ന്യു ഇയർ ആഘോഷം ഒരിടത്ത് നടക്കുമ്പോൾ, അപ്പുറത്ത് ഒരു കുഞ്ഞ് ലോകത്ത് കഷ്ട്ടപ്പെടുന്ന ഒരുത്തിയുടെ കഥ 2017ൽ ഷോർട്ട് ഫിലിം ആക്കാൻ വെച്ചതാണ്‌. പക്ഷെ ഇതിന്‌ ലൈറ്റ് അപ്പ് ഒക്കെ ചെയ്യാൻ തല്ക്കാലം നിവർത്തിയില്ലാത്തകൊണ്ട് അന്ന് വേണ്ടാന്ന് വെച്ചു.

സോംബി

ലോകം പുതുവർഷലഹരിയിലാണെന്ന് കുറേയായി വായിക്കുന്നു. ലഹരിയെന്നൊക്കെ പറഞ്ഞാൽ അറംപറ്റി പോവത്തില്ലെ ആവോ? അല്ല ഈ പുതുവർഷം ബാക്കി ദിവസങ്ങളിൽ നിന്ന് എങ്ങനെയാ വ്യത്യസ്തമാവുന്നത്?

എനിക്ക് ഇത് എന്നത്തേയും പോലെ ഒരു ദിവസമാണ്‌. എനിക്ക് മാത്രം.

ഞാൻ ഇങ്ങനെ ആയിപ്പോയി.

സാധാരണ എന്റെ പുതുവർഷമെല്ലാം ഉറക്കത്തിലാണ്‌, ഇതിപ്പൊ കുറച്ച് കൊല്ലങ്ങൾക്ക് ശേഷം വീണ്ടും ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നൊരു പുതുവർഷം.

ബോയ്സ് ഹോസ്റ്റലിലെ കുടിയന്മാരുടെ ബഹളമോ, നേരെ ഇടതുവശത്ത് ജനലിനപ്പുറത്ത്  ഷാലിനും, വീണയും കൂടെ കെട്ടിയിട്ടിരിക്കുന്ന മിന്നുന്ന ക്രിസ്തുമസ് ലൈറ്റ്സിന്റെ വെളിച്ചം മുഖത്തടിക്കുന്നതോ ഒന്നുമല്ല കാരണം.

ഇന്ന് മിർട്ടാസാപൈൻ കഴിച്ചിട്ടില്ല.

കഴിഞ്ഞ തവണ ഡോസേജ് കുറച്ചിട്ടുണ്ട്, എന്നാലും തരക്കേടില്ലാതെ ഉറങ്ങാൻ പറ്റേണ്ടതാണെന്ന് ഡോക്ടർ പറഞ്ഞപ്പൊ വിചാരിച്ചു അധികം വൈകാതെ തന്നെ എന്നെങ്കിലും ഇതില്ലാതെ ഉറങ്ങാൻ പറ്റുമെന്ന്. ഇല്ല.

തോൽവി സമ്മതിച്ചേ പറ്റു എന്ന് ശരീരം സൈറൺ അടിച്ചു തുടങ്ങി. പക്ഷെ മനസ്സ് ഇന്ന് തോൽവി സമ്മതിച്ചുകൊടുത്താൽ ശരിയാവില്ല.

ഇന്നെന്നല്ല. ഇന്നുതൊട്ട് അങ്ങോട്ട്.

ആ ഡോക്ടറേ കാണാതെ മുങ്ങി നടന്നേ മതിയാവു. ഇനി അപ്പോയിന്റ്മെന്റ് തെറ്റിച്ചെന്ന് പറഞ്ഞ് അയാള്‌ മമ്മിയേ വിളിക്കുവോ? ങാ വിളിക്കുന്നെങ്കീ വിളിക്കട്ട്, മമ്മിക്ക് മനസ്സിലാവും എന്റെ കഷ്ടപ്പാട്.

ലോകത്തെ ഏറ്റവും മികച്ച റിലാക്സേഷൻ മ്യൂസിക്കാണ്‌ മാർക്കോണീ യൂണിയന്റെ വെയിറ്റ്ലെസ്സ്. പക്ഷെ അതിലും എന്നെ ഉറക്കാനൊള്ള മാജിക്കൊന്നും ഇല്ല.

കണ്ണ്‌ പാതി പോലും തുറക്കാതെ ഏന്തി വലിഞ്ഞ് ബെഡിന്റെ തൊട്ടടുത്ത് ടേബിളിൽ പകുതി മടക്കി വെച്ചിരിക്കുന്ന ലാപ്ടോപ്പിൽ അടുത്ത ട്രാക്ക് ഇട്ടു.

ഓ ഇതും പോര. അടുത്തത് ഇട്ടു.

ശരിയാവുന്നില്ല.

ഇനി നല്ലതെന്ന് തോന്നുന്ന വരെ കൈ എടുക്കാതിരിക്കുന്നതാനല്ലതെന്ന് മനസ്സിലാക്കി, കമിഴ്ന്നു കിടന്ന് മുഖം പില്ലോയിൽ അമർത്തിക്കൊണ്ട് തന്നെ ട്രാക്ക് മാറ്റിക്കൊണ്ടേ ഇരുന്നു.

അവസാനം ആദ്യം കേട്ടത് വീണ്ടും കേട്ടതോടെ ഇനി വേറൊരു വഴിയുമില്ലെന്ന് മനസ്സിലാക്കി എണീറ്റ് ബെഡിന്റെ വശത്തിരുന്നു.

റൂംമേറ്റ് എന്നെ സോംബി എന്ന് വിളിക്കുന്നതിൽ അവളെ തെറ്റ് പറയാൻ പറ്റില്ല. അതിലും പേടിപ്പിക്കുന്ന രൂപമായി മാറുന്നുണ്ട് ഞാൻ.

വലത്തെ കാൽ നിലത്തല്ല ചവിട്ടിയത്. എന്താണതെന്ന് കുനിഞ്ഞ് നോക്കാൻ നിക്കുമ്പോഴേക്ക് ഓർത്തു, അത് നേരത്തേ എറിഞ്ഞ് പൊട്ടിച്ച മൊബൈലിന്റെ എതോ ഒരു ഭാഗമാണ്‌. ‘നോക്കിയ’ ആയതുകൊണ്ട് അതെല്ലാം വാരിക്കൂട്ടി എടുത്ത് യോജിപ്പിച്ചാലും ഒരു കുഴപ്പവുമില്ലാതെ വർക്ക് ചെയ്യും പക്ഷെ, ഇനി എന്തിനാ ഫോൺ! അത് തട്ടി ദൂരേക്ക് മാറ്റിയിട്ട് ടേബിളിനടുത്തേക്ക് ചേർന്ന് കട്ടിലിൽ തന്നെ ഇരുന്നു.

ഫ്രണ്ട്സും ട്രിപ്പ്സും പാർട്ടിയും ഡാൻസും ഇഷ്ടപ്പെട്ട് ജീവിക്കുന്നവന്‌ ഇനി ഞാനൊരു ഭാരമായിക്കൂട. ഞാൻ കാരണം ആരും ഒതുങ്ങിക്കൂടെണ്ട. സ്വപ്നം കണ്ട പോലെ ജീവിക്കട്ടെ. എന്നേപ്പോലെ അല്ലാത്ത ആരെയെങ്കിലും വിധി കണ്ടുപിടിച്ച് കൊടുക്കട്ടെ.

പകുതി അടഞ്ഞിരുന്ന ലാപ്ടോപ്പ് തുറന്നതിന്റെ വെളിച്ചം പോലും കണ്ണിനെ നോവിക്കുന്നു. ഷട്ട് ഡൗൺ ചെയ്യാനുള്ള ക്ഷമ പോലും കാണിക്കാതെ അത് അടച്ച് വെച്ചു.

മുടിയെല്ലാം വലിച്ച് പറിച്ച് പിച്ചി ചീന്തി കളയാനൊക്കെ തോന്നുന്നു. ഒന്ന് ഉറങ്ങാൻ വേണ്ടി ലോകത്തെ എന്ത് ഹീനമായതും ഞാനിപ്പൊ ചെയ്യും. എന്റെ മനസ്സിനും വിചാരിച്ച അത്ര ശക്തിയൊന്നുമില്ല. തോൽവിയാണ് എനിക്ക് പറഞ്ഞിട്ടുള്ളതെന്ന് തോന്നുന്നു.

ടേബിളിന്റെ ഡ്രോ തുറന്ന് അകത്ത് നിന്ന് മിർട്ടാസാപൈൻ ടാബ്ലെറ്റ്സ് ഇട്ടിരിക്കുന്ന കുഞ്ഞ് ബോട്ടിൽ എടുത്തു. തലേന്ന് ചിത്ര നിറച്ചു വെച്ച ഒരു കുപ്പി വെള്ളം ഇരിപ്പുണ്ടല്ലൊ എന്നോർത്ത്, ഒരു ടാബ്ലെറ്റ് കയ്യിൽ എടുത്ത് വായിലേക്ക് ഇടാനൊരുങ്ങി.

ഇല്ല. ഇപ്പൊഴും കഴിക്കാൻ മനസ്സ് വരുന്നില്ല.

എന്റെ അവസ്ഥ ഒരാളേ പറഞ്ഞ് മനസ്സിലാക്കിക്കാനും പറ്റത്തില്ലല്ലൊ.

നാശം.

ആ ഗുളിക വേസ്റ്റ് ബാസ്ക്കറ്റിലിട്ടു.

വീണ്ടും കഴിക്കാൻ തോന്നാതിരിക്കാൻ ബോട്ടിൽ തുറന്ന് ബാക്കിയുള്ള പത്തുപന്ത്രണ്ടെണ്ണം കൂടെ കളഞ്ഞു. ആ ബോട്ടിലും.

കുറച്ച് നേരം കൂടെയിരുന്ന് കരഞ്ഞിട്ടും ഒരു മാറ്റവുമില്ല. ദൈവമേ അവസാനം ചപ്പ് ചവറുകൾക്കിടയിൽ നിന്ന് ഒരു ഗുളിക എടുത്ത് കഴിക്കേണ്ടി വരുമോ? നീ വേറേ ആർക്കും ഈ ഗതി വരുത്തരുതേ എന്നോർത്ത് പിന്നെയുമിരുന്ന് കരഞ്ഞു.

12 ആവാറായെന്ന് തോന്നുന്നു. അപ്പുറത്ത് ബഹളം ഏറ്റവും കൂടി തുടങ്ങി.

ചെവി രണ്ടും ആവുന്നത്ര കൈ ചേർത്ത് പിടിച്ചിട്ടും അവരുടെ ലോകം എന്റെ ലോകത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു.

പക്ഷെ ഒന്നാലോചിച്ചാൽ അവരെ പറഞ്ഞിട്ടും കാര്യമില്ല, ഇന്നിപ്പൊ ഈ ബഹളമൊന്നുമില്ലെങ്കിലും ഈ മരുന്ന് കഴിച്ചില്ലെങ്കിൽ ഞാൻ ഇങ്ങനെ തന്നെ അനുഭവിച്ചേനേ.

അങ്ങനെ ചിന്തിച്ചാൽ, എനിക്ക് അവരുടെ ബഹളമൊന്നുമില്ലെങ്കിലെ അവസ്ഥ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്.

ഞാനും എന്റെ റൂമും മാത്രം.

അങ്ങനെ ആയാലും ലോകത്ത് ആരും ശ്രദ്ധിക്കാത്തതൊക്കെ ഞാൻ കേട്ട് തുടങ്ങും.

ബാത്ത്റൂമിൽ ഒരു ടാപ്പ് ശരിക്ക് അടഞ്ഞിട്ടില്ല. വെള്ളം പോവുന്നതെനിക്ക് കേൾക്കാം. നന്നായിട്ട്.

ടപ്…..ടപ്…..ടപ്….ടപ്….

ഫാൻ, ക്ലോക്ക്, പല്ലി, കാറ്റത്താടുന്ന കലണ്ടർ.

വയ്യ, ഞാൻ തോൽവി സമ്മതിക്കണമെന്നാണോ? എന്തിനാ ഞാൻ ഇങ്ങനെ തോറ്റ് ജീവിച്ചിട്ട്.

ഒരു കാരണം താ എനിക്ക് ജീവിക്കാൻ.

ഒന്ന് മതി. എന്തെങ്കിലുമൊന്ന്.

അങ്ങനെ ആലോചിച്ചാൽ ഒന്നുണ്ട്.

ഞാൻ കിടന്നു.

ടേബിളിന്റെ ഡ്രോ ഒരിക്കൽ കൂടെ തുറന്ന് പ്രെഗ്നൻസി ടെസ്റ്റ് സ്റ്റ്രിപ് എടുത്ത് എന്റെ വയറ്റത്ത് വെച്ചു.

ഇനി പിൽസ് കഴിക്കെണ്ടാന്ന് വെച്ചത് അതിന്റെ ദോഷം അടുത്ത ആൾക്കും കൂടെ കിട്ടെണ്ടാന്ന് വെച്ചിട്ടാണ്‌. അതിനുവേണ്ടി ഞാൻ ഈ കഷ്ടപ്പാട് സഹിച്ചോളാം. ഉറക്കമില്ലാതെയും ജീവിച്ചോളാം.

അറിയില്ല എങ്ങനെയാണെന്ന്, പക്ഷെ ഞാനിപ്പൊ ചിരിക്കുന്നുണ്ടെന്ന് തോന്നുന്നു. ഇങ്ങനെയാരിക്കും സോംബികളും ചിരിക്കാറുള്ളത്.

സോംബികൾ ഉറങ്ങാറുണ്ടോ? ഒന്നുകൂടെ കണ്ണടച്ച് നോക്കാം.

Previous post ചുവന്ന് തുടുത്ത കണ്ണ്‌ – (ചെറുകഥ)
Next post കെവ്വീരമ്മയും ചീന കണ്ണുകളും – (ചെറുകഥ)

Leave a Reply

Your email address will not be published. Required fields are marked *