ഡബിൾ ജെപേർഡിയെക്കുറിച്ച് ആഴമായി പഠിക്കാതെ എഴുതിയ കഥയാണ്. നിയമപരിജ്ഞാനമുള്ളവർക്ക് കോപ്രായമായി തോന്നാം. ഡബിൾ ജെപേർഡിയെക്കുറിച്ച് സീനിയറും ജൂനിയറും സംസാരിക്കുന്നത് ആലോചിച്ച് തുടങ്ങിയ കഥ ഇങ്ങനെ ആയി തീർന്നതാണ്. ഇത് എഴുതാനായിരുന്നു വിധി. ഇതിലെ പൗർണ്ണമിയെ എനിക്ക് അറിയാം. ഏതാണ്ട് ഇങ്ങനെയൊക്കെയാണെങ്കിലും ശരിക്കുള്ള ജീവിതത്തിൽ പൗർണ്ണമിയല്ല ആന്റഗോണിസ്റ്റ്. പർണ്ണമിയേക്കാൾ എബിനെ അറിയാവുന്നതുകൊണ്ടാണ് കഥ ഇങ്ങനെയായത്. ഒരുപക്ഷെ പൗർണ്ണമിയുടെ പക്ഷത്ത് നിന്ന് ഈ കഥ പറഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് തോന്നിയേനെ എബിൻ ഒരു നാശ‌ംപിടിച്ച വില്ലനാണെന്ന്.

ഡബിൾ ജെപേർഡി

“സർ, ഞാൻ കൊറേ നേരവായി ശ്രദ്ധിക്കുന്നു. ആ ബൈക്കുകാരൻ…തെങ്ങണ ആ കരിമ്പിൻ ജ്യൂസ് കുടിക്കാൻ നിർത്തിയപ്പൊ തൊട്ടേ നമ്മടെ പൊറകെ ഒണ്ട്.”

“എന്നിട്ടെന്താ മിനീ പറയാഞ്ഞെ..”

“അല്ല ചെലപ്പം..ചുമ്മാ എനിക്ക് ഓരോന്ന് തോന്നുന്നെ ആയിരിക്കും.”

“ങാ..ആയിരിക്കും.. അല്ലാതിപ്പം ആരാ ഫോളോ ചെയ്യാൻ.. താൻ എറങ്ങിയപ്പൊ തൊട്ട് ഓരോ ടെൻഷൻ ഊതിപ്പെരുപ്പിച്ച് കേറ്റുവാ… വേണേ കെടന്ന് ഒറങ്ങ്. അങ്ങെത്തുമ്പൊ വിളിക്കാം..”

മിനി സ്വതവേ ആവശ്യമില്ലാതെ ആലോചിച്ച് കൂട്ടുന്നയാളാണെന്ന് ഹരികുമാറിനറിയാം. രണ്ട് മൂന്ന് തവണ സമൻസുകൾക്ക് വരുന്ന റിപ്ലൈ കണ്ട് ആ കേസുകളുടെ ഭാവിയെപ്പറ്റി അമിതമായി വേവലാതി കാണിച്ച് എല്ലാം നശിപ്പിക്കുമെന്ന് ഗുമസ്തന്മാരെക്കൊണ്ട് പോലും കുറ്റം പറയിപ്പിച്ചിട്ടുമുണ്ട്. പക്ഷെ എന്നാലും ഇപ്പൊ അവൾ പറഞ്ഞതിൽ എന്തൊ ഒരു കാര്യമില്ലേ എന്ന് ഹരികുമാർ സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. കാരണം ആ പഴയ സിൽവർ എൻഫീൽഡ് അയാളും കുറെ നേരമായി റിയർ വ്യു മിററിൽ കാണുന്നു. മാത്രമല്ല, ആ മുഖം എവിടെയൊ കണ്ട് മറന്നപോലെ. കള്ളനെത്തന്നെ പ്രതീക്ഷിച്ചിരുന്നാൽ കള്ളൻ വരുന്നപോലെ തോന്നുമെന്ന് ഓർത്തു. പക്ഷെ സമാധാനിക്കാൻ പറ്റുന്നില്ല.

വാഴൂരെത്തുന്നതിന് മുൻപ് വശത്തെങ്ങുമുള്ള റബ്ബർ മരങ്ങൾക്കിടയിലൊന്നും ഒരു മനുഷ്യജീവി പോലുമില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് വണ്ടിയുടെ വേഗത കുറച്ചു.

വഴിയരികിലെ ഓടയോട് ചേർത്ത് നിർത്തിയതും, ഹാൻഡ് ബ്രേക്ക് ഇട്ട് വെളിയിലിറങ്ങിയതും പെട്ടെന്നായിരുന്നു. പിന്തുടരുന്നതാണെങ്കിൽ എങ്ങനെയാണ് ഈ അപ്രതീക്ഷിത നീക്കത്തെ പ്രതിരോധിക്കുന്നതെന്നറിയാൻ.

ഞൊടിനേരത്തിനുള്ളിൽ, ഒരു പതിനഞ്ച് മീറ്ററകലെ അയാളും ബ്രേക്കിട്ട് നിർത്തി.

മിനി എയർകണ്ടീഷണറിന്റെ ശൈത്യത്തിലും ഭയന്ന് വിയർത്ത്, സീറ്റിന്റെ മറവിൽ മുഖം മറച്ച് എന്താണ് നടക്കാൻ പോവുന്നതെന്ന് നോക്കിക്കൊണ്ടിരുന്നു. ഹരികുമാർ പരിഭവം പുറത്ത് കാണിക്കാതിരിക്കാൻ മൊബൈൽ ഫോണിൽ ആരെയൊ ഡയൽ ചെയ്യാൻ തയ്യാറായി നിൽക്കുന്ന പോലെ കാണിച്ചുകൊണ്ട്, അപരിചിതനെ പഠിക്കാൻ ഒരു ശ്രമം നടത്തി.

അല്ല, അപരിചിതനല്ല.

പക്ഷെ ആരെന്ന് മനസ്സിലാവുന്നില്ല. ആകെ പരിഭ്രമിച്ച് പ്രത്യക്ഷാൽ വിറച്ചുകൊണ്ട് ചോദിച്ചു,

“എന്താ?”

“സാറ് മറന്നൂന്ന് എനിക്ക് തോന്നി. പേര് പറഞ്ഞാ ഓർത്തെന്ന് വരില്ല. പക്ഷെ 4 കൊല്ലം മുൻപത്തെ കല്ലായി ആത്മഹത്യ കേസ് മറന്ന് കാണില്ല.”

അയാൾ ബൈക്കിൽ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് നടക്കുന്നത് അവർ രണ്ടുപേരിലും വ്യത്യസ്തമായ കാര്യങ്ങളാൽ ഭീതി കൂട്ടി. അത് പുറത്ത് കാണിക്കാതിരിക്കാൻ ഹരികുമാർ നന്നേ പാടുപെട്ടു.

“സീ നതിങ് വാസ് പേഴ്സണൽ. എ..എന്ന് വരെയാ പരോൾ?”

“സാറ് പേടിക്കാതെ. ഞാൻ സാറിനെ ഒന്നും ചെയ്യാൻ വന്നതല്ല. എനിക്കെതിരെ വാദിച്ച സാറിനെക്കൊണ്ട്, എനിക്ക് വേണ്ടി വാദിപ്പിക്കണമെന്ന് തോന്നി. അത്രെയുള്ളു. അല്ലാതെ, ഇന്നത്തെ നിലയ്ക്ക് സാറിനെപ്പോലെ ഒരുത്തനെ എനിക്ക് ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുവൊ?”

ശരിയാണ്. പണ്ട് പ്രതികൂട്ടിൽ കണ്ട എബിന് ചിലപ്പൊ പെട്ടെന്ന് തന്നെ കീഴ്പ്പെടുത്താനായേക്കും. പക്ഷെ ഈ മുന്നിൽ നിൽക്കുന്നത് അയാളുടെ പ്രേതമാണ്. ജയിൽ ജീവിതം എല്ലാം ഇല്ലാതാക്കിയ ജീവിക്കുന്ന ഒരു ശവം. മെലിഞ്ഞൊട്ടിയ ശരീരവും കുഴിഞ്ഞു പോയ കവിളുകളും, ശോഷിച്ച കൈകളും കാലുകളും, അനുപാതത്തിനൊട്ടും ചേരാത്ത വയറും. ഇയാൾ രണ്ട് അടി മുന്നോട്ടാഞ്ഞാൽ മൂന്നടി ദൂരത്തേക്ക് തൊഴിച്ചിടാൻ തനിക്കാവുമെന്ന് ഹരികുമാർ കണക്കുകൂട്ടി.

“സോറി. വാദിച്ച് ജയിലിലാക്കിയിട്ട് പിന്നെ ഞാൻ തന്റെ പക്ഷം ചേർന്നാൽ… എന്റെ കരിയർ ഞാൻ തന്നെ കൊളം തോണ്ടുന്ന പോലിരിക്കും. താൻ വേറേ ആരെയെങ്കിലും നോക്ക്. സോറി.”

“സാറിന്റെ കരിയറിനാണ് ഏറ്റവും നേട്ടമുള്ളത്. ഇറ്റ് ഈസ് ഏ കേസ് ഓഫ് ഡബിൾ ജെപ്പേർഡി.”

ഒരുവട്ടം പോലും തിരിഞ്ഞ് അയാളെ നോക്കില്ലെന്ന് മനസ്സിലുറപ്പിച്ച് തന്റെ ക്യാപ്റ്റീവയുടെ ഡോറ് തുറക്കുന്നതിനിടയിലാണ് എബിന്റെ വാക്കുകൾ ഹരികുമാറിന്റെ ചെവിയിലെത്തിയത്. അത് വിചാരിച്ച പോലെ തന്നെ എന്തോ ഒരു പരിവർത്തനമുണ്ടാക്കി. അയാളുടെ കണ്ണുകൾ തെളിഞ്ഞു. അയാൾ ഡോറ് തുറന്നപ്പോൾ കേട്ട വാക്കുകളുടെ പുതുമ, മിനിയേയും അമ്പരപ്പിച്ചു. അവരും ഡോർ തുറന്ന് വെളിയിലിറങ്ങി.

ആ മനുഷ്യൻ തന്നെ അടിമുടി ചുഴിഞ്ഞ് നോക്കുന്നതുകണ്ട് മിനി ഒന്ന് പരുങ്ങി. അത് ഒഴിവാക്കാൻ വേണ്ടി ഹരികുമാർ പറഞ്ഞു,

“ഇത് മിനി. എന്റെ ജൂനിയറാണ്. ഞങ്ങൾ ഒരു ക്ലൈന്റിനെ കാണാനായിട്ട് കുമളി വരെ പോവാ..”

“സാറീ കൊച്ചിനേം കൊണ്ട് മുരുക്കടിയ്ക്കപ്പറത്തുള്ള സാറിന്റെ ആ കുഞ്ഞ് ബംഗ്ലാവിലോട്ടാണെന്ന് എനിക്കറിയാം. അത് വിട്. യുവർ പെഴ്സണൽ ലൈഫ് ഈസ് നോട്ട് മൈ ബിസിനസ്സ്. എനിക്കറിയേണ്ടത് സാറ് എനിക്കുവേണ്ടി വാദിക്കുമൊ എന്നാണ്.”

തന്നെ വരുതിയ്ക്ക് നിർത്താൻ നോക്കുന്നത് ഹരികുമാറിന് ഒരിക്കലും രസിക്കാത്ത കാര്യമാണ്. പക്ഷെ ഈ പ്രത്യേക സാഹചര്യത്തിൽ കളമറിഞ്ഞ് ചവിട്ടാൻ തീരുമാനിച്ചു.

“നാളെ ഞായർ. മറ്റെന്നാൾ രാവിലെ ഒരു പത്തരയ്ക്ക് ഓഫീസിലേക്ക് പോരെ.. നമ്മക്ക് സംസാരിക്കാം.”

“പറ്റില്ല സാർ. ഞാൻ ഓഫീസിൽ വന്നിരുന്നു. അവിടെ അത്രയും കൊളീഗ്സും ജൂനിയേർസും ഉള്ളപ്പൊ എനിക്ക് എല്ലാം സാറിനോട് പറയാൻ പറ്റില്ല. നമുക്ക് വേണങ്കീ സാറിന്റെ ബംഗ്ലാവിൽ പോവാം. ഐ ഡോണ്ട് മൈന്റ് ഫോളോയിങ് യൂ ഓൾ ദ് വേ..”

“വേണ്ട വേണ്ട… ലിസൺ… എബിൻ, ഞാൻ തന്നെ വക്കാലത്തെടുക്കണമെന്ന് എന്താ ഇത്ര വാശി?”

അയാൾ ഒരു മിനിറ്റ് ഹരികുമാറിനെ നോക്കി നിന്നിട്ട്, കാറിന്റെ പുറകിലൂടെ മിനിയുടെ അരികിലേക്ക് നടന്നു. മിനി ഭയന്ന് ഒരു ചവിട്ടടി പുറകിലേക്കും.

“മിനിക്ക് എന്നെ അറിയത്തില്ല, ഞാൻ എങ്ങനെയാ ജയിലിലായതെന്നും അറിയത്തില്ല.. അതൊന്ന് കേട്ടിട്ട്, തനിക്ക് ജെനുവിൻ ആയിട്ട് തോന്നുന്നത് അഡ്വക്കേറ്റ് സാറിനോടൊന്ന് പറയണം. ഞാൻ ഒരു രീതിയിലും പിന്നെ നിങ്ങളെ ശല്യം ചെയ്യില്ല. ഇന്നൊ നാളെയൊ എന്നല്ല.. ഒരിക്കലും.”

“തന്നോട് നല്ല ഭാഷേൽ പറഞ്ഞാൽ താൻ… വേണ്ട… എന്തിനാ സമയം കളയുന്നെ..പോലീസിനെ വിളിക്കാം. അവര് തീരുമാനിക്കട്ടെ. തന്റെ പരോള് കട്ട് ഷോർട്ട് ചെയ്യിക്കാൻ ഒരൊറ്റ കമ്പ്ലയിന്റ് മതി..”

“ശരിയാ.. ഒരൊറ്റ ഫോൺ കോൾ മതി. എന്നിട്ട് പോലീസ് വരുമ്പൊ സാറ് എങ്ങോട്ട് പോവാന്ന് പറയും? ഈ കൂടെയൊള്ളത് ആരാന്ന് പറയും?”

ഹരികുമാർ ഒരു നിമിഷം തരിച്ച് നിന്നു. സൗമ്യ സംഭാഷണം പതിയെ ഭീഷണിയിലേക്ക് വഴി തിരിയുന്നുണ്ടോയെന്ന് തോന്നിപ്പോവുന്നു. അരിശം മൂത്ത് അയാളുടെ അടുത്തേക്ക് ചീറ്റിയടുക്കാൻ ഹരികുമാറിന് കഴിഞ്ഞു, പക്ഷെ അത് നീണ്ടുനിന്നില്ല. കാരണം അതിനെ വെല്ലുന്ന രീതിയിൽ എബിൻ ആക്രോശിച്ചു.

“എന്താടോ, തനിക്കെന്നെ തല്ലണോ… തല്ല്… ലാസ്റ്റ് റ്റൈം ഐ വാസ് ഏ ഫീബിൾ ഫൂൾ.. ബട്ട് ദിസ് ടൈം, ഇഫ് ഐ ഗോ ഡൗൺ, ഐ സ്വെയർ, ഐ വിൽ പുൾ യൂ ഡൗൺ വിത്ത് മീ..”

മിനി ഭയന്ന് നിൽക്കയാണ്. വല്ലപ്പോഴും അതുവഴി കടന്നുപോവുന്ന വണ്ടിയിലുള്ളവർക്ക് എന്തെങ്കിലും ഒരു അപായ സൂചന കൊടൂത്താൽ സഹായിക്കുമൊ എന്ന് ആലോചിച്ചു. പക്ഷെ, സ്പീഡ് ലിമിറ്റൊന്നുമില്ലാത്ത പാലായിലെ റോഡുകളിലൂടെ വണ്ടികൾ പറക്കുകയാണ്. ആര് ശ്രദ്ധിക്കാൻ!

അത് കണ്ടിട്ടാവണം, എബിൻ ശബ്ദമൊന്ന് മയപ്പെടുത്തി മിനിയോടായി പറഞ്ഞു,

“ബ്ലാക്ക്മെയിലിങ് പരിപാടിയാണ് എന്റെ ജീവിതം തകർത്തത്. എന്നെ ഭ്രാന്തമായി സ്നേഹിക്കുന്നെന്ന് പറഞ്ഞവളുടെ പ്രധാന വിനോദങ്ങളിലൊന്ന് ആത്മഹത്യ ചെയ്യാൻ പോവാന്ന് പറഞ്ഞ് എന്നെ അവൾടെ ചൊൽപ്പടിക്ക് നിർത്തുന്നതായിരുന്നു. എന്തെങ്കിലുമൊന്ന് സമ്മതിച്ചുകൊടുത്തില്ലെങ്കി അപ്പൊ തുടങ്ങും… വാശി… പിന്നെ സമയം കളയാതെ ഭീഷണി. പറയുമ്പൊ ഇതിലൊന്നും കാര്യം തോന്നില്ല, പക്ഷെ എന്നെ കരയിക്കാത്ത ദിവസങ്ങളില്ലായിരുന്നു. എന്തിനും ഏതിനും ആത്മഹത്യ… ഭീഷണിക്ക് കൂട്ടിന് കുറെ ഫോട്ടോകളും അയച്ച് തരും. കത്തികൊണ്ട് വരഞ്ഞ പാടുകളും മറ്റും. എന്നാലൊ അടിയും ബഹളവും കഴിഞ്ഞാൽ അത് വരെ ഒന്നും നടക്കാത്ത പോലെ എന്നെ സ്നേഹമാണെന്നും പറഞ്ഞ് കളയും. ഇതിൽ ജീവിതമേത് നാടകമേതെന്ന് മനസ്സിലാവാതെ ഒരുപാട് മാസങ്ങൾ. അങ്ങനെയിരിക്കെ എല്ലാം ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിന്റെ പ്രശ്നമാണെന്നും പറഞ്ഞ് ഒരിക്കൽ ഒരു ചെയിഞ്ചിന് എല്ലാം സോൾവ് ചെയ്യാൻ വയനാട്ടിലെ ഒരു റിസോർട്ടിലോട്ട് വിളിപ്പിച്ചു. അവിടെ വെച്ച് വീണ്ടും ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. പത്ത് പതിനഞ്ച് വട്ടം മുൻപ് നടന്നിട്ടുള്ളപോലെ തന്നെ അന്നും ബ്രേക്ക് അപ്പെന്ന് പറഞ്ഞ് എന്നെ റെസ്റ്റോറെന്റിൽ ഒറ്റയ്ക്ക് ആക്കിയിട്ട് പോയതാ.. പിന്നെ അവൾ മിസ്സിംഗായി..”

“മിസ്സിംഗെന്ന്  പറഞ്ഞൊഴിയാതെ. ചാലിയാൻ മലയിൽ നിന്ന് താഴോട്ട് ചാടി എന്ന് പറയ്”, ഹരികുമാർ ഇടയിൽ കയറി.

“താഴോട്ട് ചാടി? അത് ശരി. ഈ താഴോട്ട് ചാടിയതിന് ആത്മഹത്യ പ്രേരണ കേസിനാണൊ കോടതി എന്നെ ജയിലിലിട്ടെ?”

ഹരികുമാറിന് ഉടനടി ഒരു മറുപടി ഇല്ലായിരുന്നു. പക്ഷെ പതുക്കെ തീരുമാനം മാറ്റി.

“മോൾടെ ജീവിതം നശിപ്പിച്ചവന് കിട്ടാവുന്നതിൽ ഏറ്റവും കൂടിയ ശിക്ഷ മേടിച്ച് കൊടുക്കണമെന്നായിരുന്നു എനിക്ക് കിട്ടിയ ഇൻസ്റ്റ്രക്ഷൻ. പോലീസ് റെക്കോർഡ്സ് അനുസരിച്ച് പൂർണ്ണിമ ചാലിയാനിലേക്ക് പോയതിനും, താൻ പുറകെ പോയതിനും, സാക്ഷികളും തെളിവുകളുമുണ്ട്. താൻ ഒറ്റയ്ക്ക് ഓടി ഇറങ്ങി വന്നതിനും. എല്ലാം കൂടെ ഒത്ത് വന്നപ്പൊ എനിക്ക് നല്ല കേസ് ബിൽഡ് ചെയ്യാൻ കഷ്ടപ്പെടേണ്ടി വന്നില്ല…”

“വാട്ടെവർ. വെറും സർക്കംസ്റ്റാൻഷ്യൽ എവിഡെൻസിനെ ഇയാൾ നല്ല ഭംഗിയായിട്ട് വാലിഡ് ആക്കി. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചിട്ടില്ലെന്ന് തെളിയിക്കാൻ ചെന്ന ഞാൻ ഒരാഴ്ചകൊണ്ട് കൊലയാളിയായി. നന്ദിയൊണ്ട് കേട്ടോ..”

“തന്റെ വക്കീല് മര്യാദെക്ക് വാദിക്കാഞ്ഞേന് ഞാൻ എന്ത് പിഴച്ചു?”

“ഹരി വക്കീലേ, ഞാൻ നിഷ്കരുണം ചാലിയാൻ മലയുടെ മുകളിൽ നിന്ന് തള്ളി താഴെ ഇട്ട് കൊന്ന പൂർണ്ണിമയെ ഞാൻ നേരിൽ കണ്ടു. മിനിഞ്ഞാന്ന്. അവളുടെ അമ്മമ്മേടെ ശ്രാദ്ധത്തിന് വന്നാരുന്നു.”

“വാട്ട്? നോ വേ…!!”, ഹരികുമാർ തന്റെ ജീവിതത്തിൽ ഇങ്ങനെ ഞെട്ടിയിട്ടില്ല.

തനിയെ തുറന്ന് പോയ മിനിയുടെ വായും അടയുന്ന ലക്ഷണം കാണുന്നില്ല.

കുറച്ച് നേരത്തേക്ക് അവരാരും ഒരക്ഷരം മിണ്ടിയില്ല. നിശബ്ദമായിട്ട് ചോദിക്കാനുള്ളതെല്ലാം ഹരികുമാർ ചോദിക്കുന്നുണ്ടായിരുന്നു. അതിനെല്ലാം മറുപടി എബിന്റെ കണ്ണുകളിൽ നിന്ന് അയാൾക്ക് കിട്ടി. സ്വപ്നമൊ ഡെല്യൂഷനൊ ഒന്നുമല്ലെന്ന് എബിനുറപ്പാണ്. ഇപ്പൊ ഹരികുമാറിനും, മിനിക്കും.

“താൻ എന്ത് ചെയ്തു അവളെ?”

“ഡബിൾ ജെപ്പേർഡി കേസാണെന്ന് ഞാൻ പറഞ്ഞില്ലേ. കൊന്നതിന്റെ ശിക്ഷയല്ലേ അനുഭവിക്കുന്നത്, അപ്പൊ പിന്നെ കൊല്ലുന്നതാ ബുദ്ധിയെന്ന് തോന്നി.”

“ബ്ലഡി ഹെൽ.”

മിനി തന്റെ തുറന്നു പോയ വാ പൊത്തിപ്പിടിച്ച് നിൽപ്പാണ്. ഒരുപക്ഷെ, അന്ന് കഴിച്ചതെല്ലാം തൊണ്ടയെ ലക്ഷ്യമാക്കി വരുന്നുണ്ടാവണം.

“ഇനി പറ. എന്നെ രക്ഷിക്കാൻ നോക്കിയാൽ തന്റെ കരിയറിന് ഗുണം ചെയ്യുമൊ അതോ?”

ഹരികുമാർ ഒന്നും മിണ്ടിയില്ല. അതുകൊണ്ട്, എബിൻ തുടർന്നു,

“പക്ഷെ ഒരു കാര്യം. അഞ്ച് പൈസ് ഞാൻ തരില്ല. കഴിഞ്ഞ വട്ടം കള്ളക്കേസിൽ കുടുക്കി എന്നെ ജയിലിലാക്കിയതിന് അങ്ങനെയെങ്കിലും ഒരു പ്രായശ്ചിത്തം ചെയ്യ്.”

“എടോ താൻ ചെയ്തത് മണ്ടത്തരമാണ്. ഒന്നാമത് ഡബിൾ ജെപ്പേർഡി റെയറാണ് നമ്മുടെ നാട്ടിൽ. ക്വോട്ട് ചെയ്യാൻ പോലും കേസുകളുണ്ടോന്ന് അന്വേഷിക്കണം. ഇനി കിട്ടിയാൽ തന്നെ, വേറൊരു പ്രശ്നമുണ്ട്. തന്നെ തെറ്റായി വിധിച്ചത് സ്റ്റേറ്റ് ആണ്. അവൾ സ്റ്റേറ്റിനെ തെറ്റിദ്ധരിപ്പിച്ചു എന്നുള്ളത് ശരിയാ. പക്ഷെ ദാറ്റ് ഡസിന്റ് മീൻ യൂ ക്യാൻ കിൽ ഹെർ ഓഫ്. കൊലപാതകം അങ്ങനെ എളുപ്പം പൊറുക്കാവുന്ന ഒന്നല്ലല്ലൊ. അന്ന് താൻ കൊന്നെന്ന് പറഞ്ഞിരുന്നത് ഒരു ക്രൈം ഓഫ് പാഷനായിട്ടാണ് എടുത്തിരുന്നത്. ആ നിമിഷത്തെ ഒരു കൈയ്യബദ്ധം. പക്ഷെ ഇത്തവണ താൻ ചെയ്തതിനെ കുറച്ചൂടെ ഹാർഷ് ആൻഡ് കോൾഡ് ആയ ഒരു പ്രീ മെഡിറ്റേറ്റഡ് മർഡർ ആയെ കോടതിക്ക് കാണാൻ പറ്റു. കരുതിക്കൂട്ടി ചെയ്ത ഒരു കൊലപാതകം.”

“എന്താ പറഞ്ഞ് വരുന്നത്?”

“സെയിം കോസ് ആണെങ്കിലാണ് എന്തെങ്കിലും തരത്തിൽ ഡബിൾ ജെപ്പേർഡി ഒക്കെ നിലനിൽക്കു. ഒരേ കാരണത്താലാണ് രണ്ട് തവണയും താൻ ശിക്ഷിക്കപ്പെടുന്നതെന്ന് തോന്നിയാൽ ഡബിൾ ജെപ്പേർഡി എന്ന് വിളിക്കാം. ഇത്തവണ പകയാണ്. അതിന്റപ്പുറമെന്തോ ആണ്. അതിനെ എനിക്ക് ഡബിൾ ജെപ്പേർഡി എന്നൊക്കെ വാദിക്കാനൊരു അവസരം ഒരു പബ്ലിക്ക് പ്രോസിക്യൂട്ടറും തരില്ല. പ്രി പ്ലാൻ ചെയ്തിട്ടാണ് കൊന്നിരിക്കുന്നത്…”

“അതിനാര് കൊന്നു. കൊല്ലാൻ പോവുന്നതെയുള്ളു. എങ്ങനെ കൊല്ലണമെന്ന് സാറ് പറഞ്ഞ് തരണം. എന്ത് സാഹചര്യത്തിൽ കൊന്നാൽ എനിക്ക് ശിക്ഷയിൽ നിന്ന് ഊരാനൊക്കുമെന്ന് സാറ് പറ..”

“ഭാ… ഞാനാരാണെന്ന് കരുതിയെടാ പൊലയാടി മോനേ…”, ഹരികുമാർ അയാളെ തല്ലുമെന്നായപ്പോഴേക്ക് മിനി ഇടപെട്ടു.

അയാൾ തണുത്തില്ല, തണുക്കുമെന്ന് തോന്നുന്നില്ല. അഡ്രിനാലിൻ രക്തവാഹിനികളിലൂടെ കുതിച്ചുകൊണ്ടിരുന്നത് അയാളിലുണ്ടാക്കിയ മാറ്റം പ്രകടമായിരുന്നു.

പക്ഷെ, എബിനൊരു കുലുക്കമില്ലായിരുന്നു.

“ഡാ ചെറുക്കാ, ഞാൻ കരുതിക്കൂട്ടി നിന്നെ കുടുക്കിയതല്ല. ഈ നിമിഷം വരെ എനിക്കും അറിയില്ലാരുന്നു. പക്ഷെ കൊല്ലാൻ സഹായിക്കാൻ ഞാൻ കാലനല്ല. എനിക്ക് സൗകര്യമില്ല നിന്നെ സഹായിക്കാൻ. നീ എന്ത് ചെയ്യും? എന്നേം ഇവളേം ഒരുമിച്ച് വണ്ടീൽ കണ്ടെന്ന് നീ പറഞ്ഞ് നടക്കുവോ? അതൊ വീട്ടീ വിളിച്ച് പറയുവോ? നീ ചെയ്യ്.. എനിക്കൊരു പുണ്ണാക്കുമില്ല.”

“ഞാൻ അത് ചെയ്താൽ, ഞാനും അവളും തമ്മിൽ പിന്നെ എന്താ വ്യത്യാസം. സാറ് കൊച്ചിനേം കൊണ്ട് ചെല്ല്. 2 ദിവസത്തിനുള്ളിൽ പത്രത്തിൽ വായിച്ചാ മതി ഞാൻ എന്താ ചെയ്യാൻ പോവുന്നെ എന്ന്. അന്ന് സൗകര്യമുണ്ടെങ്കി വന്ന് വാദിച്ചാ മതി. ഞാൻ വേറെ ആരേയും എന്റെ വക്കീലാക്കില്ല. എനിക്ക് കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വെഷം കളയിക്കണം. അല്ലെങ്കി പിന്നെ ഞാൻ ഈ നാല് കൊല്ലം അകത്ത് കെടന്നത് വെറുതെ ആയി പോവും.”

ഹരികുമാർ പിന്നീട് കയർത്തതും തെറി വിളിച്ചതുമൊന്നും എബിൻ കേട്ടില്ല. നടന്നകന്ന്, ബൈക്ക് തിരിച്ച്, ഹെഡ്‌ലൈറ്റും തെളിയിച്ച്, ഇരുളിൽ മറഞ്ഞു.

പിന്നെ അങ്ങോട്ട് വണ്ടിയോടിച്ചത് മിനിയാണ്. ഹരികുമാർ ശാന്തമാവുന്നതിന് മുൻപ് സ്റ്റിയറിങ് നിയന്ത്രിക്കുന്നത് നല്ലതല്ലെന്ന് അവൾക്ക് തോന്നി. എന്തുകൊണ്ടോ അവളുടെ തീരുമാനത്തിന് മുന്നിൽ മുട്ട് മടക്കാൻ ഹരികുമാർ തന്റെ ഈഗോയോട് ആജ്ഞാപിച്ചുകാണണം.

ഒരുപാട് നേരം കഴിഞ്ഞെപ്പോഴോ അയാൾ മൗനം ഭേദിച്ചു.

“ജയിലൊരു മനുഷ്യനെ എങ്ങനെയൊക്കെ മാറ്റുമെന്ന് പല തവണ ജീവിതമെനിക്ക് കാണിച്ച് തന്നിട്ടൊണ്ട്. പക്ഷെ ഇത്രയ്ക്കൊരു മാറ്റം ഇതാദ്യമായിട്ടാ കാണുന്നെ. ആദ്യം ഞാനിയാളെ കാണുമ്പൊ ഈ മനുഷ്യന്റെ കരച്ചിലും പെരുമാറ്റവും കണ്ട് വിഷമിച്ചിട്ടുണ്ട്. ഇവനെ അറസ്റ്റ് ചെയ്ത പോലീസുകാരൻ പറഞ്ഞത് ഈ കിഴങ്ങനെക്കൊണ്ട് ഒരു കൊതുകിനെ പോലും കൊല്ലാനൊക്കില്ലെന്നാണ്. അതുകൊണ്ട് കേസ് സ്റ്റ്രോങ് ആക്കാൻ ഇയാളുടെ പാസ്റ്റ് മുഴുവൻ ചികയേണ്ടി വന്നു, ഏതെങ്കിലുമൊരു ബ്രേക്ക് പോയിന്റ് ഉണ്ടോന്നറിയാൻ. അന്നത്തെ മുഴുവൻ ജൂനിയേർസിനേയും വിട്ട് ഇവന്റെ ലൈഫ് മൊത്തം പുറകോട്ട് പ്ലോട്ട് ചെയ്ത്, പറ്റുന്ന വഴിയെല്ലാം അന്വേഷിച്ചു. ഇല്ല, ഇവനെക്കൊണ്ട് അന്ന് ഒരു തരത്തിലും ആ പെണ്ണിനെ തള്ളിയിട്ട് കൊല്ലാനൊക്കില്ല.

പക്ഷെ അന്ന് ചാലിയാൻ മലയിൽ നിന്ന് താഴെ വീണവരെ കണ്ടുകിട്ടാറില്ലായിരുന്നു. അവളുടെ ചെരുപ്പും ഹാൻഡ്ബാഗുമൊക്കെ മലയുടെ ഇടുക്കിലെവിടെ നിന്നെങ്ങാണ്ട് പോലീസിന് കിട്ടി. ഇവന്റെ അന്നത്തെ വെപ്രാളം മുഴുവൻ ഇവര് തമ്മിലുള്ള വാട്സാപ്പ് മെസ്സേജുകളിലും ഫോൺ റെക്കാർഡിംഗുകളും ബാക്കി ഉള്ളവര് കേൾക്കുന്നതിലായിരുന്നു. അതിലെന്നും ആത്മഹത്യ ഒരു വിഷയമാണ്. അവൻ ഇപ്പൊ പറഞ്ഞത് ശരിയാ. അന്നവൾടെ മാനസികനില വെച്ച് വാശി കൂടി ഒരു കാര്യം നടത്തിയെടുക്കാൻ അവളെന്നും ആത്മഹത്യ എടുത്തിടുമായിരുന്നു. ഇവൻ കരഞ്ഞ് നിലവിളിച്ച് എല്ലാം സമ്മതിച്ച് കൊടുക്കുമായിരുന്നു. അവളറിഞ്ഞൊ അറിയാതെയൊ… എന്നും അവനെ ഭീഷണിപ്പെടുത്തിക്കൊണ്ടെയിരുന്നു. അവൻ പൊട്ടനെപ്പോലെ എന്നും കരഞ്ഞോണ്ടേയിരുന്നു. സോ, എത്ര പാവം മനുഷ്യനാണെങ്കിലും ആ പ്രെഷർ കണക്കിലെടുത്താൽ, ഒരു മൊമെന്റ് വന്ന അഡ്രിനാലിൻ റഷിൽ അവളെ തള്ളി താഴെയിട്ടേക്കാമെന്ന് ഞാൻ പ്രൂവ് ചെയ്തു. പോലീസ് സംഘടിപ്പിച്ചിരുന്ന തെളിവുകളെല്ലാം എനിക്ക് വേണ്ട ഓർഡറിലാക്കിയപ്പൊ ഐ വൺ ദ് ഷോ… കോർട്ട് പണിഷ്ഡ് ഹിം. ഡാമ്മിറ്റ്. ഐ സ്ക്രൂവ്ഡ് ഏ പുവർ മാൻസ് ലൈഫ്..”

“ഇന്ന് അയാളെക്കണ്ടപ്പൊ എനിക്ക് അത്ര പാവമായിട്ട് തോന്നിയില്ലല്ലൊ സാർ. ജയിൽ മാത്രമാണൊ അയാളെ മാറ്റിയത്? എനിക്ക് തോന്നുന്നില്ല.”

സാധാരണ മിനി പറയുന്ന പോയിന്റുകളേക്കാൾ മൂർച്ചയുണ്ടതിനെന്ന് ഹരികുമാറിന് തോന്നി. മറുപടി പറയാൻ ഒരു മിനിറ്റെടുത്തു. ഇരുട്ടത്ത് എങ്ങോട്ടോ നോക്കിക്കൊണ്ട് പറഞ്ഞു,

“ഞാൻ ഓരോ വട്ടവും അടിയ്ക്കാനോങ്ങിയപ്പൊ ആ കണ്ണിൽ ഞാൻ കണ്ടതാ അയാളിലെ പേടി തൊണ്ടനെ. ഇന്നും അയാളെക്കൊണ്ട് കൊല്ലാനൊന്നും പറ്റുമെന്ന് തോന്നുന്നില്ല. പിന്നെ ഇത്ര കഷ്ടപ്പെട്ട് ഇവിടെ വരെ വന്ന് എന്നെ കൺഫ്രണ്ട് ചെയ്താൽ അയാൾക്ക് വല്ല സമാധാനവും കിട്ടുമായിരിക്കും. പണ്ട് കോടതിയിൽ വായടപ്പിച്ചതിനൊരു കൗണ്ടർ..കടിച്ച പാമ്പിനേക്കൊണ്ട് വിഷമൂറ്റണമെന്നൊക്കെ……………………ഷിറ്റ്!”

“എന്താ സർ?”

“ദാറ്റ്സ് എക്സാക്റ്റ്ലീ വാട്ട് ഹീ ജസ്റ്റ് ഡിഡ്. ക്രിമിനൽ കോൺസ്പിറസി ആക്റ്റ് 120 എ,ബി ഒക്കെ പല കുറി കേസുകൾക്കൊപ്പം തിരുത്തപ്പെട്ടിട്ടൊണ്ട്. ഇന്നിപ്പൊ അവൻ ഇവിടെ വന്ന് പറഞ്ഞത് നമ്മൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ വീ ഹാവ് അഗ്രീഡ് വിത് ഹിം ഇൻ കമ്മിറ്റിങ് ദ് ക്രൈമെന്ന് വരും. അവനെന്ത് ചെയ്താലും അതിലെ പ്രീമെഡിറ്റേഷൻ, പ്ലാനിങ് ഇതിന്റെയെല്ലാം ശിക്ഷ നമുക്കും കിട്ടും. നമ്മൾ ക്രൈം നടക്കുന്നതിന് മുൻപ് അതിനെക്കുറിച്ച് അറിഞ്ഞു. നല്ലൊരു വക്കീൽ വാദിച്ചാൽ നമ്മളെ ഗൂഡാലോചനയിൽ പങ്കാളികളാക്കിയേക്കും.”

ആ വാക്ക് കേട്ടതും മിനി സഡൻബ്രേക്കിട്ടതും ഹരികുമാറിന്റെ നെറ്റി ഡാഷിൽ ഇടിച്ചതുമൊക്കെ ഒന്നിച്ച് കഴിഞ്ഞു.

“അയാം സോറി സാർ. ഞാൻ സാറിന്റെ കൂടെ ഈ സമയത്ത്… അതുമൊരു ചോദ്യമാവില്ലേ… എന്ത് പറയും?”

“എക്സാക്റ്റ്ലി ഇതാ അയാളും ആലോചിച്ചത്. അതാ ഈ സമയം തന്നെ തിരഞ്ഞെടുത്തതെന്ന് തോന്നുന്നു. ഐ നീഡ് ടു ക്രോസ്ചെക്ക്, പക്ഷെ മിക്കവാറും ഇന്ന് അയാൾ സ്റ്റേഷനിൽ പോയി സൈൻ ചെയ്തിട്ടുണ്ടാവില്ല. പോലീസിന് അന്വേഷിച്ച് ഇങ്ങ് വരാനുള്ള, നമ്മളെ ഈ വഴി തന്നെ പിന്തുടരാനുള്ള ബ്രഡ് ക്രമ്പ്സ് ഇട്ട് കൊടുത്തിട്ടുണ്ടാവണം. എന്നുവെച്ചാൽ നാളെയെങ്കിലും നമ്മളെ അന്വേഷിച്ച് പോലീസ് വരാം.”

“ഓക്കേ… സൊ നമുക്കൊരു ഡെഡ്‌ലൈൻ ഉണ്ടാക്കി വെച്ചിട്ടാണ് പോയത്. ഒന്നെങ്കിൽ അവന്റെ പക്ഷം അല്ലെങ്കിൽ പോലീസിന്റെ.”

“അവന്റെ പക്ഷമെന്നൊന്നില്ലെങ്കിലോ?”

“മനസ്സിലായില്ല സർ.”

“വാട്ട് ഇഫ് ഹി വാസ് ലേയിങ് ഏ ട്രാപ് ഫോർ മീ. ഞാൻ അവനെ ക്രൈം ചെയ്യാൻ സഹായിക്കാമെന്ന് ഇപ്പൊ ഉറപ്പ് കൊടുത്തിരുന്നെങ്കിൽ, അവൻ അതുപയോഗിച്ച് എന്നെ കുടുക്കിയേനേ… പല വഴികളുണ്ട്. ഞാൻ അവനെ ഉപയോഗിച്ചതാണെന്ന് അവന് വരുത്തി തീർക്കാൻ എളുപ്പമാണ്.”

“എന്റെ പുണ്യാളച്ചാ, അപ്പൊ എന്തായാലും റിപ്പോർട്ട് ചെയ്യണമെന്നാണോ? അതേയുള്ളോ വഴി. പക്ഷെ എന്നിട്ട് അയാൾക്കെന്താ നേട്ടം.”

“മഷിയിട്ട് നോക്കിയാൽ പോലും കിട്ടാതിരിക്കാൻ പാകത്തിന് മുങ്ങാനൊത്താൽ പലതും നേടാം. എന്റെ സ്റ്റേറ്റ്മെന്റ് വെച്ച് അവൻ കൊല ചെയ്യാനുള്ള പോസിബിളിറ്റിയെപ്പറ്റി അന്വേഷണമുണ്ടാവും. തിരോധാനത്തിന് പിന്നിൽ പൗർണ്ണമിയുടെ എന്തെങ്കിലും ഫൗൾ പ്ലെ ഉണ്ടൊ എന്ന് മാധ്യമങ്ങളൊക്കെ ചോദിച്ച് തുടങ്ങും. അവൾ മരിച്ചതുതന്നെയാണോ അതൊ എല്ലാം നാടകമാണൊ എന്നൊക്കെ ജുഡിഷ്യൽ ലെവലിലും അന്വേഷണമുണ്ടാവും. സ്റ്റേറ്റിന് പിഴയ്ക്കാൻ പാടില്ലല്ലൊ. അങ്ങനെ ഉണ്ടായ സ്ഥിതിക്ക് അത് തിരുത്താൻ ഏതറ്റം വരെയും പോവാൻ എന്റെ ഈ ഒരൊറ്റ സ്റ്റേറ്റ്മെന്റിന് പറ്റും. അവനെ കടിച്ച പാമ്പിനെത്തന്നെ അവൻ വിഷഹാരിയാക്കി. നൗ ഐ ഡൂ ഹാവ് റ്റു റീതിങ്ക് എബൗട്ട് വാട്ട് ഐ സെഡ് ബിഫോർ. ജയിൽ മാത്രമാണൊ അയാളെ ഇത്രയ്ക്ക് ക്രൂക്കഡ് ആക്കിയത്? ഇത്രയ്ക്ക് കോൾഡ് ആക്കിയത്?”

ബേക്കറി ജംക്ഷനിൽ നിന്നെടുത്ത ബൈക്ക് നാഗമ്പടം സ്റ്റാൻഡിന് പുറകിൽ കൊണ്ടുപോയി ഉപേക്ഷിച്ചിട്ട്, എബിൻ ആൾക്കൂട്ടത്തിൽ അഭയം പ്രാപിച്ചു. മൂന്നാറിലേക്കുള്ള ബസ് ആണ് ലക്ഷ്യം. അത് വഴി തമിഴ് നാട്ടിലേക്കും. പണ്ട് എപ്പോഴൊ ചുണ്ടിൽ വിരിഞ്ഞിരുന്ന ആ ചിരി വീണ്ടും തന്റെ ചുണ്ടുകൾ തേടി വരുന്നുണ്ടെന്ന്, ആരോ ഉള്ളിലിരുന്ന് വിളിച്ച് പറയുന്നത് കേട്ടു.

Previous post സ്വാതി, റൂയി, സാറ – (ചെറുകഥ)
Next post അതെന്താ? – (മിനി കഥ)

Leave a Reply

Your email address will not be published. Required fields are marked *