്ട് മാസം കൂടുമ്പൊ ഓട്ടമത്സരോം വെക്കാറൊണ്ട്. ഹരിശ്ചന്ദ്രനാ ഈ കാര്യത്തീ എന്നേക്കാ മിടുക്കൻ. പക്ഷെ ഞാനത്ര മോശമൊന്നുമല്ല.

ലൈറ്റൊള്ള മുറീൽ ജനലിനോട് ചേർത്തിട്ടേക്കുന്ന മേശയിൽ വെച്ചിരിക്കുന്ന വല്യ ബുക്കിൽ നോക്കിക്കൊണ്ട് ഒരു പെൺകൊച്ച് ഇംഗ്ലീഷിൽ ഏതാണ്ടൊക്കെ വായിക്കുന്നൊണ്ടാരുന്നു. ഇത്രേം കാര്യമായിട്ട് പഠിക്കുന്ന ഒരു കൊച്ചിന്റെ റൂമിലാരിക്കും മുതിർന്നവര് വരാൻ സാധ്യത ഇല്ലാത്തതെന്ന് ഓർത്ത് അങ്ങോട്ട് കേറി.

കട്ടിലിന്റെ മറവ് പിടിച്ച് മുട്ടിൽ എഴഞ്ഞ് അകത്തെല്ലാം നോക്കി. രണ്ട് എടമൊണ്ട് ഒളിക്കാൻ. കട്ടിലിന്റെ അടീൽ കെട്ട് കണക്കിന് പുസ്തകങ്ങളും അങ്ങനെ ഏതാണ്ടൊക്കെ വെച്ചിട്ടൊണ്ട്. അതല്ലെങ്കിൽ ഒരു കോൺക്രീറ്റിന്റെ തട്ടൊണ്ട് മോളിൽ. റൂമിന് ചുറ്റും. പെൺകൊച്ച് എങ്ങോട്ടേലും എറങ്ങിയാൽ അവിടെ കേറാം. പക്ഷെ സാധനങ്ങളേലൊന്നും തട്ടാതെ അതിന്റെ പൊറകിൽ ചരിഞ്ഞ് കെടക്കണം. തൽക്കാലത്തേക്ക് കട്ടിലിന്റെ അടിയിൽ തന്നെ കേറി കെടന്നു.

ഒരു വീട്ടിൽ കേറിയാൽ, ആൾക്കാരൊറങ്ങുന്ന വരെ പമ്മിയിരിക്കാൻ കുറച്ച് പാടാണ്. കെടന്ന് ഒറങ്ങാനൊന്നും പറ്റത്തില്ല. എങ്ങനെ ഇരിക്കുന്നൊ അങ്ങനെ ഒരുപാട് മണിക്കൂർ ചെലപ്പൊ ഇരിക്കണം. അതിന് ആശാന്റെ ഒരു പൊടിക്കൈ പരിപാടിയൊണ്ട്. പകൽക്കിനാവ് കാണൽ. മോഷ്ടിക്കാൻ കേറിയ വീട്ടുകാരുമായിട്ട് മനസ്സിൽ ഒരു ബന്ധമങ്ങ് സ്ഥാപിച്ചെടുക്കുക. എന്നിട്ട് അവിടെ ജീവിക്കുന്നതൊക്കെ മനസ്സിൽ കണ്ടോണ്ടിരിക്കുക. നമ്മൾ പള്ളിക്കൂടത്തിലൊക്കെ ടീച്ചറ് പഠിപ്പിക്കുമ്പൊ ശ്രദ്ധിക്കുന്ന പോലെ ഇരുന്ന് കണ്ണ് തുറന്ന് ഒറങ്ങത്തില്ലെ? സ്വപ്നം കാണത്തില്ലെ? അത് തന്നെ. ഞാനും ആലോചിച്ച് മനസ്സിൽ ഒറപ്പിച്ചു. ഇവളെ അങ്ങ് പ്രേമിച്ചാലൊ? അല്ലെങ്കീ ഈ കൊച്ചിനെ എന്റെ പെങ്ങളാക്കിയേക്കാം. അല്ലെങ്കിൽ വേണ്ട, മോളിക്കുട്ടിക്ക് പോലും ഇവളേക്കാൾ പ്രായമൊണ്ട്. പെങ്ങളു വേണ്ട. അപ്പനും അമ്മേം തമ്മിൽ 15 വയസ്സിന്റെ വ്യത്യാസമൊണ്ടാരുന്നു. ഇതേതായാലും അത്രേമൊന്നും വരത്തില്ല. ഇവള് പത്തിലൊ പതിനൊന്നിലൊ ആണ് പഠിക്കുന്നെ. കൂടി പോയാ പന്ത്രണ്ട് അതിന്റപ്പുറമല്ല. കാരണം അയേൽ അവക്കടെ ഒരു നീല പാവാടേം, കോട്ടും, വെള്ള ഷർട്ടും, ടൈയ്യുമൊക്കെ കെടപ്പൊണ്ട്. എന്നാലും ഇത്ര ചെറിയ പെൺകൊച്ചിനെ? ആ അതിപ്പൊ ഒരു പെണ്ണിന് ചെലവിന് കൊടുക്കാൻ ഇപ്പൊ എന്റേൽ ഒന്നുമില്ല. അതൊക്കെ ആയി ഒരു വീട് വെക്കാൻ പാകത്തിനൊക്കെ കട്ട് മോഷ്ടിച്ച് വരുമ്പഴത്തേക്ക് പത്ത് മുപ്പത്തഞ്ച് വയസ്സാവും. അപ്പഴത്തേക്ക് ഇവളും പഠിത്തമൊക്കെ കഴിഞ്ഞ് കെട്ടാൻ പ്രായമാവും. ഒറപ്പിച്ചു, ഇവളെ കേറി അങ്ങ് പ്രേമിച്ചേക്കാം. കള്ളനാന്ന് പറഞ്ഞാ ഇഷ്ടപ്പെടുവൊ?

താഴേന്ന് അവൾടെ അമ്മേടെ വിളി കേട്ടു. ചിപ്പീന്ന് നീട്ടിയൊരു വിളി. കഴിക്കാനൊള്ളത് എടുത്ത് വെച്ചിട്ടൊണ്ടെന്ന്. അപ്പൻ വരുന്നേന് മുന്നെ എടുത്ത് തിന്നാൻ. കുളിച്ചേച്ച് കഴിക്കാമെന്നും പറഞ്ഞ് പുസ്തകം അടച്ച് വെച്ചിട്ട് അവള് പിന്നെ രണ്ട് മൂന്ന് വരി ഒറക്കെ പറഞ്ഞോണ്ട് വാതിൽ അകത്തൂന്ന് കുറ്റിയിട്ടു. അയേന്ന് കട്ടിയൊള്ള പരുപരുത്ത ഒരു തുണീമെടുത്ത് അകത്ത് തന്നൊള്ള കുളിമുറിലോട്ട് കേറി.

വെള്ളം വീഴുന്നേരമെല്ലാം എന്ത് രസമൊള്ള സിനിമാപ്പാട്ടുകളാ എന്റെ പെണ്ണ് പാടുന്നെ. ഹൊ. എനിക്ക് ഇവൾടെ മടീൽ കെടന്ന് ഇതെല്ലാം കേൾക്കണം.

കുളി കഴിഞ്ഞ് വെളീൽ എറങ്ങി തുണി മാറാൻ നേരം എന്റെ ഉള്ളിലെ വെപ്രാളം ഞാൻ എന്ത് കഷ്ടപ്പെട്ടാന്നൊ പിടിച്ച് നിർത്തിയെ. ചിപ്പി എന്റേതല്ലെ, പിന്നെ ഞാൻ എന്തിനാ എനിക്ക് അവകാശപ്പെട്ടതിന്റെ ഭംഗി ഒളിഞ്ഞ് നോക്കാൻ പോവുന്നെ? ഞാൻ കണ്ണടച്ച് രണ്ട് പ്രാവശ്യം ‘നന്മ നിറഞ്ഞ മറിയമെ നിനക്ക് സ്വസ്ഥി’ ചൊല്ലി. എന്നിട്ട് അവളേം കൊണ്ട് അമ്മാച്ചന്റെ പൊങ്കുന്നത്തൊള്ള വീട്ടിൽ താമസിക്കാൻ പോവുന്നതൊക്കെ ആലോചിച്ചു. അവൾടെ പാട്ടും കേട്ട് തണുപ്പത്ത് കരിമ്പടം പൊതച്ചോണ്ട് നിക്കുന്നതും, ഇരുട്ടാവുമ്പൊ കുന്നിന്റെ താഴെ ഒള്ളവരെല്ലാം വീട്ടിൽ ലൈറ്റിടുമ്പൊ ഒള്ള താഴ്വാരത്തിനെ ഭംഗീമൊക്കെ കാണിച്ച് ഞാനങ്ങ് നിക്കും.

കഴിച്ചിട്ട് വന്നപ്പൊ തൊട്ട് ചിപ്പിക്ക് എന്തൊ ഒരു വേവലാതിയാരുന്നു. അവള് അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പൊ, ഒരു സമാധാനമില്ലാരുന്നു അതിന്റെ മൊഖത്ത്. അപ്പഴാ ഒരു ബൈക്ക് താഴെ വരുന്ന ശബ്ദം കേട്ടത്. ഞാൻ ചിപ്പിയെ പ്രേമിക്കുന്നതിന്റെ എടയിൽ പേടിയൊക്കെ മറന്ന് ഇരിക്കുവാരുന്നു. അവളെ ഒന്നൂടെ നോക്കി എന്റെ ശ്രദ്ധ തിരിച്ചേക്കാം. അന്നേരമാ ഞാനൊറപ്പിച്ചത് അവൾടെ അപ്പനെ എന്നേക്കാൾ പേടി അവൾക്കാന്ന്. അവള് പെട്ടെന്ന് ബുക്ക് തൊറന്ന് അതിലോട്ട് തല കുമ്പിട്ട് ഇരുന്നു. പക്ഷെ വായിക്കുവല്ല എനിക്കൊറപ്പാ. കാരണം നേരത്തത്തെ പോലെ ശബ്ദം പൊറത്ത് വരുന്നില്ല. എന്തിന് വാക്കുകൾടെ കൂടെ തല പോലും എടത്തോട്ടോ വലത്തോട്ടൊ ഒന്ന് അനക്കുന്നില്ല.

അതങ്ങനെ അനങ്ങാതിരുന്നു. സമയമൊരുപാട് കഴിഞ്ഞിട്ടും.

പത്ത് പതിനൊന്ന് മണിയൊക്കെ കഴിഞ്ഞപ്പൊ താഴെ അയാൾ ഭാര്യേമായിട്ട് വല്യ അടി തൊടങ്ങി. എന്തിനാന്ന് എനിക്ക് അപ്പൊ മനസ്സിലായില്ല. സ്റ്റെപ്പിലൂടെ അവര് ഓടിക്കൊണ്ട് വരുന്നത് കേട്ടു. അല്ല അവരൊറ്റയ്ക്കല്ല. അവരെല്ലാം കൂടെ മത്സരിച്ച് ഓടി വരുവാ. ചിപ്പി ആണെങ്കി ഇതെല്ലാം കേട്ട് പേടിച്ച് ഇരിക്കുവാ. ഭാര്യ വന്ന പാടെ ഓടി വന്ന് വാതിലടച്ച് അകത്തൂന്ന് കുറ്റിയിടാനൊരു ശ്രമം നടത്തി. ഏറ്റില്ല. അയാളാണെങ്കി വാതിൽ ഇടിച്ച് തൊറന്ന് അകത്ത് കേറി ഏതാണ്ടൊക്കെ അറയ്ക്കുന്ന തെറി കെടന്ന് അലറി. ഭാര്യേ പിടിച്ച് പൊതിരെ തല്ലി കട്ടിലേലോട്ട് എറിഞ്ഞു. എന്നിട്ട് ചിപ്പീടെ നേരെ തിരിഞ്ഞു. മോൻ കരഞ്ഞോണ്ട് വന്ന് അമ്മെ കെട്ടിപ്പിടിച്ചപ്പഴാ അയാള് വിട്ടേന്ന് തോന്നുന്നു. അവനും എന്റെ പോലെ ഒന്നും മനസ്സിലാവുന്നില്ല.

ചിപ്പി കൊതറി ഓടാൻ ഒരു ശ്രമം നടത്തിയേലും ഏറ്റില്ല. പിടിച്ച് പൊതിരെ തല്ലീട്ട് പറഞ്ഞു മര്യാദക്ക് അനുസരിച്ചാൽ അധികം വേദനയില്ലാതെ എല്ലാം തീരുമെന്ന്. അല്ലെങ്കി രണ്ട് ദിവസം അവളെണീച്ച് നടക്കത്തില്ലെന്ന്. അയാൾടെ ഭാര്യക്ക് മെനോപോസെന്നേതാണ്ട് അസുഖം വന്നേൽ പിന്നെ അയാൾക്ക് മര്യാദയ്ക്ക് ഒറങ്ങാൻ പറ്റീട്ടില്ലെന്ന്. കണ്ട അറവാണിച്ചികൾക്കും കൂത്തിച്ചികൾക്കും ഒക്കെ കൊടുക്കാനും മാത്രമൊന്നും അവർടെ വീട്ടീന്ന് തന്നില്ലല്ലോന്ന്. എനിക്ക് അപ്പഴാ കാര്യത്തിന്റെ ഗൗരവം മനസ്സിലായി വന്നെ. ആ പന്നപ്പൊലയാടി മോന് അവനൊണ്ടായ മോളെ തന്നെ ഇനിയങ്ങോട്ട് വേണമെന്ന്. അവന്റെ കടി തീർക്കാൻ. ച്ചെ…

ഭാര്യേ കട്ടിലേന്ന് പിടിച്ചെറക്കി പൊതിരെ തല്ലി അയാള്. എന്നിട്ട് തള്ളി പൊറത്താക്കി. മോൻ പൊറകെ ഓടി. അയാൾ അകത്ത് കേറി വാതിലടച്ച് കുറ്റിയിട്ടു. അവര് വാതിലിന്റെ വെളീൽ കെടന്ന് തട്ടി വിളിച്ച് ചങ്ക് പൊട്ടി കരയുന്നൊണ്ട്. ആര് കേക്കാൻ. ആ പരിസരത്തൊള്ളവരൊക്കെ എന്നും അടീം വെടിക്കെട്ടും കേക്കുന്ന കൊണ്ടാരിക്കും ഒന്ന് വന്ന് തിരിഞ്ഞ് നോക്കാത്തെ. ആകെ ഞാനെ ഒള്ളു, പക്ഷെ ഞാൻ ഇപ്പൊ പൊറത്തെറങ്ങിയാ പിന്നെ അകത്ത് പോണം. ഒരുപാട് കാലത്തേക്ക് അകത്ത് കെടക്കണം. വയ്യാത്ത അമ്മേം, കോളേജീ പോവുന്ന മോളിയേമൊക്കെ ആര് നോക്കുമെന്ന് ഓർത്തു. പക്ഷെ ചിപ്പീടേം അമ്മേടേം കരച്ചിൽ കൂടി വന്നപ്പൊ എന്റെ ശ്രദ്ധ മാറി പോയി.

ഞാൻ ആലോചിച്ചു, ശ്വാസം വിടാതെ ഈ നടക്കുന്നതൊക്കെ മനസ്സീന്ന് കളഞ്ഞ് ഞാൻ അവിടെ അനങ്ങാതെ കെടന്നാ നാളെ എണീറ്റ് പോവാം. ആശാന്റെ പ്രിയ ശിഷ്യനാവാം. തൃപ്പൂണിത്തൊറേന്ന് പൈസേം അടിച്ച് മാറ്റി കൊയമ്പത്തൂര് പോയി കൊറെ മാസം ഒളിച്ച് കഴിയാം. അതും കഴിഞ്ഞ് പൈസക്കാരനായിട്ട് തിരിച്ച് വരാം. ആലോചന അവിടെ തീർന്നു. ഒരു സുഖമില്ല അതിനൊന്നും. അതൊന്നും എന്റെ ശ്രദ്ധ ഇവർടെ കരച്ചിലീന്ന് എന്നെ മാറ്റാൻ സഹായിക്കുന്നില്ലാരുന്നു.

അയാൾ ചിപ്പിയെ പിടിച്ച് കട്ടിലേലോട്ട് ഇട്ടിട്ട് അവൾടെ തുണിയേതാണ്ടൊക്കെ വലിച്ച് കീറി ഉരിഞ്ഞെടുത്തു. എന്നിട്ട് ആ നാറി അയാൾ ഉടുത്തിരുന്ന കൈലീം ഊരി താഴോട്ട് ഇട്ടിട്ട് അവൾടെ മോളിൽ കേറുന്നത് വരെ ഞാൻ കണ്ടു. അവൾടെ വാ പൊത്തി പിടിച്ചെന്ന് തോന്നുന്നു. കരച്ചിലിന്റെ കട്ടി കൊറഞ്ഞു. കട്ടിൽ അനങ്ങാൻ തൊടങ്ങിയതും അവൾ പറ്റുന്ന ഒച്ചേല് കൃഷ്ണാ എന്ന് നീട്ടിയൊരു വിളി വിളിച്ചു. എന്റെ തല പെരുത്തു പോയി. കട്ടിലിനടിയിൽ അടുക്കി വെച്ചിരിക്കുന്നതെല്ലാം തട്ടിത്തെറുപ്പിച്ച് ഞാൻ വെളീലോട്ട് എറങ്ങി. അയാൾ ഞെട്ടി ചിപ്പീടെ മോളിൽ നിന്ന് എറങ്ങി.

എന്താ സംഭവിക്കുന്നേന്ന് മനസ്സിലാവുന്നേന് മുമ്പെ തന്നെ ഞാൻ അയാൾ ഉരിഞ്ഞ് കളഞ്ഞ ആ കൊച്ചിന്റെ പാവാട എടുത്ത് അയാൾടെ മുഖത്തിന് ചുറ്റും വരിഞ്ഞങ്ങ് ചുറ്റി. എന്നിട്ട് വലത് കൈ മടക്കി അയാൾടെ കഴുത്ത് ഞെരിച്ച് എന്റെ നെഞ്ചോട് അമർത്തി. കുതറാൻ ശ്രമിക്കുന്നതിന് മുൻപ് എന്റെ കാല് രണ്ടും കൊണ്ട് അയാളെ വരിഞ്ഞ് മുറുക്കി അയാൾടെ മുകളിൽ ഞാൻ കേറി. എന്റെ കൊങ്ങയ്ക്ക് പിടിക്കാൻ നോക്കിയ അയാൾടെ വലത്തെ കൈ ഞാനെന്റെ എടത്തെ കൈ കൊണ്ട് പിടിച്ച് മാറ്റി. അയാൾ ഇടത്തെ കൈ വെച്ച് പിടിക്കാൻ നോക്കിയതും അത് ചിപ്പി ബലമായിട്ട് പിടിച്ച് താഴ്ത്തി. ഞാൻ അവൾടെ കരഞ്ഞ് കലങ്ങിയ കണ്ണിലോട്ട് നോക്കി. അവളെന്റേതിലോട്ടും. എന്റെ പിടി ഒന്ന് അയഞ്ഞെന്ന് തോന്നുന്നു. അയാളൊന്ന് കുതറി. അപ്പൊ അവള് തല കുലുക്കി എന്നോട് കണ്ണുകൊണ്ട് പറഞ്ഞത് ചത്താലും പിടി അയക്കെല്ലന്നാണ്. ഞാൻ അയച്ചില്ല. അയാൾടെ അവസാനത്തെ ശ്വാസം തീരുന്ന വരെ.

****   ****   ****

ചിപ്പിയെ പുറത്ത് ഇറക്കിയിട്ട് അവൾടെ അമ്മയോട് വാതിൽ പുറത്ത് നിന്ന് പൂട്ടിയിട്ട് പോലീസിനെ വിളിക്കാൻ പറഞ്ഞു. ഒരു കള്ളനുമായിട്ട് ഭർത്താവ് അടികൂടുവാന്നും, മുറി വെളിയിൽ നിന്ന് പൂട്ടിയേക്കുവാന്നും പറയിച്ചു.

പോലീസുകാർ വന്ന് എന്നെ പൊതിരെ തല്ലിയപ്പൊ ഞാൻ പറഞ്ഞത് മോഷ്ടിക്കാൻ ചിപ്പിയുടെ കട്ടിലിനടിയിൽ കയറി കിടന്നിരുന്ന ഒരു കള്ളന്റെ കഥയാണ്. കട്ടിലിന്റെ അടിയിൽ ശബ്ദം കേട്ട് ചിപ്പി അപ്പനെ വിളിച്ചു. ഭാര്യയേയും മക്കളേയും രക്ഷിക്കാൻ അവരെ പുറത്തിറക്കി അയാൾ അകത്തൂന്ന് വാതിലടച്ച് കുറ്റിയിട്ടു. എന്നെ പിടിക്കുമെന്ന് ഉറപ്പായപ്പോൾ മരണഭയം മൂത്ത് ഞാൻ അവിടെ കിടന്ന ചിപ്പിയുടെ തുണി കൊണ്ട് അയാളുടെ മുഖം മൂടി കൊങ്ങയ്ക്ക് പിടിച്ചെന്ന്. മൽപ്പിടുത്തത്തിന്റെ എടേല് അയാളങ്ങ് ചത്ത് പോയെന്ന്.

ബൂട്ടിട്ടവരുടെ തല്ല് നല്ല കണക്കിന് കിട്ടി. പോലീസുകാർ ഇതിന്റെ ഇടയ്ക്ക് എന്നെ നാട്ടുകാർക്ക് വിട്ട് കൊടുത്തു. അവർടെ കൈകൊണ്ട് ഞാൻ ചാവുന്നേൽ ചാവട്ടേന്ന് വെച്ച് കാണും. കാക്കിയിട്ടവർടെ കൂട്ടത്തിൽ ഒന്നിനെ കൊന്നതിന് പിന്നെ സ്റ്റേഷനീന്നും ജയിലീന്നും ഒക്കെ നല്ല അസ്സലായിട്ട് വേറേം കിട്ടി. പക്ഷെ ഞാൻ അന്നേരമൊക്കെ കണ്ടത് പോലീസുകാരെന്നെ കൊണ്ടുപോവുമ്പോൾ കരഞ്ഞുകൊണ്ട് കൈ രണ്ടും കൂപ്പി നിന്ന ചിപ്പിയെ ആണ്. അത് മനസ്സീ കാണുമ്പൊ ഞാൻ അറിയാതങ്ങ് സന്തോഷിക്കും. എന്റെ മൊഖത്തെ ആ തെളിച്ചം കണ്ടപ്പൊ ഒക്കെ ദേഷ്യം വന്ന് ആ കാലന്മാരെന്നെ വീണ്ടും വീണ്ടും കുത്തിന് പിടിച്ച് ഇടിച്ചു.

വീട്ടുകാര് എതിർക്കുമെങ്കിലും ചിപ്പി എന്നെ ജയിലീ വന്ന് കാണാറൊണ്ട്. ഞാൻ ഒരു കള്ളനാണെന്നും അന്നവിടെ കേറിയത് നല്ല ഉദ്ദേശത്തോടെ ആവില്ലാന്ന് എല്ലാരും പറഞ്ഞിട്ടും, അവൾടെ മനസ്സ് മാറീട്ടില്ല ഇത് വരെ. അവള് ദൈവത്തെ വിളിച്ചപ്പൊഴാ ഞാൻ പ്രത്യക്ഷപ്പെട്ടേന്ന്. ആര് എന്തൊക്കെ പറഞ്ഞാലും ഞാനവൾടെ ദൈവമാണത്രെ! ആപത്ത് വരുമ്പൊ ദൈവം പല രൂപത്തിലും വരുമെന്ന് അവർടെ ബൈബിളീ പറഞ്ഞിട്ടൊണ്ടത്രെ. ഇരുമ്പ് കമ്പികൾടെ കൂട്ടിന്റെ അപ്പുറത്ത് നിന്ന് ചുണ്ടമർത്തി ചിപ്പി എനിക്ക് വേണ്ടി ഒച്ച കൊറച്ച് പാട്ട് പാടി തരാറൊണ്ട്. ഒരുമാതിരി എനിക്ക് സ്തോത്രം പാടുന്ന പോലൊക്കെ തോന്നി പോവും. അവളെന്നെ സ്തുതിക്കുന്ന കാണുമ്പൊ എനിക്കും തോന്നും ഞാൻ ദൈവമാണെന്ന്. ചിലപ്പൊ ആയിരിക്കും! അല്ലെങ്കിൽ എന്നേ ഞാൻ ചാവേണ്ടവനാണ്. ദൈവത്തിൽ വിശ്വസിക്കുന്ന വിശ്വാസിയൊണ്ടേൽ ദൈവത്തിന് മരണമില്ലാരിക്കും. ആർക്കും തല്ലിക്കൊല്ലാൻ പറ്റാത്തത് അതാണ്.

ദൈവത്തിന് വിശ്വാസിയെ കെട്ടാൻ പറ്റത്തില്ലാന്നൊ വല്ലോം കാണുമൊ ഇനി? ഞാൻ ആ ചോദ്യം മനസ്സീന്ന് കളയാൻ എന്തേലും സ്വപ്നം കണ്ടേച്ചും വരാം. ഇല്ലെങ്കി ഇനി ഒരു സമാധാനോം കാണത്തില്ല.

അല്ല, ഞാനല്ലേ ദൈവം. അപ്പൊ ഞാൻ പറയുന്നതല്ലെ എന്റെ മതത്തിന്റെ നിയമമൊക്കെ. ആ എന്നാ… ദൈവത്തിന് ഇഷ്ടമൊള്ള വിശ്വാസിയെ കെട്ടാം… അല്ലേലും ഇഷ്ടമൊള്ള വിശ്വാസിയെ കെട്ടുന്നതിൽ ഒരു തെറ്റുമില്ല. ഒണ്ടോ?

Previous post ഗത്സമെന തോട്ടം – (ചെറുകഥ)
Next post നോട്ടിംഗ് ഹബ്ബിന്റെ ചില്ല് ഗോപുരം – (ചെറുകഥ)

Leave a Reply

Your email address will not be published. Required fields are marked *